Flash News

ജോസഫിന്റെ തിരുശേഷിപ്പ് (കഥകള്‍): ആസ്വാദനം

April 28, 2020 , ഡോ: നന്ദകുമാര്‍ ചാണയില്‍

josephinteരണ്ടു പതിറ്റാണ്ടുകളിലേറെയായി അമേരിക്കയില്‍ ആയിരുന്നിട്ടും ഇവിടുത്തെ സാഹിത്യലോകത്തിനു അജ്ഞാതനായി കഴിഞ്ഞുകൂടുന്ന ശ്രീ. റഫീഖ് തറയിലിന്റെ “ജോസഫിന്റെ തിരുശേഷിപ്പ്” എന്ന പത്തു കഥകളടങ്ങുന്ന പ്രഥമ കഥാസമാഹാരം ഈയിടെ വായിക്കാനിടയായി. പ്രവാസജീവിതത്തിനിടയ്ക്കു എഴുതിയ ഒരു കൃതിക്ക് ഈയിടെ കേരളസാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ, പ്രവാസി മലയാളികളുടെ അഭിമാനമായ ശ്രീ. എതിരന്‍ കതിരവന്‍ ഈ സമാഹാരത്തിനു ആമുഖം എഴുതിയിരിക്കുന്നു എന്നതും എന്നെ ഈ കൃതിയിലേക്ക് ആകര്‍ഷിച്ചു.

കേരളത്തില്‍ ജനിച്ചു വളര്‍ന്നു ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ റഫീഖ് തറയില്‍ നാട്ടിലെയും ചേക്കേറിയ പ്രവാസ ഭുമിയിലെയും ആനുകാലിക സംഭവങ്ങളും ജീവിത ചുറ്റുപാടുകളും അതിജീവനത്തിനായി പ്രവാസികള്‍ നേരിടുന്ന തത്രപ്പാടുകളും തന്റെ തൂലികയിലൂടെ വരച്ചിടുന്നു. പരന്ന വായനയിലൂടെ ലഭിച്ച അറിവിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ഈ കൃതിയിലുടനീളം കാണാവുന്നതാണ്. ജീവിതത്തെയും ജീവിതസംഘര്ഷങ്ങളെയെയും നിരീക്ഷിക്കുന്ന ഒരെഴുത്തുകാരനുമാത്രമേ വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കാന്‍ പറ്റുന്ന ജീവിതഗന്ധിയായ രചനകള്‍ രചിക്കാനാകുകയുള്ളൂ, അതും കൃത്രിമത്വം കൂടാതെ.

പ്രഥമ കഥയായ “നിഴല്‍പോലെ അവന്‍” എന്നതില്‍ സാഹിത്യലോകത്തെ മോഷണത്തെ കുറിച്ചുള്ള പ്രതിപാദനം ആക്ഷേപഹാസ്യത്തില്‍ സന്നിവേശിപ്പിക്കുന്ന കഥാകൃത്തിന്റെ സാമൂഹ്യപ്രതിബദ്ധതയും രചനാമികവും പ്രശംസനീയമാണ്.

വഴിയില്‍ കണ്ടുമുട്ടി നടന്നുമറഞ്ഞയാള്‍ തീര്‍ച്ചയായും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയ ജോസഫ് ആയിരിക്കണം എന്ന നിഗമനത്തിലൂടെ ജോസഫ് പകുതിയെഴുതി വെച്ച കഥയെടുത്തു വായിക്കുന്ന കൂട്ടുകാരന്റെ ഉപബോധമനസ്സിന്റെ വ്യാപനമാണ് വായനക്കാരനെ ആകാംക്ഷയോടെ വായിപ്പിക്കുന്ന “ജോസഫിന്റെ തിരുശേഷിപ്പ്” എന്ന ശീര്‍ഷക കഥ.

“മുമ്പിലിരിക്കുന്ന അപൂര്‍ണ്ണമായ കഥയിലെ അക്ഷരങ്ങള്‍ എന്നെ നോക്കി പല്ലിളിച്ചു. ഒട്ടേറെ സമസ്യകളുണ്ടതില്‍” എന്ന കഥയിലെ അവസാനവാചകം പ്രതീകാത്മകമാണ്.

“ഫിഫ്ത് അവന്യൂ” എന്ന കഥ അമേരിക്കയിലെ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച സംഭവ്യമായ കഥയാണ്. “മിസ് ഫിറ്റ്” എന്ന കഥയില്‍ മൂന്നാം ലിംഗത്തില്‍ പെട്ട മുസ്ലിം ചെറുപ്പക്കാരന്‍, പിതാവിന്റെ മരണവിവരമറിഞ്ഞു ‘അവന്‍ അവളായി’ നാട്ടിലേക്ക് വരുമ്പോളനുഭവിക്കുന്ന കുടുംബസാമൂഹിക സംഘര്‍ഷങ്ങള്‍ ഹൃദ്യമായ വരികളില്‍ കോറിയിട്ടിരിക്കുന്നു. വടക്കന്‍ മലബാറിലെ മുസ്ലിം സംസാരരീതിയില്‍ കഥപറയുന്ന ശൈലി ഈ കഥയെ ഓജസ്സുള്ളതാക്കി തീര്‍ക്കുന്നു.

“അവസാനത്തെ അധ്യായം” എന്ന കഥയിലെ നായിക ഭര്‍ത്താവിനെ തന്റെ നോവലെഴുത്തിനുള്ള കരുവാക്കുന്നു. കഥയവസാനിക്കുന്നത് വായനക്കാരന് ഒരുപാട് ചോദ്യങ്ങള്‍ ഇട്ടുകൊടുത്തുകൊണ്ടാണ്. കഥയുടെ അവസാനം ഓരോ വായനക്കാരനും തന്നിഷ്ടം പോലെ പൂരിപ്പിക്കാന്‍ അവസരം കൊടുത്തത് കഥയെ വ്യത്യസ്തമാക്കുന്നു.

“തിരശ്ശീലയില്‍ കാണാത്തത്” എന്ന കഥ ടാക്കീസില്‍ കടല വില്‍ക്കുന്ന ദരിദ്രനായ ബാലന്റെയും അവനെ ചുറ്റിപ്പറ്റിയുള്ള ആളുകളുടെയും കഥയാണ്. കഥയുടെ അവസാനം മാത്രമേ ഓര്‍മ്മയില്‍ നിന്നും പെട്ടെന്നുണരുന്ന ആഖ്യാതാവിനെ വായനക്കാരനറിയുന്നുള്ളൂ. മണ്‍മറഞ്ഞുപോയ നമ്മുടെ നാട്ടിന്‍പുറത്തിന്റെ കാഴ്ചകളും നന്മയുള്ള മനുഷ്യരും ഈ കഥയില്‍ ധാരാളമുണ്ട്. ചൂടുള്ള മണലില്‍ വറുക്കുന്ന കടലമണികളുടെ രുചിയും മണവുമുണ്ട് ഈ കഥയ്ക്ക്.

മലയാള സാഹിത്യത്തിനു കിട്ടിയ ഒരപൂര്‍വ്വമുത്തുതന്നെയാണ് “ഒരു മാവിന്റെ ഓര്‍മ്മയ്ക്ക്” എന്ന കഥ. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു മാവിന്റെ കഥയല്ല, ഹൃദയനൊമ്പരം കൊണ്ട് അലയുന്ന ഒരമ്മയുടെ കഥയാണിത്. കായും പൂവും ഉണ്ടാകുന്നതുനോക്കി വെള്ളമൊഴിച്ചു വളര്‍ത്തിയ, പടര്‍ന്നു പന്തലിച്ച മുറ്റത്തെ മാവില്‍ വാവലുകള്‍ മരിച്ചവരുടെ ആത്മാക്കളെപോലെ തൂങ്ങിനില്ക്കുന്ന കാഴ്ച അയല്‍വാസികളില്‍ അലോസരമുണ്ടാക്കുകയും അവരതു വെട്ടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമ്പോള്‍ നിവര്‍ത്തിയില്ലാതെ അതിനു തുനിയുന്ന അമ്മ, മാവു നിന്നിടത്തേക്കു നോക്കി നെടുവീര്‍പ്പിടുന്നത് ഏതൊരു വായനക്കാരനെയും വേദനിപ്പിക്കും.

