ന്യൂദല്‍ഹി: തബ്ലിഗി ജമാഅത്ത് നേതാവ് മൗലാന സാദ് ഖാണ്ഡല്‍വിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചതിനാണ് മൗലാന സാദ് ഖാണ്ഡല്‍വിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും ആളുകള്‍ പങ്കെടുത്ത തബ്ലിഗി ജമാഅത്ത് മര്‍ക്കസിന്റെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തുന്നുണ്ട്.
“തങ്ങള്‍ തബ്ലിഗി ജമാഅത്തിന്റെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിച്ചു വരികയാണ്. പല സുപ്രധാന രേഖകളും കണ്ടെത്തിയിട്ടുണ്ട്.”- ഇഡി അറിയിച്ചു.
ക്വാറന്റൈനില്‍ കഴിയുന്ന ഖാണ്ഡല്‍വിയെ എത്രയും പെട്ടെന്ന് ചോദ്യം ചെയ്യുമെന്നും ഇഡി വെളിപ്പെടുത്തി. ഖാണ്ഡൽവിയുടെയും മറ്റ് ഓഫീസ് ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സംഘടന വിദേശത്തു നിന്നും മറ്റും സ്വീകരിച്ച സംഭാവനകളും ഇഡി പരിശോധിച്ചു വരികയാണ്.
ദൽഹി നിസാമുദ്ദീനിലെ നിയമങ്ങള്‍ ലംഘിച്ചുള്ള തബ്ലിഗി സമ്മേളനത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ‘കൊവിഡ്-19’ ബാധിക്കുകയും രാജ്യമൊട്ടാകെ രോഗം പടരുകയും ചെയ്തിരുന്നു. ഖാണ്ഡല്‍വിയായിരുന്നു സമ്മേളനത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ദല്‍ഹി പോലീസ് മതനേതാവിനും ജീവനക്കാർക്കുമെതിരേ കേസെടുത്തിരുന്നു. 1897-ലെ പകര്‍ച്ചവ്യാധി നിരോധനനിയമത്തിന്റെ പേരിലാണ് ദല്‍ഹി പോലീസ് കേസെടുത്തിരുന്നത്. ലോക്ക്ഡൗണ്‍ ഭേദിച്ച് മതസമ്മേളനം നടത്തിയ കുറ്റമടക്കം ചുമത്തിയായിരുന്നു കേസ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു.
ജമാഅത്ത് നേതാവിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ ദല്‍ഹി ക്രൈംബ്രാഞ്ച് മാര്‍ച്ച് 31-ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയുടെ കേസ് വരുന്നത്.
50-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടത്തരുതെന്ന് മാര്‍ച്ച് 21-ന് തന്നെ ദല്‍ഹി പൊലീസ് മര്‍ക്കസ് നേതൃത്വത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതവഗണിച്ച് ആരോഗ്യവകുപ്പിനെയോ പോലീസിനെയോ അറിയിക്കാതെയായിരുന്നു സമ്മേളനം നടത്തിയതെന്നാണ് ദല്‍ഹി പോലീസ് എഫ്ഐആറില്‍ പറയുന്നത്.
പിന്നീട് ഉപജില്ലാ മജിസ്ട്രേറ്റ് നടത്തിയ പരിശോധനയിലാണ് സാമൂഹിക അകലം പാലിക്കാതെ 1,800 ഓളം പേര് താമസിച്ച് പങ്കെടുത്ത സമ്മേളനത്തിന്റെ കാര്യം ബോധ്യപ്പെടുന്നത്. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ മാസ്ക് ധരിക്കുകയോ പോലും അംഗങ്ങള്‍ ചെയ്തിരുന്നില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
തബ്ലിഗി സമ്മേളന പ്രതിനിധികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 25,000-ത്തിലധികം പേർ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ക്വാറന്റൈനിലാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply