- Malayalam Daily News - https://www.malayalamdailynews.com -

ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, പാര്‍ക്കുകള്‍ ഇന്നു തുറക്കുന്നു, സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു, ന്യൂജേഴ്‌സി ശാന്തം

5-2 bannerന്യൂജേഴ്‌സി: കൊറോണ വൈറസിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒന്‍പത് ആഴ്ചകള്‍ കഴിഞ്ഞതോടെ ന്യൂജേഴ്‌സി ശാന്തമായി തുടങ്ങുന്നതിന്റെ ആദ്യ സൂചനകള്‍ പ്രകടമാവുന്നു. മരണനിരക്കിനേക്കാള്‍ കൂടുതല്‍ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗികളില്‍ വര്‍ധനവ്. ഇന്നലെ ഫലം വന്നതില്‍ 2,651 പോസിറ്റീവ് കേസുകള്‍ ഉണ്ടായപ്പോള്‍ സംസ്ഥാനത്തൊട്ടാകെ 311 മരണങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചു. ഇതുവരെയാകെ 121,190 കേസുകളും 7,538 മരണങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊറോണ വൈറസ് രോഗികളില്‍ 1,724 പേര്‍ ഗുരുതര അല്ലെങ്കില്‍ തീവ്രപരിചരണത്തിലാണ്. 1,286 പേര്‍ വെന്റിലേറ്ററുകളിലാണെന്നും സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജൂഡിത്ത് പെര്‍സില്ലി പറഞ്ഞു.

രാജ്യത്തിന്റെ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ സംസ്ഥാനത്തുടനീളം ആശുപത്രികളില്‍ പ്രവേശനം കുറയുന്നുണ്ടെന്നും ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. താമസക്കാര്‍ വീട്ടിലിരുന്ന് ഉത്തരവുകള്‍ പാലിക്കുകയും വ്യാപകമായ തൊഴിലില്ലായ്മയും ബിസിനസ്സ് അടച്ചുപൂട്ടലുകളും നേരിടുകയും ചെയ്യുന്നതിനിടയിലാണ് പകര്‍ച്ചവ്യാധിയുടെ കുതിച്ചുകയറ്റത്തിന് അറുതിയുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ന്യൂജേഴ്‌സിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൊത്തം രോഗികളുടെ എണ്ണം കുറഞ്ഞത് ശുഭസൂചനയായി സംസ്ഥാന ആരോഗ്യ വകുപ്പും കാണുന്നു. ഏതാനും സൗത്ത് കൗണ്ടികള്‍ ഇപ്പോഴും വൈറസ് വ്യാപനമുണ്ടെന്നും മര്‍ഫി കൂട്ടിച്ചേര്‍ത്തു. പാര്‍ക്കുകളും കോഴ്‌സുകളും നിയന്ത്രണങ്ങളോടെ വീണ്ടും തുറക്കും, കൂടാതെ താമസക്കാര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. സന്ദര്‍ശകര്‍ ഉത്തരവുകള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അവ വീണ്ടും അടയ്ക്കാമെന്ന് ഗവര്‍ണര്‍ മര്‍ഫി മുന്നറിയിപ്പ് നല്‍കി. ഇത് എങ്ങനെ പോകുന്നുവെന്ന് നിരീക്ഷിക്കാന്‍ ഈ വാരാന്ത്യത്തില്‍ പാര്‍ക്കുകളില്‍ കാര്യമായ പോലീസ് സാന്നിധ്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രികള്‍ക്ക് കൂടുതല്‍ ധനസഹായം
കൊറോണ വൈറസിന്റെ പ്രധാന ഹോട്ട് സ്‌പോട്ടുകളിലൊന്നായ ന്യൂജേഴ്‌സിയിലെ ആശുപത്രികള്‍ക്ക് കൂടുതല്‍ ധനസഹായം. സംസ്ഥാന ആശുപത്രികള്‍ക്കായുള്ള ഫെഡറല്‍ ഫണ്ടിന്റെ ഏറ്റവും പുതിയ റൗണ്ടിലാണിത്. 53 ന്യൂജേഴ്‌സി ആശുപത്രികള്‍ക്ക് യുഎസ് ആരോഗ്യസേവന വകുപ്പ് 1.7 ബില്യണ്‍ ഡോളര്‍ നല്‍കി. 100 കോവിഡ് 19 കേസുകളുള്ള 395 ആശുപത്രികള്‍ക്ക് 12 ബില്യണ്‍ ഡോളറും അനുവദിച്ചു. കൊറോണ വൈറസ് ബാധിച്ച 184,000 അമേരിക്കക്കാരില്‍ 70 ശതമാനത്തിലധികം പേര്‍ക്ക് ഈ ആശുപത്രികള്‍ ചികിത്സ നല്‍കി. ‘ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം ആവശ്യമുള്ള അമേരിക്കക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ ശ്രമമാണിത്,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പറഞ്ഞു. ന്യൂയോര്‍ക്കിന് തൊട്ടുപിന്നിലായി ആശുപത്രി ഫണ്ടിന്റെ പകുതി ന്യൂജേഴ്‌സിക്കു ലഭിച്ചു, അതായത് 5 ബില്യണ്‍ ഡോളര്‍. മറ്റൊരു 2 ബില്യണ്‍ ഡോളര്‍ ആശുപത്രികളിലെ മെഡി കെയര്‍, മെഡിക്ക് എയ്ഡ്, പരിചരണം എന്നിവയ്ക്കായി ലഭിച്ച പേയ്‌മെന്റിന്റെ അടിസ്ഥാനത്തിലാണ്. ഈ വിഹിതത്തിന്റെ 137.7 മില്യണ്‍ ഡോളര്‍ ന്യൂജേഴ്‌സിക്ക് ലഭിച്ചു. 2 ട്രില്യണ്‍ ഡോളര്‍ ഉത്തേജക പാക്കേജില്‍ നിന്ന് ആശുപത്രികള്‍ക്ക് 100 ബില്യണ്‍ ഡോളറാണ് മാറ്റിവച്ചിരുന്നത്.