“മിസ് ഫിറ്റ്”, “തിരശ്ശീലയില്‍ കാണാത്തത്”, “അമേരിക്കന്‍ ഡ്രീംസ്”, “അവസാനത്തെ അധ്യായം” എന്നീ കഥകള്‍ വായിച്ചപ്പോള്‍ എന്റെ സ്മൃതിപഥത്തിലെത്തിയത് ആ ബേപ്പൂര്‍ സുല്‍ത്താനെയാണ്. വീണ്ടുമൊരു പുനര്‍വായന ആവശ്യമാണെന്ന് നമ്മളോട് പറയുന്ന കഥകള്‍.

ഉചിത പദങ്ങളിലൂടെ കഥയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടോകുന്ന രാസവിദ്യ എന്റെ മുന്‍വായനാനുഭവത്തിലില്ല. “ജോസഫിന്റെ തിരുശേഷിപ്പ്” എന്ന കഥാസമാഹാരത്തിലെ കഥകള്‍ എന്നെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ചത് എഴുത്തുകാരന്റെ വിജയം തന്നെ.

വിവേചനപൂര്‍ണവും വിവേകബുദ്ധിയുമാര്‍ന്ന രചനാതീതിയിലുള്ള മികച്ചൊരു സാഹിത്യ സൃഷ്ടിക്കെ വായനക്കാരനില്‍ ആനന്ദാനുഭൂതി ഉളവാക്കാന്‍ സാധിക്കൂ. ജീവിതാനുഭവങ്ങളും ഭാവനാവിലാസവും ഊടും പാവും പോലെ ഇഴചേരുമ്പോഴേ സ്മരണകളില്‍ തങ്ങിനില്‍ക്കുന്ന പ്രമേയവും കഥാസന്ദര്‍ഭങ്ങളും അനുവാചകന് ലഭിക്കുകയുള്ളൂ. വായനക്കാരന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും, സുഗമമായി കഥനം ചെയ്യാനുള്ള കഴിവും കൊണ്ട് തന്റെ കന്നി കഥാസമാഹാരത്തിലൂടെ ശ്രീ. റഫീഖ് തറയില്‍ മലയാളസാഹിത്യത്തില്‍ സാന്നിദ്ധ്യമറിയിച്ചിരിക്കുന്നു.

സാധാരണക്കാര്‍ക്ക് സുപരിചിതമല്ലാത്ത പദങ്ങള്‍ക്ക് ടിപ്പണി ചേര്‍ക്കുന്നത് നന്നായിരിക്കും. ഉദാ: ‘കുലാവി,’ ‘ബ്രോക്ക,’ ‘മക്കന.’

ഇനിയും ഈടുറ്റ കൃതികളിലൂടെ കൈരളിയെ ധന്യമാക്കാന്‍ സര്‍ഗ്ഗശേഷിയുള്ള ഈ എഴുത്തുകാരന് സാധിക്കുമാറാകട്ടെ എന്ന ശുഭകാമനയോടെ ഈ ആസ്വാദനത്തിനു വിരാമമിടുന്നു.

പൂര്‍ണ്ണ പുബ്ലിക്കേഷന്‍സ് പുറത്തിറക്കിയ കഥാസമാഹാരം
വില: 165/രൂപ.
പുസ്തകം ആമസോണിലും ലഭ്യമാണ്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top