സംഭവാമി യുഗേ യുഗേ! (കവിത)

Sambhavami yuge yuge bannerദൃഷ്ടി ഗോചരമല്ലാ, ത്തണുവീ പ്രപഞ്ചത്തിന്‍
സൃഷ്ടി, സ്ഥിതി, ലയാദി, താളമേയുലച്ചല്ലോ!
അണുവായുധങ്ങളില്‍, മുമ്പരാം രാജ്യങ്ങളീ
അണുവിന്‍ മുന്നില്‍, കഷ്ടം, തോല്‍വി സമ്മതിച്ചല്ലോ!

ഓടിക്കൊണ്ടിരുന്നൊരാ, ലോകരാഷ്ട്രങ്ങള്‍ സര്‍വ്വം
ഓട്ടമേ നിലച്ചിതാ, നിശ്ചലം നിമിഷത്തില്‍!
വാണിജ്യം,വ്യവസായം, വാഹനം, ഗതാഗതം
വാര്‍ത്താ വിനിമയവും, സര്‍വ്വവും നിലച്ചല്ലോ!

പരിരംഭനങ്ങളും, ഹസ്ത ഹസ്തദാനവും, പിന്നെ
പതിവായിരുന്നോരാ, ചുംബനങ്ങളും നിന്നു!
തിരക്കു കൂട്ടുന്നോരാ പ്രകൃതം പാടേ നിന്നു
നില്‍ക്കുമ്പോള്‍ സുരക്ഷിത ദൂരവും പാലിക്കുന്നു!

മുന്‍ കരുതലെന്ന പോല്‍, പുറത്തു പോകുന്നേരം
മുഖം മൂടിയുമിന്നു, നിര്‍ബന്ധ പഴക്കമായ്!
സമ്പര്‍ക്കം, മുഖാമുഖ സംവാദം കുറയ്ക്കുവാന്‍
സര്‍വ്വര്‍ക്കും സ്വയം വേണ്ട, പരിശീലനമായി!

കരങ്ങള്‍ ഗ്രഹിക്കുന്ന സമ്പ്രദായമേ മാറി
അറിയാതല്ലോ കൈകള്‍ കൂപ്പു കൈകളാകുന്നു!
അധിക മാര്‍ക്കുമില്ല, സംവദിക്കുവാനിഷ്ടം
അതിവേഗത്തില്‍ത്തന്നെ, ഉപസംഹരിക്കുന്നു!

സുരക്ഷാ ബോധമിപ്പോള്‍, മെച്ചമാണാദ്യത്തേക്കാള്‍
ശുചിത്വ ബോധം ക്ഷമാ, ശീലവും വര്‍ദ്ധിച്ചല്ലോ!
പണത്തേക്കാളും മുഖ്യം, മനുഷ്യനെന്ന ചിന്ത
പണ്ടത്തേക്കാളുമിപ്പോള്‍, പ്രബലമാകുന്നല്ലോ!

കുത്തഴിഞ്ഞുലഞ്ഞൊരു, പുസ്തകം പോലായൊരാ
മര്‍ത്ത്യ ജീവിതത്തിനി, ന്നെന്തൊരു വ്യതിയാനം!
ഹൃസ്വമാം കാലം കൊണ്ടു, പഠിച്ചു പാഠങ്ങള്‍ നാം
‘നിസ്വരെന്നതുപോലെ, നിസ്സഹായരുമൊപ്പം’!

ജാതി ചിന്തകളില്ല, മതഭേദവുമില്ല
അര്‍ത്ഥ വ്യതാസമില്ല, പുംസ്ത്രീ ഭേദവുമില്ല!
അണുവിനെല്ലാവരും, തുല്യരാണിക്കാര്യത്തില്‍
അതുപോലിതിനില്ല, സമയ ഭേദങ്ങളും!

