Flash News

ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നല്‍കുന്നത് ഡൊണാള്‍ഡ് ട്രം‌പ് നിര്‍ത്തി വെച്ചു

April 16, 2020

Trump-WHOവാഷിംഗ്ടണ്‍: കൊറോണ പ്രതിസന്ധിയെ നേരിടുന്നതില്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ഫണ്ട് നിര്‍ത്തി വെച്ചു. യുഎസിന്‍റെ ഈ തീരുമാനം ലോകാരോഗ്യ സംഘടനയുടെ മേധാവിയെ പ്രതിസന്ധിയിലാക്കി. കൊറോണ പ്രതിസന്ധിക്കിടയിലും സാമ്പത്തിക കുറവ് പരിഹരിക്കുന്നതിന് മറ്റ് സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ ഫണ്ട് തേടുകയാണിപ്പോള്‍.

യുഎസില്‍ നിന്നുള്ള ധനസഹായം പിന്‍വലിക്കുന്നത് ഞങ്ങളുടെ ജോലിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന അവലോകനം ചെയ്യുകയാണ്. സാമ്പത്തിക കുറവ് പരിഹരിക്കുന്നതിന് ഞങ്ങള്‍ പങ്കാളികളുമായി പ്രവര്‍ത്തിക്കുകയും ഞങ്ങളുടെ ജോലി തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. ട്രംപിന്‍റെ ഭീഷണിക്കുശേഷം, കൊറോണ പകര്‍ച്ചവ്യാധിയോട് ലോകം പോരാടുമ്പോള്‍, അത്തരമൊരു സമയത്ത് ഫണ്ട് പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത് ഉചിതമല്ലെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടാഡ്രോസ് അഡ്രിനോം ഗബാരീസ് പറഞ്ഞു.

കൊറോണ വൈറസിനെ നിസ്സാരവത്ക്കരിക്കുകയും എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് തുടക്കത്തില്‍ തോന്നിയിരുന്നുവെങ്കിലും, ഈ വൈറസ് തന്‍റെ രാജ്യത്തെ വലിയൊരു ജനസംഖ്യയെ ബാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. വളരെ ലാഘവത്തോടെയാണ് ട്രം‌പ് കൊവിഡ്-19 എന്ന മഹാമാരിയെ കണ്ടത്. ആ അശ്രദ്ധ 26,000 പേരുടെ ജീവനെടുക്കുകയും ആറ് ലക്ഷത്തിലധികം ആളുകള്‍ രോഗബാധിതരാകുകയും ചെയ്തു.

കാര്യങ്ങള്‍ കൈവിട്ടു പോയി എന്നറിഞ്ഞപ്പോള്‍ ആദ്യം എല്ലാം നിഷേധിച്ച ട്രം‌പ് കുറ്റം ചൈനയുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചു. പക്ഷെ, ഉദ്ദേശിച്ച രീതിയില്‍ ഏല്‍ക്കാതെ വന്നപ്പോള്‍ കോപം ലോകാരോഗ്യ സംഘടനയിലേക്ക് തിരിയുകയായിരുന്നു. കൊറോണയെക്കുറിച്ചുള്ള സത്യം ചൈന മറച്ചുവെച്ചതായും ലോകാരോഗ്യ സംഘടന അവര്‍ക്ക് കൂട്ടുനിന്നതായും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനയെ അനുകൂലിക്കുകയും അമേരിക്കക്ക് തെറ്റായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു എന്നാണ് ട്രം‌പ് പറയുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈറ്റ് ഹൗസില്‍ ഒരു പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത് ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ടി ചെലവഴിച്ച തുകയ്ക്ക് ഞങ്ങള്‍ ഒരു പരിധി നിശ്ചയിക്കാന്‍ പോകുന്നു എന്നാണ്. യുഎസ് ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ഫണ്ടിന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊറോണ വൈറസ് തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും ലോകാരോഗ്യ സംഘടനയുടെ പങ്ക് വിലയിരുത്തുന്നതിനായി ഒരു അവലോകനം നടക്കുന്നിടത്തോളം കാലം എന്‍റെ ഭരണകൂടം ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിച്ച ചൈനയെ ലോകാരോഗ്യ സംഘടന അനുകൂലിക്കുന്നുവെന്ന് ട്രം‌പ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

നമ്മുടെ രാജ്യത്തെ നികുതിദായകര്‍ പ്രതിവര്‍ഷം 40-50 ദശലക്ഷം ഡോളര്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നുണ്ടെന്നും ചൈന പ്രതിവര്‍ഷം 40 മില്യണ്‍ ഡോളറോ അതില്‍ കുറവോ ആണ് നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതില്‍ ഡബ്ല്യുഎച്ച്ഒ തന്‍റെ കടമ നിര്‍വഹിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. ചൈനയില്‍ വൈറസ് പടര്‍ന്നപ്പോള്‍ ഐക്യരാഷ്ട്രസഭ ഇത് മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും അതിന് അവര്‍ ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top