Flash News

എന്‍95 മാസ്‌ക്കുകളെത്തി, ആശുപത്രി നിര്‍മ്മാണത്തില്‍ സേന, കൊറോണയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കി ന്യൂജേഴ്‌സി

April 17, 2020 , ജോര്‍ജ് തുമ്പയില്‍

Residents removed from Nursing homeന്യൂജേഴ്‌സി: കൊറോണ ഇതുവരെ 3,518 ന്യൂജേഴ്‌സിക്കാരുടെ ജീവന്‍ അപഹരിച്ചു. 75,000 ത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബര്‍ഗന്‍കൗണ്ടിയില്‍ വലിയ തോതില്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂവാര്‍ക്ക് സിറ്റിയില്‍ കര്‍ശനമായ സ്‌റ്റേ അറ്റ് ഹോം നിര്‍ദ്ദേശം നടപ്പാക്കുന്നു. സിറ്റി മേയര്‍ റാസ് ബറാക്കാ നേരിട്ട് ഇറങ്ങി നിര്‍ദ്ദേശങ്ങള്‍ നല്‍കി രംഗത്തുണ്ട്. ലോകത്താകമാനം, 2,193,558 പേര്‍ക്ക് രോഗം ബാധിച്ചു. ഇതുവരെ മരണപ്പെട്ടത്, 147,378 പേരും, സുഖം പ്രാപിച്ചത് 555,533 പേരുമാണ്. അമേരിക്കയില്‍ 34650 പേര്‍ കോവിഡ് 19-ന് ഇരയായി. ഇതില്‍ നിരവധി മലയാളികളുമുണ്ട്.

ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ടവര്‍ മുന്‍നിരയില്‍ നിന്നു പൊരുതുന്നതിനാല്‍ കാര്യമായ പുരോഗതി വരും ദിവസങ്ങളിലുണ്ടാവുമെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ആവശ്യത്തിന് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭിച്ചു കഴിഞ്ഞു. കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍, പോപ്പപ്പ് ആശുപത്രികള്‍, ടെസ്റ്റിങ് സെന്ററുകള്‍ എന്നിവയും വരുന്ന ആഴ്ചയോടെ ആവശ്യമെങ്കില്‍ താത്ക്കാലികമായി നിര്‍മ്മിക്കും. സൈന്യത്തിന്റെ സേവനം ഇപ്പോള്‍ തന്നെ സംസ്ഥാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും താരതമ്യേന ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത് ന്യൂജേഴ്‌സിയില്‍. ഏറ്റവും കൂടുതല്‍ ന്യൂവാര്‍ക്ക് സിറ്റിയില്‍. ന്യൂവാര്‍ക്ക് സിറ്റിയിലെ ഏറ്റവും സങ്കീര്‍ണ്ണമായ ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന്, കോവിഡ് രോഗികളുടെ ഇടയില്‍ നിന്ന് റെസ്പിറ്റോറി തെറാപിസ്റ്റ് കൂടിയായ ലേഖകന്റെ റിപ്പോര്‍ട്ട് തുടരുന്നു.

എന്‍ 95 മാസ്‌ക്കുകള്‍ എത്തി
ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും ആരോഗ്യ പരിപാലന ജീവനക്കാര്‍ക്കായി എന്‍ 95 മാസ്‌കുകള്‍ ചൈനയില്‍ നിന്നും കയറ്റി അയച്ചത് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ന്യൂവാര്‍ക്ക് വിമാനത്താവളത്തിലെത്തി. 50,000 എന്‍95 മാസ്‌കുകളാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മെഡ്‌ഷെയര്‍ ഗ്രൂപ്പ് ഇറക്കുമതി ചെയ്തത്. ഇവയുടെ കാര്യക്ഷമമായ വിതരണത്തിനായി ന്യൂ ജൂഹോം, ബ്രോങ്ക്‌സ്‌കെയര്‍ ഹെല്‍ത്ത് സെന്റര്‍, ന്യൂയോര്‍ക്കിലെ മോണ്ടെഫിയര്‍ മെഡിക്കല്‍ സെന്റര്‍, കൂടാതെ മെഡ്‌ഷെയറിന്റെ സിക്കോക്കസ് ലൊക്കേഷന്‍ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്‍ 95 മാസ്‌ക്കുകള്‍ക്ക് വലിയ തോതില്‍ കുറവ് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രി ജീവനക്കാര്‍ രോഗം ബാധിച്ചതെന്ന ആരോപണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വലിയ തോതില്‍ ഇത് ഇറക്കുമതി ചെയ്യാന്‍ ഫെഡറല്‍സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതേസമയം, എന്‍95 മാസ്‌ക്കുകളുടെ അഭാവം മൂലം ഓരോരുത്തരും തങ്ങളുടെ പേരുകള്‍ അതിലെഴുതി, ഷിഫ്റ്റിന്റെ അവസാനം ബ്രൗണ്‍ ബാഗുകളില്‍ നിക്ഷേപിച്ച്, സ്റ്റെറിലൈസേഷനായി ഏല്‍പ്പിക്കണമെന്നും അടുത്തദിവസം അത് തിരികെ ലഭിക്കുമെന്നും പല ആശുപത്രികളിലും സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ ഭാഗികമായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. യാത്രാവിമാനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിയിട്ടില്ല. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ വലിയ തിരക്കുമില്ല. സാമൂഹിക വ്യാപനത്തിനെതിരേ എല്ലായിടത്തും വലിയ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

