കൊല്ലം: കാമുകിയെ കൊന്ന് വെട്ടി നുറുക്കി കുഴിച്ചുമൂടിയ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശി സുചിത്രാ പിള്ളയെയാണ് (42) സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭര്‍ത്താവും കോഴിക്കോട് സ്വദേശിയുമായ പ്രശാന്ത് കൊലപ്പെടുത്തിയത്. ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. തന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന സുചിത്രയുടെ മോഹമാണ് അവരെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശാന്ത് പൊലീസിനോട് പറഞ്ഞു.
പ്രശാന്തും സുചിത്രയും തമ്മില്‍ പ്രണയത്തിലായിരുന്നു. പാലക്കാട്ടെ പ്രശാന്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് സുചിത്ര അയാളോട് ആവശ്യപ്പെട്ടിരുന്നു. സുചിത്രയുടെ ആവശ്യം നടപ്പിലാക്കാന്‍ പ്രശാന്ത് സ്വന്തം അച്ഛനെയും അമ്മയെയും കോഴിക്കോട്ടേയ്ക്ക് അയക്കുകയും ഭാര്യയെ കൊല്ലത്തെ വീട്ടിലാക്കുകയും ചെയ്തു. അതിന് ശേഷം കൊല്ലത്തുള്ള സുചിത്രയുമായി പ്രശാന്ത് പാലക്കാട്ടെ വീട്ടിലെത്തി. ഇവിടെ മൂന്ന് ദിവസം ഇരുവരും ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
തനിക്ക് അമ്മയാകാന്‍ മോഹമുണ്ടെന്നും പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും സുചിത്ര, പ്രശാന്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രശാന്ത് ഇത് അംഗീകരിച്ചില്ല. തര്‍ക്കം മൂത്തപ്പോള്‍ ബെഡ് റൂമിലുണ്ടായിരുന്ന ടേബിള്‍ ലാബിന്റെ കേബിള്‍ സുചിത്രയുടെ കഴുത്തില്‍ മുറുക്കി പ്രശാന്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കത്തിക്കാന്‍ തീരുമാനിച്ചു. സുചിത്രയുടെ കാലും കയ്യും പ്രശാന്ത് മുറിച്ച് മാറ്റി. വീട്ടിന് പുറകിലെ വയലില്‍ കൊണ്ടുപോയി കത്തിക്കാനും ശ്രമിച്ചു. എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്തിയില്ല. ഇതോടെ കുഴിയെടുത്ത് ബാക്കി ഭാഗമെല്ലാം അതിലിട്ട് മുടുകയായിരുന്നു.
കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യന് പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാര്‍ച്ച് 17ന് പതിവ് പോലെ വീട്ടില്‍ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് സുചിത്ര പോയി. അന്ന് വൈകിട്ട് നാല് മണിയ്ക്ക് തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്നും പറഞ്ഞ് സ്ഥാപന ഉടമയ്ക്ക് മെയില്‍ അയച്ചു. ഉടമ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് സുചിത്ര അവിടെ നിന്നും ഇറങ്ങി. പതിനെട്ടിന് വീണ്ടും ഉടമയ്ക്ക് മെയില്‍ വഴി 5 ദിവസത്തെ അവധി കൂടി വേണമെന്ന് സുചിത്ര അറിയിച്ചു. പിന്നീട് ഒരു വിവരവുമില്ലായിരുന്നുവെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറയുന്നു.
എറണാകുളത്ത് ക്ലാസ് എടുക്കാന്‍ പോകുന്നെന്നാണ് സുചിത്ര വീട്ടില്‍ അറിയിച്ചത്. രണ്ട് ദിവസം വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് ഒരു വിവരവുമില്ലാതെ വന്നതോടെ ബന്ധുക്കള്‍ പാര്‍ലറില്‍ കാര്യങ്ങള്‍ തിരക്കി. തങ്ങള്‍ക്കും ഒരു വിവരവുമില്ലെന്ന് പാര്‍ലര്‍ ഉടമ മൊഴി നല്‍കിയതോടെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സുചിത്രയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പാലക്കാട്ടെ വാടക വീട്ടിന് സമീപത്ത് കുഴിച്ച് മൂടിയ നിലയില്‍ പൊലീസ് കണ്ടെത്തി. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രശാന്ത് ഇപ്പോള്‍ ഇവരുടെ കസ്റ്റഡിയിലാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply