Flash News

ജോസഫ് പടന്നമാക്കല്‍ – സാഹിത്യലോകത്തെ മിന്നും താരം (ഒരു അനുസ്മരണം): എ.സി. ജോര്‍ജ്ജ്

April 29, 2020

Joseph padannamakkal anusmaranam bannerശ്രീ. ജോസഫ് പടന്നമാക്കല്‍ അമേരിക്കന്‍ മലയാള എഴുത്തു സാഹിത്യ നഭോമണ്ഡലത്തിലെ ഒരു മിന്നും താരമാണ്. അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ ലോകത്തു സ്വന്തം കൈയ്യൊപ്പു പതിയാത്ത മേഖലകളില്ല. മതം, ശാസ്ത്രം, സാഹിത്യം, സാങ്കേതികം, നിയമം, യുക്തി, സാമൂഹ്യം, സാംസ്കാരികം, രാഷ്ട്രീയം, ചരിത്രം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ വളരെയധികം റിസേര്‍ച്ച് ചെയ്ത് ഈടുറ്റ ലേഖനങ്ങള്‍ വളരെ ലളിതമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതി വന്നിരുന്നു. ഭാഷാശുദ്ധിയിലും ഘടനയിലും ലാളിത്യത്തിലും ആധികാരികതയിലും വളരെയധികം മികച്ചതായിരുന്നു ജോസഫിന്‍റെ ലേഖനങ്ങള്‍.

അദ്ദേഹത്തിന്‍റെ ലേഖനത്തിലെ കൃത്യതയും വസ്തുനിഷ്ഠവുമായ സമീപനങ്ങള്‍ കാണുമ്പോള്‍ ഇദ്ദേഹം ഒരു സഞ്ചരിക്കുന്ന ‘സര്‍വ്വവിജ്ഞാനകോശം’ ആണോയെന്ന് തോന്നിയിട്ടുണ്ട്. ഏതു അറുബോറന്‍ വിഷയവും വായനക്കാരേയും അനുവാചകരേയും തുടക്കം മുതല്‍ അവസാനം വരെ പിടിച്ചിരുത്താന്‍ പര്യാപ്തമായ ഒരു അയത്ന ലളിതമായ ഭാഷാ വൈദഗ്ദ്ധ്യം അദ്ദേഹത്തിന്‍റെ മുഖമുദ്രയായിരുന്നു. കഥകളോ, കവിതകളോ ആയിരിക്കുകയില്ല മറിച്ച് ഈടുറ്റ ലേഖന പരമ്പരകള്‍ തന്നെയായിരുന്നു ശ്രീ. ജോസഫിന്‍റെ സാഹിത്യ എഴുത്ത് മേഖല. യാതൊരുവിധ ചരടുകളോ വേര്‍തിരിവോ ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകനും നിര്‍ഭയനുമായ ശ്രീ. ജോസഫ് എന്നും ജനപക്ഷത്തു തന്നെയായിരുന്നു നിലയുറപ്പിച്ചത്. പഴയ എഴുത്തുകാരേയും പുതിയഎഴുത്തുകാരേയും എന്നും അദ്ദേഹം അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

A C george

എ.സി. ജോര്‍ജ്ജ്

അതിപ്രഗത്ഭനായ ഈ അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍റെ അമേരിക്കന്‍ കുടിയേറ്റത്തിന്‍റെ ലഘുവായ ചരിത്രാവലോകനം ഇവിടെ നടത്തുന്നത് ഉചിതമാണെന്ന് കരുതുന്നു. കേരളത്തിലെ കാഞ്ഞിരപ്പിള്ളി സ്വദേശിയായ ശ്രീ. ജോസഫ് പടന്നമാക്കല്‍ ഈരാറ്റുപേട്ട സ്വദേശിയായ റോസക്കുട്ടിയെ 1973-ല്‍ വിവാഹം കഴിച്ചു. 1974-ല്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയിലുള്ള ന്യൂറോഷലില്‍ കുടിയേറി താമസമാരംഭിച്ചു. അന്നു മലയാളി കുടിയേറ്റക്കാര്‍ കുറവ്. ഇന്ത്യയില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി. വാട്ടര്‍ഗെയ്റ്റ് എപിസോഡില്‍പെട്ട് റിച്ചാര്‍ഡ് നിക്സണ്‍ രാജിവച്ച്, വൈസ് പ്രസിഡന്‍റ് ജെറാള്‍ഡ് ഫോര്‍ഡ് അമേരിക്കന്‍ പ്രസിഡന്‍റായി ചാര്‍ജ്ജെടുത്ത നാളുകളായിരുന്നു അത്.