വിമാനയാത്രക്കാരില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആറ് യുഎസ് ഹബുകള്‍ക്കും ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, കരീബിയന്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ നഗരങ്ങള്‍ക്കുമിടയില്‍ ഓരോ ആഴ്ചയും 150 ലധികം ചരക്ക് മാത്രമുള്ള ഭാഗങ്ങള്‍ പറക്കുന്നതായി യുണൈറ്റഡ് പറഞ്ഞു. ന്യൂവാര്‍ക്ക് ഹബ് ഉള്ള യുണൈറ്റഡ് മാര്‍ച്ച് 19 മുതല്‍ 1.3 ദശലക്ഷം പൗണ്ട് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയച്ചതായി എയര്‍ലൈന്‍ അറിയിച്ചു.

യുഎസ് സേന താത്ക്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കുന്നു
East Orange General Hospital US Army corps making Corona floorsകൊറോണ മൂലം പുതിയ രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ വേണ്ടി ന്യൂജേഴ്‌സിയിലെ മൂന്ന് ആശുപത്രികളില്‍ 300 ലധികം കിടക്കകളുള്ള ഫ്‌ളോറുകള്‍ നിര്‍മ്മിക്കാന്‍ യുഎസ് ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയര്‍മാര്‍ ശ്രമം തുടങ്ങി. ഈസ്റ്റ് ഓറഞ്ച് ജനറല്‍ ആശുപത്രിയിലെ പദ്ധതികള്‍ക്ക് ഫിലഡല്‍ഫിയ കോര്‍പ്‌സ് ഓഫീസ് നേതൃത്വം നല്‍കുന്നു. പാരാമസിലെ ബെര്‍ഗന്‍ ന്യൂ ബ്രിഡ്ജ് മെഡിക്കല്‍ സെന്റര്‍, ട്രെന്റണിലെ സെന്റ് ഫ്രാന്‍സിസ് മെഡിക്കല്‍ സെന്റര്‍, എന്നിവിടങ്ങളിലും ദ്രുതഗതിയില്‍ നിര്‍മ്മാണം നടക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിലെയും പോലീസിലെയും ഉദേ്യാഗസ്ഥരുമായി ചേര്‍ന്നാണ് ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും നിലവിലുള്ള സ്ഥലങ്ങള്‍ കൊറോണ പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഈസ്റ്റ് ഓറഞ്ച് ജനറല്‍ ആശുപത്രിയില്‍, ആശുപത്രിയുടെ ഉപയോഗിക്കാത്ത ഭാഗമാണ് 250 കിടക്കകളുള്ള ഫ്‌ളോറാക്കി മാറ്റുന്നത്. കട്ടിംഗ് എഡ്ജ് ഗ്രൂപ്പാണ് കരാര്‍ ഏറ്റെടുത്തു പണി ചെയ്യുന്നത്. ബെര്‍ഗന്‍ ന്യൂ ബ്രിഡ്ജ് മെഡിക്കല്‍ സെന്ററിലെ ജിംനേഷ്യമാണ് 30 കിടക്കകളുള്ളയിടമാക്കി കോണ്ടി ഫെഡറല്‍ സര്‍വീസസ് മാറ്റുന്നത്. കൂടാതെ ഡൈന്‍കോര്‍പ്പ് ഇന്റര്‍നാഷണല്‍ ഒരു പാര്‍ക്കിംഗ് സ്ഥലത്ത് 100 കിടക്കകളുള്ള കൊറോണ മെഡിക്കല്‍ സെന്ററാക്കി മാറ്റുന്നു. സെന്റ് ഫ്രാന്‍സിസിന്റെ ഭാഗങ്ങളില്‍ 37 കിടക്കകളാണ് ഒരുങ്ങുന്നത്.