അമിത സംസര്‍ഗ്ഗത്താല്‍, അധിക സമ്പര്‍ക്കത്താല്‍
ആത്മ നാശത്തിനതു,ഹേതുവായിടാം നാളെ!
ആത്മീയം വളരുമ്പോള്‍,തനിയെ അജ്ഞാനത്തിന്‍
വാല്മീകമല്‍പ്പാല്‍പ്പമായ്, കുറയുമില്ലാതാകും!

ഓതിനാനൊരു മഹാജ്ഞാനി പണ്ടൊരു കാലം
‘ഓരോ നിമിഷമോരോ,അക്രമി പിറക്കുന്നു’!
അധര്‍മ്മം പെരുകുന്നു, മൂല്യച്യുതിയുമൊപ്പം
അഖില ലോകത്തിലും, അസ്വസ്ഥരെല്ലാവരും!

സത്യമാകുന്നു ശ്രീമദ് ഭാഗവതത്തില്‍ വ്യാസന്‍
കൃത്യമായ് പ്രവചിച്ച, തത്രയു മീയുഗത്തില്‍!
അവതാരങ്ങള്‍ക്കോരോ, ലക്ഷ്യമുണ്ടതിന്‍ പിന്നില്‍
അധര്‍മ്മങ്ങളില്‍ നിന്നീ, ലോകത്തെ രക്ഷിക്കുവാന്‍!

നന്മയുണ്ടെല്ലാത്തിലുമെന്നു വിശ്വസിക്കുകില്‍
നന്മ താന്‍ മനസ്സുപോല്‍ ഭവിക്കും വരും കാലം!
‘സുഖമാവട്ടെയതു ദുഖമാവട്ടെ,യതു
സ്ഥിരമല്ലൊന്നും തന്നെ, തനിയെ കടന്നു പോം’!

ഭക്തരേ, ഒരു കാര്യം ഓര്‍മ്മയിലിരിക്കട്ടെ
ഭക്തരെ ജഗദീശന്‍, കൈവിടില്ലൊരിക്കലും!
ഭക്തവത്സലനാകു മീശനെ പ്രീണിച്ചിടാം
ഭക്തിയൊന്നു താന്‍ നമുക്കാശ്വാസ മെല്ലായ്‌പ്പോഴും!

സൂക്ഷ്മ രൂപിയാകുമീ, അണുവും ഭഗവാന്‍റെ
സശ്രദ്ധമെടുത്തതാം,അവതാരവുമാകാം!
ഭഗവാന്‍ ചൊല്ലുന്നില്ലേ,ഭഗവദ് ഗീതയില്‍ “ഞാന്‍
യുഗങ്ങള്‍ തോറും വരും, ധര്‍മ്മ സംസ്ഥാപനാര്‍ദ്ധം”!

“യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ ഭവതി ഭാരത
അഭ്യൂത്ഥാന മധര്‍മ്മസ്യ തദാത്മാനം സുജാമ്യഹം!
പരിത്രാണായ സാധൂനാം വിനാശയ ചദുഷ്കൃതാ
ധര്‍മ്മ സംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ”!
——————-

ശ്രീമദ് ഭഗവദ് ഗീത അദ്ധ്യായം 4, ശ്ലോകം 7, 8
ജ്ഞാന കര്‍മ്മ സന്യാസ യോഗം.

– “അല്ലയോ ഭാരത, ധര്‍മ്മത്തിന് അധഃപതനവും അധര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുമ്പോഴെല്ലാം ഞാന്‍ സ്വയം ശരീരം സ്വീകരിക്കുന്നു.”

– “ഇങ്ങനെ യുഗം തോറും, സാധുക്കളുടെ സംരക്ഷണത്തിനും, ദുഷ്ടന്മാരുടെ നാശത്തിനും ധര്‍മ്മം ലോകത്തില്‍ ഉറപ്പിക്കുന്നതിനും അതാതു കാലങ്ങളില്‍ ഞാന്‍ ആവിര്‍ഭവിക്കുന്നു”!


Print Friendly, PDF & Email

Related News

Leave a Comment