Flash News

കരുണന്റെ കൊറോണ ദൈവം (കഥ): കാരൂർ സോമൻ

May 2, 2020

karunante corona daivam bannerപ്രഭാതത്തില്‍ അലറുന്ന ശബ്‌ദംപോലെ കോന്നി പ്ലാവ് മണ്ണില്‍ നിലംപതിച്ചു. മരക്കൊമ്പിലിരുന്ന പക്ഷികള്‍ ഏങ്ങലടിച്ചുകൊണ്ട് പറന്നുപോയി. വീടിന് പിറകിലെ പണിശാലയില്‍ ശവപ്പെട്ടി തീര്‍ത്തുകൊണ്ടിരുന്ന വര്‍ക്കി മാപ്പിളയുടെയുള്ളില്‍ ഒരു നേരിയ നൊമ്പരമുണ്ടായി. തന്റെ അടുത്ത ശിഷ്യനും ശില്പിയും കഥാകാരനുമായ കരുണനോട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. കരുണ്‍ കാഴ്ച്ചയില്‍ അത്ര സുന്ദരനല്ല. എന്നാല്‍ കൊത്തിവെച്ച പ്രതിമകള്‍ പോലെ അതിമനോഹരങ്ങളാണ് അയാളുടെ ശില്പങ്ങള്‍. ഭക്തിരസം തുളുമ്പി നില്‍ക്കുന്ന മരത്തില്‍ തീര്‍ക്കുന്ന ശില്പങ്ങള്‍ വാങ്ങാന്‍ ദൂരദിക്കുകളില്‍ നിന്നുവരെ ആള്‍ക്കാർ വരാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ പല ചെറിയ ബഹുമതികളും കാരുണിനെത്തേടിയെത്തി. അതെല്ലാം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്ത് തിരസ്കരിച്ചു. കോളേജിലെ സുന്ദരിപ്പട്ടം നേടിയ കരോളിന്‍ അതെല്ലാം വിസ്മയത്തോടെയാണ് കണ്ടത്.

വര്‍ക്കിക്ക് പത്തോളം ബംഗാളി തടിപ്പണിക്കാരുണ്ടായിന്നു. അവര്‍ കൊറോണയെ ഭയന്ന് നാട്ടിലേക്ക് പോയി. താമരകുളത്തുകാരനായ വര്‍ക്കിയുടെ പിതാവ് കൊച്ചുകുഞ്ഞു മാപ്പിള കോന്നിയില്‍ നിന്ന് പ്ലാവിന്‍ തൈ കൊണ്ടുവന്നതുകൊണ്ടാണ് കോന്നി പ്ലാവ് എന്ന് പേരുണ്ടായത്. നീണ്ട വര്‍ഷങ്ങള്‍ തണല്‍ മാത്രമല്ല ആ മരം തന്നത്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ധാരാളം ചക്കകളും തന്നു. മരപ്പണിക്കര്‍ കോന്നി പ്ലാവിന്റെ കമ്പുകള്‍ വെട്ടിമാറ്റുന്നു. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി കോന്നിപ്ലാവിന് മനുഷ്യരോട് എന്തോ വെറുപ്പ് തോന്നി. മുന്തിരിക്കുലപോലെ ചക്കകളുണ്ടായിരുന്ന പ്ലാവില്‍ നിന്ന് ഒന്നുപോലും ലഭിക്കാതെ കൊഴിഞ്ഞുപോകുക പതിവാണ്. കാര്‍ഷിക ഭവനിലെ ശാസ്ത്രജനെ വിളിച്ചു കാണിച്ചു. ലഭിച്ച മറുപടി “പ്ലാവിന് കുഴപ്പമില്ല. കുഴപ്പക്കാര്‍ ഈ റോഡണ്” വര്‍ക്കി ഇമവെട്ടാതെ ആ മുഖത്തേക്ക് നോക്കി നിന്നു.

വീടിന് മുന്നിലെ റോഡിലൂടെ കേരളത്തിന്റെ പല ദിക്കുകളിലേക്കും നിത്യവും ആയിരകണക്കിന് വാഹനങ്ങളാണ് ഓടുന്നത്. റോഡരികില്‍ നിന്ന പ്ലാവിലേക്ക് കാര്‍ബണ്‍ ഡയോക്സയിഡ് കുറച്ചൊന്നുമല്ല കയറുന്നത്. രാത്രിയിലെ മഞ്ഞുതുള്ളികളേറ്റ് രാവിലെ മരച്ചാര്‍ത്തുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന കറുത്ത നിറമുള്ള കാര്‍ബണ്‍ ഡയോക്സയിഡ് കണ്ടപ്പോള്‍ കാര്യം വ്യക്തമായി. റോഡരികിലെ വീടിനുള്ളിലും ഈ കാര്‍ബൺ അതിക്രമിച്ചു കടക്കുന്നു. ശബ്‌ദമലിനീകരണവുമുണ്ട്. നല്ല ഓക്സിജന്‍ കിട്ടാതെ ശ്വാസംമുട്ടി നില്‍ക്കുന്ന കൊന്നിപ്ലാവിനെ കൊറോണ ശവപ്പെട്ടികളാക്കാന്‍ വര്‍ക്കി തീരുമാനിച്ചു. മനുഷ്യന് മനുഷ്യാവകാശങ്ങള്‍ ഉള്ളതുപോലെ മരങ്ങള്‍ക്കുണ്ടെന്നും അത് ലംഘിച്ചാല്‍ കൊറോണ ദൈവം ശവപ്പെട്ടി തീര്‍ക്കുമെന്ന് ശിഷ്യന്‍ കരുണ്‍ പറഞ്ഞത് ഓര്‍മ്മയിലെത്തി. പൊടിപടലങ്ങൾ പാറി പറപ്പിച്ചുകൊണ്ട് പോയ റോഡ് ഇപ്പോള്‍ നിര്‍ജ്ജീവമാണ്. ഇടക്ക് പോലീസ്, ആംബുലന്‍സ് പോകുന്നത് കാണാം. വിറങ്ങലിച്ചു കിടക്കുന്ന റോഡും വീടിനുള്ളില്‍ വിറച്ചിരിക്കുന്ന മനുഷ്യനെയും വര്‍ക്കി ഒരു നിമിഷം ഓര്‍ത്തു നിന്നു.

മധുര പതിനേഴിന്റെ സാരള്യത്തോടെ കരോളിന്‍ കാരുണിന്‌ ആവിപറക്കുന്ന ചായയുമായിട്ടെത്തി. മന്ദഹാസപ്രഭയോടെ ചായ കൈമാറി. അപ്പന്റെ ചായ അവിടെ അടച്ചുവെച്ചു. അവള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ചോദിച്ചു.

“കരുണ്‍ ഇതുവരെ ശകുന്തളയുടെ ആ ശില്പം തീര്‍ത്തില്ലല്ലോ”

അവന്‍ കുറ്റബോധത്തോടെ പറഞ്ഞു.

“എന്റെ ശകുന്തളേ നീ വിഷമിക്കാതെ. ഈ ദുഷ്യന്തന്‍ ഇവിടെ ഇരിപ്പില്ലേ? നിന്റെ അപ്പന്‍ ശവപ്പെട്ടി തീര്‍ക്കാന്‍ പിടിച്ചിരുത്തിയാല്‍ ഞാന്‍ എന്ത് ചെയ്യും. കൊറോണ ദൈവം കാശുണ്ടാക്കാന്‍ നല്ല അവസരമല്ലേ കൊടുത്തത്.”

ചെറുപ്പം മുതല്‍ നിര്‍മ്മല സ്‌നേഹത്തില്‍ ജീവിക്കുന്ന കരുണും കരോളിനും അയല്‍ക്കാരാണ്. രണ്ട് മതവിശ്വാസികളെങ്കിലും അവരുടെ ഹ്ര്യദയത്തില്‍ കുടികൊള്ളുന്ന സ്‌നേഹം നിറമോ മതമോ അല്ല. രണ്ടുപേരുടേയും ഉള്ളിലൊരു ഭയമുണ്ട്. ഈ മതങ്ങള്‍ തങ്ങളുടെ പ്രണയം വ്യഥാവിലാക്കുമോ? കരുണ്‍ അവളുടെ അരുണിമയാര്‍ന്ന കണ്ണുകളിലേക്ക് നോക്കി. ഒരു ജാള്യഭാവമുണ്ട്. പറയണോ അതോ വേണ്ടയോ? മനസ്സങ്ങനെയാണ് സ്വാര്‍ത്ഥാന്ധകാരത്തില്‍ നിന്ദ്യമായി, വികലമായി പലതും തുന്നിയെടുക്കും. തുന്നുന്ന മുട്ടുസൂചി കുത്തുമ്പോള്‍ തെറ്റ് ബോധ്യപ്പെടും. മനസ്സില്‍ തികട്ടി വന്നതല്ലേ ചോദിക്കാം.

“കരോള്‍ ഈ കൊറോണ വന്നത് വളരെ നന്നായി എന്നെനിക്ക് തോന്നുന്നു”

ഒരു പ്രതിഭാശാലിയില്‍ നിന്ന് കേള്‍ക്കേണ്ട വാക്കുകളല്ലിത്. അവള്‍ വിസ്മയത്തോട് നോക്കി.

“നീ നോക്കി പേടിപ്പിക്കേണ്ട. ഞാന്‍ പറഞ്ഞത് അസംബന്ധമെന്ന് നിനക്ക് തോന്നും. ഈ മതാചാരങ്ങളുടെ പിറകില്‍ എത്ര നാള്‍ കണ്ണടച്ചു നില്‍ക്കും? വിവാഹം വരെ തീറെഴുതികൊടുത്തിരിക്കുന്നവര്‍. ഈ കൊറോണ ദൈവമാണ് ഭക്തിയില്‍ മുഴുകിയവരുടെ ദേവാലയങ്ങള്‍ അടപ്പിച്ചത്. ഇനിയും അത് തുറക്കുമോ. കോര്‍ണയെക്കാള്‍ എനിക്ക് ഭയം അതാണ്.”

കരുണിന്റ കടുത്ത വാക്കുകള്‍ കേട്ടിട്ട് പറഞ്ഞു.

“ദേവാലയങ്ങള്‍ തുറക്കട്ടെ. അത് നല്ലതല്ലേ?”

“ഇത്രയും നാള്‍ തുറന്നു വെച്ച് പ്രാര്‍ത്ഥിച്ചിട്ട് ഫലമില്ലെന്ന് കണ്ടതുകൊണ്ടാണ് കൊറോണ ദൈവം അടപ്പിച്ചത്. നമ്മുടെ വിവാഹം നടത്തുന്നതുവരെ അടഞ്ഞു കിടക്കണമെന്നാണ് കൊറോണ ദൈവത്തോട് എന്റെ പ്രാര്‍ത്ഥന. തുറന്നാല്‍ രണ്ട് മതവര്‍ഗ്ഗിയ പാര്‍ട്ടികള്‍ നാട്ടില്‍ തമ്മില്‍ തല്ലും. മുന്‍പും നടന്നിട്ടുണ്ട്. ഈ മനുഷ്യര്‍ അടിമകള്‍ മാത്രമല്ല ഭീരുക്കളുമാണ്. എല്ലാം വേദവാക്യങ്ങളായി കാണുന്നവര്‍. അവരുടെ ബലഹീനത എങ്ങോ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.? കരുണിനെ ഒന്ന് പ്രശംസിക്കണമെന്ന് തോന്നി. പരമ്പരയായി കൈമാറി വന്ന വിശ്വാസാചാരങ്ങള്‍ മണ്ണിലെ ദൈവങ്ങള്‍ മാറ്റില്ല. ”

“നീ പറഞ്ഞത് ശരിയാണ്. ഈ മതമതിലുകള്‍ ഇല്ലാതെ രജിസ്റ്റര്‍ ഓഫീസില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ മതി”

“മതസ്ഥാപനത്തില്‍ പോയി അടിമയെപ്പോലെ നില്‍ക്കേണ്ട എന്ന് നീ സമ്മതിച്ചു. വീടിനുള്ളില്‍ രണ്ടു വീട്ടുകാര്‍ വ്യക്തമായ വ്യവസ്‌ഥകള്‍ വെച്ച് നടത്തിയാല്‍ എന്താണ് കുഴപ്പം? കുട്ടികളെ താലോലിച്ച് മധുരപലഹാരം കൊടുക്കുന്നപോലെ മതങ്ങള്‍ നമുക്ക് മധുരമെന്ന ആത്മാവിനെ ദാനമായി തരുന്നു. കൊറോണ ദൈവം പറയുന്നു. മതത്തിന്റെ പേരില്‍ ഇനിയും ആരും തമ്മില്‍ തല്ലേണ്ട. ഈ തമ്മില്‍തല്ലുന്ന ആരാധനാലയങ്ങളും വേണ്ട. മാത്രവുമല്ല ഈ വിവാഹ ധൂര്‍ത്തും അവസാനിക്കും. ആ പണം വിശന്ന് പൊരിയുന്ന മനുഷ്യന് ഭക്ഷണത്തിനായി കൊടുത്തുകൂടെ?”

കരുണിന്റ വാക്കുകള്‍ അവള്‍ തള്ളിക്കളഞ്ഞില്ല. വിശക്കുന്നവന്റെ മനസ്സ് വിശപ്പറിയാത്തവന്‍ അറിയുന്നില്ല. ആശാനും ശിഷ്യനും ഒരുപോലെ ചിന്തിക്കുന്നതായി തോന്നി. അതാണല്ലോ ഞായര്‍ ദിവസം തന്നെ അപ്പന്‍ മരം വെട്ടാന്‍ തീരുമാനിച്ചത്.

അവള്‍ അക്ഷമയോടെ ചോദിച്ചു.

“ഈ കൊറോണ മനുഷ്യരെ കൊന്നൊടുക്കുന്നത് നീ കാണുന്നില്ലേ?”

“മോളെ മനുഷ്യന്റെ രുചിക്കുന്ന സദ്യയെക്കാള്‍ കാലത്തിന് സദ്യ ഒരുക്കുന്നവനാണ് ഈശ്വരന്‍. നിന്റെ കണ്ണിലെ കണ്ണടയൂരി ഈ ലോകത്തെ ഒന്നു നോക്കു. മനുഷ്യരിലെ സ്വാര്‍ത്ഥയാണ് ഈ നാശത്തിന് കാരണം. വിവേകമുണ്ടായിട്ടും സമ്പത്തിനായി വിഡ്ഢിവേഷം കെട്ടുന്നവര്‍. ഈ പ്രകൃതിയോട് ഒരല്പം ദയ കാണിച്ചൂടെ? ഇല്ലെങ്കില്‍ അത് വസൂരി, പ്ളേഗ്, പ്രളയം, ഭൂകമ്പം, വെള്ളപൊക്കം, നിപ്പ, കൊറോണ അങ്ങനെ പല രൂപത്തില്‍ ഈശ്വരന്‍ മനുഷ്യന് നല്‍കുന്ന സദ്യകളാണ്.”

അവള്‍ ചിന്തയിലാണ്ടു നിന്നു. സത്യത്തില്‍ ഇത് ദൈവകോപം തന്നെയാണോ? അതോ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയോ?
സ്‌നേഹപാരമ്യത്തോടെ അവള്‍ നോക്കി. ഒരു ചുംബനത്തിനായി മനസ്സുരുകിയ എത്രയോ നിമിഷങ്ങള്‍. പല അവസരങ്ങള്‍ ലഭിച്ചിട്ടും തന്റെ ശരീരത്ത് ഒന്ന് തൊടുകപോലും ചെയ്തിട്ടില്ല. ബിരുദാനന്തര ബിരുദധാരിയായ കരുണ്‍ പണത്തേക്കാള്‍ കലയെ സ്‌നേഹിക്കുന്നു.

“കരോള്‍ നമ്മുടെ സഹജീവികളുടെ മരണത്തില്‍ ഞാനും സന്തുഷ്ടനല്ല. ഇവിടെ പ്രപഞ്ച നാഥന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മള്‍ ചെയ്യുന്ന തിന്മയുടെ ഫലം ആരാണനുഭവിക്കുക?”

പെട്ടെന്നായിരുന്നു വര്‍ക്കിയുടെ വിളി കാതില്‍ പതിഞ്ഞത്. പെട്ടെന്നെഴുന്നേറ്റ് ചായ കപ്പ് കരോളിനെ ഏല്‍പ്പിച്ചു.

“കരുണ്‍ ഇത് മൊത്തം കുടിച്ചിട്ട് പോ. എന്തൊരു വെപ്രാളം. ഇത്ര ഗുരുഭക്തി വേണ്ട ട്ടോ”

“ഈ ഗുരുഭക്തി നിന്നെ സ്വന്തമാക്കാനാണ് മോളെ”

അവന്‍ പോകുന്നതും നോക്കി പുഞ്ചിരി തൂകി നിന്ന നിമിഷങ്ങളില്‍ അകത്തുനിന്നുള്ള അമ്മയുടെ വിളിയും കാതില്‍ തുളച്ചുകയറി.

ആശാന്റെ അടുക്കലെത്തിയ കരുണ്‍ മുറിഞ്ഞു വീണ മരചുവട്ടിലേക്ക് സൂക്ഷിച്ചു നോക്കി. പുറത്തേക്ക് പൊടിഞ്ഞു വരുന്ന ഓരോ തുള്ളി വെള്ളവും മരത്തിന്റെ കണ്ണീരാണ്. ഈ കണ്ണീരിന്റെ എത്രയോ മടങ്ങാണ് മരപെട്ടിയില്‍ കിടക്കുന്ന മനുഷ്യനുവേണ്ടി ഹ്ര്യദയം നുറുങ്ങിയൊഴുക്കുന്നത്. നിന്നെ ഞാന്‍ എന്റെ പെട്ടിയില്‍ കിടത്തുമെന്ന് കൊറോണ ദൈവത്തെപോലെ മരത്തിനും പ്രതികാരമുണ്ടോ? അടുത്ത മരത്തില്‍ ചേക്കേറിയ പക്ഷികള്‍ കൊന്നിപ്ലാവിനെ വിഷാദത്തോടെ നോക്കിയിരുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top