കൊവിഡ്-19: കേരളത്തില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യത

EVUmFooU0AEKtltന്യൂഡല്‍ഹി: കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ സാധ്യത. വൈറസ് ബാധയുടെ സാന്ദ്രത കണക്കിലെടുത്ത് രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ചുകൊണ്ടായിരിക്കും ഇളവുകള്‍ പ്രഖ്യാപിക്കുക. അതിതീവ്രമായി വൈറസ് ബാധയുള്ള പ്രദേശങ്ങളെ റെഡ് സോണിലും തീവ്രത കുറഞ്ഞ പ്രദേശങ്ങളെ യെല്ലോ സോണിലും കാര്യമായ രോഗബാധയില്ലാത്ത പ്രദേശങ്ങളെ ഗ്രീന്‍ സോണിലും ഉള്‍പ്പെടുത്തിയായിരിക്കും ഇളവുകള്‍ നല്‍കുക. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്നത് ഉചിതമാകുമെന്ന് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് ഔദ്യോഗിക വിവരം. ഇത് സംബന്ധിച്ച് വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയേക്കും.

ലോക്ക്ഡൗണിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ലെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കേണ്ട സ്ഥിതി ആയിട്ടില്ല. പടിപടിയായി മാത്രം ലോക്ക് ഡൗണ്‍ ഇളവ് അനുവദിക്കും. ഹോട്ട്‌സ്‌പോട്ട് സ്ഥലങ്ങളില്‍ ഏപ്രില്‍ 30 വരെ നിലവിലുള്ള നിയന്ത്രണം വേണമെന്നുമാണ് കേരളത്തിന്റെ അഭിപ്രായമെന്ന് താന്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ഘട്ടത്തിലെയും സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച ശേഷം പതുക്കെ വേണം ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം പടരാനും സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകും. സ്ഥിതി ഗുരുതരമല്ലാത്ത സ്ഥലങ്ങളില്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കന്ന നിയന്ത്രണങ്ങളോടെയും ശാരീരിക അകലം ഉറപ്പ് വരുത്തിയും ഇളവുകള്‍ നല്‍കണം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും മുഖ്യമന്ത്രി കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ 3.85 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. അവരെല്ലാം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ഏപ്രില്‍ 14ന് ശേഷം അവസരമൊരുക്കണം. ഇതിനായി പ്രത്യേക നോണ്‍സ്‌റ്റോപ്പ് ട്രെയിന്‍ സജ്ജമാക്കണം. സ്ഥിരവരുമാനമില്ലാത്ത ഇവര്‍ക്ക് ഇവരുടെ അക്കൗണ്ടിലേക്ക് അടുത്ത മൂന്ന് മാസത്തേയ്ക്ക് ഡയറക്ട് ബെനിഫിറ്റ് സ്‌കീം പ്രകാരം ധനസഹായം നല്‍കണം.

പ്രവാസികളും സന്ദര്‍ശക വിസയിലും മറ്റ് പരിപാടികള്‍ക്കുമായി പോയവരും വിദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. അന്താരാഷ്ട്ര ചട്ടങ്ങളും ആരോഗ്യമാനദണ്ഡങ്ങളും പ്രകാരം ഇവരെ പ്രത്യേക വിമാനത്തില്‍ തിരികെ എത്തിക്കണം.

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവര്‍ക്ക് എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്കണം. ലേബര്‍ ക്യാമ്പില്‍ പ്രത്യേക ശ്രദ്ധ വേണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെപ്പറ്റിയും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന്‍ ഇറക്കണം. തെറ്റായ വിവരം പ്രചരിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News