പോസ്റ്റല്‍ ജീവനക്കാരെ മറക്കരുതേ
അമേരിക്കക്കാര്‍ രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ വീട്ടില്‍ അഭയം പ്രാപിക്കുമ്പോള്‍, യുഎസ് തപാല്‍ സേവനം അവരുടെ ജീവിതത്തില്‍ പ്രത്യേക പ്രാധാന്യം നേടി. തപാല്‍ ജീവനക്കാര്‍ ഒരു ദിവസം പോലും മുടങ്ങാതെ, ആവശ്യക്കാര്‍ക്ക് മരുന്നുകളും ടോയ്‌ലറ്ററികളും വിതരണം ചെയ്യുന്നു; മെയില്‍ വഴി വോട്ടുചെയ്യാന്‍ അനുവദിക്കുന്ന സംസ്ഥാനങ്ങളില്‍ അവ ജനാധിപത്യ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി യുഎസ്പിഎസിന് കനത്ത പ്രഹരമാണ്, അതിനിടയിലാണ് മുന്‍നിര പ്രവര്‍ത്തകരെ പോലെ ഇവര്‍ ജോലി നോക്കുന്നത്. എന്നാല്‍ അടുത്തിടെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പായ്ക്കില്‍ 600,000ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന യുഎസ്പിഎസിന് ഒന്നുമില്ല. നൂറു കണക്കിനു മലയാളികള്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവരൊക്കെയും ഒരു ദിവസം പോലും മുടക്കം വരാതെ ഇവിടെ ജോലി നിര്‍വഹിക്കുന്നു.

United States Postal Service 3പകര്‍ച്ചവ്യാധി യുഎസ്പിഎസിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, തപാല്‍ സേവനം വളരെക്കാലമായി ദുര്‍ബലമാണ്. യാഥാസ്ഥിതികരെ സംബന്ധിച്ചിടത്തോളം, ഇത് സര്‍ക്കാരിനു ബാധ്യതയാവുന്ന ഒരു സേവനമാണെങ്കില്‍ കൂടി അവരത് ആഗ്രഹിക്കുന്നു. കൂടാതെ ചിലര്‍ അതിന്റെ സ്വകാര്യവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നു. റിട്ടയര്‍മെന്റ് ആരോഗ്യ ആനുകൂല്യങ്ങള്‍ മുന്‍കൂട്ടി നല്‍കുന്നതിന് തപാല്‍ സേവനം ആവശ്യപ്പെടുന്ന 2006 ലെ നിയമം കൂടുതല്‍ സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചു. യുഎസ്പിഎസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന കിംവദന്തി പടരാന്‍ തുടങ്ങിയിട്ട് നാളുകളായി. അതു കൊണ്ടുതന്നെ ഈ വിഭാഗത്തിലേക്ക് യാതൊരു വിധ ആനുകൂല്യങ്ങളും കൊറോണകാലത്തും ലഭിക്കുന്നില്ല. പക്ഷേ, നിശബ്ദമായി യാതൊരു പരാതിയുമില്ലാതെ അവര്‍ ജോലി ചെയ്യുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് തൊഴിലാളികള്‍ക്കും തപാല്‍ സേവനത്തെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കും ഒരു ദുരന്തമായിരിക്കും.
അമേരിക്കന്‍ പോസ്റ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എപിഡബ്ല്യുയു) ഏകദേശം 200,000 തപാല്‍ സേവന തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു. യൂണിയന്‍ പ്രസിഡന്റ് മാര്‍ക്ക് ഡിമോണ്ട്‌സ്‌റ്റൈന്‍ തപാല്‍ സേവനത്തിന്റെ ദുരിതങ്ങളുടെ വ്യാപ്തിയെക്കുറിച്ചും അത് സ്വകാര്യവത്കരിക്കാനുള്ള വലതുപക്ഷത്തിന്റെ അഭിനിവേശത്തെക്കുറിച്ചും പറയുമ്പോള്‍, കൊറോണ കാലത്ത് ഇവരെ മറക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ മലയാളി പോസ്റ്റല്‍ ജീവനക്കാര്‍ക്കും അഭിവാദ്യങ്ങള്‍.

തൊഴിലില്ലായ്മ വേതനത്തിനായി ഈയാഴ്ച അപേക്ഷിച്ചത് 70,000 പേര്‍
തൊഴിലില്ലായ്മ വാര്‍ത്തകള്‍ക്ക് പുതുമയില്ലെങ്കിലും ഈയാഴ്ച ഇതുവരെ 70,000 ന്യൂജേഴ്‌സി ജീവനക്കാര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയെന്നത് ഞെട്ടിക്കുന്നതാണ്. ഇതിന്റെ രണ്ടിരട്ടിയോളം അപേക്ഷ നല്‍കാനായി കാത്തിരിക്കുന്നു. ന്യൂജേഴ്‌സിയിലെ മാത്രം പ്രശ്‌നമല്ലിത്. ലോക്ക്ഡൗണും സ്‌റ്റേ അറ്റ് ഹോം ഉത്തരവും കാരണം ഏകദേശം 30 ദശലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. ഇത് കനത്ത സാമ്പത്തിക പ്രതിസന്ധി വരുത്തിവെക്കുമെന്ന് ഉറപ്പാണ്. തൊഴിലില്ലായ്മ വേതനം നല്‍കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് കനത്ത ബാധ്യതയുണ്ടാക്കും.

മാര്‍ച്ച് പകുതിക്കും ഏപ്രില്‍ 25 നും ഇടയില്‍, ഗാര്‍ഡന്‍ സ്‌റ്റേറ്റിലെ മൊത്തം 930,000 തൊഴിലാളികള്‍ തൊഴിലില്ലായ്മ ക്ലെയിമുകള്‍ ഫയല്‍ ചെയ്തു, ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു, കൂടാതെ പലരും ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനാവാതെ വിഷമിക്കുന്നുമുണ്ട്.

7a294591-f338-4aaa-b94f-96b2231bd1de-jobless_rateഏപ്രില്‍ 25 ന് അവസാനിച്ച ആഴ്ചയിലെ 71,966 ക്ലെയിമുകള്‍ മാര്‍ച്ച് ആദ്യം മുതല്‍ ഏറ്റവും ആരംഭിച്ച കണക്കുകളില്‍ ഏറ്റവും വലുതാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫയല്‍ ചെയ്തതിന്റെ പകുതിയോളം വരും ഈയാഴ്ചത്തേതെന്ന് ന്യൂജേഴ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ ആന്റ് വര്‍ക്ക്‌ഫോഴ്‌സ് ഡെവലപ്‌മെന്റ് പറയുന്നു.

