Flash News

വിശുദ്ധ പറവകള്‍ (കഥ)

April 9, 2020 , കാരൂര്‍ സോമന്‍

visudha parava bannerസഞ്ചാരം വിനോദമാക്കിയ ലണ്ടനിലെ ഹോട്ടലുടമ സൈമണ്‍ കേരളത്തില്‍ പോകുന്നത് ജന്മനാടിന്റ കദനകഥകള്‍ കാണാനോ കേള്‍ക്കാനോ അല്ല. പ്രകൃതിയുടെ ചാരുതയാര്‍ന്ന സൗന്ദര്യം ആസ്വദിക്കാനാണ്. ജനിച്ചും ജീവിച്ചും കണ്ടുമടുത്ത സൗന്ദര്യം.

വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ചാരുകസേരയില്‍ കിടന്നു വീട്ടിലെത്തിയ മാസികകളും കത്തുകളും വായിച്ചു മറുപടി നല്‍കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാറുണ്ട്.

കത്തുകള്‍ക്കിടയില്‍ അതിമനോഹരമായ ഒരു നോട്ടീസ്. അച്ചടി ഭംഗിയുടെ കമനീയ ബോര്‍ഡറിനുള്ളില്‍ നറുപുഞ്ചിരി മുഖവുമായി ഒരു താരുണ്യം. അത്യധികം സൗന്ദര്യത്തുടിപ്പുള്ള ഒരു യുവ സുന്ദരി. ഒരു ലാവണ്യത്തിടമ്പ്.

അവളുടെ മുഖകാന്തിയില്‍ ലയിച്ചിരുന്നു പോയി.

മനുഷ്യ മനസ്സുകളുടെ പ്രണയപ്രകടനങ്ങള്‍ നടക്കുന്ന താവളങ്ങള്‍ കണ്ടെത്താനാകില്ല. കാക്കയ്ക്ക് ഇരുട്ടില്‍ കണ്ണ് കാണില്ലായെന്ന് പറയുംപോലെ.

നെയ്‌തെടുത്ത പട്ടുപോലെ കിടക്കുന്ന മൂന്നാര്‍ തേയിലത്തോട്ടങ്ങളിലേക്കും ഗിരിനിരകളിലേക്കും മനസ്സും ശരീരവും അലിഞ്ഞില്ലാതായി.

WRITING-PHOTO-reducedതനിക്കൊപ്പം മൂന്നാറില്‍ വിടര്‍ന്നു വികസിച്ചു നിന്നു ബിന്‍സി. നോട്ടീസിലെ ലാവണ്യം. സ്വന്തം ജന്മനാട്ടില്‍ സുഗന്ധദ്രവ്യങ്ങളുടെ ഒരു മികച്ച കടയും ഒപ്പം ആധുനിക സൗകര്യങ്ങളോടെ ഒരു ബ്യൂട്ടി പാര്‍ലറും തുടങ്ങിയിരിക്കുന്നു.

കാലം കഥ പറഞ്ഞെഴുന്നേറ്റപ്പോള്‍ അവള്‍ ഉഴുതുമറിച്ച ആ മണ്ണില്‍ തന്നെ ആ വിത്തുകള്‍ വളരെ വേഗം വളര്‍ന്നു വലുതായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇപ്പോള്‍ ഫലമെടുപ്പിന്റെ കാലമാണ്.

ഒരു അവധിക്കാലം ചെലവാക്കാന്‍ എത്തിയപ്പോള്‍ അയല്‍ക്കാരി ബിന്‍സിയും ഭര്‍ത്താവ് ബാബുവും അവരുടെ വീട്ടിലെ ഒരുച്ചയൂണിന് തന്നെ ക്ഷണിച്ചിരിക്കുന്നു. അതും പ്രത്യേക ക്ഷണിതാവായി. മാത്രവുമല്ല അവരുടെ പള്ളിയിലെ ആരാധനയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥനയും.

