കോവിഡ് 19 എന്ന മാരകരോഗത്തിന്റെ മരണഭയത്തിലും, മാനസിക വീര്‍പ്പുമുട്ടലിലും അമേരിക്കന്‍ മലയാളികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവര്‍ വേര്‍പെടുമ്പോള്‍ അനുഭവപ്പെടുന്ന വ്യത്യസ്ഥ വികാരവിചാരങ്ങള്‍ പ്രതിഫലിക്കുന്ന അനുശോചനങ്ങളും അനുസ്മരണകളും നാം കേട്ടുകൊണ്ടിരിക്കുന്നു. നാം വായിച്ചറിയുന്നു പ്രത്യേകിച്ച് ലോകമലയാളികളുമായി സംവേദിച്ചുകൊണ്ടിരിക്കുന്ന ‘അമേരിക്കയിലെ’ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലൂടെ.
എന്റെ പ്രിയപ്പെട്ട അര്ജ്ജുനന് മാസ്റ്ററിന്റെ വേര്‍പാടില്‍ നിന്നും വിമുക്തനാകാത്ത ഈ അവസരത്തില്‍ എന്റെ അമേരിക്കന്‍ ജീവിതത്തില്‍ എന്നെ തൊട്ടുതലോടിയ രണ്ടു മനുഷ്യാത്മാക്കളുടെ വേര്‍പാട് എന്നെ വളരെ അസ്വസ്ഥനാക്കി. ‘തിരുവല്ലാ ബേബിച്ചായനും, അച്ചന്‍കുഞ്ഞ് കോവൂരും’. 1982 ജനുവരി മാസം 1-ാം തീയതി ഈ പ്രവാസലോകത്ത് എത്തിയ എനിക്ക് പരിചയപ്പെടാനിടയായ ഈ നല്ല രണ്ടു മനുഷ്യര്‍ ഈ ഭൂമുഖത്ത് വളരെ വ്യത്യസ്തരായിരുന്നു. തിരുവല്ലാ ബേബിച്ചായന് – കലയുടെ ഹൃദയം കണ്ട കലാകാരന്, ചിത്രകലയിലും, ചമയകലയിലും അതിസമര്‍ത്ഥന്‍.
നാലുചുമരുകള്‍ക്കുള്ളില്‍ സിനിമാ ചിത്രീകരണം നടന്നിരുന്ന കാലഘട്ടത്തില്‍ ദൈവം അനുഗ്രഹിച്ചു നല്കിയ ചിത്ര ചാരുതയില്‍ പുഴയും, മലയും, പൂന്തോപ്പും, കൊട്ടാരങ്ങളും, കുടിലുകളും, വിശാലമായ ക്യാന്‍വാസില്‍ സപ്തവര്‍ണ്ണത്തില്‍ ചാലിച്ച് അവയിലൂടെ മനുഷ്യ സ്പന്ദനങ്ങള്‍ക്ക് ജീവനേകി അഭ്രപാളികളില്‍ പകര്‍ത്തി മലയാള സിനിമാ ലോകത്ത് സമാനതകളില്ലാത്ത കലാസംവിധായകനായി നിറഞ്ഞു നിന്നിരുന്ന ബേബിച്ചായന് ഒരു നാള് അമേരിക്കയില്‍ എത്തുന്നു. ഞാനുമായി പരിചയപ്പെടുന്നു. എന്റെ ജീവിതപങ്കാളി മഞ്ജുവിന്റെ നൃത്തവിദ്യാലയവുമായി സഹകരിച്ച് നിരവധി നൃത്തവേദികളെ അനശ്വരമാക്കിയ മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.
ഏറ്റവും ഒടുവില്‍ കേരള ചരിത്രത്തെ ആധാരമാക്കി മഴുവെറിഞ്ഞു നേടിയ കേരളഭൂമിയിലെ രാജഭരണപ്രമുഖരെ കോര്‍ത്തിണക്കി അവതരിപ്പിച്ച ‘കേരളം യുഗങ്ങളിലൂടെ’ എന്ന നൃത്തസംഗീത ശില്പം 1996 ല്‍ ന്യൂയോര്‍ക്ക് കേരള സമാജത്തിന്റെ 25-ാം വാര്‍ഷിക സമ്മാനമായി ഞാന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച വര്‍ഷം ക്വീന്‍സിലെ മാര്ട്ടിന് വാന്‍ ബ്യൂറന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആ കാലത്തെ അംബാസിഡറായിരുന്ന ശ്രീനിവാസന് സാറിന്റെ ഉദ്ഘാടനത്തില്‍ നടത്തിയതും അംബാസിഡറിന്റെ പ്രശംസയ്ക്ക് തിരുവല്ലാ ബേബിച്ചായന് പാത്രീഭൂതനായതും ഇന്നലെയെന്ന പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു നില്ക്കുന്നു. ഈ നൃത്ത സംഗീത ശില്പത്തില് അച്ചന്‍കുഞ്ഞ് കോവൂരും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.
അച്ചന്‍കുഞ്ഞ് കോവൂര്‍: ഒരു കലാസ്നേഹിയുടെ എളിയ മനസ്സും, ആത്മാര്‍ത്ഥതയുടെ സൗഹൃദവും, അതിലുപരി ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതചര്യയും, അര്‍പ്പിതമായ വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു. എന്നോടും എന്റെ കുടുംബത്തോടും അച്ചന്‍കുഞ്ഞ് ഒരു ബന്ധു എന്നതിലുപരി സ്നേഹത്തിന്റെ പര്യായമായുള്ള അടുപ്പമായിരുന്നു.
നമുക്കു മുന്‍പേ ഈ ലോകജീവിതം പൂര്‍ത്തിയാക്കി ദൈവസന്നിധിയിലേക്ക് യാത്രയായ ബേബിച്ചായനും, അച്ചന്‍കുഞ്ഞിനും നിത്യശാന്തി നേരുന്നതോടൊപ്പം ഇവരുടെ വേര്‍പാടില്‍ മനംനൊന്തു വിലപിക്കുന്ന കുടുംബാംഗങ്ങള്‍ക്കും, സ്നേഹിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
എല്ലാ മനുഷ്യഹൃദയങ്ങളിലും മരണഭീതി നിറഞ്ഞിരിക്കുന്ന ഈ കാലയളവില്‍ പ്രത്യാശയുടെ പൊന്‍വെളിച്ചമായി മരണത്തിന്റെ കല്ലറയില്‍ നിന്നും ഉയിര്‍ത്ത ക്രിസ്തുദേവന് ഏവര്‍ക്കും ആശ്വാസമരുളട്ടെ….
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply