Flash News

മാനിഷാദ: ഡോ. നന്ദകുമാര്‍ ചാണയില്‍

April 22, 2020

manishada bannerഅതേ, ‘അരുത് വേടാ’ എന്നുള്ള മഹര്‍ഷി വചനം അന്നെന്നപോലെ ഇന്നും അന്വര്‍ത്ഥമാണ്. സ്വാര്‍ത്ഥ തല്പരായവര്‍ പ്രകൃതിയെ കൊള്ളയടിച്ചും കവര്‍ന്നു മുടിച്ചും പാപ്പരാക്കിക്കൊണ്ടിരിക്കയാണിന്ന്. പ്രകൃതിയെ മാത്രമല്ല, എല്ലാം സഹിച്ച് സര്‍വ്വവും നമുക്കു പ്രദാനം ചെയ്യുന്ന ഭൂമിദേവിയേയും ആ അമ്മയുടെ തന്നെ സന്തതികളായ മറ്റു ജീവജാലങ്ങളേയും. അമ്മ സര്‍വ്വം സഹയാണെന്നു കരുതി ആ അമ്മയുടെ ക്ഷമയെ പരീക്ഷിക്കുന്നതിനും ഒരതിരില്ലേ! അള മുട്ടിയാല്‍ ചേരയും കടിക്കുമെന്നാണല്ലോ പ്രമാണം. കൊറോണയെന്ന ഈ മഹാമാരിക്കും ഒരളവുവരെ കാരണക്കാര്‍ നമ്മുടെ തന്നെ സഹജീവികളോടുള്ള ക്രൂരതയാണ്. കാരണം ഈ വൈറസ്സും ഒരു ജന്തുല്പാദിരോഗം (Zoonotic disease) ആണെന്ന തിരിച്ചറിവാണ്. അതായത് ജന്തുക്കളില്‍ നിന്നുള്ള ന്യൂക്ലിക്കാസിഡിന്റെ ഒരംശത്തിനുണ്ടായ ജനിതക മാറ്റത്താലുണ്ടാകുന്ന പ്രകൃതിയുടെ വികൃതിയാണ് സര്‍വ്വശക്തനെന്ന് ഊറ്റം കൊള്ളുന്ന മനുഷ്യനെ ഇപ്പോള്‍ തരിപ്പണമാക്കി തറപറ്റിച്ചിരിക്കുന്നത്. വന്യമൃഗങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാഞ്ഞാലുള്ള ഒരു പ്രത്യാഘാതമായി ചില ശാസ്ത്രജ്ഞര്‍ ഈ മഹാവിപത്തിനു ഹേതുവായ അണുബാധയെ വിശകലനം ചെയ്യുന്നതായി ഡോ. ഹില്‍ഡര്‍ പാല്‍സ് ഡോട്ടിര്‍ അഭിപ്രായപ്പെടുന്നു. ചൈനയിലെ വൂഹാന്‍ പ്രവിശ്യയിലെ ഒരു മാര്‍ക്കറ്റാണ് അത്യാവശ്യം വേണ്ട സുരക്ഷാ നടപടികളുടെ അഭാവത്താല്‍ മനുഷ്യരിലേക്കു പടര്‍ന്നു പിടിച്ച കോവിഡ്-19 വൈറസ്സിന്റെ പ്രഭവകേന്ദ്രം എന്ന് ഇതിന് ദൃഷ്ടാന്തമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ചൈനയില്‍ തുടങ്ങിയത് അവിടം കൊണ്ടാതുങ്ങിയില്ലെന്ന് ഈ ആഗോളവ്യാപന പ്രതിഭാസവും തെളിയിക്കുന്നു. മാത്രമല്ല, ആഗോള ആരോഗ്യാവസ്ഥയേയും സാമ്പത്തികശേഷിയേയും തന്മൂലം തകിടം മറിച്ച് തരിപ്പണമാക്കുന്നുവല്ലോ ഈ വിരുതന്‍!

വന്യജീവികളില്‍ നിന്നും മനുഷ്യന് തീരാവ്യാധി കിട്ടിയിട്ടുള്ളതിന് ചിമ്പാന്‍സിയില്‍ നിന്ന് ഹെപ്പിസ്സ്, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ എണ്ണ ഉല്‍പ്പാദിക്കുന്ന പനകളുടെ സംഹാരത്താലുണ്ടായ ഇബോള, അതുപോലെ Swine Flue, SARS, MERS എന്നിവ സാക്ഷ്യം വഹിക്കുന്നു.

ഏപ്രില്‍ 22-ന് ‘ഭൂമിദിന’ (Earth Day) ത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ മനുഷ്യനും അവന്റെ നിവാസഭൂമിക്കും ഉണ്ടായേക്കാവുന്ന വന്‍ ഭീഷണികളെക്കുറിച്ച് ബോധവത്ക്കരിക്കുന്നതില്‍ മാധ്യമങ്ങളും, ശാസ്ത്ര സാങ്കേതിക വിദഗ്ധരും സംഘടിതമഅയി സര്‍‌വ്വത്ര ജാഗരൂകരാവേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍, ആഗോള താപനമെന്ന ശാസ്ത്രീയാവബോധത്തിന് (Global Warming) നേരെ കണ്ണടയ്ക്കുന്ന, കച്ചവട മനഃസ്ഥിതിയില്‍ വ്യാപരിക്കുന്ന ഒരു രാഷ്ട്രപതിയാണ്, ശാസ്ത്ര പുരോഗതിയില്‍ മുന്നില്‍ നില്‍ക്കുന്ന ഈ രാഷ്ട്രത്തെ നയിച്ചുകൊണ്ടിരിക്കുന്നതെന്ന പരമാര്‍ത്ഥവും നിലനില്‍ക്കുന്നു. അറിവുള്ളവര്‍ പറയുന്നത് കണക്കിലെടുക്കാനുള്ള വകതിരിവ് മാലോകര്‍ക്കും ഉണ്ടാകേണ്ടതുണ്ട്. ഇത് മാനവരാശിയുടേയും സഹജീവികളുടേയും നിലനില്പിന് അത്യന്താപേക്ഷിതവുമാണ്.

തുടക്കത്തില്‍ സൂചിപ്പിച്ച ‘അരുത് വേടാ’ എന്ന മഹര്‍ഷി വചനമാണല്ലോ ലോകേതിഹാസങ്ങളില്‍ ഒന്നായ രാമായണത്തിന്റെ ഉത്ഭവത്തിനു നിദാനം. ഇണ ചേര്‍ന്നുകൊണ്ടിരിക്കുന്ന ക്രൗഞ്ച മിഥുനങ്ങളൊന്നിന്റെ ക്രൂരവും ദാരുണവുമായ ഹത്യപോലെ അല്ലാതായിരിക്കട്ടേ ആധുനിക മനുഷ്യരുടെ ചെയ്തികളും എന്നു സമാധാനിക്കാം.

എല്ലാവര്‍ക്കും ഒരു നല്ല ‘ഭൂമി ദിനം’ നേരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top