Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 25)

May 4, 2020 , അബൂതി

Adhyayam-25 bannerതുറന്നിട്ട ജാലകത്തിലൂടെ, കടലിന്റെ അക്കരേയ്ക്ക്, അങ്ങ് ചക്രവാളത്തോളം, അവളുടെ കണ്ണുകള്‍ നീണ്ടു. അവിടെ വലാഹയവനികയ്ക്കപ്പുറത്തേയ്ക്ക്, മുക്കാലും മറഞ്ഞിരിക്കുന്നു കുങ്കുമ സൂര്യന്‍. ആശുപത്രിയുടെയും കടലിന്റേയും ഇടയിലെ റോഡിലൂടെ തങ്ങളുടെ തിരക്കുകള്‍ ചുമലിലേറ്റി പരക്കം പായുന്ന മനുഷ്യര്‍. റോഡരികുകളിലെ മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് പറക്കുന്ന പറവകള്‍. ആകാശത്ത് അങ്ങിങ്ങായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘങ്ങള്‍. അവയുടെ പ്രതിബിംബമെന്നോണം, ചില നൗകകള്‍ കടലിലൂടെ തിരമാലകള്‍ മുറിച്ച് നീന്തുന്നു.

ഏതോ കടുത്തോരു ചിന്തയുടെ അവസാനമെന്നോണം, ഒരു നെടുവീര്‍പ്പോടെ അവള്‍ മുഖം തിരിച്ച് കട്ടിലില്‍ മയങ്ങുന്ന വിനോദിനെ നോക്കി. ഇന്നലെയാണ് അവനെ ഇങ്ങോട്ട്, ഈ പ്രൈവറ്റ് റൂമിലേക്ക് കൊണ്ടുവന്നത്. അസഹ്യമായ വേദനയാണ് അവനിപ്പോള്‍. ശ്വാസകോശ സംബന്ധമായ എന്തോ അലര്‍ജി ഉള്ളതിനാല്‍, വേദനാ സംഹാരികള്‍ വലിയ തോതില്‍ നല്‍കാനാവില്ലെന്ന് ഡോക്ടര്‍ കട്ടായം പറഞ്ഞിട്ടുണ്ട്.

കുറച്ച് മുന്‍പ് വരെ വേദനകൊണ്ട് ഞെളിപിരി കൊള്ളുന്ന വിനോദ്, അവളുടെ കണ്‍കോണിലെ ഒരു നീര്‍തുള്ളിയായിരുന്നു. അവനാ അപകടം സംഭവിച്ചത്, തന്നെ കാണാന്‍ വന്നപ്പോഴാണാല്ലോ എന്നൊരു വേദന, കാരമുള്ളായി ഹൃദയത്തില്‍ കുത്തിത്തറക്കുന്നുണ്ട്. ഇപ്പോള്‍, ഒരല്പ നേരമേയായിട്ടുള്ളൂ അവനൊന്ന് മയങ്ങിയിട്ട്. രാത്രി വേദന കാരണം ഉറങ്ങാനാവാതെ പിടയുകയായിരുന്നു എന്നാണ് ഇന്നലെ കൂട്ടിരുന്ന ബാബു പറഞ്ഞത്. അല്ലെങ്കില്‍ തന്നെ, കമ്പി കുത്തിത്തുളച്ചിട്ടിരിക്കുന്ന അവന്റെ കാല്‍ കാണുമ്പോള്‍, ഹൃദയത്തിന്റെ മുകളിലൊരു കനല്‍ അമര്‍ത്തി വച്ച നീറ്റലാണ്. അവള്‍ മെല്ലെ അവന്റെ കട്ടിലിന്റെ അടുത്തെത്തി. മെല്ലെ ആ കാല്‍ വിരലിലൊന്ന് തൊട്ടു നോക്കി. വിരലൊന്ന് ഞെട്ടിയ പോലെ. അവള്‍ വേഗം കൈ പിന്‍വലിച്ചു. പാവം. അവള്‍ മനസ്സാലെ മന്ത്രിച്ചു.

വാതില്‍ തുറന്നു വന്ന ബാബു, ശബ്ദം താഴ്ത്തി ചോദിച്ചു: “ഇപ്പോഴെങ്ങിനെയുണ്ട് ചേച്ചീ?”

“വേദന തന്നെയാണ്. നാലഞ്ചു ദിവസമുണ്ടാകുമെന്നാ.. ഡോക്ടര്‍ പറഞ്ഞത്. ഇപ്പൊഴാ ഒന്ന് മയങ്ങിയത്. ഒരു പുതിയ ഇഞ്ചക്ഷന്‍ കൊടുത്തു. ചുമയ്ക്കുകയോ, ശ്വാസം മുട്ടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇതുവരെ ഒന്നും കണ്ടില്ല….”

അവന്‍ തലകുലുക്കി. പിന്നെ വാര്‍ഡ്രോബില്‍ നിന്നൊരു മൊബൈലും പഴ്സും എടുത്ത് അവളെ കാണിച്ചു.

“ഇത്… ഇന്നലെ രണ്ടു പിള്ളേര്‍ കൊണ്ട് തന്നതാണ്. അപകടം പറ്റിയ സ്ഥലത്ത്… അവരുണ്ടായിരുന്നത്രെ. ഒരു ടിപ്പറിന്റെ അടിയിലോട്ടാ പോയത്. ജീവന്‍ കിട്ടിയത് മഹാഭാഗ്യം….”

അത് വിനോദിന്റേതായിരുന്നു. അവിടെ വച്ചേക്കാന്‍ പറഞ്ഞു അവള്‍.

“അമ്മയെന്തേ ചേച്ചീ….?”

“പോയി… സിദ്ധു വരുമ്പോളേക്കും അവിടെയാരെങ്കിലും വേണ്ടേ…?”

“ആ… ചേച്ചി പോകുവല്ലേ…? ഞാന്‍ കൊണ്ടാക്കണോ?”

“വേണ്ടാ…. ഇവിടെ ആരുമില്ലാതെങ്ങിനെയാ….?”

അവള്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങവെയാണ് നാട്ടില്‍ നിന്നും രണ്ടു ചെറുപ്പക്കാര്‍ വന്നത്. അവര്‍ ഇന്ന് ഇവിടെ നില്‍ക്കുകയായാണത്രെ. ഒന്നില്‍ കൂടുതല്‍ ആളുകള്‍ നില്‍ക്കാന്‍ ഹോസ്പിറ്റലുകാര്‍ സമ്മതിക്കുമോ എന്നറിയില്ല. എന്നാലും നിന്നു നോക്കാമല്ലോ എന്നായി അവര്‍. അവള്‍ക്ക് ആശ്വാസമായി. നല്ലത്. അവള്‍ പോകുമ്പോഴും വിനോദ് മയങ്ങുകയായിരുന്നു.

പത്തു പതിനഞ്ച് ദിവസങ്ങള്‍ അതിവേഗം കടന്നു പോയി. വിനോദ് അതിവേദനയുടെ കടുത്ത ഘട്ടം തരണം ചെയ്തിരിക്കുന്നു. അവളും അമ്മയും ദിവസവും പകല്‍ ആശുപത്രിയിലേക്ക് ചെല്ലും. രാത്രി നാട്ടില്‍ നിന്നുള്ള ചെറുപ്പക്കാരോ, ബാബുവോ, വേണുവോ ഒക്കെ നില്‍ക്കും. ഇടയിലൊരുവട്ടം രാധേച്ചി മോളെയും കൊണ്ട് വന്നു. അവള്‍ക്ക് സ്‌കൂള്‍ ഉള്ള കാരണം ഇപ്പോള്‍ രാധേച്ചിയുടെ കൂടെയാണ് നില്‍ക്കുന്നത്. അച്ഛന്റെ കിടപ്പു കണ്ട് അവള്‍ കരഞ്ഞപ്പോൾ, എല്ലാവര്‍ക്കും സങ്കടമായി.

ഇന്ന് രാവിലെ അമ്മയ്ക്ക് നല്ല പനി. അവള്‍ക്ക് തനിയെ പോരേണ്ടി വന്നു. അമ്മയ്ക്ക് പനിക്കുള്ള എന്തെങ്കിലുമൊക്കെ മരുന്ന് വാങ്ങിക്കൊടുക്കാന്‍, ബാബുവിനോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. രാവിലെ ശാരദക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞിട്ടുണ്ട്. അവളുടനെ അമ്മയുടെ അടുത്തെത്തും.

വിനോദ് ഉണര്‍ന്നു നോക്കുമ്പോള്‍ മുറിയില്‍ അവളും താനും മാത്രം. ഉണര്‍ന്നത്, അവളറിഞ്ഞില്ലെന്ന് തോന്നുന്നു. ജാലകത്തിലൂടെ, പുറത്തേയ്ക്ക് നോക്കി നില്‍ക്കുകയാണവള്‍. ജാലകത്തിന്റെ ആഴിയില്‍ കയ്യൂന്നി, ഉള്ളം കയ്യില്‍ മുഖം താങ്ങി, പ്രതിമ പോലെ അവള്‍ നില്‍ക്കുന്നത്, ഒരു കൗതുകത്തോടെ, അവന്‍ നോക്കി നിന്നു. സത്യത്തില്‍, ആ അപകടത്തിന്റെ ശേഷം, ആശുപത്രിയില്‍, ഇന്നാണവര്‍ക്കൊരു സ്വകാര്യത കിട്ടുന്നത്. എപ്പോഴും ആരെങ്കിലുമൊക്കെ കൂടെയുണ്ടാവും. കുറെ നേരം അങ്ങിനെ നോക്കിനിന്ന്, അവനൊന്ന് മുരടനക്കി. അവള്‍ ഞെട്ടിപ്പിടഞ്ഞ്, നോക്കി. ഒരു മന്ദഹാസത്തിന്റെ മേമ്പൊടിയോടെ അവന്‍ ചോദിച്ചു.

“പുറത്തെന്താണിത്ര കൗതുകം?”

“ഓ.. ചുമ്മാ…”

“ഉം… അമ്മയെന്തേ..?”

“വന്നിട്ടില്ല. സുഖമില്ല. ഇപ്പൊ.. വേദന കുറവുണ്ടോ?”

“ആ… ഇളകുമ്പോഴാണ് അസഹ്യം…”

“ഉം… വേദന സഹിക്കാന്‍ പാടാണല്ലേ…? ഞാന്‍ കണ്ടു… ഇന്നലെ… സ്കൂളീന്ന്… മാഷമ്മാരും കുട്ട്യാളുമൊക്കെ വന്നപ്പോ…. കണ്ണ് നെറയുന്നത്. ചെറ്യേ… കുട്ട്യോളെ പോലെ…..”

വിനോദ് ലജ്ജയില്‍ കുതിര്‍ന്നൊരു മന്ദഹാസത്തോടെ പറഞ്ഞു.

“ആ… അതുള്ളതാ. അസുഖം വന്നാ… ഞാനിപ്പോഴും കുഞ്ഞു കുട്ടിയാണ്. മാലതിച്ചേച്ചി ഇപ്പോഴും പറയും… പോത്ത് പോലെ വലുതായിട്ടെന്താ… പനി വന്നാ… അമ്മയെ വിളിച്ച് മോങ്ങുമെന്ന്… ഉള്ളതാ.”

