നിയന്ത്രണങ്ങള്‍ മാറ്റിയേക്കും, കൂടുതല്‍ പരിശോധനകള്‍, ന്യൂജേഴ്‌സി കോവിഡിനെ തോല്‍പ്പിക്കുന്നു: ജോര്‍ജ് തുമ്പയില്‍

Israeli Scientisits working in Pluristem labന്യൂജേഴ്‌സി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ചു ബ്ലൂപ്രിന്റ് വെള്ളിയാഴ്ച ഇറക്കുമെന്നു ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. ഇതില്‍, കൊറോണ വൈറസിനെ നേരിടേണ്ടതിനെക്കുറിച്ചും സംസ്ഥാനം എങ്ങനെ വീണ്ടും തുറക്കാന്‍ തുടങ്ങും എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകും. നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു നിര്‍ദ്ദിഷ്ട തീയതി പ്രഖ്യാപനത്തില്‍ ഉള്‍പ്പെടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പക്ഷേ, വിശാലമായ പരിശോധനയുടെ ലഭ്യത ഉള്‍പ്പെടെ പാലിക്കേണ്ട പ്രധാന മാനദണ്ഡങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം സാവധാനം കുറയുന്നു. സംസ്ഥാനത്ത് കോവിഡ് 19 കേസുകളില്‍ 88,806 കേസുകളുണ്ടായതായി റിപ്പോര്‍ട്ടുകള്‍. 4,377 പേര്‍ മരിച്ചു. ഒരു ദിവസം കുറഞ്ഞത് 15,000 മുതല്‍ 20,000 വരെ ടെസ്റ്റുകള്‍ എങ്കിലും നടത്താനാണ് സംസ്ഥാനം നിശ്ചയിച്ചിട്ടുള്ളതെന്നും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു.

പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതിന് എടുക്കുന്ന സമയവും പ്രധാനമാണ്, മര്‍ഫി കൂട്ടിച്ചേര്‍ത്തു. കോവിഡ് പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ നിലവില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ എടുക്കും. 24 മണിക്കൂറിനുള്ളില്‍ ഫലങ്ങള്‍ ലഭിക്കേതുണ്ടെന്ന് മര്‍ഫി പറഞ്ഞു. ആളുകള്‍ക്ക് പോസിറ്റീവ് പരിശോധന നടത്തുമ്പോള്‍ ആരോഗ്യ ഉേദ്യാഗസ്ഥര്‍ക്ക് കോണ്‍ടാക്റ്റ് ട്രേസിംഗ് നടത്താന്‍ ആവശ്യത്തിനു സമയം ലഭിക്കും.

നേഴ്‌സിങ് ഹോമുകളില്‍ നിസ്സഹായാവസ്ഥ: വ്യാപക പരിശോധന
സംസ്ഥാന ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഹഡ്‌സണ്‍ കൗണ്ടിയില്‍ 69 നഴ്‌സിംഗ് ഹോം ജീവനക്കാര്‍ കോവിഡ് 19 മൂലം മരിച്ചു. മരണങ്ങളില്‍ ഭൂരിഭാഗവും നോര്‍ത്ത് ബര്‍ഗന്‍, യൂണിയന്‍ സിറ്റി നഴ്‌സിംഗ് ഹോമുകളിലാണ്. നോര്‍ത്ത് ബര്‍ഗനിലെ ഹഡ്‌സണ്‍ വ്യൂ സെന്റര്‍ ഫോര്‍ റിഹാബ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍, ദി ഹാര്‍ബറേജ് എന്നിവയില്‍ യഥാക്രമം 25 ഉം 20 ഉം മരണങ്ങള്‍ സംഭവിച്ചു. യൂണിയന്‍ സിറ്റിയിലെ മാന്‍ഹട്ടന്‍വ്യൂ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ 15 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ന്യൂജേഴ്‌സിയിലെ മറ്റ് മൂന്നിടങ്ങളില്‍ മാത്രമാണ് ഹഡ്‌സണ്‍ വ്യൂവിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ജേഴ്‌സി സിറ്റിയിലെ നഴ്‌സിംഗ് ഹോമുകളില്‍ ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ, അത് ഹാമില്‍ട്ടണ്‍ പാര്‍ക്കിലെ അലാരിസ് ആയിരുന്നു. സംസ്ഥാനത്തുടനീളം, ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളില്‍ താമസിക്കുന്ന 1,779 പേര്‍ കോവിഡ് 19 മൂലം മരിച്ചു.

