- Malayalam Daily News - https://www.malayalamdailynews.com -

ദൈവം ഇല്ലെങ്കില്‍ ജീവിതം ശൂന്യം

daivam illenkil bannerസ്വന്തം ജീവനെപ്പറ്റിയും പ്രിയപ്പെട്ട മറ്റു കുടുംബാംഗങ്ങളുടെ ജീവിതത്തെപ്പറ്റിയും ഇത്രയധികം ഭയവും ആശങ്കയും അലട്ടിയിട്ടുള്ള ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച് ലോകമാസകലം ഇപ്പോള്‍ പടര്‍ന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന മാരകമായ പകര്‍ച്ചവ്യാധി മാനവരാശിയെ ഭയചകിതരാക്കിക്കൊണ്ടിരിക്കുന്നു. എങ്ങനെ ഭയപ്പെടാതിരിക്കും? രോഗങ്ങളെ മാത്രമല്ല, മനുഷ്യന്‍ മനുഷ്യനെയും ഏറെ ഭയപ്പെടേണ്ട കാലം.

അത്രയൊന്നും ഭയപ്പെടാതെയും നിരാശപ്പെടാതെയും ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍ എന്നും ലോകത്തില്‍ ഉണ്ട്. അവര്‍ ദൈവജനമാകുന്നു. ദൈവത്തിനു പ്രസാദകരമായ വിശുദ്ധജീവിതം നയിക്കുന്ന തന്‍റെ ഭക്തന്മാരുകുന്നു അവര്‍! ലോകത്ത് എന്തെല്ലാം സംഭവിച്ചാലും അവര്‍ ഭയപ്പെടുകയില്ല. നഷ്ടപ്പെടുവാന്‍ അവര്‍ക്ക് ലോകത്തില്‍ ഒന്നുമില്ല. ‘അനര്‍ത്ഥ ദിവസത്തില്‍ അവന്‍ തന്റെ കൂടാരത്തില്‍ എന്നെ ഒളിപ്പിക്കും’ എന്നും ‘ഒരു ദോഷവും തട്ടാത്തവണ്ണം ദൈവം തന്നെ പരിപാലിക്കും. അവന്‍ തന്റെ പ്രാണനെ പരിപാലിക്കും എന്നുള്ള മാറ്റം വരാത്ത വാഗ്ദാനങ്ങളെ ദൈവം തന്‍റെ ഭക്തന്മാര്‍ക്ക് നല്‍കിയിരിക്കുന്നു.

THOMAS PHILIP PROFILE PIC reducedലോകം അതിന്‍റെ അന്ത്യത്തില്‍ എത്തിക്കഴിഞ്ഞു. വായനക്കാര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇന്നത്തെതിലും വലിയ ദുഃഖങ്ങളും ദുരന്തങ്ങളും പീഡനങ്ങളും അക്രമവും അധര്‍മവും മഹാകഷ്ടതകളും മനുഷ്യരാശി അഭിമുഖീകരിക്കാന്‍ കിടക്കുന്നതേയുള്ളൂ. ഭയാനകമായ സാമ്പത്തിക തകര്‍ച്ചകളും കൂലി കിട്ടാത്ത കാലവുമൊക്കെ ഇതില്‍പ്പെടുന്നു. ഒരു ക്രിസ്തു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും പുതുമയുള്ള കാര്യങ്ങളല്ല. യുഗാന്ത്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെപ്പറ്റി സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ദൈവം തന്റെ വിശുദ്ധ പ്രവാചകന്മാരിലൂടെ മനുഷ്യവര്‍ഗ്ഗത്തെ അറിയിച്ചിട്ടുള്ളതാണ്.

പരിഹരിക്കാനാവാത്ത അനര്‍ത്ഥങ്ങള്‍ ദൈവത്തെ നിഷേധിച്ച് ജീവിക്കുന്നവരുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ മാത്രമേ അതിന്‍റെ നിസ്സഹായാവസ്ഥയും ദുഃഖങ്ങളും ഒക്കെ അവര്‍ മനസ്സിലാക്കുകയുള്ളൂ. അനുഭവിക്കുന്ന ആരോഗ്യവും സുഖവും സന്തോഷവും സമൃദ്ധിയുമൊക്കെയാണ് പലരുടേയും ഗര്‍‌വ്വിനും താന്‍‌പോരിമയ്ക്കുമൊക്കെ കാരണം! ഗുരുതരമായ ഒരു രോഗം പിടിപ്പെടട്ടേ, ആരോഗ്യമൊന്നു തകരാറില്‍ ആകട്ടെ അപ്പോള്‍ കാണാം ഓരോരുത്തരുടെയും മിടുക്കും സാമര്‍ത്ഥ്യവും ശക്തിയും ധൈര്യവുമൊക്കെ!

സര്‍വജ്ഞപീഠങ്ങള്‍ കയറിയ ഭാവത്തില്‍ ദൈവത്തെ ചോദ്യം ചെയ്തും പരിഹസിച്ചും അഭിരമിക്കുന്ന മൂഢനായ യുക്തിവാദിയേ, താങ്കള്‍ക്ക് ദൈവത്തെ കാണണമോ? ഗൗരവമായിട്ടു തന്നെയാണ് അതിബുദ്ധിമാന്മാരായ യുക്തിവാദികളോടായിട്ട് ഞാന്‍ ഇത് ചോദിക്കുന്നത്. ദൈവത്തെ തേടി ആരും അതിവിദൂരയിലെങ്ങും പോകേണ്ടതില്ല. അതിശയകരമാംവിധം സൃഷ്ടിക്കപ്പെട്ടിട്ടുള്ള സ്വന്തം ശരീര പ്രവര്‍ത്തന പ്രക്രിയകളെ ഒന്ന് ശരിക്ക് പഠിച്ചാല്‍ മതി. ഇതിനു മുന്‍പിലും പിന്നിലുമായി ദൈവം എന്ന ആ അത്ഭുത പ്രതിഭാസ ശക്തിയെ നമുക്ക് കാണാം. ദൈവത്തെ കാണാന്‍ പ്രകൃതിയിലേക്ക് കണ്ണുയര്‍ത്തി ഒന്ന് നോക്കിയാല്‍ അവിടെയും ആര്‍ക്കും അവനെ ദര്‍ശിക്കാം.

നക്ഷത്ര നിബിഡമായ നീലാകാശത്തേക്കും അനന്തമായ ആഴിയിലേക്കും നോക്കി അഞ്ചു മിനിറ്റ് ഇരുന്നാല്‍ മതി – സര്‍വ മഹത്വത്തിന്റേയും സ്രോതസ്സും സര്‍വ്വാരാധ്യനുമായ ദൈവത്തെ അനായാസേന ആര്‍ക്കും കാണാം. സങ്കീര്‍ത്തനക്കാരന്‍റെ മനോഹരമായ ഭാഷയില്‍ പറഞ്ഞാല്‍ ‘ആകാശം ദൈവത്തിന്‍റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു. ആകാശവിതാനം അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.’ വീണ്ടും പറയട്ടെ, ദൈവത്തെ ആത്മാര്‍ത്ഥമായി കാണാന്‍ ആഗ്രഹിക്കുവര്‍, മുന്‍വിധിയൊന്നും കൂടാതെ, ദൈവം തന്നിരിക്കുന്ന കണ്ണും കാതും ഹൃദയവും തുറന്നു നോക്കിയാല്‍, അന്വേഷിച്ചാല്‍ മാത്രം മതിയാകും. യുക്തിവാദികളെയും ആബാലവൃദ്ധം മനുഷ്യരെയും ആനന്ദസാഗര്‍ത്തില്‍ ആറാടിച്ച് സന്തോഷിപ്പിക്കുന്ന നിസ്വാര്‍ത്ഥ സുന്ദരമായ സ്നേഹം മുഴുവനും ദൈവമാകുന്നു എന്ന് അറിഞ്ഞാലും!

സംഭവവബഹുലവും ഭീതിദവുമായ ഈ ദുര്‍ഘട കാലഘട്ടത്തില്‍ സമാധാനവും സന്തോഷവും ദൈവികമായ സംരക്ഷണവും ആത്മരക്ഷയും വേണ്ടവര്‍ ഇപ്പോള്‍, ഇന്നുതന്നെ ‘ഒരു ദോഷവും തട്ടാത്തവണ്ണം പ്രാണനെ പരിപാലിക്കുന്ന’ സ്നേഹനിധിയായ ദൈവത്തിന്‍റെ പാദപീഠത്തില്‍ നമ്മുടെ ജീവിതങ്ങളെ സമര്‍പ്പിക്കാം. ഓര്‍ക്കുക, ദൈവം ഇല്ലെങ്കില്‍ ജീവിതം ശൂന്യം! ‘ആരും നിന്നെ രക്ഷിക്കയുമില്ല.’


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]