ഡാളസ്: ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന് ചിന്തിക്കുന്ന ഓരോരുത്തര്‍ക്കും ഗുരുദേവന്റെ ദര്‍ശനങ്ങള്‍ അക്ഷയ നിധിയാണെന്ന് ശ്രീമദ് ശാരദാനന്ദ സ്വാമിജി.
ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്ക സംപൂജ്യനായ ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഗുരു വന്ദനം വിശ്വശാന്തി ഓണ്‍ലൈന്‍ പ്രാര്‍ഥനാ പരമ്പരയില്‍ ഏപ്രില്‍ 19 ഞായറാഴ്ച നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീമദ് ശാരദാനന്ദ സ്വാമിജി. ശ്രീ അനൂപ് രവീന്ദ്രനാനാഥ് സ്വാഗത പ്രസംഗം നടത്തി.
പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഗുരുദേവ ദര്‍ശനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ശ്രീമദ് ശാരദാനന്ദ സ്വാമിജി ഗുരുദേവ കൃതികളിലൂടെ വ്യക്തമാക്കിയത് അതിമനോഹരമായിരുന്നു.
ജീവിതത്തിനു ‘സുഖം’ എന്തെന്ന് അറിയണമെങ്കില്‍ മനസ് ശാന്തമായിരിക്കണം. ശാന്തിയില്ലാതെ സുഖമില്ല തന്നെ. നാമോരോരുത്തരും സുഖാന്വേഷികളാണ് . അക്കരപ്പച്ച പോലെ നാം സുഖം അന്വേഷിച്ചു പലനാടുകളിലും എത്തിയെങ്കിലും സുഖത്തിന്റെ പൂര്‍ണത പിന്നെയും കുറച്ചകലെ ! ആ സുഖം തന്നില്‍ത്തന്നെയുള്ള ആത്മസുഖം ആണെന്നും അത് തന്നില്‍ത്തന്നെ കണ്ടത്തേണ്ടതാണെന്നും ഗുരുദേവ കൃതിയായ ആത്മോപദേശ ശതകത്തില്‍ വരികള്‍ ഉദ്ധരിച്ചു സ്വാമിജി നമ്മോടു പറഞ്ഞു.
“അവനിവനെന്നറിയുന്നതൊക്കെഓര്‍ത്താല്‍
അവനിയിയില്‍ ആദിമമായൊരാത്മരൂപം
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം”
ആത്മസുഖത്തിനു ആരാണ് ആഗ്രഹിക്കാത്തത് ? ആ സുഖം തനിക്കുമാത്രം ആകണം എന്ന് ചിന്തിക്കുന്നത് സത്യം അറിയായികയാലല്ലേ? ഗുരുദേവന് പറയുന്നു, അവന് ഇവന് എന്ന് അറിയുന്നതെല്ലാം ആദിമമായ ആത്മരൂപം തയൊണ് . അത് എന്നില്‍ നിന്ന് ഭിന്നമല്ല. ആ എന്റെ പ്രിയം അപരന്റെ പ്രിയം തന്നെ. ഇത് സത്യമാണെങ്കിലും സ്വജീവിതത്തില്‍ അനുഭവ പെടേണ്ടേ ? അതിനു ഒരു ഉപായം മാത്രമേ ഉള്ളൂ, ഞാന്‍ എന്ന അഹങ്കാരത്തെ ഭഗവാന് പൂര്‍ണമായി അര്‍പ്പിക്കുക. അതെങ്ങനെ സാധിക്കും ! പിണ്ഢനന്ദിയിലെ ആദ്യശ്ലോകം ചൊല്ലി സ്വാമിജി അതിനു ഉത്തരമേകി.
“ഗര്‍ഭത്തില്‍ വെച്ചു ഭഗവാന് അടിയന്റെ പിണ്ഡമെപ്പെരുമന്പൊടു വളര്ത്ത കൃപാലുവല്ലീ,
കല്പിച്ചപോലെ വരുമെന്ന് നിനച്ചുകണ്ടിട്ടു
അര്‍പ്പിച്ചിടുന്നടിയനൊക്കെയു മങ്ങുശംഭോ !”
നാമെല്ലാം ഒരിക്കല്‍ അമ്മയുടെ ഗര്‍ഭത്തില്‍ ഇരുന്നവരാണ് . അന്ന് ആരാണ് നമ്മെ ഓരോരുത്തരെയും രക്ഷിച്ചത് ? ഞാന്‍ എന്ന അഹങ്കാരമാണോ ! ബന്ധുക്കളാണോ ! ധനമാണോ ! തീര്‍ച്ചയായും ഇതൊന്നുമല്ല. ആ കൃപാനിധിയായ ഭഗവാനാണ് ! അത് ഉറപ്പുണ്ടെങ്കില്‍ കല്പിച്ചപോലെ വരും എന്ന് ഉറപ്പിച്ചു എല്ലാം ആഭഗവാന് പൂര്‍ണമായി അര്‍പ്പിച്ചു ജീവിച്ചുകൂടെ ! പക്ഷെ സത്യബോധം ഉറക്കായ്കയാല്‍ ഞാന്‍ എന്ന അഹങ്കാരം എല്ലാം ചെയ്യുന്നു എന്ന് തെറ്റിദ്ധരിച്ചു ഈ ദുഃഖം മുഴുവന്‍ അനുഭവിക്കുന്നു. ശാന്തി നഷ്ടമായി സുഖം എന്തെന്നറിയാതെ കൂരിരുട്ടില്‍ പതിക്കുന്നു.