ഹഡ്‌സണ്‍ കൗണ്ടിയിലെ മരണങ്ങളുടെ എണ്ണം കൂടുതലായിരുന്നുവെങ്കിലും ചില താമസക്കാര്‍ പരിശോധന നടത്താതെ മരിച്ചുവെന്ന് നോര്‍ത്ത് ബര്‍ഗന്‍, യൂണിയന്‍ സിറ്റി, ഗുട്ടന്‍ബര്‍ഗ്, വെസ്റ്റ് ന്യൂയോര്‍ക്ക്, ഹാരിസണ്‍ എന്നിവയുടെ ചുമതലയുള്ള ആരോഗ്യ ഓഫീസര്‍ ജാനറ്റ് കാസ്‌ട്രോ പറഞ്ഞു.

ഓരോ നഴ്‌സിംഗ് ഹോമിലും മരണങ്ങളുടെ എണ്ണത്തിന് പുറമേ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഹാര്‍ബറേജില്‍ 147 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്, മറ്റ് കൗണ്ടി നഴ്‌സിംഗ് ഹോമുകളെ മറികടന്ന് 50 ല്‍ അധികമാണിത്. എന്നാല്‍ നോര്‍ത്ത് ഹഡ്‌സണിലെ മറ്റ് വീടുകളെ അപേക്ഷിച്ച് ഹാര്‍ബറേജിന് പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യമുണ്ടെന്ന് കാസ്‌ട്രോ പറഞ്ഞു.

Star Ledger Obituary pageജീവനക്കാരെയും രോഗികളെയും കൊറോണബാധയേറ്റിട്ടും സംരക്ഷിക്കുന്നില്ലെന്ന ആരോപണത്തെത്തുടര്‍ന്ന് ജേഴ്‌സി സിറ്റി അധികൃതര്‍ കഴിഞ്ഞയാഴ്ച ഹാമില്‍ട്ടണ്‍ പാര്‍ക്ക് കേന്ദ്രത്തിലെ അലാരിസ് ഹെല്‍ത്തിലെ എല്ലാ താമസക്കാരെയും പരിശോധിച്ചിരുന്നു. കൗണ്ടിയുടെ വടക്കന്‍ ഭാഗത്തുള്ള നഴ്‌സിംഗ് ഹോമുകളില്‍ ഈ ആഴ്ച വിപുലമായ പരിശോധന ആരംഭിക്കുമെന്ന് കാസ്‌ട്രോ പറഞ്ഞു.

‘നഴ്‌സിംഗ് ഹോമുകളില്‍ കോവിഡ് 19 നെക്കുറിച്ചുള്ള നിര്‍ദ്ദിഷ്ട ഡാറ്റയുടെ പൊതു പ്രസിദ്ധീകരണം രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിചരണക്കാര്‍ക്കും പൂര്‍ണ്ണ സുതാര്യത കൈവരിക്കും,’ യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് ഈസ്റ്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മില്ലി സില്‍വ പറഞ്ഞു. ‘കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ചില നഴ്‌സിംഗ് ഹോം ഉടമകളുടെ അവ്യക്തതയും പോസിറ്റീവ് കേസുകളെക്കുറിച്ച് കുടുംബാംഗങ്ങളെയും തൊഴിലാളികളെയും അറിയിക്കുന്നതിലെ കാലതാമസത്തിന്റെ പശ്ചാത്തലത്തില്‍, അധികൃതര്‍ ശക്തമായവും നിര്‍ണായകവുമായ നടപടി സ്വീകരിച്ചു.’ ഹഡ്‌സണ്‍ കൗണ്ടിയില്‍ ഒരു കോവിഡ് 19 മാത്രമുള്ള രോഗിക്കു പോലും മികച്ച സൗകര്യം നല്‍കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് അലാരിസ് ഹെല്‍ത്ത്, വക്താവ് മാറ്റ് സ്റ്റാന്‍ടണ്‍ പറഞ്ഞു.

