ന്യൂജേഴ്സി: മരണം എണ്ണായിരത്തിലേക്ക് അടുക്കുന്നുവെങ്കിലും കോവിഡ് 19 ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ശമനമുണ്ടായിട്ടുണ്ട്. ആശുപത്രിയിലെ തിരക്കുകളില്‍ വലിയ കുറവുണ്ട്. ടെസ്റ്റിങ് സെന്ററുകളിലും ഇപ്പോള്‍ വലിയ ക്യൂ കാണാനില്ല. ന്യൂജേഴ്സിയില്‍ രോഗബാധിതരുടെ എണ്ണം 123,717 ആയി. ന്യയോര്‍ക്കില്‍ ഇത് 309,696 ആണ്. മരണം ഇവിടെ 18,610 ആണ്. എന്നാല്‍ സംസ്ഥാനത്തെ അപേക്ഷിച്ച് മരണങ്ങളേറെയും നടന്നത് ന്യൂയോര്‍ക്ക് സിറ്റിയിലാണ്. ഇവിടെ മാത്രം 18231 പേര് മരിച്ചതായാണ് കണക്ക്. നേഴ്സിങ് ഹോമുകളില്‍ നിന്നുള്ള കണക്ക് പലേടത്തെയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അതാണ് ഇപ്പോഴത്തെ മരണനിരക്ക് ഉയര്‍ത്തുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പെന്‍സില്‍വേനിയയില്‍ മൊത്തം 2418 പേരും ഫിലഡല്ഫിയയില് 638 പേരും കോവിഡ് 19-ന് ഇരയായി. അമേരിക്കയിലാകെ, 67448 പേര് മരിച്ചു. 1161000 പേര് രോഗബാധിതരായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി അണുബാധയുടെ തോത് മന്ദഗതിയിലാണെന്നും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നുവെന്നും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും ആരോഗ്യവകുപ്പിലെ ഉേദ്യാഗസ്ഥരും പറഞ്ഞു.
രോഗികളുടെ എണ്ണത്തില്‍ ആശുപത്രികള്‍ വലിയ കുറവുകള്‍ കാണിക്കുന്നതിനെത്തുടര്ന്ന് നിയന്ത്രണങ്ങളില്‍ ന്യൂജേഴ്സി ഇളവ് വരുത്തിയിരുന്നു. പാര്‍ക്കുകളും ഗോള്‍ഫ് കോഴ്സുകളും വീണ്ടും തുറക്കാന്‍ അനുവദിച്ചു. സാമൂഹിക അകലം പാലിക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പാര്‍ക്ക് സന്ദര്‍ശകര്‍ ഇപ്പോഴും വൈറസിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്, ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പട്രോളിംഗ് നടത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍, പാര്‍ക്കുകളും ഗോള്‍ഫ് കോഴ്സുകളും വീണ്ടും അടച്ചേക്കാമെന്ന് മര്‍ഫി പറഞ്ഞു. വീണ്ടും തുറക്കുന്നത് ശരിയായി നടക്കുന്നുവെങ്കില്‍, അത് കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിലേക്ക് നയിച്ചേക്കാം. പാര്‍ക്കുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതുവരെ മികച്ചതാണെന്ന് മര്‍ഫി പറഞ്ഞു.
ഇന്നലെ കൊറോണ വൈറസിനായി 2,912 പുതിയ പോസിറ്റീവ് ടെസ്റ്റുകളും 205 അധിക മരണങ്ങളും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കിനുശേഷം അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളും മരണങ്ങളും നടക്കുന്നത് ന്യൂജേഴ്സിയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍, ന്യൂജേഴ്സി ന്യൂയോര്‍ക്കിനേക്കാള്‍ കൂടുതല്‍ കൊറോണ വൈറസ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ആളുകളെ പരീക്ഷിക്കുന്നതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു.