അധികം താമസിയാതെ ജോസഫ് പടന്നമാക്കലിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ പബ്ലിക് ലൈബ്രറിയില്‍ ദക്ഷിണേന്ത്യന്‍ ഭാഷാ സ്പെഷ്യലിസ്റ്റ് കാറ്റലോഗറായി ഔദ്യോഗിക ജോലി കിട്ടി. അതോടെ അദ്ദേഹത്തിന്‍റെ വായനയുടേയും റിസേര്‍ച്ചിന്‍റെയും ചിന്തയുടേയും വിജ്ഞാനത്തിന്‍റെയും വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയായിരുന്നു. അക്കാലത്ത് അമേരിക്കയില്‍ നിന്നിറങ്ങുന്ന മലയാള മാധ്യമങ്ങള്‍ തുലോം വിരളം. അക്കാലത്ത് ഒരു മാധ്യമങ്ങളില്‍ പോലും അദ്ദേഹം ഒന്നും തന്നെ എഴുതിയിരുന്നില്ല. എന്നാല്‍ വായനയിലുടേയും റിസേര്‍ച്ചിലൂടെയും അദ്ദേഹത്തിന്‍റെ മനസ്സിലെ സര്‍വ്വവിജ്ഞാനകോശം വളര്‍ന്നു വികസിച്ചുകൊണ്ടിരുന്നു.

1975-ലാണ് ഈ ലേഖകന്‍ ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയിലെ വൈറ്റ് പ്ലെയ്ന്‍സില്‍ കുടിയേറി താമസമാക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് കുറെ നാളുകള്‍ക്കു ശേഷമാണ്. ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി സംഘടനയായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍റെ ഒരു ഓണാഘോഷ പരിപാടിയില്‍ വച്ചാണ് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍റെ ‘ഭരണഘടന രചയിതാവും ആദ്യത്തെ സെക്രട്ടറിയും ശ്രീ. ജോസഫ് പടന്നമാക്കലായിരുന്നു.