രോഗികളേറെയും തദ്ദേശിയര്‍
50.5% വെള്ളക്കാരാണ് കോവിഡ് രോഗബാധിതരെന്നു ലഭ്യമായ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല വ്യക്തമാക്കുന്നു. ഇതില്‍ 21.8% ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരാണ്. രോഗം ഇവരിലേക്ക് കത്തിപ്പടരുമെന്നു കരുതിയിരുന്നതെങ്കിലും ഇതുവരെയും ന്യൂജേഴ്‌സിയില്‍ അതുണ്ടായിട്ടില്ല. ഇവരുടെ വലിയ കൂട്ടങ്ങള്‍ ഉള്ള ബര്‍ഗന്‍കൗണ്ടി, ന്യൂവാര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ സാമൂഹിക അകലം നിയന്ത്രിക്കാന്‍ പ്രാദേശിക പോലീസും രംഗത്തിറങ്ങിയിട്ടുണ്ട്. രോഗബാധിതരില്‍ 16.6% ഹിസ്പാനിക് വംശജരും 5.7% ഏഷ്യന്‍ വംശജരുമാണുള്ളത്. 5.4% മറ്റുള്ളവരും.

ന്യൂജേഴ്‌സിയില്‍ നിലവില്‍ എത്ര പേര്‍ക്ക് കോവിഡ് 19 ഉണ്ടെന്നതിന്റെ പൂര്‍ണ്ണമായ ചിത്രം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം പരിശോധനയുടെ ഫലം ലഭിക്കാന്‍ കുറഞ്ഞത് 14 ദിവസം വരെ വേണ്ടിവരുന്നുവെന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു. ദൈനംദിന പരിശോധനയില്‍ ഗണ്യമായ വര്‍ദ്ധനവ് സംസ്ഥാനം റിപ്പോര്‍ട്ട് ചെയ്യുന്നില്ല, അതിനാല്‍ എത്ര വേഗത്തില്‍ വൈറസ് പടരുന്നുവെന്ന് വ്യക്തമല്ല.

തിങ്കളാഴ്ച രാവിലെ വരെ, ലോകമെമ്പാടുമുള്ള 2.4 ദശലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധിതരാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 166,200 ല്‍ അധികം പേര്‍ മരിക്കുകയും 635,400 ല്‍ അധികം പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിലും കോവിഡ്
മിഡില്‍ടൗണിലെ റെസ്‌ക്യൂ സ്‌ക്വാഡും സന്നദ്ധപ്രവര്‍ത്തകനും അഗ്‌നിശമന സേനാംഗവുമായ റോബര്‍ട്ട് വെബര്‍ ഏപ്രില്‍ 15 ന് കൊറോണ മൂലം മരിക്കുമ്പോള്‍ 44 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌ക്വാഡിലുള്ള നിരവധി പേരാണ് കോവിഡിന്റെ കെണിയില്‍പ്പെട്ടിരിക്കുന്നത്. ആംബുലന്‍സില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ മുന്‍പന്തിയിലുള്ളത് ഇവരാണ്. ഇവരില്‍ പലരും സുരക്ഷാമാനദണ്ഡങ്ങള്‍ പോലും മറന്നാണ് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. മാര്‍ച്ച് 31 മുതല്‍ സംസ്ഥാനത്തൊട്ടാകെ 13 പേരാണ് കോവിഡ് 19 മൂലം മരണമടഞ്ഞതതെന്ന് ന്യൂജേഴ്‌സി ഇ.എം.എസ് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. ഇപ്പോള്‍ നൂറുകണക്കിന് ജീവനക്കാര്‍ക്ക് കോവിഡ് 19 രോഗം പിടിപെട്ടിട്ടുണ്ട്, ഇത് റെസ്‌ക്യൂ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് അടിയന്തര പ്രതികരണ കമ്മ്യൂണിറ്റിവക്താവ് പറഞ്ഞു.

