Flash News

കര്‍ശനമായും ഉത്തരവുകള്‍ നടപ്പാക്കും, കോവിഡിനെ തുരത്താനുറച്ച് ന്യൂജേഴ്‌സി

April 15, 2020 , ജോര്‍ജ് തുമ്പയില്‍

Saliva collection and testingന്യൂജേഴ്‌സി: സ്‌റ്റേഅറ്റ്‌ഹോം ഓര്‍ഡറിന്റെ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കര്‍ശന ഉത്തരവുകള്‍ നടപ്പാക്കാന്‍ ഓരോ പൗരനും ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജുഡിത്ത് പെര്‍സില്ലിയുടെ മുന്നറിയിപ്പ്. ന്യൂജേഴ്‌സിയില്‍ കേസുകളും മരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പുതിയ ഡേറ്റ പ്രകാരം ഏപ്രില്‍ 25 ന് മുന്‍പ് ആശുപത്രിയില്‍ പ്രവേശിക്കുവര്‍ ഏകദേശം 15,922 രോഗികളായിരിക്കുമെന്ന് കണക്കുകൂട്ടുന്നു. ഇതില്‍ 3,821 പേര്‍ ഗുരുതരമായ പരിചരണത്തിലായിരിക്കുമെന്നും ഇതില്‍ തന്നെ 3,503 പേര്‍ വെന്റിലേറ്ററുകളിലായിരിക്കാമെന്നുമാണ് പെര്‍സില്ലി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

തിങ്കളാഴ്ച വരെ, ന്യൂജേഴ്‌സിയില്‍ 8,185 പേരെ കോവിഡ് 19 നെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 2,051 പേര്‍ ഗുരുതരാവസ്ഥയിലും 1,626 പേര്‍ വെന്റിലേറ്ററിലുമാണ്. രോഗികളുടെ കാര്യത്തില്‍ ആശുപത്രി പ്രവേശനം ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ 4 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സിയില്‍ ആകെ 18,000 ആശുപത്രി കിടക്കകളാണുള്ളത്. സാധാരണ സാഹചര്യങ്ങളില്‍ 2,000 പേരെ ഗുരുതരാവസ്ഥയില്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. പൂട്ടിയ ആശുപത്രികള്‍, ഫീല്‍ഡ് ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, കോളേജ് ഡോര്‍മിറ്ററികള്‍ എന്നിവയിലൂടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രമം. ഗുരുതരപരിചരണ ശേഷി 4,000 കിടക്കകളായി ഉയര്‍ത്താനാമ് ശ്രമം. ഒട്ടനവധി ആശുപത്രികളിലെ അനസ്‌തേഷ്യ മെഷീനുകള്‍ താല്‍ക്കാലിക വെന്റിലേറ്ററുകളായി മാറ്റുന്നുണ്ടെന്ന് പെര്‍സിച്ചിലി പറഞ്ഞു.

ഇതുവരെ 2500 വെന്റിലേറ്ററില്‍ 1,550 എണ്ണം ഫെഡറല്‍ സര്‍ക്കാരില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. 500 എണ്ണം കൂടി വാങ്ങാനാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. 9 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ന്യൂജേഴ്‌സിയില്‍ ഇപ്പോള്‍ കുറഞ്ഞത് 68,824 കേസുകളും 2,805 മരണങ്ങളുമുണ്ടെന്ന് സംസ്ഥാന അധികൃതര്‍ അറിയിച്ചു. യുഎസ് സംസ്ഥാനങ്ങളില്‍ ന്യൂജേഴ്‌സിക്കു പുറമേ ന്യൂയോര്‍ക്കില്‍ മാത്രമാണ് കൂടുതല്‍ കേസുകളും മരണങ്ങളും ഉള്ളത്.

വേദനയില്ലാത്ത പുതിയ സാമ്പിള്‍ രീതി വികസിപ്പിച്ചു
റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 ടെസ്റ്റിങ്ങിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തിര അനുമതി നല്‍കി. രോഗികളുടെ സാമ്പിളുകള്‍ ലഭിക്കുന്നതിന് മൂക്കിലേക്കോ തൊണ്ടയിലേക്കോ ആഴത്തില്‍ ട്യൂബ് തള്ളിവിടുന്നതിനുപകരം അല്‍പ്പം ഉമിനീര് മാത്രമേ ഇവിടെ ആവശ്യമുള്ളൂ. നിലവിലെ പരമ്പരാഗത പരിശോധന രീതി അസുഖകരവും പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ്. പുതിയ ടെസ്റ്റിങ് രീതി പ്രാബല്യത്തിലാകുന്നതോടെ കൂടുതല്‍ വേഗത്തില്‍ പരിശോധന ഫലവും ലഭ്യമാകും.

