കൊറോണ രോഗികള്‍ 105,523 ആയി ഉയര്‍ന്നു, 5,863 മരണങ്ങള്‍, ന്യൂജേഴ്‌സിക്ക് ശ്വാസം മുട്ടുന്നു

April 26 bannerന്യൂജേഴ്‌സി: കോവിഡ് 19 ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ട് ഏഴു ആഴ്ചയിലധികമായതോടെ ന്യൂജേഴ്‌സി സംസ്ഥാനത്തിനു ശ്വാസം മുട്ടാന്‍ തുടങ്ങി. മരണവും ജീവിതവും തമ്മിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയിലെ കൊറോണ വൈറസിന്റെ വ്യാപനം ജനങ്ങളുടെ ജീവിതതാളം തെറ്റിച്ചു കഴിച്ചു. ആശങ്കയും ഭയവും നിമിത്തം സ്‌റ്റേ അറ്റ് ഹോമിലാണെങ്കിലും പലരും ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങാന്‍ തുടങ്ങി. ശനിയാഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം 105,523 കേസുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 5863 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. സംസ്ഥാന ഉദ്യോഗസ്ഥര്‍ 3,457 പുതിയ പോസിറ്റീവ് ടെസ്റ്റുകളും 249 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അറിയിച്ചിരിക്കുന്നത്. ‘ന്യൂജേഴ്‌സിയെ സംബന്ധിച്ചിടത്തോളം ഇതൊരു അസാധാരണമായ ജീവിത നഷ്ടമാണ്.’ ഗവര്‍ണര്‍ ഫില്‍ മര്‍ഫി ട്രെന്റണിലെ തന്റെ കൊറോണ വൈറസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒന്നാം ലോകമഹായുദ്ധം, കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം എന്നിവയില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ ന്യൂജേഴ്‌സിക്കാര്‍ വൈറസ് ബാധിച്ച് മരിച്ചുവെന്ന് ഗവര്‍ണര്‍ മര്‍ഫി അഭിപ്രായപ്പെട്ടു. ഗാര്‍ഡന്‍ സ്‌റ്റേറ്റ് അമേരിക്കയിലെ കൊറോണ വൈറസ് ഹോട്ട് സ്‌പോട്ടുകളിലൊന്ന് ഇപ്പോള്‍ നിയന്ത്രണവിധേയമാക്കാനുള്ള യജ്ഞത്തിലാണ്. പുതിയ രോഗബാധിതരുടെയും വാഹകരുടെയും കാര്യത്തില്‍ നല്ല വ്യതിയാനം കാണുന്നുണ്ട്, ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വെന്റിലേറ്റര്‍ ഉപയോഗത്തിലും കുറവുണ്ടായതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരാവസ്ഥയില്‍ പരിചരണത്തിലുള്ള രോഗികളുടെ എണ്ണത്തിലും ന്യൂജേഴ്‌സിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി വര്‍ധനവില്ല. അതിവേഗം പടരുന്ന വൈറസിനെതിരെ പോരാടുന്നതിന് താമസക്കാര്‍ വീട്ടില്‍ തുടരണമെന്നും ബിസിനസ്സ് അവസാനിപ്പിക്കുന്നതുമായ ഉത്തരവുകള്‍ പാലിക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ഊന്നിപ്പറഞ്ഞു. ന്യൂജേഴ്‌സിയിലെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതാണ്, പ്രഖ്യാപിച്ച നമ്പറുകളേക്കാള്‍ കൂടുതല്‍ കേസുകള്‍ സംസ്ഥാനം കണ്ടതായിരിക്കാം, കാരണം സര്‍ക്കാര്‍ നടത്തുന്ന സൈറ്റുകള്‍ രോഗലക്ഷണമുള്ള താമസക്കാരെ മാത്രം പരീക്ഷിക്കുന്നു. പരിശോധനാ ഫലങ്ങള്‍ ദിവസങ്ങളോളം പിന്നിലായിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ സംസ്ഥാനത്തിന്റെ ദൈനംദിന പരിശോധനയും മന്ദഗതിയിലാണ്. ടെസ്റ്റിങ് സെന്ററുകള്‍ കൂടുതല്‍ വന്നിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിലെ കാലതാമസത്തിന് ഇപ്പോഴും അയവു വരുത്തിയിട്ടില്ല. പ്രാഥമിക രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പലരും തുടക്കത്തില്‍ തന്നെ ടെസ്റ്റിങ്ങിന് വിധേയമാകുന്നുണ്ടെങ്കിലും ആശുപത്രി ചികിത്സ സാധ്യമാകുന്നില്ലെന്ന് ബര്‍ഗന്‍ കൗണ്ടിയില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ആയിരം പേരില്‍ മുകളില്‍ മരിച്ച കൗണ്ടികളിലൊന്നാണ് ബര്‍ഗന്‍.