ജീവനക്കാര്‍ക്കിടയിലെ വൈറസ് കേസുകളുടെ എണ്ണവും പ്രായമായ സന്നദ്ധപ്രവര്‍ത്തകരോടുള്ള ഉത്കണ്ഠ മൂലം അവരെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കിയതു കൊണ്ട് ഇപ്പോള്‍ പലേടത്തും വലിയ തോതില്‍ സ്റ്റാഫ് ക്ഷാമം ഉണ്ട്. ചില സ്‌ക്വാഡുകള്‍ താല്‍ക്കാലികമായി സേവനം ഉപേക്ഷിക്കാന്‍ പോലും നിര്‍ബന്ധിതരായി. സംസ്ഥാനത്തൊട്ടാകെയുള്ള കോള്‍ എണ്ണം വളരെ കൂടുതലാണ്, പ്രത്യേകിച്ച് നോര്‍ത്ത് ജേഴ്‌സിയില്‍. ഇത്തരത്തില്‍ പകര്‍ച്ചവ്യാധി ബാധിച്ച രണ്ട് റെസ്‌ക്യൂ സ്‌ക്വാഡുകളെങ്കിലും സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. തങ്ങളുടെ സന്നദ്ധസേവക സംഘങ്ങളിലെ അംഗങ്ങളെ സംരക്ഷിക്കുന്നതിനാണ് കോളുകള്‍ എടുക്കുന്നത് നിര്‍ത്താനുള്ള തീരുമാനമെടുത്തതെന്ന് സീഡര്‍ ഗ്രോവിലെയും മൈന്‍ ഹില്ലിലെയും അധികൃതര്‍ പറഞ്ഞു.

ന്യൂജേഴ്‌സിയില്‍ 439 ഇ.എം.എസ് ഏജന്‍സികളുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വക്താവ് പറഞ്ഞു. താത്ക്കാലിക പ്രവര്‍ത്തനത്തിനു വേണ്ടി 239 വോളണ്ടിയര്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍, രൂക്ഷമായ സ്റ്റാഫ് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കാന്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുമായി സഹകരിക്കാന്‍ സംസ്ഥാനം ധാരണയിലെത്തിയിരുന്നു.

ഏപ്രില്‍ 10 ന് എന്‍ജെ ഇഎംഎസ് ടാസ്‌ക് ഫോഴ്‌സിനെ സഹായിക്കാന്‍ 75 ആംബുലേറ്ററി സേവനങ്ങളില്‍ നിന്ന് 200 എമര്‍ജന്‍സി റെസ്‌പോണ്ടര്‍മാര്‍ മെഡോലാന്‍സിലെത്തി.. അതിനായി 100 ആംബുലന്‍സുകള്‍ കൂടി സംസ്ഥാനം ആവശ്യപ്പെടും. ഇന്ന് 450 ഇഎംടികളും പാരാമെഡിക്കുകളും ന്യൂജേഴ്‌സിയില്‍ എത്തുമെന്ന് സംസ്ഥാന അധികൃതര്‍ അറിയിച്ചു.

ബോണ്‍ ജോവി ടൂര്‍ റദ്ദാക്കുന്നു, സാധനങ്ങള്‍ വാങ്ങുന്നതിന്’ റീഫണ്ട്
കോവിഡ് കാരണം, ഗായകന്‍ ബോണ്‍ ജോവി പര്യടനം റദ്ദാക്കുന്നു. റോക്ക്ഗായകന്‍ ബ്രയാന്‍ ആഡംസിനൊപ്പം പര്യടനം നടത്താനാണ് ജോവി സംഘം നേരത്തെ തീരുമാനിച്ചിരുന്നത്. ‘ബോണ്‍ ജോവി 2020 ടൂര്‍’ ജൂലൈ 14 ന് ന്യൂവാര്‍ക്കിലെ പ്രുഡന്‍ഷ്യല്‍ സെന്ററിലും മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലുമായി രണ്ട് ഷോകള്‍ നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഏറെ ജനപ്രീതിയുള്ള ഈ പരിപാടിയുടെ ടിക്കറ്റുകള്‍ മിക്കതും വിറ്റു പോയിരുന്നു. ഷോ റദ്ദാക്കിയതോടെ ടിക്കറ്റ് പണം റീഫണ്ട് ചെയ്യുന്നു, ഇത് ഉപയോഗിച്ച് പലവ്യഞ്ജനങ്ങള്‍ വാങ്ങാനാകുമെന്ന് ടിക്കറ്റ് കമ്പനി അറിയിക്കുന്നു. ടിക്കറ്റ് കാണിച്ചു തുല്യതുകയ്ക്കുള്ള സാധനങ്ങള്‍ സൂപ്പര്‍‌സ്റ്റോറുകളില്‍ നിന്നും വാങ്ങാനാവുന്ന വിധത്തിലുള്ള റെഡീം പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കൊറോണ കാലത്ത് ഇതേറെ സഹായകരമായിരിക്കുമെന്നും കമ്പനി പറയുന്നു. ബാന്‍ഡിന്റെ കീബോര്‍ഡിസ്റ്റ് ഡേവിഡ് ബ്രയാന്‍ അടുത്തിടെ കൊറോണ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം ഭേദമായി അദ്ദേഹം മടങ്ങിയെത്തിയിട്ടുണ്ട്.