മൃതദേഹസംസ്ക്കാരത്തിന് പുതിയ നിബന്ധനകള്‍
കൊറോണ വൈറസ് മൂലം മരിച്ച വ്യക്തികളെ താത്ക്കാലിക കാസ്കറ്റുകള്‍ അടച്ചു സംസ്ക്കരിക്കുന്നതിനെതിരേ ന്യൂജേഴ്സി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ആവശ്യത്തിനു ശ്മശാനങ്ങള്‍ ലഭിക്കാത്തതു മൂലം ഈ തീരുമാനത്തില്‍ വിട്ടുവീഴ്ച വേണമെന്ന് ആവശ്യമുയര്ന്നിട്ടണ്ട്. പലേടത്തും കോണ്‍ക്രീറ്റ് കല്ലറകളുടെ ക്ഷാമമുണ്ട്. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് നിര്‍ദ്ദേശത്തിനെതിരേ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉത്തരവില്‍ ചില ഭേദഗതികള്‍ നടത്തുമെന്ന് സംസ്ഥാന പോലീസ് കേണല്‍ പാട്രിക് കല്‍ഹന്‍ സൂചന നല്കി. ഏപ്രില്‍ 22 നാണ് സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജൂഡിത്ത് പെര്‍സില്ലി നിര്‍ദ്ദേശം ഒപ്പിട്ടത്. നിര്‍ദ്ദേശം പരിഷ്കരിക്കണമെന്ന് ന്യൂജേഴ്സി സ്റ്റേറ്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് അസോസിയേഷന് ആവശ്യപ്പെടുന്നു. നിയന്ത്രണങ്ങള്‍ പുനര്നിര്വചിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന ഉദേ്യാഗസ്ഥരോടും നിയമനിര്‍മ്മാതാക്കളോടും ബന്ധപ്പെട്ടുവെന്ന് ന്യൂജേഴ്സി സ്റ്റേറ്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് അസോസിയേഷന് സിഇഒ ജോര്‍ജ്ജ് കെല്‍ഡര്‍ പറഞ്ഞു.
കോണ്‍ക്രീറ്റ് ശ്മശാന നിലവറകളുടെ കുറവുമൂലം ശവസംസ്കാര ചടങ്ങുകളുടെ കാലതാമസത്തെക്കുറിച്ചും കല്ലഹന് പരാമര്‍ശിച്ചു. പകര്‍ച്ചവ്യാധി മൂലം മരിച്ചവരുടെ സംസ്ക്കാരം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ശുചിത്വം പാലിക്കാതെ സംസ്ക്കരിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂജേഴ്സിയിലെ ആയിരക്കണക്കിന് ശ്മശാനങ്ങളേക്കാള്‍ കൂടുതല്‍ കാലതാമസം സംസ്ഥാനത്തിന്റെ 24 ശ്മശാനങ്ങളില്‍ നിന്നാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയെ പൂര്‍ണ്ണമായി സംസ്കരിക്കാന്‍ മൂന്ന് മണിക്കൂര്‍ വരെ എടുക്കുന്നതിനാല്‍ ശവസംസ്കാര പ്രക്രിയ വേഗത്തില്‍ നീങ്ങാന്‍ കഴിയില്ല, കെല്‍ഡര്‍ പറഞ്ഞു.
വ്യോമയാന യാത്രികര്‍ക്കും ജീവനക്കാര്‍ക്കും മാസ്ക്ക് നിര്‍ബന്ധം
വിമാനയാത്രികരും ക്യാബിന് ക്രൂ അടക്കമുള്ള എല്ലാ ജീവനക്കാരും കൊറോണയെ പ്രതിരോധിക്കാനായി മാസ്ക്കുകള്‍ ധരിക്കണമെന്ന് നിര്‍ദ്ദേശം. യുഎസ് എയര്‍ലൈന്‍സാണ് യാത്രക്കാരും അവരുമായി ഇടപഴകുന്ന ജീവനക്കാരും അവരുടെ യാത്രകളില്‍ എല്ലായ്പ്പോഴും മാസ്ക്ക് ധരിക്കണം എന്ന് ആവശ്യപ്പെടുന്നത്.
വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക വ്യാഴാഴ്ച പ്രഖ്യാപിച്ചു, ‘ഉപഭോക്താക്കളെ അഭിമുഖീകരിക്കുന്ന ജീവനക്കാരും യാത്രക്കാരും യാത്രയിലുടനീളം മാസ്ക്ക് ധരിക്കണം. ചെക്ക്ഇന്‍, ബോര്‍ഡിംഗ്, ഇന്‍ഫ്ളൈറ്റ് സമയത്ത് ഇത് നിര്‍ബന്ധമാണ്.’ ന്യുവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനകത്തും പുറത്തും ഉള്ള എല്ലാ ആഭ്യന്തര വിമാനങ്ങള്‍ക്കും ഇതു ബാധകമാകും. ന്യുവാര്‍ക്ക് ലിബര്‍ട്ടിയിലെ വിമാന ഗതാഗതത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഉള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ഇതിനകം തന്നെ നയം നടപ്പാക്കിയിട്ടുണ്ടെന്ന് കാരിയറിന്റെ വെബ്സൈറ്റിന്റെ കൊറോണ വൈറസ് പേജ് പറയുന്നു. ന്യുവാര്‍ക്ക് ലിബര്‍ട്ടിയിലെ ഒരു യുണൈറ്റഡ് ജീവനക്കാരന് കഴിഞ്ഞ മാസം വൈറസ് ബാധിച്ച് മരിച്ചിരുന്നു.
ഹോള്ഫുഡ്സില് സൗജന്യ മാസ്ക്ക്
കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപകമായി എല്ലാ സ്റ്റോറുകളുടെയും പ്രവേശന കവാടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ ഫെയ്സ് മാസ്കുകള്‍ നല്‍കുമെന്ന് ഹോള്‍ഫുഡ്സ് പ്രഖ്യാപിച്ചു. മാസ്ക്കുകള്‍ ഇല്ലാത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സൗജന്യമുണ്ടാവൂ. തങ്ങളുടെ ടീം അംഗങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിന് എല്ലാ ഉപഭോക്താക്കളും സ്റ്റോറില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഫെയ്സ് മാസ്ക് ധരിക്കണമെന്ന് ആമസോണ്‍ ഉടമസ്ഥതയിലുള്ള ഈ ഗ്രോസറി സ്റ്റോര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൊറോണയെത്തുടര്‍ന്ന് കമ്പനി സംരക്ഷണ നയങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ഹോള്ഫുഡ്സിലെ ജീവനക്കാര്‍ ദേശീയ പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ആമസോണ്‍ തങ്ങളുടെ യുഎസ്, യൂറോപ്യന്‍ വെയര്‍ഹൗസുകളിലെ എല്ലാ ജീവനക്കാര്‍ക്കും ഫെയ്സ് മാസ്കുകളും ശരീരോഷ്മാവ് പരിശോധനകളും ഏപ്രില്‍ മുതല്‍ ഹോള്‍ഫുഡ്സ് സ്റ്റോറുകളിലും നല്കി. 2020 ന്റെ ആദ്യ പകുതിയില്‍ കോവിഡ് 19 സുരക്ഷാ നടപടികള്‍ക്കായി 800 മില്യണ്‍ ഡോളറും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഏകദേശം 4 ബില്യണ്‍ ഡോളറും നിക്ഷേപിക്കുമെന്ന് ആമസോണ്‍ പറയുന്നു. ന്യൂജേഴ്സിയില്‍ നിലവില്‍ 21 ഹോള്‍ഫുഡ് സ്റ്റോറുകള്‍ ഉണ്ട്.
തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ്
കൊറോണ വൈറസ് വലിയ തോതില്‍ ജനങ്ങളെ വീട്ടില്‍ കുടുക്കിയിരിക്കുന്നതിനാല് അഴിമതികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് ന്യൂജേഴ്സിക്കാര്‍ക്ക്, പ്രത്യേകിച്ച് പ്രായമായവര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. ന്യൂജേഴ്സി സ്റ്റേറ്റ് പോലീസ് ആക്ടിംഗ് സൂപ്രണ്ട് കേണല്‍ പാട്രിക് കല്ലഹനാണ് ഈ ജാഗ്രത സന്ദേശം നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും ഇക്കാര്യം സൂചിപ്പിക്കുന്നു, പ്രിയപ്പെട്ടവരെ സഹായിക്കുകയെന്ന വ്യാജേന അഴിമതിക്കാര്‍ സമീപിക്കാനും തട്ടിപ്പ് നടത്താനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ആളുകളെ ഈ വിധത്തില്‍ ഭീഷണിപ്പെടുത്തുമെന്നും സംസ്ഥാനത്തിന് ആശങ്കയുണ്ട്.