Governor Murphy
Governor Murphy

റെക്കോര്‍ഡ് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ബിസിനസുകള്‍ കണക്കാത്ത വരുമാനനഷ്ടം നേരിടുകയും ചെയ്യുന്നതിനാല്‍ സംസ്ഥാനം എങ്ങനെ വീണ്ടും തുറക്കാമെന്ന് വിശാലമായ പദ്ധതി തിങ്കളാഴ്ച തയ്യാറാക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൂടുതല്‍ ഫെഡറല്‍ സഹായമില്ലാതെ വന്നാല്‍ ചരിത്രപരമായ പൊതുതൊഴിലാളി പിരിച്ചുവിടലുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വൈകാതെ ഉണ്ടാവുമെന്നു ഗവര്‍ണര്‍ മര്‍ഫി പറയുന്നു.

വെള്ളിയാഴ്ച ന്യൂജേഴ്‌സിയില്‍ 6,722 കൊറോണ വൈറസ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 1,917 പേര്‍ ഗുരുതരാവസ്ഥയിലും 1,442 പേര്‍ വെന്റിലേറ്ററിലുമാണ്. അതേസമയം, 99 രോഗികള്‍ താല്‍ക്കാലിക ഫീല്‍ഡ് ആശുപത്രികളിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശനം കുറഞ്ഞതായി സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജൂഡിത്ത് പെര്‍സില്ലിയും പറഞ്ഞു.

സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്ത് ആശുപത്രിയില്‍ പ്രവേശനം കുറഞ്ഞുവരികയാണെന്നും മധ്യമേഖലയില്‍ സ്ഥിരമായി നില്‍ക്കുന്നുവെന്നും തെക്കന്‍ മേഖലയില്‍ നേരിയ വര്‍ധനവുണ്ടായതായും പെര്‍സില്ലി പറഞ്ഞു. കൊറോണ വൈറസ് കേസുകളില്‍ സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ വംശീയ ഡേറ്റയും പുറത്തു വന്നിട്ടുണ്ട്. ഇതു പ്രകാരം 52.3 ശതമാനത്തോളം തദ്ദേശിയരാണുള്ളത്. ആഫ്രിക്കന്‍- അമേരിക്കന്‍ വംശജരില്‍ 20.3 ശതമാനം പേര്‍ക്കാണ് കോവിഡ് 19 രോഗബാധയുള്ളത്. ഇവരിലേക്ക് രോഗം പടരാതിരിക്കാനാണ് മുന്‍കരുതലെടുത്തിരിക്കുന്നതെന്ന് പെര്‍സില്ലി പറഞ്ഞു.16.3% ഹിസ്പാനിക്, 5.2% ഏഷ്യന്‍, 5% മറ്റ് വംശങ്ങള്‍ എന്നിങ്ങനെയാണ് സ്ഥിതിവിവര കണക്കുകള്‍.