ടിക്കറ്റ് ബുക്കിങ് കമ്പനിയായ ടിക്കറ്റ് മാസ്റ്റര്‍ അടുത്തിടെ അതിന്റെ നയം മാറ്റിയതിനാല്‍ ആരാധകര്‍ക്ക് റീഫണ്ട് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അനിശ്ചിതമായി മാറ്റിവച്ച ഷോകള്‍ക്ക് റീഫണ്ടുകള്‍ നേടരുത് എന്നായിരുന്നു അവരുടെ ന്യായം. എന്നാല്‍, ബില്‍ പാസ്‌ക്രല്‍ ജൂനിയര്‍, കാറ്റി പോര്‍ട്ടര്‍ എന്നിവര്‍ കമ്പനിയുടെ മാതൃസ്ഥാപനമായ ലൈവ് നേഷനില്‍ പരാതിപ്പെട്ടതോടെയാണ് റീഫണ്ട് നല്‍കാന്‍ തീരുമാനമായത്.

അതേസമയം, ബുധനാഴ്ച രാത്രി, ന്യൂജേഴ്‌സി പാന്‍ഡെമിക് റിലീഫ് ഫണ്ടിനെ പിന്തുണച്ചുകൊണ്ട് ‘ജേഴ്‌സി 4 ജേഴ്‌സി’ സംഗീതകച്ചേരിയുടെ ഭാഗമായി ജോണ്‍ ബോണ്‍ ജോവി ഓണ്‍ലൈന്‍ സ്ട്രീമിങ്ങില്‍ പ്രത്യക്ഷപ്പെടും. ‘ഡു വാട്ട് യു കാന്‍’ എന്ന പേരില്‍ കൊറോണ വൈറസ് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഗാനം അദ്ദേഹം എഴുതിയിട്ടുണ്ട്. കൂടാതെ, ഒരു സഹകരണ പ്രോജക്റ്റ് എന്ന നിലയില്‍, പാന്‍ഡെമിക് സമയത്ത് അവരുടെ അനുഭവങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് സ്വന്തം വരികള്‍ എഴുതാന്‍ ആരാധകരെ ജോവി ക്ഷണിക്കുകയും ചെയ്യുന്നു.

പുതിയ മരുന്നു പരീക്ഷിക്കുന്നു
ഇതിനിടെ ഇസ്രയേല്‍ ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ കൊറോണ വൈറസിനെ കീഴടക്കാനുള്ള മരുന്നുകള്‍ കണ്ടുപിടിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈഫായിലുള്ള പ്ലൂറിസ്റ്റം തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ചെടുത്ത മരുന്ന് ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്ന ഏഴു പേരില്‍ പരീക്ഷിച്ചെന്നും എല്ലാവരും രോഗവിമുക്തരായെന്നും കമ്പനി അവകാശപ്പെട്ടു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് സുഖം പ്രാപിച്ചത്. ഇതേ മരുന്ന് ടീനെക്ക് ഹോളി നെയിം ആശുപത്രിയിലെ ഒരു കോവിഡ് രോഗിയില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. പ്ലാസന്റായില്‍ എടുക്കുന്ന കോശത്തില്‍ നിന്നാണ് ഈ മരുന്നിന്റെ നിര്‍മ്മാണം.

Pluristem HQrsഇസ്രയേലിലെ തന്നെ റെഡ്ഹില്‍ ബയോ ഫാര്‍മാ ലിമിറ്റഡ് നിര്‍മ്മിച്ച ഒപ്പാഗാനിബ് എന്ന മരുന്ന് രോഗികളില്‍ പരീക്ഷിച്ച് വരുന്നതായും ഇതേവരെ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഫലമാണ് കണ്ടു വരുന്നതെന്നും റെഡ്ഹില്‍ മെഡിക്കല്‍ ഡയറക്ടര്‍ മാര്‍ക്ക് ലെവിറ്റ് പറഞ്ഞു. ഒപ്പാഗാനിബ് ആന്റി വൈറസ്, ആന്റി വൈറല്‍, ആന്റി ഇന്‍ഫഌമേറ്ററി വിഭാഗത്തില്‍പ്പെടുന്ന മരുന്നാണ്.