തന്റെ വീട്ടുകാര്‍ റോമിലെ പോപ്പിന്റെ അനുയായികളെന്ന് അവര്‍ക്കറിയാം. താനൊരുത്തന്‍ മാത്രമാണ് വഴിതെറ്റി യേശുവിനെപ്പോലെ പുഴയില്‍ മുങ്ങി സ്‌നാനപ്പെട്ടത്. യേശുവിനെ മുക്കികൊല്ലുന്നവരുടെ കൂട്ടത്തില്‍ പുഴയില്‍ മുങ്ങി ചാകാതെ രക്ഷപ്പെട്ടവന്‍. പരമ്പരാഗതമായി ക്രിസ്തുവില്‍ പൂര്‍ണ്ണത നേടിയ കുടുംബത്തെ ആശ്ചര്യപ്പെടുത്തിയ ആ സംഭവം നാട്ടില്‍ പാട്ടായി. പുഴയില്‍ മുങ്ങി താന്‍ ഇല്ലാതാവുന്നതായിരുന്നു ഉപയുക്തമെന്നവര്‍ ആശിച്ചു. വിശ്വാസങ്ങളെ നിശ്ശബ്ദമായും അന്ധമായും താലോലിച്ചു ജീവിക്കുന്ന മാതാപിതാക്കളോടേ സൈമണ്‍ പറഞ്ഞു.

“മനുഷ്യരെല്ലാം വിശ്വാസങ്ങളെ ശീലങ്ങളാക്കി കൊണ്ടു നടക്കുന്നവരാണ്. ചെറുപ്പത്തില്‍ ഈ വിശ്വാസശീലങ്ങള്‍ ഞാനും പഠിച്ചതാണ്. ഞാനിന്നൊരു കുഞ്ഞല്ല. നിങ്ങളുടെ വിശ്വാസങ്ങളില്‍ എന്നെ തളച്ചിടരുത്. എന്റേതായ വിശ്വാസങ്ങളില്‍, എന്റേതായ പാതകളില്‍, ഞാന്‍ പൊയ്‌ക്കൊള്ളട്ടെ.”

അന്നത്തെ ഞായറാഴ്ച പള്ളി ആരാധന ശ്രേഷ്ഠമായിരുന്നു.

നിര്‍മ്മലമായ വെള്ളവസ്ത്രത്തില്‍ ബിന്‍സി ജ്വലിച്ചു നിന്നു. വിശുദ്ധിയുടെ അങ്കവസത്രം ധരിച്ചു ദേവാലയവും.
പുറംലോകം ജീര്‍ണ്ണതയുടേയും അധര്‍മ്മത്തിന്റേയും മൂല്യച്യൂതിയുടേയും ആള്‍രൂപങ്ങളായി കോലാട്ടങ്ങള്‍ നടത്തിയെങ്കിലും ദേവാലയം വിശുദ്ധമായി നിന്നു.

കരഘോഷത്തോടെയുള്ള ഹല്ലേലുയ്യാ ധ്വനിയില്‍ ബിന്‍സിയുടെ സ്വരം വേറിട്ടുനിന്നു. മറുഭാഷ ഘോഷങ്ങളും അവിടെമാകെ തളം കെട്ടിനിന്നു. ചിലരുടെ ശരീരങ്ങള്‍ വിറകൊള്ളുന്നുണ്ട്. ചില പെണ്‍ശരീരങ്ങളില്‍ സ്വര്‍ണ്ണം തിളങ്ങി തുള്ളിയാടുമ്പോള്‍ ചില ശരീരങ്ങള്‍ സ്വര്‍ണ്ണത്തേക്കാള്‍ തിളങ്ങി തുള്ളിയാടലുകള്‍ മാത്രമായി നിന്നു.

സ്വര്‍ഗ്ഗീയ മന്ന വിതറുന്ന, മധുരിമ തുളുമ്പുന്ന, ഇമ്പമാര്‍ന്ന പാട്ടുകള്‍. കുഞ്ഞാടുകളുടെ ചുണ്ടുകളും കൈവിരലുകളും ചലിച്ചുകൊണ്ടിരുന്നു.