ഈ പദ്ധതി ആസൂത്രണം ചെയ്തതിനും ഏകോപിപ്പിച്ചതിനും ആര്‍മി കോര്‍പ്‌സ്, ഫെമ, സ്‌റ്റേറ്റ് ഓഫ് ന്യൂജേഴ്‌സി എന്നിവരോട് നന്ദി പറയുന്നതായി മെര്‍സര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ബ്രയാന്‍ എം. ഹ്യൂസ് പറഞ്ഞു. നിര്‍മ്മാണ ജോലികള്‍ കമ്പനികള്‍ക്ക് കരാര്‍ ചെയ്ത ശേഷം കോര്‍പ്‌സ് ആസൂത്രണവും എഞ്ചിനീയറിംഗും മാനേജ്‌മെന്റും ചെയ്യുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് നാല് പോപ്പ്അപ്പ് ആശുപത്രികള്‍ സൃഷ്ടിക്കുന്നതിലും ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സ് പങ്കാളികളായിരുന്നു.

വിനോദങ്ങള്‍ക്ക് അവധി, ലൈവ് സ്ട്രീമിങ്ങ് വര്‍ദ്ധിച്ചു
കൊറോണ കാരണം എല്ലാ സംസ്ഥാന, കൗണ്ടി പാര്‍ക്കുകളും നടപ്പാതകളും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ അടയ്ക്കണമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഉത്തരവിട്ടു. ഡെലവെയര്‍ വാട്ടര്‍ ഗ്യാപ്പ്, ഗേറ്റ്‌വേ നാഷണല്‍ റിക്രിയേഷന്‍ ഏരിയ എന്നിവയുള്‍പ്പെടെ ന്യൂജേഴ്‌സിയിലെ ഫെഡറല്‍ പാര്‍ക്കുകള്‍ അടച്ചിരിക്കുകയാണ്. മോറിസ്ടൗണ്‍ നാഷണല്‍ ഹിസ്‌റ്റോറിക്കല്‍ പാര്‍ക്ക് പോലുള്ളവ എല്ലാ ഉപയോഗത്തിനും അടച്ചിരിക്കുന്നു.

ഓഗസ്റ്റ് മുതല്‍ സര്‍വകലാശാലയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ പൊതു പരിപാടികളും എല്ലാ കാമ്പസുകളിലും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി അറിയിച്ചു. സമ്മര്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്തും.

Live streaming increasedഎല്ലാ അറ്റ്‌ലാന്റിക് സിറ്റി കസിനോകളും അനിശ്ചിതകാലത്തേക്ക് അടയ്ക്കാന്‍ ഗവര്‍ണര്‍ മര്‍ഫി ഉത്തരവിട്ടു. അറ്റ്‌ലാന്റിക് സിറ്റിയിലെ ബോര്‍ഡ്‌വാക്ക് ഹാള്‍ ജൂണ്‍ 19 വരെ പരിപാടികള്‍ മാറ്റിവച്ചു. ഗാലോവേ കാമ്പസിലെ സ്‌റ്റോക്ക്ടണ്‍ യൂണിവേഴ്‌സിറ്റി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍ മെയ് മാസം വരെ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു.