ഗിലെയാദ് സയന്‍സസ് ലാബ് വികസിപ്പിച്ചെടുത്ത റെംഡിസിവിര്‍ നിലവില്‍ ഉപയോഗിച്ചു വരുന്ന ഒരു മരുന്നാണ്. അമേരിക്കന്‍ കമ്പനിയിയായ ആബ്‌വീ വികസിപ്പിച്ചെടുത്ത കലീത്രയും ഇസ്രയേലില്‍ വ്യാപകമായി കോവിഡിനെതിരേ ഉപയോഗിച്ച് വരുന്നു. ഹൈഡ്രോക്‌സി റോക്ലീനും ഇസ്രയേലില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അമേരിക്കയില്‍ യഹൂദന്മാര്‍ ഏറ്റവും കൂടുതലായി കൂട്ടമായി താമസിക്കുന്ന സംസ്ഥാനമായ ന്യൂജേഴ്‌സിയില്‍ ഇസ്രായേലില്‍ ഉണ്ടാകുന്ന ഏതു കണ്ടുപിടിത്തവും ആദ്യമായി പ്രതിഫലിക്കും. അതു കൊണ്ടു തന്നെയാണ് പ്ലൂറിസ്റ്റ് വികസിപ്പിച്ചെടുത്ത പില്‍എക്‌സ് സെല്‍ തെറാപ്പി ഉടന്‍ തന്നെ ഹോളി നെയിം ആശുപത്രിയില്‍ എത്തിയത്.

കോവിഡിനെ അതിജീവിച്ച് മിത്രാസ്
Mitras Rajan and Mitras Shirazഅമേരിക്കയില്‍ വ്യത്യസ്തമായ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുന്നവരാണ് മിത്രാസ് രാജനും, മിത്രാസ് ഷിറാസും. ഇരുവരും കോവിഡ് 19-നെ പൊരുതി തോല്‍പ്പിച്ചതിന്റെ അനുഭവങ്ങള്‍ പങ്കിട്ട് വീഡിയോ പുറത്തിറക്കിയിരുന്നു. കൊറോണയുടെ കേന്ദ്രബിന്ദുവായ ന്യൂജേഴ്‌സിയിലായിരുന്ന ഇരുവര്‍ക്കും രോഗം സമ്മാനിച്ചത് ഭീകരദിനങ്ങളായിരുന്നു. പ്രായമായ മാതാവും പ്രായം കുറഞ്ഞ കുട്ടിയുമുള്ള വീട്ടില്‍ നിന്നും മാറി ക്വാറന്റൈനിലായതിനെക്കുറിച്ചും ഒപ്പം കുടുംബത്തിന് അവര്‍ നല്‍കിയ പിന്തുണയെക്കുറിച്ചും വളരെ യാഥാര്‍ത്ഥ്യത്തോടെ അവര്‍ അവതരിപ്പിക്കുന്നു. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമുള്ള ആയിരക്കണക്കിനു മലയാളികള്‍ക്ക് പ്രചോദനമാണ് ഈ വീഡിയോ. ഇത് കേവലമൊരു വീഡിയോകുറിപ്പല്ല, മറിച്ച് അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണ്. വീഡിയോ യുട്യൂബിലും മിത്രാസിന്റെ ഫേസ്ബുക്ക് പേജിലും കാണാം. മലയാളിയുടെ പോരാട്ടമികവിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും നേര്‍സാക്ഷ്യമാണ് മിത്രാസിന്റെ ഓരോ വാക്കും. ഇത് എല്ലാ മലയാളികള്‍ക്കും ഒരു മരുന്നാണ്, ഭയമല്ല- ജാഗ്രതയാണ് എന്ന മുന്നറിയിപ്പ് കലര്‍ന്ന മരുന്ന്. ഇതാണ് നമുക്ക് വേണ്ടത്, നേരിടുക. നിര്‍ഭയത്തോടെ പോരാടുക. അതിന് നമുക്കു കഴിയുക തന്നെ ചെയ്യും, മിത്രാസും അതു തന്നെ പറയുന്നു.


Print Friendly, PDF & Email

Related News

Leave a Comment