മറുഭാഷയുടെ ധ്വനികള്‍ മേല്‍ സ്ഥായിയിലും കീഴ്സ്ഥായിലും അന്തരീക്ഷം ഏറ്റു ചൊല്ലുന്നു. മറുഭാഷയുടെ അക്ഷര വിന്യാസങ്ങളില്‍ യേശുദേവന്‍ പ്രത്യക്ഷനായതുപോലെ തോന്നിച്ചു.

ബൈബിളില്‍ മറുഭാഷയെപ്പറ്റി പറയുന്നുണ്ട്. കേള്‍ക്കുന്നവര്‍ക്കും കൂടി മനസ്സിലാവേണ്ടതാണ് ഭാഷ. മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്താ ഭാഷ എങ്ങിനെ സ്വര്‍ഗ്ഗീയ ഭാഷയാവും.

ആരാധന കഴിഞ്ഞു. വെയില്‍ മങ്ങി നിന്നു.

പള്ളി മുറ്റത്തിറങ്ങി നിന്ന സൈമണ്‍ അവിടുള്ളവരോടെല്ലാം കുശലം പറഞ്ഞു നിന്നു.

സൈമന്റെ ആഡംബര കാറില്‍ ബിന്‍സിയും ഭര്‍ത്താവ് ബാബുവും വീട്ടിലെത്തി.

സ്വാദിഷ്ടമായ ഭക്ഷണം ബിന്‍സി വിളമ്പി. നാവിലെ രുചിയോടൊപ്പം മിഴികളിലെ സ്വാദുമായി ബിന്‍സിയേയും ആസ്വദിച്ചു. വിളമ്പ് മേശയില്‍ താനും ബാബുവും മാത്രം. ബിന്‍സി ഇരുന്നില്ല.

പെട്ടെന്നൊരു ഫോണ്‍ കോള്‍ ബാബുവിന്. അയാള്‍ എഴുന്നേറ്റ് കൈകഴുകി മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്നു. ഫോണ്‍ നിര്‍ത്തി വന്നു ബാബു പറഞ്ഞു.

“സോറി സൈമണ്‍ സാര്‍ അത്യാവശ്യമായി എനിക്ക് പുറത്ത് പോകണം. സാറ് നന്നായി ഭക്ഷണം കഴിക്കണം. ബിന്‍സി സാറിനെ മുഷിപ്പിക്കല്ലെ.”

ബാബു ഡ്രസ്സ് മാറി ബൈക്കില്‍ പുറപ്പെട്ടു പോയി.

“സാറിനെ മുഷിപ്പിക്കല്ലെ..”

ബാബുവിന്റെ വാക്കുകള്‍ സൈമണില്‍ തറച്ചു നിന്നു. സ്വന്തം ഭാര്യയെ തനിക്കായി നല്‍കി അയാള്‍ ഒതുങ്ങിയെന്നര്‍ത്ഥം. ബിന്‍സി അരികെ വന്നു നിന്നു. പെണ്‍ ശരീരഗന്ധം സൈമണെ മത്ത് പിടിപ്പിച്ചു. മേശപ്പുറത്തെ രുചിക്കൂട്ടുകള്‍ മറന്നുപൊയി.

അവളുടെ ഉള്ളിന്റെയുള്ളിലെ വികാരവിവശതയുടെ മാദക നീരൊഴുക്ക് ആ കണക്കണ്‍ നോട്ടങ്ങളിലൂടെ സൈമണ്‍ വായിച്ചറിഞ്ഞു.

ഒരു സമ്പന്നന്‍ മുന്നിലുള്ളപ്പോള്‍ താനെന്തിന് ബുദ്ധിമുട്ടി ജീവിക്കണം. തന്നെയുമല്ല സ്വന്തം ഭര്‍ത്താവിന്റെ മൗനസമ്മതവും കിട്ടിയതല്ലേ. ആരോഗ്യമുള്ള പുരുഷശരീരം മുന്നിരിക്കുന്നു. തന്റെ യൗവ്വനത്തിന് സുഭിഷമായ അനുഭൂതി നല്‍കാന്‍ കെല്‍പ്പുള്ള ആള്‍. കത്തിപ്പടരാനിരിക്കുന്ന തന്റെ മാദകതൃപ്തിക്ക് അതീവ യോഗ്യന്‍. ആരോഗ്യ ദൃഡഗാത്രന്‍.

