Flash News

ന്യൂജേഴ്‌സിയില്‍ ലോക്ക്ഡൗണ്‍ തുടരും, കര്‍ശന ഉത്തരവുകള്‍ നടപ്പാക്കുമെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി

April 19, 2020 , ജോര്‍ജ് തുമ്പയില്‍

Governor Phil Murphy at press conferenceന്യൂജേഴ്‌സി: 3,026 പോസിറ്റീവ് കേസും 231 പുതിയ മരണങ്ങളുമായി കോവിഡിന്റെ ചുടലനൃത്തം ന്യൂജേഴ്‌സി സംസ്ഥാനത്ത് തുടരുന്നു. സംസ്ഥാനത്തൊട്ടാകെ 81,420 സ്ഥിരീകരിച്ച കേസുകളും 4,070 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് രോഗം ബാധിച്ചവര്‍ 236,732 പേരും മരിച്ചവര്‍ 14,832 പേരുമാണ്. ഇതില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 13202 പേര്‍ മരിച്ചു. 127000 പേര്‍ക്കാണ് ഇവിടെ കോവിഡ് 19 ഉള്ളത്. പെന്‍സില്‍വേനിയയില്‍ 31069 പേര്‍ക്ക് രോഗമുള്ളപ്പോള്‍ മരിച്ചത് 836 പേര്‍ മാത്രമാണ്. ഫിലഡല്‍ഫിയയിലും 298 പേര്‍ക്കെ മരണം സംഭവിച്ചുള്ളു. എന്നാല്‍ രാജ്യത്താകെ ഇതുവരെ 37309 പേര്‍ മരിച്ചു കഴിഞ്ഞു. 706,856 പേര്‍ക്ക് രോഗബാധയുണ്ട്. ലോകത്താകമാനം 2,274,800 പേര്‍ക്കാണ് രോഗബാധ. 156,140 പേര്‍ മരിച്ചു.

വലിയ വര്‍ദ്ധനവുണ്ടായിട്ടും, ഒരു മാസത്തെ സ്‌റ്റേഹോം ഓര്‍ഡറുകള്‍ക്കും ബിസിനസ്സ് ക്ലോസിംഗുകള്‍ക്കും ശേഷം അണുബാധകളുടെയും ആശുപത്രിയിലെയും നിരക്ക് ഒരേ പോലെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ‘പ്രവേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ആശുപത്രി വിട്ടുപോകുന്നു, ഇതൊരു ശുഭസൂചനയാണ്,’ എന്നാണ് സംസ്ഥാനം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേസുകളും മരണങ്ങളും ഇപ്പോഴും സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്നും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തയ്യാറല്ലെന്നും മര്‍ഫി പറഞ്ഞു. എല്ലാ ന്യൂജേഴ്‌സിക്കാരോടും വീട്ടില്‍ തുടരാനും പുറത്തുള്ളപ്പോള്‍ കര്‍ശന സാമൂഹിക അകലം പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

മാനസികരോഗാശുപത്രികളിലും കോവിഡ്
ന്യൂജേഴ്‌സിയിലെ നാല് സര്‍ക്കാര്‍ മാനസികരോഗാശുപത്രികളില്‍ ജോലി ചെയ്യുന്നവരുടെ കോവിഡ് എണ്ണത്തില്‍ വര്‍ദ്ധനവ്. ഈ ആഴ്ച 38 ശതമാനമായി ഇതു ഉയര്‍ന്ന് രോഗികളുടെ എണ്ണം 387 ആയിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നു. കഴിഞ്ഞയാഴ്ച രണ്ട് രോഗികള്‍ ഉള്‍പ്പെടെ ഇതുവരെ ആകെ ഏഴ് രോഗികള്‍ മരിച്ചുവെന്ന് ആരോഗ്യവകുപ്പ് വക്താവ് ഡോണ്‍ തോമസ് പറഞ്ഞു. കൂടാതെ നാല് മാനസികരോഗ ആശുപത്രി ജീവനക്കാരും മരിച്ചതായി ആരോഗ്യവകുപ്പ് വക്താവ് ഡോണ ല്യൂസ്‌നര്‍ പറഞ്ഞു.’ അണുബാധ നിരക്ക് സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ട്. പരിശോധന ഫലത്തിനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഇവര്‍ സാധാരണ മനുഷ്യരല്ലെന്നും ഇവര്‍ക്കു കൂടുതല്‍ കരുതല്‍ നല്‍കണമെന്നും,’ വൈകല്യമുള്ളവര്‍ക്കു നിയമസഹായം നല്‍കുന്ന അഭിഭാഷക ഗ്രൂപ്പായ ഡിസെബിലിറ്റി റൈറ്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്വെന്‍ ഓര്‍ലോവ്‌സ്‌കി പറഞ്ഞു.

