ജോസഫ് പടന്നമാക്കല്‍ (ഒരു അനുസ്മരണം)

Padannamakkal anusmaranamജനപ്രിയ എഴുത്തുകാരന്‍ ജോസഫ് മാത്യു പടമാക്കല്‍ (78) കോവിഡ്19 ബാധിച്ച് ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി ആശുപതിയില്‍ ചികിത്സയിലായിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ പടന്നമാക്കല്‍ പി.സി. മാത്യുവിനും അമ്മയ്ക്കും ജനിച്ച ജോസുകുട്ടി അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം (എം.കോം) നേടി. കോളേജ് അദ്ധ്യാപകനായിരിക്കെ വിവാഹിതനായി അമേരിക്കയിലേക്ക് 1974ല്‍ കുടിയേറി. ലോകത്തിലെ രണ്ടാമത്തെ വലിയ വായനശാലയായ ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയില്‍ മുപ്പത് വര്‍ഷത്തിനുമേല്‍ സേവനം ചെയ്തശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. റോക്‌ലാന്റ് കൗണ്ടിയിലെ വാലി കോട്ടജില്‍ ആയിരുന്നു താമസം.

ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി ജോസഫ് (ഫിലഡല്‍‌ഫിയ) എന്നിവര്‍ മക്കളാണ്. അബി മരുമകനാണ്. പരേതനായ ജേക്കബ് മാത്യു (മൂവാറ്റുപുഴ) പി.എം. മാത്യു (പൊന്‍കുന്നം) തോമസ് മാത്യു (ഷിക്കാഗോ) തെരേസ ജോസഫ് അന്ത്രപ്പേര്‍, പൂച്ചാക്കല്‍ (ചേര്‍ത്തല) സഹോദരരാണ്.

Untitled
ജോസഫ് പടമാക്കല്‍, ഡോ ജെയിംസ് കോട്ടൂര്‍, ചാക്കോ കളരിക്കല്‍

ആയിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ചു തള്ളിയിട്ടുള്ള പടന്നമാക്കല്‍ സഞ്ചരിക്കുന്ന ഒരു വിജ്ഞാനകോശമായിരുന്നു. കഴിഞ്ഞ ആറേഴു വര്‍ഷത്തിനിടെ നൂറുകണക്കിന് വിലപ്പെട്ട ലേഖനങ്ങള്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് (http://padannamakkel.blogspot.com). ഏതു വിഷയത്തെയും കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം രചിച്ച പടന്നമാക്കല്‍ കുടുംബ ചരിത്രം കാഞ്ഞിരപ്പള്ളിയുടെ ഒരു ചരിത്രം കൂടിയാണ്. കാര്യങ്ങളെ അതായിരിക്കുന്ന വിധത്തില്‍ തുറന്നെഴുതുവാനുള്ള അസാധാരണ കഴിവ്, വെറും സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന പടമാക്കലിന് ഒരു സിദ്ധിയായിരുന്നു.

യേശുവിന്‍റെ വചനങ്ങളെ വികൃതമാക്കുന്ന സഭാധികാരികളെ നിശിതമായി അദ്ദേഹം വിമര്‍ശിക്കുമായിരുന്നു. തുറന്ന മനസ്സുണ്ടായിരുതിനാല്‍ മറ്റുള്ളവര്‍ വിളിച്ചു പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ തുറന്നടിക്കാന്‍ അദ്ദേഹം മടികാണിച്ചിരുന്നില്ല. സമവായ ചിന്തയോടെ ക്രിസ്ത്യന്‍ സഭകളുടെ നവോദ്ധാനത്തെ മുന്‍കണ്ടുകൊണ്ടായിരുന്നു അദ്ദേഹം തന്‍റെ പേന ചലിപ്പിച്ചിരുത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും സ്വതന്ത്ര ചിന്തകര്‍ക്ക് പള്ളിക്കകത്ത് സ്ഥാനം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. യേശുവിന്‍റെ വചനങ്ങള്‍ ജീവിതദര്‍ശിയാകുമ്പോള്‍ സഭാബന്ധത്തിന്‍റെ ചരടില്‍ കുടുങ്ങേണ്ട കാര്യമില്ലെന്നദ്ദേഹം വിശ്വസിച്ചിരുന്നു. ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന സഭാ മേലദ്ധ്യക്ഷന്മാരോടും പുരോഹിതരോടും അദ്ദേഹത്തിന് പുച്ഛമായിരുന്നു. തെറ്റുകള്‍ മുഖം നോക്കാതെയും ഭയപ്പെടാതെയും സത്യമായും കൃത്യമായും തുറന്നു പറയുന്നതാണ് പ്രവാചക ധര്‍മ്മം; അതദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. വര്‍ത്തമാന കാലത്തിന്‍റെ നൊമ്പരങ്ങളും ലേഖന വിഷയങ്ങളായിരുന്നു. ഇടുങ്ങിയ വൃത്തങ്ങളില്‍ തടഞ്ഞു കിടക്കുന്നവര്‍ക്ക് അദ്ദേഹം ഒരു മാര്‍ഗദര്‍ശിയുമായിരുന്നു.

യേശുവിലും യേശുവചനങ്ങളിലും അടിയുറച്ചു വിശ്വസിച്ചിരുന്ന പടന്നമാക്കല്‍ സഭയുടെ സംഘടിത ശ്രേണിയെയും അതിന്‍റെ കൊള്ളരുതായ്മകളെയും മാത്രമാണ് എതിര്‍ത്തിരുന്നത്. ദൈവ വിശ്വാസത്തിലും മനുഷ്യസ്നേഹത്തിലും ഉറച്ച ക്രെെസ്തവതയെ അദ്ദേഹം എതിര്‍ത്തിരുന്നില്ല; മറിച്ച്, ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്.

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ സഹപ്രവര്‍ത്തകനായിരുന്ന ജോസഫ് പടന്നമാക്കലിന്‍റെ ആകസ്മിക വേര്‍പാടില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡും മറ്റ് അംഗങ്ങളും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്‍റെ ജീവിതം ആഘോഷിക്കുകയും (celebrate his life) ചെയ്യുന്നു. എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും സ്നേഹപൂര്‍വ്വമായ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News