ക്ലിന്റണിലെ വൃദ്ധയായ സ്ത്രീയുടെ ഉദാഹരണം കല്ലഹന് നല്കി, ചെറുമകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിട്ടുകൊടുക്കാന്‍ 5,000 ഡോളര്‍ ആവശ്യമാണെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. 5,000 മെയിലില്‍ ഇട്ടെങ്കിലും പക്ഷേ ആ പണം തട്ടിപ്പുസംഘത്തിനു ലഭിക്കുന്നതിന് മുമ്പ് യുഎസ് തപാല്‍ സേവനം തടഞ്ഞു.
യുഎസ് അറ്റോര്‍ണി ക്രെയ്ഗ് കാര്പെനിറ്റോ, ന്യൂജേഴ്സി അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ ഗ്രേവല്‍, ന്യൂജേഴ്സിയുടെ ആക്ടിംഗ് സ്റ്റേറ്റ് കംട്രോളര്‍ കെവിന് വാല്‍ഷ് എന്നിവര്‍ നടത്തുന്ന കോവിഡ് 19-നോടനുബന്ധിച്ചുള്ള തട്ടിപ്പിനെക്കുറിച്ചുള്ള ഇന്റലിജന്‍സി ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയിലില്‍ പണം അയയ്ക്കുകയോ അപരിചിതര്‍ക്ക് പണം വയര്‍ സര്‍വീസായി ചെയ്യരുതെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിച്ചു.
അതേസമയം, ഗവര്‍ണര്‍ മര്‍ഫിയുടെ നിര്‍ദ്ദേശപ്രകാരം താമസക്കാര്‍ സ്റ്റേ അറ്റ് ഹോമിന്റെ ആറാമത്തെ ആഴ്ചയിലേക്കു കടന്നു. അനിവാര്യമായ ബിസിനസുകള്‍ അടച്ച് വൈറസിനെതിരെ പോരാടാനും ജീവന് രക്ഷിക്കാനുമുള്ള ശ്രമം കര്‍ശനമായി നടപ്പാക്കുന്നു. സാമൂഹിക അകലം ആരംഭിച്ചതുമുതല്‍ റെക്കോര്‍ഡ് തൊഴിലില്ലായ്മ ക്ലെയിമുകളും ബിസിനസ്സ്, നികുതി വരുമാന നഷ്ടങ്ങളും സംസ്ഥാനം കണ്ടു. ഫെഡറല്‍ സര്‍ക്കാര്‍ 550,000 കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകള്‍ ന്യൂജേഴ്സിയിലേക്ക് അയച്ചതായി ഗവര്‍ണര്‍ മര്‍ഫി പ്രഖ്യാപിച്ചു, ഇത് സംസ്ഥാനത്തിന്റെ ദൈനംദിന പരിശോധന ഇരട്ടിയാക്കാന്‍ അനുവദിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനം എങ്ങനെ ക്രമേണ പിന്‍വലിക്കുമെന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണിതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് സ്കൂളുകള്‍ തുറക്കില്ല, ന്യൂജേഴ്സി തീരുമാനം ഈയാഴ്ച
ന്യൂയോര്‍ക്ക് സ്റ്റേറ്റിലുടനീളമുള്ള സ്കൂളുകള്‍ സ്കൂള്‍ വര്‍ഷാവസാനം വരെ അടച്ചിടുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ പ്രഖ്യാപിച്ചു. ആഴ്ചകള്‍ക്കുമുമ്പ് ഇത് അനിവാര്യമാണെന്ന് അധ്യാപകരും യൂണിയന് നേതാക്കളും മേയര്‍ ബില്‍ ഡി ബ്ലാസിയോയും പറഞ്ഞതിനാണ് ഇപ്പോള്‍ സ്ഥിരീകരണം.