പത്രത്തിന്റെ പകുതി പേജും ചരമവാര്‍ത്ത!
ന്യൂജേഴ്‌സിയില്‍ എത്ര പേര്‍ മരിക്കുന്നുവെന്നത് ഇന്നു വലിയൊരു സംഭവമല്ലെന്നു തോന്നുമെങ്കിലും ഇവിടെയിറങ്ങുന്ന ദിനപത്രം എടുത്തു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. ആകെയുള്ള 16 പേജില്‍ ഒന്‍പതു പേജും ചരമവാര്‍ത്ത. ദി സ്റ്റാര്‍ലെഡ്ജര്‍ ന്യൂജേഴ്‌സിയില്‍ വന്ന കാലം മുതല്‍ക്കു ലേഖകന്‍ വായിക്കുന്ന പത്രമാണ്. അതിലാണ് ഒരു ദിവസം ഇത്രയും ചരമവാര്‍ത്തകള്‍ ഉണ്ടായത്. അവരും ഇക്കാര്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. സിയേഴ്‌സ് എന്ന മാധ്യമകമ്പനിയാണ് ദി സ്റ്റാര്‍ലെഡ്ജര്‍, എന്‍ജെ ഡോട്ട് കോം തുടങ്ങി സംസ്ഥാനത്തുടനീളമുള്ള മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കായി മരണവാര്‍ത്തകള്‍ നല്‍കുന്നത്. 2001 ലെ വേനല്‍ക്കാലം മുതല്‍ ജെന്നി ടോമാസെല്ലി ഇവര്‍ക്കായി ഒബിച്വറികള്‍ എഴുതുന്നു. മൗണ്ടന്‍സൈഡ് ഓഫീസില്‍ നിന്നും സിയേഴ്‌സ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഒബിച്വറികള്‍ ചെയ്യുന്നുണ്ട്, കൊറോണക്കാലത്ത് ഓരോ ദിവസവും മരണ അറിയിപ്പുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്, ‘എന്നാല്‍ ഇതുപോലൊന്ന് കണ്ടിട്ടില്ല’, അവര്‍ പറഞ്ഞു. ഫ്യൂണറല്‍ ഹോമുകളിലെല്ലാം തന്നെ തിരക്കേറിയതിനാല്‍, ശവസംസ്‌കാര ചടങ്ങുകളൊന്നുമില്ല. സംസ്‌ക്കാരം പിന്നീട് എന്ന വരിയാണ് പതിവായി കൊടുക്കുന്നത്. 40 ചരമങ്ങള്‍ മാത്രമാണ് പലപ്പോഴും ഒബിച്വറി പേജില്‍ കൊടുത്തിരുന്നത്. എന്നാലിത് മിക്കദിവസങ്ങളും നാലിരട്ടിയായി. ഒബിച്വറി പേജ് കൈകാര്യം ചെയ്യുന്നത് ഏറ്റവും വലിയ ബുദ്ധിട്ടായെന്നും സ്റ്റാര്‍ ലഡ്ജര്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഏപ്രില്‍ 12-ന് ഇറങ്ങിയ പതിപ്പില്‍ സണ്‍ഡേ ദിനപത്രത്തിന്റെ ഒമ്പത് പേജുകളിലായി 109 മരണങ്ങള്‍ ഉള്‍പ്പെടുത്തി. ഒരു വര്‍ഷം മുമ്പുള്ള സ്റ്റാര്‍ലെഡ്ജര്‍ സണ്‍ഡേ പതിപ്പിന് ഒന്നര പേജില്‍ 17 ഓബിറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘9/11 ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പും അതിനു ശേഷവും ഞങ്ങള്‍ ഇതുപോലൊരു വോളിയം അനുഭവിച്ചിട്ടില്ല,’ ടോമാസെല്ലി പറഞ്ഞു. 9/11 ആക്രമണത്തില്‍ ആകെ 704 ന്യൂജേഴ്‌സിക്കാരാണ് മരിച്ചത്. ശനിയാഴ്ചയിലെ കണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള കോവിഡ് 19 അനുബന്ധ മരണങ്ങളുടെ എണ്ണം 4,070 ആണ്.