കൊറോണ വൈറസിന്റെ സാമ്പത്തിക സൂചികയിലെ ആദ്യത്തേതും വ്യക്തവുമായ ബാരോമീറ്ററുകളില്‍ ഒന്നാണ് പുതിയ തൊഴിലില്ലായ്മ ക്ലെയിമുകള്‍. ജോലിയില്ലാത്ത ആളുകളുടെ യഥാര്‍ത്ഥ എണ്ണം വളരെ കൂടുതലാണ്. 1.4 ബില്യണ്‍ ഡോളര്‍ ഫണ്ടില്‍ 727 മില്യണ്‍ ഡോളര്‍ സംസ്ഥാനത്തിന്റെയും, 690 മില്യണ്‍ ഡോളര്‍ ഫെഡറല്‍ സഹായവുമായും 622,000 തൊഴിലാളികള്‍ക്ക് സംസ്ഥാന തൊഴില്‍ വകുപ്പ് ആനുകൂല്യങ്ങളായി നല്‍കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ ക്ലെയിമുകള്‍.

ദേശീയതലത്തില്‍, 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ക്ലെയിമുകള്‍ ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ദേശീയമായും ന്യൂജേഴ്‌സിയിലുമുള്ള മൊത്തം തൊഴിലില്ലായ്മയും തമ്മിലുള്ള കണക്കെടുക്കാന്‍ വളരെയധികം സമയമെടുക്കുമെന്ന് തൊഴില്‍ വെബ്‌സൈറ്റായ സിപ് റിക്രൂട്ടറിലെ തൊഴില്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ ജൂലിയ പൊള്ളക് പറഞ്ഞു. രാജ്യവ്യാപകമായി, യുഎസ് ഓരോ വര്‍ഷവും 2 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതായത് കഴിഞ്ഞയാഴ്ച കോവിഡ് 19 മൂലം നഷ്ടപ്പെട്ട 3.8 ദശലക്ഷം തൊഴിലുകള്‍ മുന്‍കാല നേട്ടങ്ങള്‍ ഇല്ലാതാക്കുന്നുവെന്നു സാരം.

കൂടാതെ, തൊഴിലില്ലായ്മ സമ്പ്രദായത്തിലെ അടച്ചുപൂട്ടലുകള്‍ കാരണം, ന്യൂജേഴ്‌സിയിലും മറ്റ് സംസ്ഥാനങ്ങളിലും കൂടുതല്‍ തൊഴിലില്ലായ്മ ക്ലെയിമുകള്‍ ഉണ്ടാവാം. ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി അവശ്യ ബിസിനസുകള്‍, റെസ്‌റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍വീനിയന്‍സ് സ്‌റ്റോറുകള്‍ എന്നിവ തുറക്കാന്‍ അനുവദിച്ചാല്‍ സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. പാര്‍ക്കുകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍ എന്നിവ ഇന്നു മുതല്‍ തുറക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാവും പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുക.

ന്യൂ ജേഴ്‌സി ജീവനക്കാര്‍ക്ക് അവരുടെ വേതനത്തിന്റെ 60 ശതമാനം, അതായത്, 713 ഡോളര്‍ വരെ ആനുകൂല്യമായി ലഭിച്ചേക്കാം. കഴിഞ്ഞയാഴ്ച ഫെഡറല്‍ സഹായമായി 600 ഡോളര്‍ തൊഴിലില്ലായ്മ സഹായ പെയ്‌മെന്റുകളായി നല്‍കി തുടങ്ങി. ഫെഡറല്‍ കെയര്‍സ് ആക്ട് പ്രകാരം ഈ സഹായത്തിന് യോഗ്യത നേടിയാല്‍ സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരെയും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള സഹായം മാത്രമേ സംസ്ഥാനത്തിനു ബാധ്യതയാകു എന്ന് ഗവര്‍ണര്‍ മര്‍ഫി വ്യക്തമാക്കി.

ടോള്‍ ബൈ മെയില്‍ നിലവില്‍
മാര്‍ച്ച് അവസാനം മുതല്‍ പ്രാബല്യത്തില്‍ വന്ന ടോള്‍ ബൈ മെയിലിനുള്ള ആദ്യ ബില്ലുകള്‍ ഈ ആഴ്ച വാഹന ഉടമകള്‍ക്ക് മെയില്‍ ചെയ്യുമെന്ന് ന്യൂജേഴ്‌സി ടേണ്‍പൈക്ക് അതോറിറ്റി അധികൃതര്‍ അറിയിച്ചു. അന്തര്‍സംസ്ഥാന ഹൈവേ ആയ 95, ന്യൂ ഇംഗ്ലണ്ട് മുതല്‍ ഫ്‌ളോറിഡ വരെ നീണ്ടു കിടക്കുന്നു. ജോര്‍ജ് വാഷിങ്ടണ്‍ പാലത്തില്‍ തുടങ്ങി ന്യൂജേഴ്‌സി വിട്ട് പെന്‍സില്‍വേനിയയില്‍ കയറുന്നത് വരെയുള്ള ഭാഗത്തെയാണ് ന്യൂജേഴ്‌സി ടേണ്‍ പൈക്ക് എന്നു വിളിക്കുന്നത്. കൊറോണ വൈറസ് എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിനായി മാര്‍ച്ച് 24 ന് ക്യാഷ് ടോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ‘കോവിഡ് 19 പ്രതിസന്ധിക്ക് പകരമായുള്ളൊരു താല്‍ക്കാലിക ക്രമീകരണമാണിത്. എല്ലാ ഇലക്ട്രോണിക് ടോളിംഗിനുമുള്ള സ്ഥിരമായ സ്വിച്ച് അല്ലിത്,’ ടേണ്‍പൈക്ക് അതോറിറ്റി വക്താവ് ടോം ഫീനി പറഞ്ഞു.

ടേണ്‍പൈക്ക് അതോറിറ്റിയുടെ 24 ബില്യണ്‍ ഡോളര്‍ മൂലധന പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് ക്രമേണ എല്ലാ ഇലക്ട്രോണിക് ടോള്‍ ശേഖരണങ്ങളിലേക്കും മാറുന്നത്. ഇപ്പോള്‍, സാധാരണയായി പണമടച്ചു യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് ഭാവിയിലേക്കുള്ള ഒരു പരിശീലനമായി കണക്കാക്കാം.

NJ Turnpikeഇത്തവണ ഒന്നില്‍ കൂടുതല്‍ ബില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആദ്യ ഗ്രൂപ്പിലെ ബില്ലുകളില്‍ രാത്രി 10 മുതല്‍ ടോള്‍ ഈടാക്കും. ശേഷം, പാര്‍ക്ക്‌വേയും ടേണ്‍പൈക്കും എത്ര തവണ ഓടിക്കുന്നു എന്നതിനെ ആശ്രയിച്ച് ആഴ്ചതോറും ബില്ലുകള്‍ അയയ്ക്കും. എന്‍വലപ്പുകളില്‍ ഒന്നിലധികം ഇന്‍വോയിസുകള്‍ ഉണ്ടായിരിക്കാം, പക്ഷേ പാര്‍ക്ക്‌വേയും ടേണ്‍പൈക്കും ഉപയോഗിക്കുകയാണെങ്കില്‍, ഓരോ ഹൈവേയ്ക്കും പ്രത്യേക എന്‍വലപ്പുകള്‍ ലഭിച്ചേക്കാം.

അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ഒഴിവാക്കാന്‍ നിശ്ചിത തീയതിയില്‍ ബില്‍ അടയ്ക്കുക. രണ്ടാമത്തെ അറിയിപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ഉള്‍പ്പെടും, അത് ലംഘന അറിയിപ്പിന് തുല്യമാണ്.

ടോള്‍ ബില്‍ ഓണ്‍ലൈനായോ മെയിലിലൂടെയോ ഫോണിലൂടെയോ അടയ്ക്കാം. ഒരു ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, ഒരു ചെക്ക് അല്ലെങ്കില്‍ മണി ഓര്‍ഡര്‍ ഉപയോഗിച്ച് പണമടയ്ക്കാം. മെയിലിലൂടെ പണം അയയ്ക്കരുത്. ഹോംപേജിന്റെ വലതുവശത്തുള്ള മെയില്‍ പേയ്‌മെന്റുകള്‍ വഴി ടോള്‍ ചെയ്യുന്നതിനുള്ള ടാബ് ഉള്ള ന്യൂജേഴ്‌സി ഈസി പാസ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്താം. ഫോണ്‍ വഴി പണമടയ്ക്കാന്‍, (973)368-1425 എന്ന നമ്പറില്‍ വിളിക്കുക.

പോര്‍ട്ട് അതോറിറ്റി ഓഫ് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവയും മാര്‍ച്ച് 22 ന് ഹഡ്‌സണ്‍ റിവര്‍ ബ്രിഡ്ജിലും ടണലുകളിലും പണമിടപാട് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ഗവര്‍ണര്‍മാരില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്നാണിത്. പോര്‍ട്ട് അതോറിറ്റി ഇതിനകം തന്നെ മൂന്ന് ന്യൂജേഴ്‌സി-സ്റ്റാറ്റന്‍ ഐലന്റ് പാലങ്ങളില്‍ പണമില്ലാത്ത ടോള്‍ ബൈ മെയില്‍ ഉപയോഗിക്കുന്നു. ടേണ്‍പൈക്കിന് സമാനമായി, അധിക ഫീസ് ഒഴിവാക്കാന്‍ നിശ്ചിത തീയതിക്ക് മുമ്പായി ബില്ലുകള്‍ അടയ്‌ക്കേണ്ടതുണ്ട്. പണമടയ്ക്കാത്ത ഓരോ ടോളിനും 50 ഡോളര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ആയും ഈടാക്കും.

ഇന്ത്യന്‍ വംശജനും റെക്കോഡ് ബുക്കില്‍
കൊറോണ വൈറസ് സുഖം പ്രാപിച്ച് വ്യാഴാഴ്ച മന്‍ഹാട്ടനിലെ ലെനോക്‌സ് ഹില്‍ ഹോസ്പിറ്റലില്‍ നിന്ന് മോചിതനായ ഒരാള്‍ ഇന്ത്യന്‍ വംശജനായിരുന്നു.. ഇതു മാത്രമല്ല പ്രത്യേകത, കോവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ഈ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ആയിരാമത്തെ രോഗിയായിരുന്നു 61 കാരനായ രാംദേവ്. ഡിസ്ചാര്‍ജ് ചെയ്തു ആശുപത്രിയില്‍ നിന്നും പോകുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ അദ്ദേഹത്തിന് ഹര്‍ഷാരവത്തോടെയാണ് യാത്രയയപ്പ് നല്‍കിയത്. വികാരാധീനനായ രാംദേവ്, കൈകള്‍ കൂപ്പി നന്ദി പറഞ്ഞു. അദ്ദേഹം കരയുകയായിരുന്നു, അതു കൊണ്ട് തന്നെ ഒന്നു പറയാതെ വിജയമുദ്ര കാണിക്കാനായി കൈകള്‍ ഉയര്‍ത്തി. ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ ശങ്കര്‍ തമ്പിക്കാണ് രാംദേവ് നന്ദി പറയുന്നത്.

Ramdeo Radhay family‘ഡോ. തമ്പിക്കും ഈ ആശുപത്രിയിലെ എല്ലാവര്‍ക്കും ഒരു ദശലക്ഷം തവണ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ രാംദേവ് പറഞ്ഞു. സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിന്നുള്ള കുടിയേറ്റക്കാരനും മുന്‍ കര്‍ഷകനുമായ രാംദേവ് 2011 ലാണ് യുഎസിലേക്ക് കുടിയേറുന്നത്. കൊറോണ വൈറസ് കാരണം ജോലി നഷ്ടപ്പെടുന്നതുവരെ ഓട്ടോ റിപ്പയറിംഗില്‍ ജോലി ചെയ്തിരുന്നു. ഭാര്യ ആശുപത്രിയില്‍ മെഡിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ഇയാളുടെ രണ്ട് ആണ്‍മക്കളും ഭാര്യയും മകളും നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുന്നുണ്ട്.

നേഴ്‌സിങ്: പുതിയതായി 20000 ഗ്രീന്‍കാര്‍ഡുകള്‍?
ആയിരക്കണക്കിന് അമേരിക്കന്‍ മലയാളികളാണ് ആശുപത്രി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കൊറോണ കാലത്ത് അരയും തലയും മുറുക്കി ഇവര്‍ മുന്നണി പോരാളികളായി മുന്നില്‍ നിന്നു. ഇവര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വിധത്തില്‍ പുതിയ നിയമഭേദഗതി വരുന്നു. അമേരിക്കയിലെ രജിസ്റ്റേഡ് നേഴ്‌സ് സേഫ് സ്റ്റാഫിങ്ങ് ആക്ട് 2015 ആണ് ഇത്തരത്തില്‍ ഭേദഗതി ചെയ്യുന്നത്. ഓറിഗണില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്റര്‍ ജെഫ് മെര്‍ക്കിലി ആണ് ഇതു സംബന്ധിച്ച ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. സാമൂഹ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ പെടുന്ന ഓരോ മെഡികെയര്‍ ആശുപത്രിയിലും നഴ്‌സിംഗ് സേവനങ്ങള്‍ക്കായി വ്യാപകമായ സ്റ്റാഫിംഗ് പ്ലാന്‍ നടപ്പിലാക്കുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതോടെ, കൂടുതല്‍ മലയാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നേഴ്‌സുമാരുടെ സേവനം മികച്ചതാക്കുന്നതൊപ്പം അവരെയും മികച്ച വിധത്തില്‍ പരിഗണിക്കുമെന്നതാണ് പ്രയോജനം.

Green cardപ്രധാന നിര്‍ദ്ദേശങ്ങള്‍ ഏതാണ്ട് ഇപ്രകാരമാണ്. സ്റ്റാഫിംഗ് ലെവലുകള്‍ ഉറപ്പാക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ ഓരോ യൂണിറ്റിലും ഉണ്ടാവണം. ആശുപത്രിയിലെ ഓരോ ഷിഫ്റ്റിലും ഇത്തരത്തില്‍ നേരിട്ട് രോഗി പരിചരണം നല്‍കണം. കൂടാതെ, രോഗികളുടെയും ആശുപത്രി യൂണിറ്റുകളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നിര്‍ദ്ദിഷ്ട ആവശ്യകതകള്‍ക്ക് അനുസൃതമായി സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പരിചരണം ഉറപ്പാക്കാനും പുതിയ ഭേദഗതി ആവശ്യപ്പെടുന്നു. രോഗികളോ ആശുപത്രിയിലെ ജീവനക്കാരോ അവരുടെ ആവലാതികള്‍, പരാതികള്‍ അല്ലെങ്കില്‍ അത്തരത്തിലുള്ള ബുദ്ധിമുട്ടുകളോ പറഞ്ഞാല്‍ ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിവേചനമോ പ്രതികാരമോ ഉണ്ടാവരുതെന്നും പുതിയ നിയമം ഉറപ്പാക്കുന്നു. ഈ ബില്‍ പാസാകണമെങ്കില്‍ പുതുതായി ഇരുപതിനായിരം ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കേണ്ടി വരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

ഓരോ ആശുപത്രിയിലും ഒരു ആശുപത്രി നഴ്‌സ് സ്റ്റാഫിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെടുന്നു. ഇവരാണ് ഇത്തരം പദ്ധതി നടപ്പിലാക്കുന്നത്. ഈ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ വലിയ തുക ഫൈനും മറ്റ് പിഴകളും ഉണ്ടായിരിക്കും. നേഴ്‌സിങ്ങ് ദിനം വരാനിരിക്കുന്നതേയുള്ളുവെങ്കിലും ആതുരസേവനത്തിലെ ഫ്രണ്ട് ലൈനേഴ്‌സായ ഇവര്‍ക്ക് ഇതൊരു മികച്ച അവാര്‍ഡാണ് എന്നു പറയാം. മലയാളി നേഴ്‌സുമാര്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് ഈ കോവിഡ് കാലത്ത്. എല്ലാവര്‍ക്കും ആശംസകളും, അഭിനന്ദനങ്ങളും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]