ന്യൂയോര്‍ക്ക് നഗരത്തിലെ 1,800 പൊതുവിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ വരെ വീണ്ടും തുറക്കില്ലെന്ന് മേയര്‍ ഡി ബ്ലാസിയോ ഏപ്രില്‍ 11 ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്കൂകളുകള്‍ തുറക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്നും ഇക്കാര്യത്തില്‍ മേയറുടേത് നിര്‍ദ്ദേശം മാത്രമാണ് ഉത്തരവല്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും, ന്യൂയോര്‍ക്കില്‍ സ്കൂളുകള്‍ ഈ അധ്യയനവര്‍ഷം അടഞ്ഞു കിടക്കുമെന്നു വ്യക്തമായി. സ്കൂളുകള്‍ ഓണ്‍ലൈനായി അവരുടെ നിര്‍ദ്ദേശങ്ങള്‍ തുടരുകയാണെങ്കിലും, നിരവധി വിദ്യാര്‍ത്ഥികള്‍ അക്കാദമികമായി പിന്നിലാണ്.
ഓണ്‍ലൈന്‍ സമ്മര്‍ സ്കൂളിനായി നഗരം ഇതുവരെ ഒരു പദ്ധതി പുറത്തിറക്കിയിട്ടില്ല.
അതേസമയം, സ്കൂളുകള്‍ തുറക്കണമോ എന്നതു സംബന്ധിച്ച് തന്റെ പദ്ധതികള്‍ ഈയാഴ്ച പ്രഖ്യാപിക്കുമെന്ന് ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. കോവിഡിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് മാര്‍ച്ച് 18 ന് കൂടുതല്‍ അറിയിപ്പ് ലഭിക്കുന്നതുവരെ ന്യൂ ജേഴ്സിയിലെ എല്ലാ സ്വകാര്യ, സ്വകാര്യ സ്കൂളുകളും പ്രീകെ, കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകളും അടച്ചു. സംസ്ഥാനത്തെ 2 ദശലക്ഷം വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും അധ്യാപകരെയും ഇതു ബാധിച്ചിട്ടുണ്ട്. ഓര്‍ഡര്‍ കുറഞ്ഞത് മെയ് 15 വരെ തുടരുമെന്നാണ് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞത്. ഇതു മാറ്റുന്നതു സംബന്ധിച്ചാണ് ഈയാഴ്ച തീരുമാനമെടുക്കുക. ഇനി സ്കൂളുകള്‍ തുറന്നാല്‍ തന്നെ, എല്ലാം വിദ്യാര്‍ത്ഥികളും ജീവനക്കാരും മടങ്ങിയെത്തുമ്പോഴെല്ലാം ഫേസ് മാസ്ക്ക് ധരിക്കണുമെന്നും ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു.
9 ദശലക്ഷം ജനസംഖ്യയുള്ള ന്യൂജേഴ്സിയിലെ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തന്നെ പഠിക്കുന്നു, പലപ്പോഴും ഓണ്‍ലൈനില്‍. ന്യൂജേഴ്സിക്ക് പുറമേ, അയല്‍സംസ്ഥാനമായ പെന്‍സില്‍വേനിയയിലെ സ്കൂളുകളും ബാക്കി അധ്യയന വര്‍ഷങ്ങളില്‍ അടച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആതുരസേവനത്തില്‍ കോവിഡ് മാറ്റിയെടുത്ത തൊഴില്‍ സംസ്ക്കാരം
ആശുപത്രികളില്‍ വേറിട്ടൊരു തൊഴില്‍ സംസ്ക്കാരം ഉടലെടുത്തിരിക്കുന്നു എന്നതാണ് കൊറോണക്കാലത്തിന്റെ മറ്റൊരു സംഭാവന. സി.ഇ.ഒ മുതലുള്ളവര്‍ ഏതു ജോലിയും ചെയ്യുന്നുവെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാഴ്ച. ബെത്ത് ഇസ്രയേലിലെ സി.ഇ.ഒയും പ്രസിഡന്റുമായ വ്യക്തി ഡബിള്‍ ബ്രെസ്റ്റഡ് സ്യൂട്ടും തിളങ്ങുന്ന ഷൂസുമൊക്കെ വിട്ട് വെറും സാധാരണ സ്ക്രബും സ്നീക്കറും ഇട്ട് വണ്ടി തള്ളി നടക്കുന്ന കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കാത്തതാണ്. ആശുപത്രി ജീവനക്കാര്‍ക്ക് സമയാസയമങ്ങളില്‍ കാര്‍ട്ടുകള്‍ തള്ളി ഭക്ഷണം എത്തിക്കാനും ജോലി കഴിഞ്ഞ് പോകുന്നവരെ വാതില്ക്കല് നിന്ന് നന്ദി പറഞ്ഞ് യാത്രയാക്കാനുമൊക്കെ സി.