അതേസമയം, സംസ്ഥാനത്തെ 474 ദീര്‍ഘകാല നഴ്‌സിംഗ്, വെറ്ററന്‍സ് ഹോമുകള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊത്തം 15,105 പോസിറ്റീവ് ടെസ്റ്റുകള്‍ നടന്നിട്ടുണ്ട്. 1,820 പേര്‍ വൈറസ് ബാധിച്ചതായും 1,952 മരണങ്ങള്‍ വൈറസുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്നതായും അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്തെ മൂന്ന് വെറ്ററന്‍സ് ഹോമില്‍ കോവിഡ് 19 മൂലമുള്ള നാല് പുതിയ മരണങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. പാരാമസ് എഡിസണിലെ മെന്‍ലോ പാര്‍ക്ക് ഹോമില്‍ മൂന്ന് മരണങ്ങളും സംഭവിച്ചു. വീടുകളിലെ 722 താമസക്കാരില്‍ 252 പേര്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതില്‍ 95 പേര്‍ മരിക്കുകയും ചെയ്തു. മാനസികരോഗാശുപത്രിയിലെ 1,290 രോഗികളില്‍ 145 പേര്‍ പോസിറ്റീവ് ആയതില്‍ ഒമ്പത് പേര്‍ മരിച്ചു.

മൊത്തത്തില്‍, 108,163 ന്യൂജേഴ്‌സി നിവാസികള്‍ കോവിഡ് 19 നെ നെഗറ്റീവായതായി അധികൃതര്‍ അറിയിച്ചു. പോസിറ്റീവ് നിരക്ക് 43.8%. രോഗബാധിതരായ ആളുകള്‍ എവിടെയാണ് താമസിക്കുന്നതെന്ന് നിര്‍ണ്ണയിക്കാന്‍ 557 പോസിറ്റീവ് കേസുകള്‍ ഇനിയും അന്വേഷണത്തിലാണ്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കനുസരിച്ച് ശനിയാഴ്ച രാവിലെ വരെ 2,938,308 ആളുകള്‍ കോവിഡ് 19-ന് പോസിറ്റീവ് പരീക്ഷിച്ചു. ഇവരില്‍ 203,797 ത്തിലധികം പേര്‍ മരിച്ചു അമേരിക്കയില്‍ 54,265 ത്തിലധികം പേര്‍ മരിച്ചു.

ഗാര്‍ഹിക പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു
ഈസ്റ്റ് ഹാനോവറിലെ വീടിനുള്ളില്‍ ഭാര്യ എങ്ങനെയാണ് മരിച്ചതെന്ന് ഡിറ്റക്ടീവുകള്‍ അലക്‌സാണ്ടര്‍ ജേക്കബ്‌സിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ‘ഞാന്‍ എന്റെ ഭാര്യയെ കൊന്നതാണ്.’ മാര്‍ച്ച് 26 ന് കൊലപാതകത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ജേക്കബ്‌സിന്റെ സെല്‍മാര്‍ ടെറസ് വീട്ടില്‍ പോലീസ് എത്തിയിരുന്നു. ഗാര്‍ഹിക തര്‍ക്കത്തില്‍ മാതാപിതാക്കള്‍ തോക്ക് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മകള്‍ 911-ലേക്ക് വിളിച്ചതാണ്. തുടര്‍ന്നായിരുന്നു അത്യാഹിതം.

74 കാരനായ ജേക്കബ്‌സ് ഭാര്യയെ തലയ്ക്ക് വെടിവച്ചതായി അധികൃതര്‍ പറഞ്ഞു. ഇത് ഒരു അപകടമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിന്‍സെന്റ് നസ്സി പറയുന്നു. ന്യൂവാര്‍ക്ക് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ഫിസിസിസ്റ്റ് ജേക്കബ്‌സിനെ ഭാര്യയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. അറസ്റ്റിനുശേഷം നടന്ന ഒരു കോടതി വാദത്തില്‍ ജേക്കബ്‌സ് ജഡ്ജിയോട് പറഞ്ഞു, ‘ഞാന്‍ വളരെ ശാന്തനായ വ്യക്തിയായിരുന്നു, പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല.’