ഇതൊക്കെ പറയാന്‍ കൊള്ളാം, നമ്മുടെ ജീവിതത്തില്‍ സാധ്യമോ ? സ്വാമിജി അതിനുള്ള മാര്‍ഗം പറയുന്നു. നാമോരോരുത്തരും ഇത് ഭഗവാന് എനിക്കു നല്കിയ കര്‍ത്തവ്യം എന്ന് പൂര്‍ണ്ണമനസോടെ , ലാഭമോ നഷ്ടമോ , ജയമോ പരാജയമോ എന്ന ഭേദമില്ലാതെ ഭഗവത് പൂജയായി ചെയ്യുക. അതില്‍നിന്ന് എന്ത് ഫലം ലഭിച്ചാലും അത് ഭഗവത് പ്രസാദമായി കാണുക. അതിലൂടെ മനസിന്റെ ചാഞ്ചല്യം കുറച്ചതു മനസ് നിര്‍മ്മലമാകും. നിര്‍മ്മലമാകുന്ന മനസു ശാന്തമാണ് . ശാന്തി ആനന്ദത്തിലേക്കുള്ള വഴിയും. ലോക സുഖങ്ങള്‍ പരിച്ഛിന്നമാണ് . സ്വരൂപമാകുന്ന ആനന്ദം കണ്ടെത്തുകയത്രേ ജീവിത ലക്ഷ്യം. അവിടെ മാത്രമാണ് ശാശ്വതമായ ആനന്ദം.
ബന്ധങ്ങള്‍ ബന്ധനങ്ങളാണ്, അവയില്‍നിന്നുള്ള മോചനമാണ് മോക്ഷം. ഞാനും എന്റേതും എന്ന മമതാ ബന്ധത്തില്‍ നിന്ന് പതിയെയെങ്കിലും വിട്ടുവരാനും തന്റെ സ്വരൂപമായ സച്ചിദാനന്ദത്തില്‍ അമരാനും ഗുരുദേവ കൃതികളുടെ അധ്യയനവും , ചിന്തകളും സഹായിക്കും എന്ന് ഗുരുപ്രസാദ് സ്വാമികള്‍ ഉത്ബോധിപ്പിച്ചു.
ഗുരുപ്രസാദ് സ്വാമിജി ഗ്രീക്കിലെ നാര്‍സിസസ് യും എക്കോയുടെയും മനോഹരമായ കഥ പറഞ്ഞു. ‘തൊലിയുമേലുമ്പുമലംദുരന്ദമന്ത കലകളും എന്തും അഹന്ത ‘ ആയ ആ നാര്‍സിസസ്? തന്റെ ബാഹ്യ സൗദര്യത്തില്‍ മോഹിച്ചു തടാക കരയില്‍ ഒരു ചെടിയായി മാറി . തന്റെ പ്രതിരൂപമായ ആ എക്കോയെ കണ്ടെത്തിയില്ല . ക്ഷണികമായ ബാഹ്യ സൗന്ദ്രര്യത്തെ വിട്ടു ശാശ്വതമായ ആന്തരിക സൗന്ദര്യം അറിയേണ്ടതിന്റെ ആവശ്യകത മനോഹരമായ ഒരു കഥയിലൂടെ സ്വാമിജി വരച്ചുകാട്ടി .
അതിനു ഉതകുന്ന വിധത്തില്‍ ഈ സത്സംഗം ഉപകരിക്കപ്പെടട്ടെ ! ദേശകാലങ്ങള്‍ക്കു അതീതമായ ഭഗവത് സ്വരൂപം അറിഞ്ഞനുഭവിക്കാന്‍ എല്ലാ പേര്‍ക്കും കഴിയട്ടെ എന്ന് ആശംസിച്ചു .
ഈ സത്സംഗം പിന്നണി പ്രവര്‍ത്തകര്‍ക്കും, ഇതില്‍ പങ്കാളികളായ ഗുരുദേവ ഭക്തര്‍ക്കും ശ്രീ മനോജ് കുട്ടപ്പന് നന്ദി അറിയിച്ചു.
അടുത്ത ആഴ്ച ഏപ്രില്‍ 26 ആം തീയതി ബ്രഹ്മശ്രീ അവ്യയാനന്ദ സ്വാമികളും ഒത്തുള്ള സത്സംഗം ഉണ്ടായിരിക്കും.