ബെന്‍സി പോയി വാതില്‍ കുറ്റിയിട്ടു വന്നു. സൈമണ്‍ കൈകഴുകിയും വന്നു.

തീന്‍ മേശ മറന്നു. കിടപ്പ് മുറിയിലെ കട്ടില്‍ കിലുകിലാരവം തുടര്‍ന്നു.

പഞ്ഞിക്കെട്ടിനെ തീയെന്നപോലെ സ്വന്തം ശരീരത്തെ എരിച്ചുകൊണ്ട് ബിന്‍സി സൈമണിലേക്ക് പടര്‍ന്നു കയറി. സൈമന്റെ ആഡംബര കാര്‍ ആ വീട്ടുമുറ്റത്ത് കാത്ത് കിടന്നു. നേരം വൈകിയെത്തിയ ബാബുവിന്റെ ബൈക്കും ആനാഥനായി കിടന്നു. പാവം ബാബു വരാന്തയിലും.

അടുത്ത ദിവസം പുലര്‍ച്ചെ നാല് മണിക്ക് ഒരു യാത്ര മൂന്നാറിലേക്ക്. സൈമണും ബിന്‍സിയും ആഡംബര കാറും മാത്രം.

വരാന്തയിലുറങ്ങിയ ബാബുവിനെ വിളിച്ചുണര്‍ത്തി കിടപ്പ് മുറിയിലെ ഉലഞ്ഞ ബെഡില്‍ കിടത്താന്‍ ബിന്‍സി മറന്നില്ല. കരുണാമയായ ഭാര്യ.

“ഇത്ര പുലര്‍ച്ചെ ഇറങ്ങുമ്പോള്‍ ബാബുവിനെന്തെങ്കിലും തോന്നില്ല,” സൈമണ്‍ ചോദിച്ചു പോയി.

“ഹേയ് ! അങ്ങനൊന്നുമില്ല. പതിവുള്ളതല്ലെ” ബിന്‍സി പല്ല് കടിച്ചു.

ഇളിഭ്യം മറച്ചു പുഞ്ചിരി പ്രഭയോടെ ബിന്‍സി പറഞ്ഞു.

“ടൗണില്‍ എപ്പോഴും വാഹനമുണ്ട്. ഞാനൊറ്റയ്ക്കാണ് വരാറ്. എറണാകുളത്തേക്ക് പോകുന്നത് ബ്യൂട്ടി പാര്‍ലര്‍ ക്ലാസ്സിലേക്കാണ്. മോഡലുകള്‍ക്കും സിനിമാ നടിമാര്‍ക്കും ഇല്ലാത്ത സൗന്ദര്യം പോലും വര്‍ദ്ധിപ്പിച്ചു കൊടുക്കുന്ന പ്രഗല്‍ഭരായ സ്ത്രീകളുള്ള ക്ലാസ്സുകള്‍. ഈ വക കാര്യങ്ങളില്‍ ബാബു എനിക്ക് പൂര്‍ണ്ണ സ്വാതന്ത്യം തന്നിട്ടുണ്ട്. ഒതുങ്ങി നില്‍ക്കുന്ന നിത്യപ്രകൃതം. ഒളിച്ചു നോക്കാത്ത ശീലം.”

ആയിരം ആര്‍ത്ഥങ്ങളുള്ള ഒറ്റ പൊട്ടിച്ചിരി സൈമണില്‍ നിന്നും അടര്‍ന്നുവീണു.

“ങ്ഹും ! എന്താ ഒരു പരിഹാസച്ചിരി.”

ബിന്‍സിയെന്ന മാദകത്തിടമ്പിന്റെ കാമോദ്ധാരണ കണ്‍തിരനോട്ടം. കാറോടിക്കുന്ന സൈമണ് കാമതിരയിളക്കം.
ബിന്‍സി തുടര്‍ന്നു.