East Hanover man killed his wife 2കോവിഡ് 19-നെത്തുടര്‍ന്നുള്ള സ്‌റ്റേ അറ്റ് ഹോം കാരണം നിരവധി ഗാര്‍ഹിക പീഡനകേസുകള്‍ ഉണ്ടാവുന്നതായി ന്യൂവാര്‍ക്ക് പോലീസ് സൂപ്രണ്ട് കെവിന്‍ ഡിക്രൂസ് പറഞ്ഞു. വീട്ടില്‍ ഇരിക്കാനുള്ള ഉത്തരവിനെത്തുടര്‍ന്നുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം കടുത്തതാണെന്നാണ് റിപ്പോര്‍ട്ട്. വീടിനുള്ളിലിരുന്നു ജോലി ചെയ്യുന്നവരുടെ ദാമ്പത്യ ബന്ധത്തില്‍ വളരെ വിള്ളലുണ്ടാകുന്നുവെന്നു കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തു വന്നിരുനനു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

കൊറോണ വൈറസ് ന്യൂജേഴ്‌സി നിവാസികളെ ഒരു മാസത്തിലേറെയായി ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇത് ഗാര്‍ഹിക പീഡന സംഭവങ്ങള്‍ വര്‍ദ്ധിപ്പിച്ചെന്ന് പോലീസ് അധികാരികളും അഭിഭാഷകരും ഒരു പോലെ സമ്മതിക്കുന്നു. സാമൂഹ്യ അകലം പാലിക്കല്‍ നിര്‍ബന്ധമാക്കിയതോടെ സമ്മര്‍ദ്ദത്തിന്റെ തോത് വര്‍ദ്ധിക്കുന്നു. എന്നാല്‍, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഹോട്ട്‌ലൈനിലേക്കുമുള്ള കോളുകള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിനുള്ള കാരണമായി പോലീസ് പറയുന്നത്, സ്റ്റേ അറ്റ് ഹോം നിര്‍ബന്ധമാക്കിയതോടെ സഹപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ശിശുരോഗവിദഗ്ദ്ധര്‍ എന്നിവരൊന്നും ഇപ്പോള്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നില്ലെന്നാണ്.

അതേസമയം, ഗാര്‍ഹിക തര്‍ക്കം എങ്ങനെ വേഗത്തില്‍ വര്‍ദ്ധിക്കുകയും ദുരന്തത്തില്‍ അവസാനിക്കുകയും ചെയ്യുന്നുവെന്നതിന് ജേക്കബ്‌സിന്റെ കേസ് ഉദാഹരണമാണ്. എന്നാല്‍ ഇതുപോലുള്ള നൂറു കണക്കിനു കേസുകള്‍ പ്രധാന സംഭവങ്ങളാകുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ നിശബ്ദത പാലിക്കുന്നുവെന്ന് സംസ്ഥാനത്തെ ഉന്നത നിയമ നിര്‍വഹണ ഉദ്യോഗസ്ഥന്‍ അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ ഗ്രേവല്‍ പറഞ്ഞു.

East Hanover man killed his wife
East Hanover man killed his wife

രാജ്യത്തുടനീളം, കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഉത്കണ്ഠ മൂലം ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നു, അഭിഭാഷകര്‍ പറയുന്നു. കാലിഫോര്‍ണിയയില്‍, മുപ്പതുകാരിയായ ഒരു സ്ത്രീ ദേശീയ ദുരുപയോഗ ഹോട്ട്‌ലൈനില്‍ വിളിച്ച് തന്റെ ഇഷ്ടത്തിന് വിരുദ്ധമായി തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത തോക്കുപയോഗിച്ചും ചുറ്റിക ഉപയോഗിച്ചും സൈനികനായ അവളുടെ ഭര്‍ത്താവ് നിരന്തം ഭീഷണിപ്പെടുത്തിയത്രേ. സ്റ്റേ അറ്റ് ഹോം കാരണം അവള്‍ക്ക് പുറത്തു പോകാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അവളുടെ പങ്കാളി ശ്വാസം മുട്ടിച്ചു. കോവിഡ് 19 കാരണം, ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ ജീവിതം നഷ്ടപ്പെടുമെന്ന് അവള്‍ ഭയപ്പെട്ടു. അധിക്ഷേപിക്കുന്ന പങ്കാളിക്കൊപ്പം വീട്ടില്‍ തന്നെ തുടരാന്‍ അവള്‍ നിര്‍ബന്ധിതയായി. എന്നാല്‍, കോവിഡ് 19 കാലത്ത് കേസുകളില്‍ കാര്യമായ കുറവുണ്ടെന്നാണ് താരതമ്യ പഠനങ്ങള്‍ വ്യക്തമാകുന്നത്. മാനസിക സമ്മര്‍ദ്ദം അതിരൂക്ഷമായി തുടരുന്നുവെന്നത് വസ്തുതയാണ്. അതേസമയം പലതും കേസുകളായി മാറുന്നില്ലെന്നതും വലിയൊരു കാര്യമാണ്.