കൊറോണ വൈറസിനുള്ള ഉമിനീര്‍ പരിശോധനക്കു പുറമേ ആയിരക്കണക്കിന് സാമ്പിളുകള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന ഉപകരണവും റട്‌ജേഴ്‌സില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന്ു റട്‌ജേഴ്‌സിന്റെ ആര്‍യുസിഡിആര്‍ ബയോളജിക്‌സിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സാങ്കേതിക വികസന ഡയറക്ടറുമായ ആന്‍ഡ്രൂ ബ്രൂക്‌സ് പറഞ്ഞു.

Rutgersസ്‌പെക്ട്രം സൊല്യൂഷന്‍സ്, അക്യുറേറ്റ് ഡയഗ്‌നോസ്റ്റിക് ലാബ് എന്നിവയുമായി സഹകരിച്ച് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി സാമ്പിള്‍ശേഖരണ രീതിയും പുതിയ ലാബ് രീതിയും ആര്‍യുസിഡിആര്‍ വികസിപ്പിച്ചു. റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയുമായി പങ്കാളിത്തമുള്ള ആര്‍ഡബ്ല്യുജെ ബാര്‍ണബസ് ഹെല്‍ത്ത് നെറ്റ്‌വര്‍ക്കിന് ഈ പരിശോധനാരീതികള്‍ തുടക്കത്തില്‍ ലഭ്യമാക്കും. കൂടാതെ ന്യൂ ബ്രന്‍സ്‌വിക്കില റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും ന്യൂവാര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും ഈ പുതിയ സംവിധാനം ഉപയോഗിക്കുന്നതില്‍ ഉള്‍പ്പെടുന്നു. എഡിസണിലെ കില്‍മര്‍ റോഡിലുള്ള മിഡില്‍സെക്‌സ് കൗണ്ടി കൊറോണ വൈറസ് ഡ്രൈവ്ത്രൂവില്‍ കൗണ്ടി നിവാസികള്‍ക്കുമായി ബുധനാഴ്ച മുതല്‍ ഈ പരിശോധനകള്‍ വിന്യസിക്കും. 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഫലങ്ങള്‍ നല്‍കാനാകുമെന്ന് കൗണ്ടി അധികൃതര്‍ അറിയിച്ചു.

ഉമിനീര്‍ ശേഖരണത്തിനായി എഫ്ഡിഎ വെള്ളിയാഴ്ച ആര്‍യുസിഡിആറിനും അതിന്റെ പങ്കാളികള്‍ക്കും അനുമതി നല്‍കി. ഉമിനീര്‍ സാമ്പിളുകള്‍ റട്‌ജേഴ്‌സ് ലാബില്‍ പരിശോധിക്കും, കൂടാതെ ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് ‘ന്യൂക്ലിയര്‍ എക്‌സ്ട്രാക്ഷന്‍’ ചെയ്യുന്നതിന് ഓട്ടോമേറ്റഡ് ലാബ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രതിദിനം 10,000 സാമ്പിളുകള്‍ വിശകലനം ചെയ്യാനാവും. റട്‌ജേഴ്‌സ് അധിഷ്ഠിത ലാബിനൊപ്പം പുതിയ പരീക്ഷണ ശേഷി വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്ന് യൂണിവേഴ്‌സിറ്റി ജനിറ്റിക്‌സ് വകുപ്പിലെ പ്രൊഫസര്‍ കൂടിയായ ബ്രൂക്‌സ് പറഞ്ഞു.