“ഇതുപോലുള്ള യാത്രകളില്‍ വൈകിയെത്തുമ്പോള്‍ ഞാന്‍ ബാബുവിനോട് പറയാറുള്ളത് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തുവെന്നും ഒന്നാം സമ്മാനം കിട്ടിയെന്നുമാണ്. കനത്ത സമ്മാനത്തുകയുടെ കവര്‍ കൈപ്പറ്റുമ്പോള്‍ ബാബുവിന്റെ മുഖത്തും സൗന്ദര്യം ഉണ്ടാകും.”

“ങ്ഹാഹാഹാ…. ഇന്നും സൗന്ദര്യ മത്സരത്തില്‍ ഒന്നാം സമ്മാനം തന്നെയാണല്ലേ…”

സൈമണ്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കാറോടിക്കുന്ന അയാളെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ബിന്‍സി മറന്നില്ല.

ഹായ് ! എന്തൊരു മാദക ഗന്ധം. വിജനമായ ആ മലയിടുക്കുകളിലൂടെയുള്ള യാത്ര സൈമണ് ഹരം പകര്‍ന്നു. അയാള്‍ അവളെ കെട്ടിപ്പിടിച്ചു. ഹോ! എത്രയും വേഗം റിസോര്‍ട്ടില്‍ എത്തിയാല്‍ മതിയായിരുന്നു. അവളുടെ പുഞ്ചിരിയിലും പരിമളം പുറപ്പെടുന്നു. കണ്ണുകളില്‍ നക്ഷത്രത്തിളക്കം.

റിസോര്‍ട്ടെത്തി.

ബിന്‍സി എന്തിനും തയ്യാറായ മട്ടില്‍ അണിഞ്ഞൊരുങ്ങി വന്നു. സൗന്ദര്യത്തിന്റെ സഞ്ചാരപഥങ്ങളില്‍ സൈമണും ബിന്‍സിയും തളരാത്ത ഓട്ടക്കുതിരകളായി.

സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കുന്നവളുടെ മുഖത്തെ മന്ദഹാസങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി തോന്നി.

സൗന്ദര്യത്തിനു പൊന്നിന്റെ വിലയോ!

റിസോര്‍ട്ടിലെ അന്നത്തെ രാത്രി ഉറക്കം അകന്നു മാറി നിന്ന രാത്രി. മാദകചിന്തകളുടെ ഉന്മാദരാത്രി. ഭോഗ ഈണങ്ങളാല്‍ താളസ്വരലയം തീര്‍ത്ത രാത്രി.

ആ രാത്രി അലിഞ്ഞലിഞ്ഞില്ലാതായി. ഉപകാരസ്മരണയിലെ കനത്ത കവറുമായി ബിന്‍സി യാത്രയില്‍ ഇടയ്ക്ക് വെച്ചിറങ്ങി.

ആഡംബര കാര്‍ സൈമണെ മാത്രം ചുമന്നുകൊണ്ട് കിഴക്ക് ദിക്കിനെ ലക്ഷ്യമാക്കി പാഞ്ഞു. പെട്ടന്ന് അയാളുടെ മനസ്സിലേക്ക് മറ്റൊരു പറവ ചിറകടിച്ചു വന്നു. വിശുദ്ധ പറവ

ലണ്ടനിലെ സൂസന്‍ ബൈജു. അവിടത്തെ പള്ളിയിലും ബിന്‍സിയെ പോലെ ഹല്ലേലുയ്യായും മറുഭാഷയും ചൊല്ലി കരഘോഷം മുഴക്കി ആത്മാവിലേക്ക് ചിറക് വിടര്‍ത്തി പറക്കുന്നവള്‍.

അവള്‍ സൈമണെ സമീപിച്ചത് നല്ലൊരു വീട് വാങ്ങാന്‍ കുറെ തുക വേണം. അത് ബിന്‍സിക്കു കൊടുത്തതുപോലെ സമ്മാനമായല്ല. കടമായിട്ടാണ്.