മാര്‍ച്ചില്‍, വൈറസ് പടരുന്നത് തടയുന്നതിനുള്ള നിയന്ത്രണ നടപടികള്‍ വര്‍ദ്ധിച്ചതോടെ, ന്യൂജേഴ്‌സിയിലെ ഗാര്‍ഹിക പീഡന ഹോട്ട്‌ലൈനിന് 209 കോളുകളാണ് ലഭിച്ചത്. ഇത് 2019 മാര്‍ച്ചില്‍ 248 ആയിരുന്നു. അതുപോലെ, 5,117 ശിശു സംരക്ഷണ അല്ലെങ്കില്‍ ശിശുക്ഷേമ കോളുകള്‍ സംസ്ഥാനത്തെ ശിശു ദുരുപയോഗ ഹോട്ട്‌ലൈനിലേക്ക് ഉണ്ടായിരുന്നു മാര്‍ച്ചില്‍, കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് 32% കുറവ്. ഗാര്‍ഹിക പീഡനക്കേസുകള്‍ക്കുള്ള അറസ്റ്റുകളും കുറഞ്ഞു. സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഓഫീസ് നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ക്കുള്ള അറസ്റ്റുകള്‍ മാര്‍ച്ചിലും ഏപ്രിലിലും കുറഞ്ഞു. സാന്‍ഡി ചുഴലിക്കാറ്റും മറ്റ് അടിയന്തരാവസ്ഥകളും പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നതായി ചരിത്രം വ്യക്തമാക്കുന്നു. ചില പഠനങ്ങള്‍ അനുസരിച്ച്, ഒരു ദുരന്തത്തെത്തുടര്‍ന്ന് ഗാര്‍ഹിക പീഡനം 50% വരെ വര്‍ദ്ധിക്കുകയും അതിന്റെ ആഘാതം രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. ഇരകള്‍ക്ക് വുമണ്‍സ്‌പേസ് ഇമെയിലുകള്‍ info@womanspace.orgലേക്ക് അയയ്ക്കാം അല്ലെങ്കില്‍ ഹോട്ട്‌ലൈന്‍ നമ്പര്‍ 6096191888 എന്ന നമ്പറില്‍ ടെക്സ്റ്റ് ചെയ്യുക.

ആമസോണ്‍ കേന്ദ്രം പൂട്ടാന്‍ നിര്‍ദ്ദേശം
കൊറോണ വൈറസ് ബാധിച്ച 30 ലധികം ജീവനക്കാരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ന്യൂജേഴ്‌സി മേയറും ഒരു അഭിഭാഷക ഗ്രൂപ്പും ആമസോണ്‍ വെയര്‍ഹൗസ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുന്നു.