ഇ.ഒ റെഡി. മായാവിയെ പോലെയാണ് യാത്ര. എപ്പോഴും എവിടെയും കാണാം. അതും എല്ലാവരോടും കുശലം പറഞ്ഞ്. അതിശയിപ്പിക്കുന്ന കാര്യം എന്നു പറയുന്നത് മൂവായിരത്തിയഞ്ഞൂറോളം പേര് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഒട്ടുമിക്ക പേരെയും പേരെടുത്തു പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നുവെന്നതാണ്. ഒന്നോര്‍ക്കുക, എല്ലാവരും മാസ്ക്ക് ധരിച്ചിട്ടുണ്ടെന്നതു കൂടി കണക്കിലെടുക്കണം.
ഇന്നലെ റെസിപിറ്റോറി സ്റ്റാഫ് റൂമിലെ ഗാര്‍ബേജ് എടുക്കാന്‍ വന്നത് കമ്യൂണിറ്റി റിലേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ആണ്. ഒരു യൂണിറ്റില്‍ നിന്നും മറ്റൊരു യൂണിറ്റിലേക്ക് പേഷ്യന്റിന്റെ ബെഡ് തള്ളിക്കൊണ്ടു പോകുന്നത് റേഡിയോളജി ഡയറക്ടര്‍ ആണ്. കൊറോണ മൂലം അടച്ചിടപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകള്‍ ഏറെയാണ്. ഫിസിക്കല്‍ തെറാപ്പി, സഌപ് ലാബ്, ഈഈജി, വാസ്കുലര്‍ ലാബ്, സി.റ്റി. സ്കാന്‍, റേഡിയോളജിയുടെ 95 ശതമാനവും, ന്യൂക്ലിയര്‍ മെഡിസിന്, കാത്ത് ലാബ് തുടങ്ങി ഒട്ടനവധി ഡിപ്പാര്‍ട്ട്മെന്റുകള്‍.
കൊറോണയെത്തുടര്‍ന്ന് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവര്‍ നേഴ്സിങ്, റെസ്പിറ്റോറി രംഗത്തുള്ളവരാണ്. (വിവിധ ഡോക്ടര്‍മാരുടെ സേവനം, അത് എപ്പോഴുമുണ്ടല്ലോ, അതു കൊണ്ടാണ് ഇവിടെ പരാമര്‍ശിക്കാത്തത്.) സ്റ്റാഫിങ് പ്രശ്നം തന്നെയാണ്. നിയമനൂലാമാലകളൊക്കെ ഞൊടിയിട കൊണ്ട് മാറ്റി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള നേഴ്സുമാരെയും റെസ്പിറ്റോറി തെറാപിസ്റ്റുകളെയും ഇവിടുത്തെ വിവിധ ആശുപത്രികളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നത് സംസ്ഥാന ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ടാണ്. ഭീമമായ ശമ്പളമാണ് അവര്‍ക്ക് നല്‍കുന്നത് എന്നത് മറ്റൊരു കാര്യം. കാലിഫോര്‍ണിയ, അരിസോണ, അലബാമ, ഐഡഹോ, മാസച്യുസെറ്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള റെസ്പിറ്റോറി തെറാപിസ്റ്റുകള്‍ ലേഖകന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ദിവസത്തെ ഓറിയന്റേഷനു ശേഷം ജോലി തുടങ്ങി. ഓര്‍ക്കുക, ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ലൈസന്‍സ് മാറ്റാന്‍ മാസങ്ങളെടുക്കുന്ന പ്രക്രിയയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായത്. അതു പോലെ പുതിയ ആള് ജോയിന്‍ ചെയ്യുമ്പോള്‍ കുറഞ്ഞത് ആറാഴ്ചയെങ്കിലും പരിശീലനം നല്കിയിട്ടേ ജോലിയില്‍ കയറാറുള്ളു. അതാണ് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നത്. ചുരുക്കത്തില്‍ യുദ്ധകാലാടിസ്ഥാനം എന്നു പറയുന്ന വാക്ക് പ്രാവര്‍ത്തികമാക്കുന്ന രംഗം കണ്മുന്നില് കാണുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.