അവളും പുഞ്ചിരിച്ചു.. തലകുലുക്കിക്കൊണ്ട് പറഞ്ഞു…

“അവിടെ സിദ്ധുവും കണക്കാ… അസുഖം പിടിച്ചാ…. പിന്നെ കണ്ണിലൊക്കെ വെള്ളം നിറച്ച്… ഒരു പണിയും ചെയ്യാന്‍ സമ്മതിക്കാതെ… മൂട്ടീന്ന് മാറില്ല ചെക്കന്‍…. ചേച്ചിക്ക് വരാന്‍ ലീവ് കിട്ടീല… അല്ലെ?”

“ഓടിപ്പാഞ്ഞു വരാനൊക്കില്ലല്ലോ? നാലഞ്ചാള്‍ക്ക് ടിക്കറ്റൊക്കെ എടുക്കാനെത്ര പൈസയാവും… ഇവിടെ നിങ്ങളൊക്കെയില്ലേ? അതൊരു മുജ്ജന്മ സുകൃതം. എന്നെ കൊണ്ട് ശരിക്കും……”

അവനത് മുഴുവിക്കാനായില്ല… വാതില്‍ തുറന്നൊരു നഴ്സ് വന്നു. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാനാണ് വന്നത്? മരുന്ന് കൊടുക്കാനുണ്ടത്രേ. കഞ്ഞി അവള്‍ കൊണ്ട് വന്നിട്ടുണ്ട്. അത് കൊടുത്തിട്ട് ചെന്നു വിവരം പറയാന്‍ പറഞ്ഞു. എന്തോ. പറയാന്‍ വന്നത്, പിന്നീടവന്‍ പറഞ്ഞില്ല.

കഞ്ഞിയില്‍ നിന്നും ഒരല്‍പം പിഞ്ഞാണത്തിലേക്ക് പകര്‍ത്തി. ചെറിയ സോസറിലേക്ക് ഒരല്‍പം അച്ചാറെടുത്തു. കൗതുകത്തോടെ അത് നോക്കിയിരിക്കുകയായിരുന്നു വിനോദ്. അവള്‍ അടുത്തേയ്ക്ക് വന്നപ്പോള്‍ അവന്‍ കഞ്ഞിപ്പാത്രത്തിന്റെ നേരെ കൈനീട്ടി. ആ കയ്യിലേക്ക് അച്ചാര്‍ പത്രം കൊടുത്തപ്പോള്‍ അവനവളുടെ കണ്ണുകളിലേക്ക് നോക്കി. അവളൊന്ന് പുഞ്ചിരിച്ചു. പിന്നെ ഒരു സ്പൂണില്‍ കഞ്ഞി കോരി അവന്റെ ചുണ്ടിനു നേരെ നീട്ടി. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവളെ അമ്പരപ്പോടെ നോക്കി അവനൊരല്പനേരം അങ്ങിനെ ഇരുന്നു. പിന്നെ മെല്ലെ ചുണ്ടു പിളര്‍ത്തി.

അവന്റെ വായിലേക്ക് ആ സ്പൂണ്‍ വച്ചു കൊടുക്കുമ്പോള്‍, തന്റെ വലങ്കയ്യിലൂടെ അവാച്യമായൊരു അനുഭൂതിയുടെ തരിപ്പ്, ഉടലാകെ പടര്‍ന്നു കയറുന്നത് അവളറിഞ്ഞു. ആ ഹൃദയമപ്പോള്‍ പടപടാ മിടിക്കുന്നുണ്ടായിരുന്നു.

ഇടയ്ക്കിടെ മതിയെന്നവന്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും, അത് മുഴുവനും അവനെ കൊണ്ടവള്‍ നിർബന്ധിച്ച് കുടിപ്പിച്ചു. പിന്നെ ഒരു പാത്രത്തില്‍, വായ കഴുകാന്‍ വെള്ളം കൊണ്ട് വന്നു കൊടുത്തു. പിന്നെ നനഞ്ഞ മുണ്ട് കൊണ്ട് മുഖവും പുറവും നെഞ്ചും തുടച്ച് കൊടുത്തു. നഴ്സിനെ ചെന്ന് കണ്ടപ്പോള്‍, ഇപ്പോള്‍ വരാമെന്നു പറഞ്ഞു. തിരികെയെത്തിയപ്പോഴേക്കും വിനോദ് കട്ടിലിന്റെ തലഭാഗം ഉയര്‍ത്തി വച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു. അവള്‍ പിന്നെയും ജാലകത്തിങ്കല്‍ അഭയം തേടി.