സ്റ്റേ അറ്റ് ഹോം ലംഘിച്ചാല്‍ ആയിരം ഡോളര്‍ പിഴ
കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ വീട്ടില്‍ നില്‍ക്കാനും ഗ്രൂപ്പുകളായി ഒത്തുചേരാതിരിക്കാനും പോലീസും പൊതു ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്, എന്നാല്‍ ചില ന്യൂജേഴ്‌സി നിവാസികള്‍ ഇത് ശ്രദ്ധിക്കുന്നില്ല. ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് ലംഘിച്ച 107 ആളുകള്‍ക്കെതിരെ ചാര്‍ജുകള്‍ ചെയ്തിട്ടുണ്ടെന്ന് ന്യൂജേഴ്‌സി സ്‌റ്റേറ്റ് പോലീസ് സൂപ്രണ്ട് അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ എസ്. ഗ്രെവാള്‍, കേണല്‍ പാട്രിക് ജെ. കാലാഹന്‍ എന്നിവര്‍ പ്രഖ്യാപിച്ചു.

Social distancing pril 19ടോംസ് റിവറിലെ നോര്‍മാണ്ടി ബീച്ചില്‍ നിന്ന് ഒരു കൈറ്റ് സര്‍ഫര്‍ ശക്തമായ ഒഴുക്കില്‍ കുടുങ്ങിയെന്നും ലോക്ക്ഡൗണ്‍ ലംഘിച്ചാണ് ഇയാള്‍ ഇതിനു തയ്യാറായതെന്നു പോലീസ് അറിയിച്ചു. അപകടമുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നു പോലീസും രക്ഷാപ്രവര്‍ത്തകരുമെത്തിയാണ് ഇയാളെ രക്ഷിച്ചത്. കരയില്‍ നിന്ന് 50 യാര്‍ഡ് അകലേക്കാണ് ശക്തമായ കാറ്റില്‍ ഇയാളെ കടലിലേക്ക് വലിച്ചിഴച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക അഗ്‌നിശമന വകുപ്പ് രക്ഷാപ്രവര്‍ത്തകരും മറ്റൊരു സര്‍ഫറും ബാസ്‌കിംഗ് റിഡ്ജിലെ ജെഫ്രി ടി. വണ്ടര്‍ലിന്‍ഡന്‍ എന്നയാളും ചേര്‍ന്ന് ഇയാളെ സുരക്ഷിതമായി കരയിലെത്തിച്ചു. എന്നിരുന്നാലും, ഗവര്‍ണറുടെ അടിയന്തര ഉത്തരവുകള്‍ ലംഘിച്ചതിന് പോലീസ് അയാള്‍ക്കെതിരേ കുറ്റം ചുമത്തി.

