ജോസഫ് പടന്നമാക്കല്‍ (78) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Padannamakkal1ന്യൂയോര്‍ക്ക്: പൊന്‍‌കുന്നം പടന്നമാക്കല്‍ പി.സി. മാത്യുവിന്റെയും അന്നമ്മയുടെയും പുത്രനും, ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് കൗണ്ടിയിലെ വാലി കോട്ടേജ് നിവാസിയും, അമേരിക്കയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും സാഹിത്യകാരനുമായ ജോസഫ് പടന്നമാക്കല്‍ (78) അന്തരിച്ചു. കൊവിഡ്-19 ബാധയേറ്റ് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ക്കാരം പിന്നീട്.

ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ.

മക്കള്‍: ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. സാജല്‍ (ജിജി) ജോസഫ് (ഫിലഡല്‍‌ഫിയ).

മരുമകന്‍: അബി (ഫിലാഡല്‍ഫിയ).

സഹോദരര്‍: പരേതനായ ജേക്കബ് മാത്യു, പി.എം. മാത്യു പടന്നമാക്കല്‍ (പൊന്‍‌കുന്നം), തോമസ് മാത്യു, (ചിക്കാഗോ), തെരേസ ജോസഫ് അന്ത്രപ്പേര്‍.

കാഞ്ഞിരപ്പള്ളിയില്‍ ബാല്യകാലം ചിലവഴിച്ച അദ്ദേഹം സെന്റ് ഡൊമിനിക് സ്കൂള്‍, ഗവണ്മെന്റ് ഹൈസ്കൂള്‍, എസ്‌വി‌ആര്‍വി (എന്‍എസ്‌എസ്) ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

കാലിക്കട്ടിലെ (കോഴിക്കോട്) ദേവഗിരി കോളേജില്‍ പ്രീ-യൂണിവേഴ്‌സിറ്റി, തിരുവനന്തപുരത്ത് ബി.കോം, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദം. മാസ്റ്റര്‍ ഓഫ് കൊമേഴ്‌സില്‍ ബിരുദം.

അതിനുശേഷം തൃശൂരിലെ എല്‍തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലും, എറണാകുളം, പാലാ എന്നിവിടങ്ങളില്‍ നിരവധി ട്യൂട്ടോറിയല്‍ കോളേജുകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1973 ഡിസംബറില്‍ വെട്ടാത്തുവിലെ ജോര്‍ജ്ജ് വെട്ടത്ത്-മേരി കാപ്പില്‍ ദമ്പതികളുടെ മകള്‍ റോസക്കുട്ടിയെ വിവാഹം കഴിച്ചു. 1974-ലാണ് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയത്. വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലെ ന്യൂറോഷേലിലായിരുന്നു താമസം. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ ദക്ഷിണേന്ത്യന്‍ ഭാഷാ സ്പെഷ്യലിസ്റ്റും കാറ്റലോഗറുമായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറിയാണ് ജോസഫ് പടന്നമാക്കല്‍. ചരിത്രാന്വേഷിയായ അദ്ദേഹം നിരവധി മാധ്യമങ്ങളില്‍ തന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക വിഷയങ്ങളിലും തന്റേതായ കാഴ്ചപ്പാടുകള്‍ തൂലികയിലൂടെ പ്രചരിപ്പിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ന്യൂറോഷേലില്‍ നിന്ന് റോക്ക്‌ലാന്റ് കൗണ്ടിയിലെ വാലി കോട്ടേജിലേക്ക് താമസം മാറ്റിയിട്ട് വര്‍ഷങ്ങളായി.

അദ്ദേഹത്തിന്റേതായ ലേഖനങ്ങള്‍ വര്‍ഷങ്ങളായി മലയാളം ഡെയ്‌ലി ന്യൂസില്‍ പ്രസിദ്ധീകരിച്ചു വരുന്നു.

മലയാളം ഡെയ്‌ലി ന്യൂസിന്റെ ആദരാജ്ഞലികള്‍.

ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  


Print Friendly, PDF & Email

Related News

Leave a Comment