കടം തിരിച്ചെത്താത്തപ്പോള്‍ പാരിതോഷികമായി തന്നെ കണക്കാക്കണമല്ലോ.

സൂസന്‍ തന്റെ വീട്ടിലേക്ക് കടന്നുവരുന്നത് ഭാര്യയില്ലാത്ത സമയം നോക്കി മാത്രം.

ബിന്‍സി റിസോര്‍ട്ടില്‍ മുന്തിരി വള്ളിയായി തന്നിലേക്ക് പടര്‍ന്നുകയറിയപ്പോള്‍ സൂസന്‍ തന്റെ സ്വന്തം ബംഗ്ലാവിലെ ആഡംബര മുറിക്കുള്ളില്‍ എന്ന് മാത്രം. അലങ്കാരമുറികള്‍ പലതുണ്ടെങ്കിലും തന്റെ കിടപ്പ് മുറിയില്‍ അവള്‍ക്കനുവാദമില്ല. അവള്‍ക്കെന്നല്ല. ആര്‍ക്കും.

സൂസന്റെ പകലുറക്കം പലപ്പോഴും തന്നോടൊപ്പം. വികാരങ്ങളുടെ വേലിയിറക്കം തീരുമ്പോള്‍ കടം എന്ന പാരിതോഷികവുമായി സൂസന്‍ കടന്നു പോകും. അവളുടെ ശരീരത്തിന്റെ മാദകഗന്ധം ആ നാല് ചുമരുകള്‍ക്കുള്ളില്‍ നഗ്നമായി തന്നെ കിടക്കും.

സൂസനിന്ന് ലണ്ടനില്‍ പല വീടുകളുടേയും ഉടമയാണ്. ഇപ്പോള്‍ വാങ്ങിയ വലിയ വീട്ടിലേക്ക് സമ്പന്നരുടെ കാലടിപ്പാടുകള്‍ പതിഞ്ഞു കൊണ്ടിരിക്കുന്നു.

ഇത് പോലൊരു ഭവനം മറ്റാര്‍ക്കുമില്ലെന്ന് ചില മലയാളി സദസ്സുകള്‍ ആഘോഷിച്ചപ്പോള്‍ മറ്റുള്ളവരുടെ ഉയര്‍ച്ചകളില്‍ അസൂയയുള്ളവര്‍ എന്ന അടിക്കുറിപ്പ് മാത്രം സൂസന്‍ നല്‍കി.

സൈമന്റെ തത്സമയ ചിന്തകളില്‍ രണ്ട് സ്ത്രീകള്‍ മാത്രം. ബിന്‍സിയും സൂസനും.

മണിമന്ദിരങ്ങളിലും സമ്പത്തിലും പറന്നു നടക്കുന്ന പറവകള്‍. വിശുദ്ധ പറവകള്‍.

പറവകള്‍ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല. എന്നാല്‍ പോലും അവ പരിരക്ഷിക്കപ്പെടുന്നു. സമ്പത്തും മുത്തും പവിഴവും സൗന്ദര്യവും സൗരഭ്യവും ഖനനം ചെയ്യുന്ന ഒളിത്താവളങ്ങളില്‍ അവര്‍ വസിക്കുന്നു. നരക വാതിലുകളില്‍ സുഗന്ധത്തിരികള്‍ കത്തിച്ചു വച്ചത് പോലെ.

നോട്ടീസിലേക്ക് കണ്ണും നട്ടിരുന്ന സൈമണ്‍ നിദ്രയിലേക്ക് വഴുതിവീണു. മുറ്റത്ത് സന്ധ്യവന്നതും കാറ്റ് വിതുമ്പിപ്പോയതും പക്ഷികള്‍ ചേക്കേറിയതും അയാളറിഞ്ഞില്ല. ആ തണുത്ത നിശ്ശബ്ദതയില്‍ സൈമണ്‍ കണ്ടത് മേഘങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന അഗാധനീലിമകളും മഴത്തുള്ളികളും മരക്കാടുകളും.

പവിത്രതയുടെ ദിവ്യസന്നിധിയില്‍ വിശ്വാസികള്‍ ആദരവോടെ നിന്നു. വര്‍ണ്ണപകിട്ടാര്‍ന്ന വേഷങ്ങളില്‍ അത്യാഡംബര വാഹനങ്ങളില്‍ നിന്നുമിറങ്ങി വന്നവര്‍ പിതാക്കന്മാരായിരുന്നു. സ്വര്‍ണ്ണ ചങ്ങലകള്‍ പോലെ നെഞ്ചത്ത് കുരിശുമാലകള്‍. രാജാക്കന്മാരുടെയെന്ന് തോന്നിക്കുന്ന തനി തങ്കമല്ലാത്ത കിരീടങ്ങള്‍ ചൂടിയവര്‍.

പാട്ടും കൊട്ടും സ്തുതി ഗീതങ്ങളുമായി ജനം വിനയപൂര്‍വ്വം അലങ്കരിച്ച വേദിയിലേക്ക് പിതാക്കന്മാരെ ആനയിച്ചു.

തിരുസന്നിധിയില്‍ ആരാധന ഉച്ചസ്ഥായിലായി. വിശന്നൊട്ടിയ വയറും തളര്‍ന്ന മനസ്സും ചോരാപ്പാടുകള്‍ ഉണങ്ങി നിന്ന മുഷിഞ്ഞ അങ്കിയുമായി താടിയും മുടിയും നീട്ടിവളര്‍ത്തി അത്യന്തം അവശനായി, പ്രാകൃതനായി അയാള്‍ കടന്നു വന്നു.

അത്യാകര്‍ഷമായി ആനന്ദചുവടുകള്‍ തീര്‍ത്തു കൊട്ടും പാട്ടും സ്തുതിഗീതങ്ങളും പാടി തിമര്‍ത്തുകൊണ്ടിരിക്കുന്ന ജനം ഈ അവശനെ കണ്ടില്ല.

തിരുസന്നിധിലുണ്ടായിരുന്ന പിതാക്കന്മാരും അയാളെ തിരിച്ചറിഞ്ഞില്ല. കത്തിജ്വലിച്ചു മിന്നുന്ന മിന്നല്‍പ്പിണരുകള്‍ ഉണ്ടായില്ല. ഘോര ഘോരമായ ഇടിശബ്ദങ്ങള്‍ കേട്ടില്ല. ഭൂമി തുളയ്ക്കുന്ന കനത്ത മഴ പെയ്തില്ല.

മണ്ണിലെ വിശുദ്ധന്മാരുടെ മുന്നില്‍ സ്വര്‍ഗ്ഗത്തിലെ വിശുദ്ധന്‍ മുട്ടുകുത്തി കൈകള്‍ കൂപ്പി. ആരും ആരും കണ്ടില്ല. ഒന്നും ഒന്നും കണ്ടില്ല.

സൈമണ്‍ മാത്രം കണ്ടു. ഈ പ്രതലത്തില്‍ ഒരിഞ്ച് മണ്ണോ ഒരു കുടിലോ ഇല്ലാത്ത, എന്നാല്‍ എല്ലാറ്റിനും ഉടമസ്ഥാവകാശമുള്ള ആള്‍.

സാക്ഷാല്‍ യോശുദേവന്‍

ദൈവം സൈമണെ നോക്കി അപേക്ഷിച്ചു.

“എന്നെ ഇനിയും ക്രൂശിക്കരുതേ!!!”

സൈമന്റെ മനസ്സാകെ ഇളകിത്തെറിച്ചു. ഉള്‍ത്തടത്തിലെ ഭിത്തികളില്‍ ചോര പൊടിഞ്ഞു. യൗവ്വനം വലിച്ചിഴച്ചു കൊണ്ടു പോയ വഴികളെ ഓര്‍ത്ത് അയാള്‍ വിലപിച്ചു.

സൈമണ്‍ നിറകണ്ണുകളോടെ യാചിച്ചു.

“പിതാവെ ! എന്നോട് പൊറുക്കേണമെ!!!”

www.karoorsoman.net, karoorsoman@yahoo.comLike our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top