നഴ്സ് വന്നപ്പോഴാണ് പിന്നെ വിനോദ് കണ്ണ് തുറന്നത്. അവന്റെ ഉള്ളില്‍ എന്തൊക്കെയോ കിടന്ന് തിളയ്ക്കുന്നുണ്ട് എന്നാ മുഖം കണ്ടാലറിയാം. അവളുടെ ഉള്ളിലും ഉണ്ടായിരുന്നു, ആത്മസംഘര്‍ഷത്തിന്റെ ഒരു കടല്‍.

എന്താണ് വിനോദിന് പറയാനുള്ളതെന്ന് ചോദിക്കണം എന്നുണ്ട്. അതറിയാഞ്ഞിട്ട് എന്തോ ഒരു ശ്വാസം മുട്ടല്‍. താന്‍ ഭയക്കുന്നതെന്താണോ, അതാവരുതേ, അവന് പറയാനുള്ളത് എന്നെങ്കിലും ഉറപ്പാക്കണമല്ലോ? എന്നാല്‍, ഇപ്പോള്‍, അവന്റെ ഈ അവസ്ഥയില്‍, അത് ചോദിക്കുന്നത് ഔചിത്യമാണോ എന്നറിയില്ല. അതിനാല്‍ തന്നെ ചോദിക്കാനൊരു മടി.

നഴ്സ് കൊടുത്ത മരുന്ന് കഴിച്ച് പിന്നെയും കിടക്കയിലേക്ക് ചാരി വിനോദ് അവളെ നോക്കി. ആ മുഖത്ത് അന്തര്‍ലീനമായ വിഷാദം അവന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. ഒരല്പ നേരത്തെ ആലോചനയ്ക്ക് ശേഷം അവന്‍ അവളോട് തന്റെ അടുത്ത് വന്നിരിക്കാന്‍ ആവശ്യപ്പെട്ടു. മടിയൊന്നും കൂടാതെ, കട്ടിലിന്റെ അരികിലെ ഇരുമ്പ് കസേരയില്‍ അവളിരുന്നു.

“എന്താ? എന്ത് പറ്റി? അകെ ഒരു മൂഡോഫ്?”

അവള്‍ തല വെട്ടിച്ച് കൊണ്ട്: “ഹേയ്, നിനക്ക് വെറുതെ തോന്നുന്നതാണ്.”

അവനവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. ആ നോട്ടം നേരിടാനാവാതെ അവള്‍ കണ്ണുകള്‍ അവനില്‍ നിന്നും തെറ്റിച്ച് കളഞ്ഞു. അവളുടെ ഉള്ളില്‍ ആ ചോദ്യം ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു. അവളുടെ മൗനം നീണ്ടു പോയപ്പോള്‍, വിനോദ് പതുക്കെ പറഞ്ഞു.

“വായിക്കാനെന്തെങ്കിലും പുസ്തകങ്ങള്‍ കിട്ടിയിരുന്നെങ്കില്‍… ഈ പത്രമെത്ര നേരമാ ഇങ്ങിനെ തിരിച്ചും മറിച്ചും വായിക്കുന്നത്?”

“ഞാന്‍ കൊണ്ടുവരാം. ഇന്നലെ പറഞ്ഞൂടായിരുന്നോ? വീട്ടിലുണ്ട്. വേണു സിദ്ധുവിന് കുറെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. മലയാളവും ഇംഗ്ളീഷും.”

“ആഹാ… സിദ്ധു വായിക്കുമോ?”

“ആ… വല്ലപ്പോഴുമൊക്കെ… മലയാളം കഷ്ടിയാ. ഇംഗ്ളീഷിലാ കണ്ണ്..”

വിനോദ് ആയാസപ്പെട്ട് തന്റെ ഇരുത്തമൊന്ന് ശരിയാക്കി.

“രാവിലെ നല്ലൊരു കഴിപ്പ് കഴിച്ചതാണ്. ഈ കഞ്ഞി കൂടിയായപ്പോള്‍ വയറു മുട്ടി…”

അവളവനെ നോക്കി വെറുതെ ഒന്ന് ചിരിച്ചുകാണിച്ചു.

“മോളെന്ത് ചെയ്യുന്നുണ്ടാവുമോ ആവോ? ജനിച്ചതില്‍ പിന്നെ പിരിഞ്ഞിട്ടില്ല ഞാന്‍. പാവം.. കാണാന്‍ വല്ല്യ പൂതിയുണ്ട്. നീയവളെ രണ്ടീസം നിന്റെ കൂടെ നിര്‍ത്തുമോ? ബുദ്ധിമുട്ടാവില്ലെങ്കി….”

മുഴുവിപ്പിക്കാനാവാതെ അവന്‍ നിര്‍ത്തിയപ്പോൾ അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“ഒരല്‍പം ബുദ്ധിമുട്ടാണെങ്കിലും ആവാം. പോരെ? ബാബുവിനോട് വിളിച്ചു പറഞ്ഞോളാം. ”

നന്ദി സ്ഫുരിക്കുന്നൊരു നോട്ടം. പ്രകാശം നിറഞ്ഞൊരു പുഞ്ചരി. അവന്റെ പ്രസന്ന മുഖത്തേക്ക് അവള്‍ വെറുതെ നോക്കിയിരുന്നു. വിനോദ് അവളുടെ മുഖത്തേക്ക് നോക്കാതെ എന്തോ ആലോചിച്ച് ഊറിചിരിച്ചപ്പോള്‍ അവള്‍ ചോദിച്ചു.

“എന്താ ആലോചിച്ച് ചിരിക്കുന്നത്?”

“ആ.. ഞാന്‍ മോളെക്കുറിച്ചാലോചിക്കുവായിരുന്നു. മഹാകുറുമ്പിയാ. അവളുടെ അമ്മയെ പോലെ…”

അവന്റെ മുഖത്തെ ചിരിയില്‍ വിഷാദം കലര്‍ന്നു. പതിഞ്ഞ ശബ്ദത്തോടെ അവന്‍ പറഞ്ഞു.

“മുന്നേ പോയി എന്നെയും മോളെയും ഏകയായി കാത്തിരിക്കുന്ന അവളാണോ പാവം. അതല്ല, അവളില്ലാതെ ഇങ്ങിനെ ജീവിക്കേണ്ടി വരുന്ന മോളും ഞാനുമാണോ പാവങ്ങളെന്ന്… എനിക്കെപ്പോഴും കണ്‍ഫ്യൂഷനാവാറുണ്ട്.”

അവളൊന്നും പറഞ്ഞില്ല. വെറുതെ കേട്ടിരുന്നു.

“എന്റെ കാര്യം പോട്ടെന്ന് വെക്കാം. പാവം മോള്. എത്രയെത്ര നിമിഷങ്ങളില്‍ അവള്‍ക്കവളുടെ അമ്മയെ മിസ്സ് ചെയ്തിരിക്കും. കാലിലൊരു മുള്ളു കൊള്ളുമ്പോള്‍ മുതല്‍… പനിച്ച് വിറക്കുമ്പോള്‍ വരെ. കുളിപ്പിച്ചുകൊടുക്കാനോ… സ്‌കൂളിലേക്കൊന്നൊരുക്കിപ്പറഞ്ഞയക്കാനോ… അവള്‍ക്കവളുടെ അമ്മയില്ലല്ലേ? ഇടയ്ക്കൊക്കെ പറയും. ബാബുട്ടന്റെ അമ്മ.. എന്നും വീട്ടിലേക്കു വരുമെന്ന്. പാവം. അവളുടെ അമ്മ ഇനിയൊരിക്കലും വരില്ലെന്നവള്‍ക്കറിയില്ലല്ലോ? രാധേച്ചി ഒരു പുണ്യം തന്നെയാണ്. അവരില്ലായിരുന്നെങ്കില്‍… എനിക്കതാലോചിക്കാന്‍ കൂടി വയ്യ..”

