ബി.ജെ.പി നേതാവ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസ് ക്രെെം ബ്രാഞ്ചിന് കൈമാറുക : വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്

66645001_2372452919442683_4114959594512449536_oകണ്ണൂര്‍ : പാനൂര്‍ പാലത്തായിയില്‍ ബി.ജെ.പി നേതാവ് പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ നീതി നടപ്പാകണമെങ്കില്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ മാറ്റി അന്വേഷണം ക്രെെംബ്രാഞ്ചിന് കൈമാറണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു. അറസ്റ്റ് വൈകിച്ച് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ തന്നെ കേസിന്‍റെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്. അപഹാസ്യമായ ഈ തീരുമാനം പിന്‍വലിക്കണം. എസ്.പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ക്രെെം ബ്രാഞ്ചിന് ഉടന്‍ അന്വേഷണ ചുമതല നല്‍കണം. ഇത് വരെ പോലീസ് നടത്തിയ അന്വേഷണം വിലയിരുത്തിയാല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമം വ്യക്തമാണ്.

പോക്സോ നിയമ പ്രകാരം ആദ്യമൊഴി അനുസരിച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതിന് പകരം കണ്‍മുന്നിലുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാതെ സഹായിക്കുകയാണ് പോലീസ് ചെയ്തത്. വിമന്‍ ജസ്റ്റിസ് ഉള്‍പ്പടെ നടത്തിയ പ്രക്ഷോഭത്തിന് മുന്നില്‍ അറസ്റ്റിന് നിര്‍ബന്ധമായ പോലീസ് അതിനകം പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി.

പീഢനത്തിനിരയായ കുട്ടിയെ പാനൂരില്‍ നിന്ന് തലശ്ശേരി ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിച്ചു വരുത്തി 6 മണിക്കൂറോളം ചോദ്യം ചെയ്തത് പോക്സോ നിയമത്തിന്‍റെ പരസ്യമായ ലംഘനമാണ്. പോക്സോ നിയമത്തിന് വിരുദ്ധമായി കുട്ടിയെ പലവട്ടം വീടിനു പുറത്ത് കൊണ്ടുപോയി ചോദ്യം ചെയ്തു. കുട്ടിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാനാണ് പോലീസ് ശ്രമിച്ചത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കാതെ ലോക്ഡൗണ്‍ കാലത്ത് കുട്ടിയെ കൗണ്സിലിംഗിനെന്ന് പറഞ്ഞ് കോഴിക്കോട് കൊണ്ടുപോയി. കണ്ണൂര്‍ ജില്ലയില്‍ നിരവധി സ്ഥാപനങ്ങളുണ്ടായിരിക്കെ ആണ് പോലീസ് ഇത് ചെയ്തത്. ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണ് പോലീസ് ഇങ്ങനെ പ്രവര്‍ത്തിച്ചത്. കൗണ്‍സിലിംഗിന് കൊണ്ടുപോയ ഇംഹാന്‍സ് മെഡിക്കല്‍ സെന്‍ററില്‍ കേസിന്‍റെ അന്വേഷണ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട മുന്‍ പാനൂര്‍ സി.ഐ ശ്രീജിത്തിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നും ഡോക്ടര്‍ കേസ് വഴിതിരിച്ചുവിടാന്‍ വേണ്ടി സംസാരിച്ചുവെന്നുമുള്ള കുട്ടിയുടെ ബന്ധുക്കളുടെ പരാതി പോലീസിന്‍റെ അട്ടിമറി ശ്രമത്തിന്‍റെ വ്യക്തമായ തെളിവാണ്. കുട്ടിയെ അദ്ധ്യാപകന്‍ ഉപദ്രവിക്കാറുണ്ടെന്ന് ചാനലിന് മുന്നില്‍ വ്യക്തമായി വെളിപ്പെടുത്തിയ സഹപാഠിയെ പോലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നെങ്കിലും മൊഴി പരിഗണിക്കാന്‍ പോലീസ് സന്നദ്ധമായില്ല.

പ്രതി കുട്ടിയെയും കൊണ്ട് സഞ്ചരിച്ച വഴികളിലെ സി.സി.ടി വി.ക്യാമറകള്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറായില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതും പ്രതിഭാഗം അഭിഭാഷകന്‍റെ ചില വെളിപ്പെടുത്തലുകളും പോലീസിന്‍റെ അട്ടിമറി ശ്രമം ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ്. ഇത്തരത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നു എന്ന് വ്യക്തമായിരിക്കെ അതിന് ശ്രമിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമ നടപടിക്ക് വിധേയമാക്കി മാറ്റി നിര്‍ത്തുന്നതിന് പകരം അതേ ഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പ്പിക്കുന്ന വിരോധാഭാസം ആണ് നടക്കുന്നത്. ഇത് അനുവദിക്കാന്‍ ആവില്ല.

മറ്റൊരു വാളയാറായി ഈ കേസ് മാറാതിരിക്കാന്‍ തുടരന്വേഷണം ക്രെെം ബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അധ്യാപകനില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ദുരനുഭവം ഉണ്ടായോ എന്നറിയാന്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തയ്യാറാകണം. അന്വേഷണം അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. പോക്സോ പ്രതിയെ ഒളിപ്പിച്ച സംഘ് പരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്യണം. കുട്ടിയെയും കുടുംബത്തെയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം തുടങ്ങിയ ആവശ്യങ്ങളും ജബീന ഇര്‍ഷാദ് ഉയിച്ചു.
ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ സദ്ധമായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് വിമന്‍ ജസ്റ്റിസ് നേതൃത്വം നല്‍കുമെന്ന് അവര്‍ പറഞ്ഞു.

94076024_2969975069690462_5017164049662607360_o


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News