Flash News

കോവിഡ് കാലത്തെ ക്രിയാത്മകമാക്കി പ്രവാസലോകത്തു നിന്നും ‘അതിജീവനാക്ഷരങ്ങള്‍’

May 3, 2020 , .

Screen Shot 2020-04-30 at 2.56.48 PMദോഹ: കൊറോണാക്കാലത്ത് ലോക്ക്ഡൗണായിക്കിടക്കുന്നവരുടെ സര്‍ഗ്ഗശേഷികളെ കോര്‍ത്തിണക്കി ഒരു പുസ്തകമാക്കിയാല്‍ എങ്ങനെയുണ്ടാകും. കൊള്ളാം, പക്ഷെ നടക്കില്ല എന്നായിരിക്കും ഉത്തരം. എന്നാല്‍ നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ക്രിയേറ്റിവ് ഡിസൈന്‍ ഹെഡ് ആയ ഷാജഹാന്‍ എന്ന അക്ഷരപ്രേമി.

കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പുസ്തകം ഇറങ്ങുന്നത്. കൊച്ചിയിലെ 24 കമ്മ്യൂണിക്കേഷന്‍സ് ഇ ബുക്ക് ആയി പ്രസിദ്ധീകരിച്ച അതിജീവനാക്ഷരങ്ങളില്‍ കൊറോണയെക്കുറിച്ചുള്ള പഠനങ്ങള്‍ കഥകള്‍, കവിതകള്‍, ചിത്ര രചനകള്‍, പാചകക്കുറിപ്പുകള്‍ എന്നീ വിഭാഗങ്ങളിലായി 50 പേരുടെ രചനകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

എഴുതിത്തെളിഞ്ഞവരും പുതുമുഖക്കാരുമായ അന്‍പതോളം പേരുടെ കഥകള്‍, കവിതകള്‍, അനുഭവക്കുറിപ്പുകള്‍, ചിത്രങ്ങള്‍ തുടങ്ങി പാചകം വരെ വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങളുമായി അറുപതില്‍പരം പേജുകളിലാണ് പുസ്തകമിറക്കിയിരിക്കുത്.

കൊറോണാക്കാലത്ത് ലോക്ക്ഡൗണായി വീട്ടിലിരിക്കുന്നവരുടെ ക്രിയാത്മകതയെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ സംരംഭത്തിനു പിന്നിലുള്ളത്. പുതുമുഖ എഴുത്തുകാര്‍ക്ക് വലിയ ഒരു പ്രചോദനം കൂടിയാണ് ഈ പുസ്തകം. കോവിഡ് കാലത്തെ ചിന്തകള്‍ കൊണ്ട് സര്‍ഗ്ഗാത്മകമാക്കാന്‍ ഒരു പുസ്തകത്തെക്കുകുറിച്ചുള്ള ആലോചനയുണ്ടെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി നല്‍കിയ പ്രചാരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഷാജഹാന്‍ പറയുന്നു. ലഭിച്ച അനേകം രചനകളില്‍ നിന്ന് മികച്ചവ കണ്ടെത്തുക എന്നത് ശ്രമകരമായിരുന്നു. ഓണ്‍ലൈന്‍ സുഹൃത്തുക്കളായ പ്രശസ്ത കവികളായ ബക്കര്‍ മേത്തല, റഹീം പൊന്നാട്, നോവലിസ്റ്റ് ഓ എം അബൂബക്കര്‍ എന്നിവരാണ് ഈ പുസ്തകം ഇറക്കാനായി ഷാജഹാന് പ്രചോദനം നല്‍കിയത്. ഇതിനു കവര്‍ ഡിസൈന്‍ ഒരുക്കിയത് നിരവധി അവാര്‍ഡുകള്‍ നേടിയ കേരളത്തിലെ പ്രശസ്ത ബുക്ക് കവര്‍ ഡിസൈനര്‍ രാജേഷ് ചാലോട് ആണ്.

ഷാജഹാന്‍ ഉച്ചവരെയുള്ള ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ കിട്ടുന്ന ഒഴിവു സമയം ഇതിനായി മാറ്റി വച്ചാണ് പുസ്തകം തയ്യാറാക്കിയത്. എഡിറ്റിംഗ്, ലേഔട്ട് , പ്രൂഫ് റീഡിംഗ്, ഡിസൈനിംഗ് തുടങ്ങി പുസ്തകത്തിന്‍റെ എല്ലാ വര്‍ക്കുകളും ഷാജഹാന്‍ ഒറ്റയ്ക്കാണ് ചെയ്തത്.

പുസ്തകത്തിന്‍റെ ലേ ഔട്ട് ഡിസൈന്‍ കേരളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളോട് കിടപിടിക്കുന്ന ഒന്നാണ്. പ്രശസ്ത സാഹിത്യകാരന്മാരില്‍ നിന്നും നിരവധി പ്രശംസകളാണ് തന്നെ തേടിയെത്തിയതെന്നും അത് ഊര്‍ജ്ജം പകരുന്നതാണെന്നും, ഒരു അക്ഷര പ്രേമിക്ക് ഈ ലോക്ക്ഡൗണ്‍ കാലത്ത് സമൂഹത്തോടുള്ള ബാധ്യതയാണ് താന്‍ നിറവേറ്റുന്നതെന്നും ഷാജഹാന്‍ പറഞ്ഞു.

പി.ഡി.എഫ്. രൂപത്തിലുള്ള പുസ്തകം സൗജന്യമായാണ് വായനക്കാരിലേക്കെത്തിക്കുന്നത്.

കൊടുങ്ങല്ലൂരില്‍ മെയ് ഒന്ന് രാവിലെ നടന്ന ചടങ്ങില്‍ ‘അതിജീവനാക്ഷരങ്ങള്‍’ എന്ന കൃതി പ്രശസ്ത നോവലിസ്റ്റായ എന്‍.ടി. ബാലചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രനു നല്‍കി പ്രകാശനം ചെയ്തു. പ്രശസ്ത കവി ബക്കര്‍ മേത്തല അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം. ബിജുകുമാര്‍, യു.ടി. പ്രേംനാഥ്, കെ.എം. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍ കിഴുപ്പിള്ളിക്കര സ്വദേശിയായ ഷാജഹാന്‍ 15 വര്‍ഷമായി വിദേശത്തു പരസ്യ കലാരംഗത്ത് ജോലി ചെയ്യുന്നു. ഭാര്യ: റഹീമ. മക്കള്‍: ഹയ ഫാത്തിമ, ഹന ആയിഷ.

ഓണ്‍ലൈന്‍ വായനക്ക് പുസ്തകത്തിന്റെ ലിങ്ക് : https://www.calameo.com/read/0062558074d0ce11f06d1 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top