ബര്‍ഗന്‍ കൗണ്ടിയില്‍ മെയ് മാസം നടക്കാനിരുന്ന എല്ലാ പരിപാടികളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. മെയ് മാസം നടക്കേണ്ടിയിരുന്ന ബിടിഎസ് ഷോകള്‍ ഉള്‍പ്പെടെ ജൂണ്‍ 12 വരെ ഈസ്റ്റ് റഥര്‍ഫോര്‍ഡിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ ഇവന്റുകളാണ് ഉപേക്ഷിച്ചത്. പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ സെപ്റ്റംബര്‍ 26 ന് മെറ്റ്‌ലൈഫില്‍ നടത്താനിരുന്ന ഷോയും മാറ്റിവച്ചു. എംഗല്‍വുഡിലെ ബര്‍ഗന്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററിലെ പരിപാടികളും വേണ്ടെന്നു വച്ചു. ഹാക്കെന്‍സാക്കിലെ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററും ഈ വഴി തന്നെ പിന്തുടരുന്നു. ക്ലോസ്റ്ററിലെ ബെല്‍സ്‌കി മ്യൂസിയം ഓഫ് ആര്‍ട്ട് ആന്‍ഡ് സയന്‍സ് അനിശ്ചിതമായാണ് അടച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് ജനകീയമായതോടെ ലോക്ക് അറ്റ് ഹോം ഒരു പ്രശ്‌നമായിട്ടില്ലെന്നാണ് ന്യൂജേഴ്‌സി സംസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ട്. വിവിധ വിനോദ പരിപാടികളാണ് നിരവധി സംഘങ്ങള്‍ ഇപ്പോള്‍ ലൈവ് സ്ട്രീമിങ്ങിലൂടെ സ്വീകരണ മുറികളിലെത്തിക്കുന്നത്. സ്ട്രീമിംഗ് പ്രോഗ്രാമുകളുടെ നിരയിലേക്ക് പ്രതിവാര ലൈവ് ഡിജെ ഡാന്‍സ് പാര്‍ട്ടി ചേര്‍ത്തതായി ന്യുവാര്‍ക്കിലെ ന്യൂജേഴ്‌സി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍ അറിയിച്ചു. കണ്ടുമടുത്ത പരിപാടികള്‍ക്കു പകരം എല്ലാ ദിവസവും പുതിയപരിപാടികളാണ് ഇപ്പോള്‍ മിക്കവരും സംപ്രേഷണം ചെയ്യുന്നത്. ടിവി ചാനലുകളിലും കൂടുതല്‍ ലൈവ് പ്രോഗ്രാമുകള്‍ നിറഞ്ഞു കഴിഞ്ഞു. ആമസോണ്‍, നെറ്റ്ഫഌക്‌സ്, സോണി, ഡിസ്‌നി തുടങ്ങിയ വന്‍കിടക്കാരെല്ലാം തന്നെ കൂടുതല്‍ പരിപാടികള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. നിരവധി ഓഫറുകള്‍ മാത്രമല്ല, ഇന്റര്‍നെറ്റ് സൗജന്യവും ഇപ്പോള്‍ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു.

കസിനോയും ടെസ്റ്റിംഗ് സെന്റര്‍
Atlantic City Casinos closedകൊറോണ മൂലം താത്ക്കാലികമായി അടച്ചു പൂട്ടിയ ഒരു കസിനോ കോവിഡ് ടെസ്റ്റിങ് സെന്ററാക്കി മാറ്റുന്നു. അറ്റ്‌ലാന്റിക് സിറ്റി മേയര്‍ മാര്‍ട്ടി സ്‌മോള്‍ സീനിയര്‍ അറിയിച്ചതാണിത്. നഗരത്തില്‍ രണ്ട് ഡ്രൈവ്ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങളാണ് ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ആദ്യത്തേത് സര്‍ഫ് സ്‌റ്റേഡിയത്തിന് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്തെ മുന്‍ ബാഡര്‍ ഫീല്‍ഡ് വിമാനത്താവളത്തിലാണ്. രണ്ടാമത്തേത്, ഷോബോട്ട് കസിനോയുടെ പാര്‍ക്കിംഗ് സ്ഥലത്തായിരിക്കും. മെയ്‌സ് ലാന്‍ഡിംഗിലെ ഹാമില്‍ട്ടണ്‍ മാളില്‍ അറ്റ്‌ലാന്റിക് കൗണ്ടിയില്‍ ഒരു ഡ്രൈവ്ത്രൂ ടെസ്റ്റിംഗ് സൈറ്റ് ഉണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമെത്തിയാല്‍ ഇവിടെ കോവിഡ് 19 പരിശോധിക്കാം. വ്യാഴാഴ്ച വരെ അറ്റ്‌ലാന്റിക് കൗണ്ടിയില്‍ 350 കൊറോണ വൈറസ് കേസുകളുണ്ട്, 13 പേര്‍ മരിച്ചു. 66 ജീവനക്കാരെയും കോവിഡ് ബാധിച്ചിട്ടുണ്ട്്. ഇതിനിടെ അറ്റ്‌ലാന്റിക്ക് സിറ്റിയിലെ ട്രോപ്പിക്കാന കസിനോ മൂവായിരത്തോളം പേരെ ലേ ഓഫ് ചെയ്തത് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ വംശജര്‍ക്ക് വേദനയായി.