Amazon asked to shutdown
Amazon asked to shutdown

കാര്‍ട്ടററ്റ് ആമസോണ്‍ കേന്ദ്രത്തിലെ 30 ല്‍ അധികം ജീവനക്കാര്‍ കോവിഡ് 19 ന് പോസിറ്റീവായതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണിത്. മിഡില്‍സെക്‌സ് കൗണ്ടി, സംസ്ഥാന ആരോഗ്യ വകുപ്പ് എന്നിവരോട് മേയര്‍ ഡാനിയല്‍ റെയ്മാന്‍ കേന്ദ്രം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടു. എല്ലാ തൊഴിലാളികളെയും പരീക്ഷിച്ച് സൗകര്യം സാധ്യമാകുന്നതുവരെ ശുചിത്വം പാലിക്കാനും നിര്‍ദ്ദേശമുണ്ട്. ഇവിടെ സംരക്ഷണ സാമഗ്രികള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ റെയ്മാന്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷനോട് (ഒഎസ്എച്ച്എ) ആവശ്യപ്പെട്ടു. ‘ജീവനക്കാരെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നതിലൂടെ, ആമസോണ്‍ ഇപ്പോള്‍ മറ്റു പലരുടെയും ജീവന്‍ അപകടത്തിലാക്കിയിട്ടുണ്ട്. ഈ ജീവനക്കാര്‍ ഡ്രോണുകളല്ല, അവര്‍ മനുഷ്യരാണ്, ആമസോണ്‍ അവരോടു കന്നുകാലികളെപ്പോലെയാണ് പെരുമാറുന്നത്.’ മേയര്‍ ഡാനിയല്‍ റെയ്മാന്‍ പറഞ്ഞു.

പോസിറ്റീവ് പരീക്ഷിച്ച ജീവനക്കാരുടെ എണ്ണം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ‘ഞങ്ങള്‍ ആരോഗ്യ ഉദേ്യാഗസ്ഥരില്‍ നിന്നും മെഡിക്കല്‍ വിദഗ്ധരില്‍ നിന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു, ഞങ്ങളുടെ സൈറ്റിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു.’ ആമസോണ്‍ വക്താവ് റേച്ചല്‍ ലൈറ്റി പറഞ്ഞു.

വിലക്കയറ്റം വ്യാപകം, കര്‍ശനനടപടിയുമായി അധികൃതര്‍
പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ന്യൂജേഴ്‌സിയില്‍ വിലക്കയറ്റം വ്യാപകം. ലഭിച്ചത്, നൂറു കണക്കിനു പരാതികള്‍. ഓണ്‍ലൈന്‍ ഡെലിവറി നിലച്ചതോടെ സ്‌റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. ഇതിനെക്കുറിച്ച് കര്‍ശനമായി അന്വേഷിക്കുന്നുണ്ടെന്നും തെളിഞ്ഞാല്‍ വലിയ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാല്‍, വെള്ളം, ടോയ്‌ലെറ്റ് പേപ്പര്‍ എന്നിവയ്ക്കാണ് വലിയ വിലക്കയറ്റമുണ്ടായിരിക്കുന്നത്. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ നിരവധി കടകള്‍ അടച്ചതും ഇതോടെ, സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നുണ്ടോയെന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ അവശ്യസാധനങ്ങള്‍ക്ക് വിലവര്‍ധിപ്പിച്ച് നിയമവിരുദ്ധമായി ലാഭം നേടാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ബിസിനസുകള്‍ക്ക് സംസ്ഥാന ഉപഭോക്തൃ കാര്യവിഭാഗം ഇതിനകം 731 സ്‌റ്റോപ്പ് മെമ്മോകളും 90 ലധികം സമന്‍സുകളും അയച്ചിട്ടുണ്ട്.

‘വിലക്കയറ്റം നിയമത്തിന് വിരുദ്ധമാണ്, ആളുകള്‍ സുരക്ഷിതരായിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന സമയത്ത് അസഹനീയമാണ്,’ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ ഗ്രേവല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള 2,100 വ്യാപാര സ്ഥലങ്ങളില്‍ നിന്ന് 3,600 ല്‍ അധികം പരാതികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. പരാതികളില്‍ ഭൂരിഭാഗവും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ഭക്ഷണം, വെള്ളം, അണുനാശിനി എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഉപഭോക്തൃ കാര്യ വിഭാഗത്തിന്റെ ആക്ടിംഗ് ഡയറക്ടര്‍ പോള്‍ റോഡ്രിഗസ് ജീവനക്കാരോട് ‘ഞങ്ങളുടെ ഓണ്‍ലൈന്‍ പരാതി ഫോം ഉപയോഗിച്ച് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്ന വിലക്കയറ്റവും മറ്റ് ശ്രമങ്ങളും റിപ്പോര്‍ട്ടുചെയ്യാന്‍’ ആവശ്യപ്പെട്ടു. ഈ ഫോം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു.

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ ഡിവിഷന്‍ മൂന്ന് കോടതി ഉത്തരവുകളും 217 സ്‌റ്റോപ്പ് മെമ്മോകളും അയച്ചതായി അധികൃതര്‍ അറിയിച്ചു. വീട്ടിലുണ്ടാക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകളോ വ്യക്തിഗത ടെസ്റ്റ് കിറ്റുകളോ വില്‍ക്കുന്ന ബിസിനസ്സുകളും അന്വേഷകര്‍ പരിശോധിക്കുന്നു. ആമസോണ്‍, ക്രെയ്ഗ്‌സ്‌ലിസ്റ്റ്, ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് അല്ലെങ്കില്‍ മറ്റ് സൈറ്റുകളേക്കാള്‍ നിയമവിരുദ്ധമായി വില ഉയര്‍ത്തിയതിനും സമാന നിയമങ്ങള്‍ ലംഘിച്ചതിനും 40 ഓളം പ്രാദേശിക വ്യാപാരികള്‍ അന്വേഷണനിഴലിലാണെന്ന് ഗ്രെവാളിന്റെ ഓഫീസ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസം ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ വിലക്കയറ്റം നിയമം പ്രാബല്യത്തില്‍ വന്നു. വിലകള്‍ സാധാരണയായി 10 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല, ലംഘനങ്ങള്‍ക്ക് 10,000 ഡോളറോ അതില്‍ കൂടുതലോ പിഴ ഈടാക്കാം.

ടെയ്‌ലര്‍ സ്വിഫ്റ്റ് ഷോ റദ്ദാക്കി
ഇതിനിടെ ലോകപ്രശസ്ത പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് തന്റെ 2020-ലെ എല്ലാ കണ്‍സര്‍ട്ട് ഷോകളും റദ്ദാക്കിയതായി അറിയിച്ചത് ഗാനാസ്വാദകരെ നിരാശരാക്കി. കൊറോണ വൈറസ് പ്രതിസന്ധികള്‍ക്കു ശേഷം ഗായികയുടെ ഷോകള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു സംഗീതലോകം. എല്ലാവരെയും പോലെ താനും ക്വാറന്റൈനില്‍ പോവുകയാണെന്ന് ടെയ്‌ലര്‍ സ്വിഫ്റ്റ് ആരാധകര്‍ക്കായി ട്വിറ്ററില്‍ കുറിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായികയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. ഒരു മില്യണില്‍ തുടങ്ങുന്നു ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഒരു ഷോയ്ക്കുള്ള പ്രതിഫലം.

Taylor Swift
Taylor Swift

ആശ്വാസത്തില്‍ മലയാളി സമൂഹം
കോവിഡ് 19 ന്യൂജേഴ്‌സിയെ സാരമായി ബാധിച്ചു ശ്വാസം മുട്ടിക്കുന്നുണ്ടെങ്കിലും മലയാളി സമൂഹം ആശ്വാസത്തിലാണ്. ക്വാറന്റൈനിലായിരുന്ന പലരും രോഗത്തിന്റെ പിടിയില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെട്ടിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലും ആശയവിനിമയം നടക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കാന്‍ രാപകലില്ലാതെ ഓടിനടക്കുന്നതിനിടയ്ക്കും വിശേഷം ചോദിക്കാനും സുഖമല്ലേയെന്ന് കുശലം ചോദിക്കാനും മലയാളികള്‍ സമയം കണ്ടെത്തുന്നു. കൊറോണ വന്നാലും കൊടുങ്കാറ്റടിച്ചാലും സ്‌നേഹവും കരുതലും ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു.


Print Friendly, PDF & Email

Related News

Leave a Comment