ഒരേ ദിവസം നിരവധി മൈലുകള്‍ അകലെയുള്ള ജേഴ്‌സി സിറ്റിയിലെ ഒരു എയര്‍ബി ആന്റ് ബി വാടകയ്ക്ക് 15 പേര്‍ പങ്കെടുത്തതായി പോലീസ് പറഞ്ഞു. ജേഴ്‌സി സിറ്റിയിലെ യെശയ്യ എം. ജോര്‍ജ് (33), ജബ്രില്‍ കോര്‍ലി (28), ഹൊവെലിലെ മേഗന്‍ സ്‌റ്റോഡാര്‍ട്ട് (29) എന്നിവര്‍ക്കാണ് അടിയന്തര ഉത്തരവുകള്‍ ലംഘിച്ചതിന് ജേഴ്‌സി സിറ്റി പോലീസ് കേസെടുത്തത്. അടിയന്തര ഉത്തരവുകള്‍ ലംഘിച്ചതിനു സമന്‍സ് ചുമത്തി അറസ്റ്റുചെയ്തവരുടെ കേസുകള്‍ മുനിസിപ്പല്‍ കോടതിയില്‍ പരിഗണിക്കും. ഇത്തരം ഉത്തരവുകളുടെ ലംഘനം കുറ്റമാണ്. ആറുമാസം വരെ തടവും 1,000 ഡോളര്‍ വരെ പിഴയുമാണ് ശിക്ഷ. ‘ജീവന്‍ അപകടത്തിലായതിനാല്‍, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നവര്‍ക്കെതിരെ യാതൊരു മടിയും കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിക്കും. ന്യൂജേഴ്‌സിയിലെ പൗരന്മാരെ കോവിഡ് 19 വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നിയമപാലകരും മെഡിക്കല്‍ പ്രൊഫഷണലുകളും ഈ പോരാട്ടത്തിന്റെ മുന്‍നിരയിലാണ്, എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഓരോ വ്യക്തിയും പാലിക്കുന്നത് ഏറെ പ്രധാനമാണ്. ബോധപൂര്‍വ്വം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും,’ കാലഹാന്‍ പറഞ്ഞു.

ഇതിനിടെ ഒരു വിരുതന്റെ ഓര്‍ഡര്‍ കിട്ടിയതു കാരണം കഷ്ടത്തിലായതു പല പിസാക്കടകളും റെസ്‌റ്റോറന്റുകളുമാണ്. വിരുതന്‍ ഇന്ത്യന്‍ വംശജനായ മുപ്പത്തിനാലുകാരന്‍ സുധീപ് ഖേത്താനിയാണ്. ഫ്‌ളോറിഡയിലെ ഒര്‍ലാണ്ടോയിലാണ് താമസം. ന്യൂജേഴ്‌സിയിലെ ഒരു ഡസനിലധികം പിസാ കടകളിലും റെസ്റ്റോറന്റുകളിലും വിളിച്ച് വലിയ ഓര്‍ഡറുകള്‍ നല്‍കി. ലോക്കല്‍ പോലീസിനാണെന്നും മറ്റും പറഞ്ഞാണ് ഫോണിലൂടെ ഓര്‍ഡര്‍ നല്‍കിയത്. പോലീസിലും ആശുപത്രികളിലേക്കുമൊക്കെ വലിയ ഓര്‍ഡറുകള്‍ കിട്ടുന്ന സമയമായതു കൊണ്ട് ഓര്‍ഡര്‍ എടുത്ത ജീവനക്കാരൊന്നും വലിയ അന്വേഷണത്തിനു പോയില്ല. ലോക്കല്‍ കോളെന്ന നിലയിലാണ് കോളുകള്‍ അറ്റന്‍ഡ് ചെയ്തതും. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആളെത്താതിരുന്നതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിക്കുന്നത്. അപ്പോഴേയ്ക്കും പലയിടങ്ങളില്‍ നിന്നായി സൗത്ത് ബ്രണ്‍സ്‌വിക്ക് പോലീസിനു പരാതികള്‍ കിട്ടി. സൈബര്‍ സെല്ലിന്റെയും ഡിറ്റക്ടീവുകളുടെയും സഹായത്തോടെ ഒര്‍ലാന്‍ഡോയില്‍ വച്ച് സുധീപിനെ അറസ്റ്റ് ചെയ്തു.