ധനസഹായത്തിന് ഗുസ്തിതാരങ്ങളും
പോരാട്ടങ്ങള്‍ ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് ഫെഡറേഷന് (ഐ.ബി.എഫ്) പുത്തരിയല്ല. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ധനസമാഹരണത്തിന് ഇ്‌പ്പോഴവര്‍ മുന്‍കൈയെടുക്കുന്നതെന്നു മാത്രം. സ്പ്രിംഗ്ഫീല്‍ഡ് ആസ്ഥാനമായുള്ള ബോക്‌സിംഗ് ഓര്‍ഗനൈസേഷന്‍ അടുത്തുള്ള ഹില്‍സൈഡില്‍ സ്ഥിതിചെയ്യുന്ന കമ്മ്യൂണിറ്റി ഫുഡ് ബാങ്കിനായാണ് ഫണ്ടും സ്വരൂപിക്കുന്നത്. വ്യാഴാഴ്ച വരെ സംസ്ഥാനത്തൊട്ടാകെ ഏകദേശം 35 ശതമാനം ഭക്ഷ്യആവശ്യകത വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പകര്‍ച്ചവ്യാധി വരുത്തിയ സാമ്പത്തിക ആഘാതം ആഴ്ചകള്‍ കഴിയുന്നതോടെ ഭക്ഷണത്തിന്റെ ആവശ്യകതയില്‍ വര്‍ദ്ധനവ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി 5,000 ഡോളര്‍ ആദ്യഘട്ടമായി ഫുഡ് ബാങ്കിന് സംഭാവന ചെയ്യുമെന്ന് ഐബിഎഫ് അറിയിച്ചു.
ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് ഹാള്‍ ഓഫ് ഫെയിം അംഗീകരിച്ച നാല് പ്രധാന ബോക്‌സിംഗ് അസോസിയേഷനുകളില്‍ ഒന്നാണ് 1983 ല്‍ സ്ഥാപിതമായ ഐ ബി എഫ്. നിലവിലെ ഐ ബി എഫ് ഹെവിവെയ്റ്റ് ചാമ്പ്യനാണ് ആന്റണി ജോഷ്വയും പദ്ധതിയോടു സഹകരിക്കുന്നുണ്ട്.

atlantic-city-boardwalk-coronavirus-empty

നാലു മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നിടത്ത് 17 എണ്ണം
സസെക്‌സ് കൗണ്ടിയിലെ ആന്‍ഡോവര്‍ സബ് അക്യൂട്ട് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിലെ മോര്‍ച്ചറിയില്‍ 17 ജഡങ്ങള്‍ പോലീസ് കണ്ടെത്തി. നാലു മൃതദേഹങ്ങള്‍ മാത്രം സൂക്ഷിക്കാന്‍ മാത്രമുള്ളതാണ് ഈ മോര്‍ച്ചറി. നേഴ്‌സിങ് ഹോമിലെ സ്റ്റാഫിനും അന്തേവാസികള്‍ക്കും വ്യാപകമായി കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. കൂടാതെ, ഇവിടെ 68 മരണങ്ങള്‍ നടന്നതായും പോലീസ് കണ്ടെത്തി. അജ്ഞാത വിളിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. ജീവനക്കാരും അന്തേവാസികളും ഉള്‍പ്പെടെ 26 കൊറോണ പോസിറ്റീവ് ആയതായും റിപ്പോര്‍ട്ടുകളുണ്ട്. 700 ബെഡുകള്‍ ഉള്ള ഈ ആന്‍ഡോവര്‍ സബ് അക്യൂട്ട് സെന്റര്‍, ന്യൂജേഴ്‌സി സംസ്ഥാനത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഫെസിലിറ്റി ആണ്.

കരുതലോടെ മലയാളികള്‍
കൊറോണ മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ മലയാളി സമൂഹമാകെ ഞെട്ടലിലാണ്. അധികൃതര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്നതിലും സാമൂഹ്യ അകലം പാലിക്കുന്നതിലും വേണ്ടരീതിയില്‍ ശുചിത്വ കാര്യങ്ങള്‍ പരിപാലിക്കുന്നതിലും മലയാളികള്‍ അതീവശ്രദ്ധാലുക്കളാണ്. ഭൂരിഭാഗം മലയാളി കുടുംബങ്ങളിലും ഒരാളെങ്കിലും ഹെല്‍ത്ത് കെയര്‍ രംഗത്തുണ്ടെന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കാമെങ്കിലും ജോലി ചെയ്യുന്നവര്‍ ആത്മവിശ്വസം ഊട്ടിയുറപ്പിച്ചും ദൈവാശ്രയം പ്രാപിച്ചും വേണ്ട മുന്‍കരുതലുകളോടെയും തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ വ്യാപൃതരാണ്. തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം, നിറഞ്ഞ മനസ്സോടെ നിറവേറ്റുകയാണവര്‍. സമൂഹത്തിനും കുടുംബത്തിനും അഭിമാനവിളക്കാവുന്ന ഇവരെ നന്ദിയോടെ സ്മരിക്കുവാനും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുവാനും എല്ലാവരും മുന്നിലാണ്.

Morristown National Park closed


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top