ആര്‍യുസിഡിആറും അതിന്റെ പങ്കാളികളും കഴിഞ്ഞ ഒരാഴ്ചയായി എഫ്ഡിഎയുമായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് പുതിയ ടെസ്റ്റുകള്‍ക്ക് ഫെഡറല്‍ അംഗീകാരം ലഭിച്ചത്. മിഡില്‍സെക്‌സിലെ കില്‍മര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ ആന്റ് ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്ററില്‍ ഉമിനീര്‍ പരിശോധന ആരംഭിക്കും. തുടക്കത്തില്‍ പ്രതിദിനം 300 മുതല്‍ 500 വരെ അധിക ടെസ്റ്റുകള്‍ നടത്തുമെന്നു മിഡില്‍സെക്‌സ് കൗണ്ടി ഫ്രീഹോള്‍ഡര്‍ ഡയറക്ടര്‍ റൊണാള്‍ഡ് ജി. റിയോസ് പറഞ്ഞു. സൗത്ത് ബ്രന്‍സ്‌വിക്കിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ സ്‌റ്റേഷനിലെ രണ്ടാമത്തെ കൗണ്ടി ടെസ്റ്റിംഗ് സൈറ്റ് നിലവിലെ സ്വാബ് ടെസ്റ്റ് മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂവെന്ന് കൗണ്ടി അധികൃതര്‍ പറഞ്ഞു.

ഉമിനീര്‍ ശേഖരണസാമ്പിളുകള്‍ ലഭിക്കുന്നതിനുള്ള സമയലാഭം വലിയൊരു ഘടകമാണ്. പരിശോധനയ്ക്ക് വേണ്ടി ഇപ്പോഴത്തെ നിലയില്‍ നിന്ന് ഒരു വ്യക്തിക്ക് 20 മിനിറ്റ് വരെ കുറയും എന്നാണ് കരുതുന്നത്. അതേസമയം ആരോഗ്യ പരിപാലന വിദഗ്ധരെ നാസോഫറിംഗല്‍ അല്ലെങ്കില്‍ ഓറോഫറിന്‍ജിയല്‍ ശേഖരണങ്ങള്‍ നടത്തി അണുബാധയ്ക്ക് സാധ്യതയില്ല എന്ന് ഉറപ്പുവരുത്താനും നീക്കമുണ്ട്. ലിവിംഗ്‌സ്റ്റണിലെ സെന്റ് ബാര്‍ണബസ് ആശുപത്രി, ന്യൂവാര്‍ക്കിലെ ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ ഉള്‍പ്പെടുന്ന ആര്‍ഡബ്ല്യുജെ ബാര്‍ണബസ് ഹെല്‍ത്ത് നെറ്റ്‌വര്‍ക്കിലുടനീളം പുതിയ സാമ്പിള്‍ ശേഖരണ രീതി വികസിപ്പിക്കും.

ബാര്‍ണബസ് ഹെല്‍ത്ത് സിസ്റ്റത്തിലുള്ള ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നവീനമായ ഒരു പരീക്ഷണവും നടന്നു വരുന്നു. കൊണ്‍വാലസന്റ് പ്ലാസ്മ പ്രോഗ്രാം എന്ന പേരിലുള്ള ഈ പരീക്ഷണത്തില്‍ കോവിഡ് രോഗവിമുക്തി പ്രാപിച്ചവരില്‍ നിന്നെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തമാക്കുന്ന മരുന്നു വേര്‍തിരിച്ചെടുക്കാനുവുമോ എന്നു നോക്കുകയാണ്.