റെയില്‍റോഡറും കോവിഡിനു കീഴടങ്ങി
ന്യൂജേഴ്‌സിയില്‍ കോവിഡ് 19 മൂലം നിരവധി പ്രമുഖര്‍ മരിക്കുന്നുണ്ട്. എന്നാല്‍ വ്യത്യസ്തമായൊരു മരണവാര്‍ത്ത ഇതാണ്. എന്‍ജെ ട്രാന്‍സിറ്റിന്റെ റെയില്‍ സംവിധാനം പരിഹരിക്കാനെത്തിയ ലോംഗ് ഐലന്റ് റെയില്‍ റോഡ് സ്വദേശി വെറ്ററന്‍ റെയില്‍റോഡര്‍ റെയ്മണ്ട് പി. കെന്നി (69)യുടെ മരണമാണിത്. ലോംഗ് ഐലന്റ് റെയില്‍ റോഡില്‍ 50 വര്‍ഷത്തെ കരിയറിന് ശേഷം 2019 ജനുവരിയില്‍ എന്‍ജെ ട്രാന്‍സിറ്റിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും റെയില്‍ പ്രവര്‍ത്തനങ്ങളുടെ ജനറല്‍ മാനേജറുമായ വ്യക്തിയാണ് ഇദ്ദേഹം. ടിക്കറ്റ് ഏജന്റ് മുതല്‍ ആക്ടിംഗ് പ്രസിഡന്റ് വരെയുള്ള സ്ഥാനത്തിരുന്ന വ്യക്തി ഒടുവില്‍ കോവിഡ് 19 നു മുന്നില്‍ മുട്ടുകുത്തി. എന്‍ജെ ട്രാന്‍സിറ്റിന്റെ ഏറ്റവും വലിയ നഷ്ടം എന്നാണ് ഇദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയെക്കുറിച്ച് ചെയര്‍മാന്‍ ജയിംസ് പി. ബ്രൗണ്‍ പറഞ്ഞു.’ബ്രദര്‍ഹുഡ് ഓഫ് ലോക്കോമോട്ടീവ് എഞ്ചിനീയര്‍മാരും ട്രെയിന്‍മാന്‍മാരും കെന്നി കുടുംബത്തിന് ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു. ന്യൂജേഴ്‌സി ട്രാന്‍സിറ്റിലെ ഏറ്റവും അറിവുള്ള എക്‌സിക്യൂട്ടീവ് ആയിരുന്നു റേ. അദ്ദേഹത്തെ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു.’

കൊറോണ മൂലമുള്ള എഞ്ചിനീയര്‍മാരുടെ കുറവ്, റദ്ദാക്കിയ ട്രെയിനുകളിലെ അണുമുക്തമാക്കുന്ന പരിപാടികള്‍ എന്നിവയ്ക്കായാണ് കെന്നിയെ നിയമിച്ചത്. റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി എന്‍ജെ ട്രാന്‍സിറ്റ് പുതിയ എഞ്ചിനീയര്‍മാരുടെ ഒരു നിയമന പരിശീലന ബ്ലിറ്റ്‌സ് ആരംഭിച്ചിരുന്നു. ഇതിന്റെ ചുമതലയും കെന്നിക്കായിരുന്നു. കൊറോണ വൈറസ് മൂലമുണ്ടായ യാത്രാ തിരക്ക് കുറയുന്നതിനാല്‍ റെയില്‍ സര്‍വീസ് വാരാന്ത്യ ഷെഡ്യൂളിലേക്ക് കുറച്ചിരുന്നു. ജീവനക്കാര്‍ക്ക് കോവിഡ് 19 ഉണ്ടാവാതിരിക്കാന്‍ എല്ലാ മുന്‍കരുതലും എന്‍ജെ ട്രാന്‍സിറ്റ് സ്വീകരിച്ചിരുന്നു. കെന്നിയെ പോലെയുള്ള ഉദ്യേഗസ്ഥരായിരുന്നു അതിനു മേല്‍നോട്ടം വഹിച്ചതും.

ലോംഗ് ഐലന്റ് റെയില്‍ റോഡിന്റെയും ന്യൂജേഴ്‌സി ട്രാന്‍സിറ്റിന്റെയും എല്ലാ തലങ്ങളിലുമുള്ള ഉപഭോക്താക്കളുടെയും സഹപ്രവര്‍ത്തകരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റെയില്‍റോഡറായിരുന്നു റേ കെന്നിയെന്ന് അനുശോചന സന്ദേശത്തില്‍ ട്രാന്‍സിറ്റ് അറിയിച്ചു.

നേഴ്‌സിങ് ഹോമുകള്‍ക്ക് മുന്നറിയിപ്പ്
ന്യൂജേഴ്‌സിയിലെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലെ 125 പേര്‍ കൂടി കൊറോണ മൂലം മരണമടഞ്ഞതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ഇവിടേക്കു ദേശീയ ഗാര്‍ഡിനെ അയയ്ക്കുന്നതിനുള്ള കാര്യത്തെക്കുറിച്ച് വൈകാതെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സിംഗ് ഹോമുകള്‍, വെറ്ററന്‍സ് ഹോമുകള്‍, സമാനമായ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ 413 ലോങ്‌ടേം കെയര്‍ സെന്ററുകളിലുടനീളം 10,163 സ്ഥിരീകരിച്ച കോവിഡ് 19 കേസുകളും 1,655 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ മരണങ്ങളില്‍ പകുതിയിലധികവും ഇവിടെ നിന്നുള്ള മരണങ്ങളാണ്.

സംസ്ഥാനത്തെ മൊത്തം 81,420 കോവിഡ് 19 കേസുകളില്‍ 12 ശതമാനവും സംസ്ഥാനത്തെ മൊത്തം 4,070 മരണങ്ങളില്‍ 41 ശതമാനവും ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലാണ്. ഒരു മൃതദേഹം മോര്‍ച്ചറിയില്‍ കയറ്റുന്നതിനു വേണ്ടിയുള്ള ബോഡി ബാഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആന്‍ഡോവറിലെ നഴ്‌സിംഗ് ഹോമില്‍ 17 മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെത്തിയത്. അണുബാധ തടയാനുള്ള സ്‌പെഷ്യലിസ്റ്റ്, ചീഫ് നഴ്‌സ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നിവരെ ഇത്തരം നേഴ്‌സിങ് ഹോമുകളില്‍ ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങളായി ആരോഗ്യപരിചരണത്തിലെ അപര്യാപ്തതകള്‍ കാരണം സംസ്ഥാനത്തെ മിക്ക നഴ്‌സിങ് ഹോമുകളിലും ഇതൊന്നും നടപ്പാക്കിയിരുന്നില്ല.
സര്‍വേ ടീമുകള്‍ മറ്റ് നാല് നഴ്‌സിംഗ് ഹോമുകളും സന്ദര്‍ശിച്ചതായും വാരാന്ത്യത്തില്‍ 11 എണ്ണം കൂടി സന്ദര്‍ശിക്കുമെന്നും ആരോഗ്യ കമ്മീഷണര്‍ പെര്‍സില്ലി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ നഴ്‌സിംഗ് ഹോമുകള്‍ക്കുള്ളിലെ ‘സ്റ്റാഫിംഗ് പ്രതിസന്ധി’ പരിഹരിക്കാന്‍ സഹായിക്കുന്നതിന് നാഷണല്‍ ഗാര്‍ഡിനെ അയയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്നതിനും ന്യൂജേഴ്‌സിയിലെ ഫീല്‍ഡ് ഹോസ്പിറ്റലുകളെ സഹായിക്കുന്നതിനായി ഇതിനകം ദേശീയ ഗാര്‍ഡിനെ അയച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ വരുത്തുന്ന വീഴ്ചയാണ് സംസ്ഥാനത്തെ മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതെന്നും ഇനിയെങ്കിലും ശേഷിക്കുന്ന ജീവനുകള്‍ രക്ഷിക്കാന്‍ അടിയന്തിരമായി അധികൃതര്‍ ഇടപെടണമെന്നും പ്രിന്‍സ്റ്റണിലെ യുപിഎന്‍ ഹോസ്പിറ്റലിലെ ജെറിയാട്രിക് ആന്‍ഡ് പാലിയേറ്റീവ് സര്‍വീസസിന്റെ മെഡിക്കല്‍ ഡയറക്ടറും ന്യൂജേഴ്‌സിയിലെ ഗോള്‍സ് ഓഫ് കെയര്‍ കൊയളീഷന്റെ സ്ഥാപകനുമായ ഡേവിഡ് ബാരൈല്‍ പറഞ്ഞു

പ്രതിസന്ധികള്‍ക്കിടയില്‍ പ്രമുഖ എന്‍.ജെ റോക്ക് ക്ലബ് വില്‍പ്പനയ്ക്ക്
ന്യൂജേഴ്‌സിയിലെ സ്വതന്ത്ര സംഗീതത്തിന്റെ അവസാനത്തെ കോട്ടകളിലൊന്നെന്നു വിശേഷിക്കപ്പെടുന്ന, ഏറെക്കാലമായി നിലനില്‍ക്കുന്ന അസ്ബറി പാര്‍ക്ക് റോക്ക് ക്ലബ്ബിലെ ദി സെയിന്റ് വില്‍പ്പനയ്‌ക്കെത്തി. കോവിഡിന്റെ താണ്ഡവത്തിനിടയില്‍ സംഭവിച്ച സാംസ്‌ക്കാരിക ജീര്‍ണ്ണതയുടെ മകുടോദാഹരണമാണ് ഈ വില്‍പ്പന. സംഗീത ആരാധകര്‍ വേദനയോടാണ് ഇക്കാര്യം കേട്ടത്.’ഈ തീരുമാനത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, ഇതുപോലെ പുറത്തു പോകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ മറ്റൊരു വഴിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല,’ ജേഴ്‌സി ഷോര്‍ ഫ്‌ളോര്‍ മാനേജര്‍ മെഗ് കെല്ലി ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഫേസ്ബുക്കില്‍ കുറിച്ചു. 601 മെയിന്‍ സ്ട്രീറ്റിലെ 175 കപ്പാസിറ്റി ക്ലബ്ബ് കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞയൊരു മാസത്തിലേറെയായി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.

1994ല്‍ ആരംഭിച്ച ദി സെയിന്റ് 25 വര്‍ഷത്തിലേറെയായി ആഴ്ചയില്‍ ഏഴു ദിവസവും ലൈവ്മ്യൂസിക്കിന് ആതിഥേയത്വം വഹിച്ചിരുന്നു. ദേശീയ പ്രതിഭകള്‍ക്കും പ്രാദേശിക ബാന്‍ഡുകള്‍ക്കും ഒരുപോലെ ഈ സ്‌റ്റേജ് സമയം നല്‍കിയിരുന്നു. പ്രാദേശിക സംഗീതത്തിന്റെ കരുത്തുറ്റ പ്രമോട്ടറായ ലവ് ഡൈവ് കഴിഞ്ഞ 15 വര്‍ഷമായി അസ്ബറി പാര്‍ക്കിലെ കലാസാംസ്‌കാരിക കേന്ദ്രമായി ഇതിനെ നിലനിര്‍ത്തിയിരുന്നു.

ജുവല്‍, ജോയി റാമോണ്‍, കേക്ക്, ക്രീഡ്, ഇന്‍കുബസ്, ഡെഫ്‌റ്റോണ്‍സ്, മിറ്റ്‌സ്‌കി, കൂടാതെ അറിയപ്പെടാത്ത ആയിരക്കണക്കിന് ആര്‍ട്ടിസ്റ്റുകള്‍ എന്നിവരും സംഗീതനിശകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

‘ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ എ സീക്രട്ട് ഹിസ്റ്ററി’ എന്ന ബിബിസി ഡോക്യുമെന്ററി ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ 1998 ല്‍ ദി സെയിന്റിനുള്ളില്‍ ചിത്രീകരിച്ചിരുന്നു.

കോവിഡിന്റെ തേരോട്ടത്തിലും മലയാളികളില്‍ പലരും വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും മലയാളികളായതു കൊണ്ട് ഇവരുടെ വിവരങ്ങള്‍ അറിയുന്നു. പലരും ആശുപത്രി വിട്ടു പോകുന്നുണ്ട്. എല്ലാവരും കരുതലോടെ കഴിയുന്നു. കൂടുതല്‍ ശുഭകരമായ വാക്കുകള്‍ക്ക് വേണ്ടി കാത്തിരിക്കാം, അതിനല്ലേ ഇപ്പോള്‍ കഴിയൂ…





Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top