4-late Joseph Padannamakkal-picture 2

ജോസഫ് പടന്നമാക്കല്‍

ഏതാണ്ട് രണ്ട് വര്‍ഷത്തിനുശേഷം അദ്ദേഹം വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍റെ സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയെങ്കിലും സംഘടനയുടെ മിക്ക പരിപാടികളിലും വരികയും സംബന്ധിക്കുകയും ചെയ്തിരുന്നു. ഈ ലേഖകന്‍ ഉള്‍പ്പെടെ അനേകം പുതുമുഖങ്ങള്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍റെ വിവിധ ഭാരവാഹികളായി രംഗത്തു വന്നു. ഇന്ന് ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ 46 പ്രവര്‍ത്തന വര്‍ഷത്തിന്‍റെ മികവിലാണ്. ഞാന്‍ ഇന്നും ഓര്‍ക്കുന്നു വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍റെ ആരംഭകാല ദശകത്തില്‍ ശ്രീ. ജോസഫിന്‍റെ ബാലിക ജിജി ജോസഫ് (ഇന്നത്തെ ഡോ. ജിജി ജോസഫ്) ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരങ്ങളില്‍ അനേകം ഒന്നാം പാരിതോഷികങ്ങള്‍ വാരിക്കൂട്ടുക പതിവായിരുന്നു. കുമാരി ജിജിയുടെ സ്പീച്ച് റൈറ്റര്‍ പിതാവായ ജോസഫ് പടന്നമാക്കലായിരുന്നു. അതുപോലെ ന്യൂറോഷലിലെ ഗ്ലെന്‍ ഐലന്‍റ് പാര്‍ക്കിലും, വൈറ്റ് പ്ലെയ്ന്‍സിലെ മേസീസ് പാര്‍ക്കിലും പ്ലസന്‍റ് വില്ലിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പാര്‍ക്കിലും സംഘടിപ്പിച്ച ഒട്ടേറെ ഓട്ട (റെയിസ്) മത്സരങ്ങളിലും ശ്രീ. പടന്നമാക്കലിന്‍റെ ധര്‍മ്മ പത്നി ശ്രീമതി റോസക്കുട്ടി ജോസഫ് ട്രോഫികള്‍ കരസ്ഥമാക്കുക പതിവു തന്നെയായിരുന്നു. എല്ലാറ്റിനും പുറകില്‍ ശ്രീ. ജോസഫ് പടന്നമാക്കലിന്‍റെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷമാണ് അദ്ദേഹം റോക്ക്‌ലാന്റ് കൗണ്ടിയിലെ വാലികോട്ടേജ് എന്ന സ്ഥലത്തേക്ക് താമസം മാറ്റിയത്. അതോടെ വിശ്രമവും കൂടുതല്‍ ചിന്തയും അപഗ്രഥനവും എഴുത്തിന്‍റെ മേഖലയിലേക്ക് അരയും തലയും മുറുക്കി ചാടിയിറങ്ങി. അധികം താമസിയാതെ അദ്ദേഹം ഇവിടുത്തെ എഴുത്തിന്‍റെ മേഖയില്‍ ഒരു മുടിചൂടാ മന്നന്‍ തന്നെയായി മാറുകയായിരുന്നു. എങ്കിലും എപ്പോഴും അദ്ദേഹം വളരെയധികം വിനയാന്വിതനായിരുന്നു. എപ്പോഴും അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണെന്ന് പറയാറുണ്ടായിരുന്നു. അതിനൊപ്പം തന്നെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിലെ അഴിമതികള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും മുതലെടുപ്പുകള്‍ക്കുമെതിരെ അദ്ദേഹം ശക്തമായിഎഴുതി തൂലിക പടവാളാക്കി. കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ, കെ.സി.ആര്‍.എം.എന്‍.എ. തുടങ്ങിയ സംഘടനകള്‍ നടത്തുന്ന ടെലികോണ്‍ഫറന്‍സുകളില്‍ യാതൊരു അപശബ്ദവും പുറപ്പെടുവിക്കാതെ പരാതികളില്ലാതെ വളരെ അച്ചടക്കത്തോടെ പങ്കെടുക്കുന്നത് ഈ ലേഖകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

അവസാനമായി അദ്ദേഹം എഴുതിയലേഖനം കോവിഡ്- 19 എന്ന മഹാമാരിയെക്കുറിച്ചും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന്‍റെ തനതായ ശൈലിയില്‍ വിശദമായിട്ടെഴുതി. നിര്‍ഭാഗ്യമെന്നു പറയട്ടെ കോവിഡ് എന്ന ലോകമഹാമാരി അദ്ദേഹത്തേയും കീഴടക്കി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്‍റെ വേര്‍പാട് വായനക്കാര്‍ക്ക്, ഇവിടത്തെ എഴുത്തുകാര്‍ക്ക്, സാഹിത്യകാരന്മാര്‍ക്ക് ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ ദീര്‍ഘകാല സുഹൃത്തായ ഈ ലേഖകന്‍ തേങ്ങലോടെ, കണ്ണീര്‍കണങ്ങളോടെ, അദ്ദേഹത്തിന്‍റെ പാവനസ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top