“വേറൊരു കല്ല്യാണം കഴിച്ചൂടായിരുന്നോ?” അവളുടെ സംശയം.

“വേറൊരു കല്യാണം കഴിക്കാനൊക്കെ ഒരുപാട്പേരു പറഞ്ഞതാ. അവള്‍ക്കു പകരം വേറെ ഒരാള്‍. ചിന്തിക്കാന്‍ തന്നെ പ്രയാസം. പിന്നെയല്ലേ… കൂടെ കൂട്ടുന്നത്. മാത്രമല്ല… വരുന്നവര്‍ മോളോടെങ്ങിനെയാവുമെന്നാര്‍ക്കറിയാം. കുട്ടികളൊന്നുമുണ്ടാവാത്തൊരു പെണ്ണിനെ കെട്ടിയാല്‍ മതിയെന്ന്.. എപ്പഴും പറയും… രാധേച്ചി. അതൊന്നും ശരിയാവില്ല. രണ്ടാനമ്മ എന്നതൊരു പരീക്ഷണം തന്നെയാ… എന്റെ മോളെ അങ്ങിനൊരു ചൂതാട്ടത്തിന് വിടാനാവില്ലെനിക്ക്. പക്ഷെ…”

ഒരു ദീര്‍ഘനിശ്വാസമെടു അവന്‍.

“ഇപ്പോള്‍ വീണുപോയപ്പോഴാണ് വല്ല്യ സങ്കടം. ഇന്ന്… ഇവിടെ… ഈ അവസ്ഥയില്‍… എന്റെ ഗായത്രിയെ എനിക്കും വല്ലാതെ മിസ്സ് ചെയ്യുന്നു. വല്ലാതെ… അവളുണ്ടായിരുന്നെങ്കിലെന്ന്…. അവളുടെ മരണ ശേഷം… ഇത്രേം ഞാന്‍ കൊതിച്ചിട്ടില്ല… ഇവിടെയിപ്പോളൊന്ന് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ പോലും…. ഞാന്‍…. ഞാന്‍ വല്ലാതെ ചെറുതാവുന്നുണ്ട്.”

അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ശബ്ദം ഇടറിയിരുന്നു. അവള്‍ വെറുതെ കേട്ടിരിക്കുകയായിരുന്നു. ഒരു നേര്‍ത്ത നീര്‍പാട തന്റെ കാഴ്ചകളെ മങ്ങിയതാക്കുന്നത് അവളറിഞ്ഞു. അവനെ ഒന്നാശ്വസിപ്പിക്കാന്‍ പോലും തനിക്കാവാത്തതെന്തേ എന്നവള്‍ അത്ഭുതപ്പെട്ടു. തന്നോട് തന്നെ അരിശം തോന്നി. വെറുതെയെങ്കിലും അവനോട് എന്തെങ്കിലുമൊന്ന് ചോദിക്കാനോ പറയാനോ അവള്‍ക്കാഗ്രഹമുണ്ടായിരുന്നു. നെഞ്ചില്‍ കനത്ത കദന ഭാരത്താല്‍ വാക്കുകളൊന്നും തന്നെ കിട്ടിയില്ല.

അവര്‍ക്കിടയില്‍ നിശബ്ദനിമിഷങ്ങള്‍ ശലഭങ്ങളായി പറന്നകന്നു.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top