ഫൊക്കാന കണ്‍വെന്‍ഷന്‍ മാറ്റിവച്ചു, പുതിയ തീയതി പ്രഖ്യാപനം ജൂണില്‍

MBNന്യൂയോര്‍ക്ക് : ലോകമെങ്ങും കോവിഡ് 19 ഭീതി പടര്‍ത്തുന്ന ഈ സാഹചര്യത്തില്‍ കണ്‍വെന്‍ഷന്‍ നടപടികള്‍ തത്കാലം മാറ്റിവച്ച് ജനോപകാര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാന്‍ ഫൊക്കാന കേന്ദ്ര നേതൃത്വം തീരുമാനിച്ചതായി പ്രസിഡന്‍റ് മാധവന്‍ നായര്‍ അറിയിച്ചു. 2020 ജൂലൈ 9 മുതല്‍ 12 വരെ ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റി ബാലീ റിസോര്‍ട്ടിലായിരുന്നു കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ലോക് ഡൗണ്‍, യാത്രാവിലക്കുകള്‍, സാമൂഹിക അകലം പാലിക്കല്‍ നിബന്ധനകള്‍ എന്നിവ പരിഗണിച്ച് കണ്‍വെന്‍ഷന്‍ തീയതി നീട്ടിവയ്ക്കാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി, ബോര്‍ഡ് ഓഫ് ട്രസ്റ്റി, കണ്‍വെന്‍ഷന്‍ കമ്മിറ്റി എന്നിവയുടെ ഏപ്രില്‍ 30ന് ചേര്‍ന്ന സംയുക്ത യോഗം ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു. പുതിയ തീയതി സാമൂഹ്യ സാഹചര്യം അനൂകൂലമാകുന്നതിനനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളും ഫൊക്കാന പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തിവരികയാണ് . അത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

മാറിവരുന്ന സാഹചര്യങ്ങള്‍ അവലോകനം ചെയ്ത് നടപടികള്‍ കൈക്കൊള്ളുതിനായി പ്രസിഡന്‍റ് ബി. മാധവന്‍നായര്‍, സെക്രട്ടറി ടോമി കൊക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്‍റണി, ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍, കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളി, ബോര്‍ഡ് അഡ്വൈസര്‍ ടി എസ്. ചാക്കോ എന്നിവരടങ്ങുന്ന ഏഴംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.

പുതിയ കണ്‍വെന്‍ഷന്‍ തീയതി ജൂണില്‍ കൂടുന്ന ഫൊക്കാന കമ്മിറ്റി മീറ്റിംഗിനുശേഷം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് മാധവന്‍ നായര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News