ജീവിത ചെലവിന് അനുസൃതമായി പണം നല്‍കണമെന്ന് ആവശ്യം
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക പാക്കേജ് ജീവിതചെലവുകള്‍ക്ക് അനുസൃതമല്ലെന്ന് പരാതി. രാജ്യത്ത് എല്ലാവര്‍ക്കും ഒരേപോലെയാണ് പണം നല്‍കിയിരിക്കുന്നത്. എന്നാല്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത പണച്ചെലവാണ് ഉള്ളതെന്നു അതിനനുസരിച്ചാണ് പണം നല്‍കേണ്ടതെന്നുമാണ് ആവശ്യം. രാജ്യത്തെ മിക്കവര്‍ക്കും ലഭിക്കുന്ന 1,200 ഡോളറിന്റെ വ്യക്തിഗത സഹായം മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ന്യൂജേഴ്‌സിയില്‍ വളരെ കുറവാണ്. ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള സംസ്ഥാനമായ മിസിസിപ്പിയില്‍ 1,200 ഡോളറിനു വാങ്ങുന്ന അതേ സാധനങ്ങള്‍ വാങ്ങാന്‍ ന്യൂജേഴ്‌സിക്ക് 1,581 ഡോളര്‍ വേണമെന്ന് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് സെന്റ് ലൂയിസ് വക്താവ് അഭിപ്രായപ്പെട്ടു. 2 ട്രില്യണ്‍ ഡോളര്‍ ഫെഡറല്‍ ഉത്തേജക നിയമം പ്രാദേശിക വ്യത്യാസങ്ങള്‍ക്ക് അനുസൃതമായല്ല. 50 സംസ്ഥാനങ്ങളില്‍ നാലാമത്തെ ഉയര്‍ന്ന ജീവിതച്ചെലവ് ഉണ്ടെന്ന് സെന്റ് ലൂയിസ് ഫെഡ് പറയുന്ന ന്യൂജേഴ്‌സിയിലെ താമസക്കാര്‍ക്ക് മിസിസിപ്പി നിവാസികള്‍ക്ക് തുല്യമായ തുക മാത്രമാണു ലഭിക്കുന്നത്. ഇതിനുപുറമെ, പേയ്‌മെന്റുകള്‍ ഉയര്‍ന്ന വരുമാന നിലവാരത്തില്‍ ഘട്ടംഘട്ടമായി നല്‍കുന്നതും. യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2018 ല്‍ 50 സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശരാശരി വരുമാനം ന്യൂജേഴ്‌സിക്ക് ഉണ്ടായിരുന്നു.

NJ streetതുല്യമായ സഹായം അടുത്ത ഉത്തേജക ബില്ലിന് നല്‍കണമെന്ന് ഹൗസ് നേതാക്കളോട് ആവശ്യപ്പെടാന്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ഒരുപോലെ ന്യൂജേഴ്‌സി കോണ്‍ഗ്രസ് പ്രതിനിധികളായ ജോഷ് ഗോത്ത്‌ഹൈമര്‍, മിക്കി ഷെറിള്‍ എന്നിവരോട് ആവശ്യപ്പെട്ടു. കൂടാതെ, 2017 ലെ നികുതി നിയമത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍മാരും ചുമത്തിയ സംസ്ഥാന, പ്രാദേശിക നികുതികള്‍ കുറയ്ക്കുന്നതിനുള്ള 10,000 ഡോളര്‍ പരിധി നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്. ന്യൂജേഴ്‌സിക്കു ലഭിച്ചതിനേക്കാള്‍ 11.5 ബില്യണ്‍ ഡോളര്‍ കൂടുതല്‍ പണം വാഷിംഗ്ടണിനു നല്‍കി. ന്യൂയോര്‍ക്കിന് രണ്ടാമത്തേത്.

ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടിനും സഹായം
കൊറോണ വൈറസ് മൂലം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായ ന്യൂവാര്‍ക്ക് വിമാനത്താവളത്തിന് 147.5 മില്യണ്‍ ഡോളര്‍ ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് ധനസഹായം നല്‍കും. 2 ട്രില്യണ്‍ ഡോളര്‍ പാക്കേജിന്റെ ഭാഗമാണ് ഈ ഫണ്ടിംഗ്, ഇതില്‍ എയര്‍പോര്‍ട്ട് കരാര്‍ തൊഴിലാളികള്‍ക്കുള്ള പണവും ഉള്‍പ്പെടുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ വിമാനത്താവളങ്ങളും മറ്റ് ഗതാഗത കേന്ദ്രങ്ങളും ന്യൂവാര്‍ക്കില്‍ അടച്ചുപൂട്ടിയിരിക്കുകയാണെന്നു കൂടുതല്‍ സഹായത്തിനു വേണ്ടിയുള്ള ശ്രമത്തിലാണെന്നും ഡി 10 ഡിസ്ട്രിക്റ്റ് റിപ്പബ്ലിക് ഡൊണാള്‍ഡ് പെയ്ന്‍ ജൂനിയര്‍ പറഞ്ഞു.

Newark Airportഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എയര്‍പോര്‍ട്ട് ഗ്രാന്റുകള്‍ പ്രഖ്യാപിക്കുമ്പോള്‍, എയര്‍പോര്‍ട്ട് തൊഴിലാളികളെയും ഉള്‍പ്പെടുത്താറുള്ളതാണ്. എന്നാല്‍ ഇത്തവണ ആ തുക വെളിപ്പെടുത്തിയിട്ടില്ല. എയര്‍പോര്‍ട്ട് ജീവനക്കാര്‍ സ്വതന്ത്ര കമ്പനികള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്, വിമാനക്കമ്പനികളുമായി നേരിട്ട് അല്ലെന്നും അതു കൊണ്ടു തന്നെ ഇത്തരം പാക്കേജുകളില്‍ അവരെ ഉള്‍പ്പെടുത്തേണതില്ലെന്നുമാണ് അധികൃതപക്ഷം. ബാഗേജ് കൈകാര്യം ചെയ്യുക, വീല്‍ചെയറുകളില്‍ യാത്രക്കാരെ ഗേറ്റുകളിലേക്ക് കൊണ്ടുപോകുക, ടെര്‍മിനലുകള്‍ വൃത്തിയാക്കുക എന്നിവയൊക്കെയും കരാര്‍ തൊഴിലാളികളാണ് നിര്‍വഹിക്കുന്നത്.

ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്കും 919 മില്യണ്‍
കൊറോണ വൈറസിനെ ചികിത്സിക്കുന്നതില്‍ മുന്‍നിരയിലുള്ളവര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഉത്തേജക പണത്തിന്റെ ഭാഗമായി ന്യൂജേഴ്‌സിയിലെ ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്കും ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് 919 മില്യണ്‍ ഡോളര്‍ ലഭിക്കും. ദേശീയതലത്തില്‍ 461,101 കൊറോണ വൈറസ് കേസുകളില്‍ 11 ശതമാനവും സംസ്ഥാനത്തുണ്ടെങ്കിലും ന്യൂജേഴ്‌സിയുടെ പ്രാരംഭ വിഹിതം കൈമാറിയ പണത്തിന്റെ വെറും 3 ശതമാനം മാത്രമാണ്.

2 ട്രില്യണ്‍ ഡോളര്‍ ഉത്തേജക നിയമത്തിന്റെ ഭാഗമായ ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കുമായി 100 ബില്യണ്‍ ഡോളര്‍ അനുവദിച്ചതിന്റെ ആദ്യ ഗഡുവിലാണ് ഈ ഫണ്ടുകള്‍ ഉള്‍പ്പെടുത്തിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് പരിശോധനയ്ക്കും ചികിത്സാച്ചെലവുകള്‍ക്കും അതുപോലെ തന്നെ ആശുപത്രികള്‍ക്ക് ചെലവുകള്‍ക്കും കൊറോണ വൈറസ് മൂലമുണ്ടായ വരുമാനം നഷ്ടപ്പെട്ടവര്‍ക്കുമായാണ് ഈ പണം നീക്കിവച്ചിരിക്കുന്നതെന്ന് ന്യൂവാര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവും ഷെരീഫ് എല്‍നഹാല്‍ പറഞ്ഞു.

പണമടച്ചില്ലെങ്കിലും ഫോണ്‍ വിഛേദിക്കരുതെന്ന് ചെയ്യരുതെന്നു ഗവര്‍ണര്‍ മര്‍ഫി
ഇന്റര്‍നെറ്റ് ഫോണ്‍ ദാതാക്കള്‍ ന്യൂ ജേഴ്‌സി നിവാസികള്‍ക്കുള്ള സേവനത്തില്‍ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യരുതെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. പണം അടക്കാതിരുന്നാല്‍ സേവനം നിര്‍ത്താന്‍ പാടില്ല. ലേറ്റ് ഫീ ആവശ്യപ്പെടരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ സേവനങ്ങള്‍ ഉപയോഗിച്ച് ന്യൂജേഴ്‌സിക്കാര്‍ സേവനസന്നദ്ധരാവണമെന്നും വീട്ടിലിരുന്നു ജോലി നിര്‍വഹിക്കണമെന്നും കുടുംബത്തിലെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തണമെന്നും കുട്ടികളെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിപ്പിക്കണമെന്നും ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു. പണമടയ്ക്കാത്തതിനാല്‍ മാര്‍ച്ച് 16 ന് ശേഷം വിച്ഛേദിക്കപ്പെട്ട എല്ലാം സേവനവും അടിയന്തരമായി വീണ്ടും ബന്ധിപ്പിക്കണം. ചില ദാതാക്കള്‍ ഇതിനകം സ്വമേധയാ ഇത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top