ആറു വര്‍ഷം ഫിസിക്കല്‍ തെറാപ്പി പഠിച്ചിറങ്ങിയ രണ്ടുപേരാണ് റെസ്പിറ്റോറി തെറാപ്പിയെ സഹായിക്കുവാന്‍ എത്തിയിരിക്കുന്നത്. ബേസ്മെന്റിലെ സിലണ്ടര്‍ ഏരിയയില്‍ നിന്നും ആശുപത്രിയിലെ വിവിധ യൂണിറ്റുകളിലേക്ക് 32 സിലിണ്ടര്‍ വീതമുള്ള റായ്ക്കുകള്‍ ഉന്തിത്തള്ളി കൊണ്ടു പോകുന്നത് അവരാണ്. മനസ്സാലെ, സ്വന്തം ഇഷ്ടത്താലാണ് അവരതു ചെയ്യുന്നത്. കോവിഡിന് കീഴ്പ്പെട്ട് ജീവന് നഷ്ടപ്പെട്ടവരുടെ അടുത്തു നിന്നു കൊണ്ടു വരുന്ന വെന്റിലേറ്ററുകള്‍ ഡീപ്പ് ക്ലീനിങ്ങും അണുനശീകരണവും നടത്തുന്നത് സി.റ്റി. സ്കാന്‍ യൂണിറ്റില്‍ നിന്നും റേഡിയോളജിയില്‍ നിന്നും വാസ്ക്കുലര്‍ ലാബില്‍ നിന്നും വരുന്ന ടെക്നീഷ്യന്മാരാണ്. സാധാരണഗതിയില്‍ ഇത്തരം ജോലികള്‍ ചെയ്യാനായി നിയുക്തരായിട്ടുള്ള ജോലിക്കാര്‍ ഉള്ളതാണ്. സാധാരണമായതൊന്നും അല്ലല്ലോ ഇപ്പോള്‍ നടക്കുന്നത്.
കഫ്ടീരിയയില് മൂന്നു നേരവും ഇഷ്ടം പോലെ സൗജന്യ ഭക്ഷണം. കൂടാതെ, സംഭാവനയായും സമ്മാനമായും വിവിധ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന മറ്റ് ഭക്ഷണങ്ങള്‍. തേങ്ങാവെള്ളത്തിന്റെ പായ്ക്കറ്റുകള്വരെ. ആതുരശുശ്രൂഷകരെ കരുതുന്ന ഒരു കൂട്ടം ആള്ക്കാര് പുറത്തെവിടെയോ ഉണ്ടെന്നുള്ളത് മനസ്സിനേറെ ആഹ്ലാദം പകരുന്നു.
വീടുകളിലിരുന്നു ജോലി ചെയ്ത് വന്ന ഐ.ടി ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരെയും ആശുപത്രി സ്ക്രബില്‍ ഹാള്‍വേയില്‍ കണ്ടു തുടങ്ങി. വീടുകളിലിരുന്നു ബോറടിച്ചിട്ടാണോ അതോ ആശുപത്രിയിലെ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ അവരുടെ സേവനം ആവശ്യമായി വന്നതു കൊണ്ടാണോ എന്നു വ്യക്തമല്ല.
ഏതായാലും കൊറോണ മൂലം പുതിയൊരു തൊഴില്‍ സംസ്ക്കാരം ഉരുത്തിരിഞ്ഞു വന്നുവെന്നു കാണുന്നത് തികച്ചും ശുഭോദാര്‍ക്കമാണ്. ഇത് എത്രനാള്‍ ഇങ്ങനെ പോകുമെന്നറിയില്ല. ഏതായാലും എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply