- Malayalam Daily News - https://www.malayalamdailynews.com -

“എന്‍റെ ആരോഗ്യത്തെ അപകടപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ല”: ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍

Andrew Cuomoആല്‍ബനി (ന്യൂയോര്‍ക്ക്): കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നടപടികള്‍ക്കെതിരെ മാസ്ക് ധരിക്കാതെ പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരെ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞു.

ലോംഗ് ഐലന്‍ഡ്, ആല്‍ബനി, ബഫല്ലോ, സഫോക്ക് കൗണ്ടി എന്നിവയുള്‍പ്പടെ പാന്‍ഡെമിക് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയ ന്യൂയോര്‍ക്ക് സംസ്ഥാനത്തുടനീളം നിരവധി ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു.

വെള്ളിയാഴ്ച, ന്യൂയോര്‍ക്ക് നഗരത്തിലെയും രാജ്യത്തൊട്ടാകെയുള്ള മറ്റ് നഗരങ്ങളിലെയും ‘മാഗാ മെയ് ഡേ (MAGA May Day)’ റാലികളില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി. ലോക്ക്ഡൗണ്‍ നടപടികളും സ്റ്റേ അറ്റ് ഹോം ഓര്‍ഡറുകളും അവസാനിപ്പിക്കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.

നടപടികളോടുള്ള ജനങ്ങളുടെ നിരാശ തനിക്ക് മനസ്സിലാകുന്നുണ്ടെന്നും, എന്നാല്‍ പൊതുജനാരോഗ്യ അപകടസാധ്യതകള്‍ക്കിടയിലും സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കണമെന്ന് ആഗ്രഹിക്കുന്നവരോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സമ്പദ്‌വ്യവസ്ഥ തുറക്കാത്തതില്‍ ആളുകളുടെ നിരാശ ഞാന്‍ മനസ്സിലാക്കുന്നു. സമ്പദ്‌വ്യവസ്ഥ തുറന്നു കിടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എനിക്കായി, എന്‍റെ കുടുംബത്തിന് വേണ്ടി,’ അദ്ദേഹം പറഞ്ഞു. ‘മനുഷ്യന്റെ ജീവന് ഡോളര്‍ കൊണ്ട് ഞാന്‍ വിലയിടുകയില്ല. ഞാനൊരിക്കലും അതു ചെയ്യുകയുമില്ല. ഇത് എന്‍റെ കുടുംബത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ്,’ അദ്ദേഹം പറഞ്ഞു.

Albany Protestമാസ്ക് ധരിക്കാതെ റാലികളില്‍ പങ്കെടുത്തവരെ ‘അശ്രദ്ധ’രെന്നും ‘നിരുത്തരവാദികളെന്നും’ വിളിച്ച ഗവര്‍ണ്ണര്‍ അവര്‍ക്കെതിരെ ആഞ്ഞടിച്ചു. എന്‍റെ ആരോഗ്യത്തെ അപകടപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മാസ്ക് ധരിക്കേണ്ടത് നിങ്ങള്‍ക്കു വേണ്ടിയല്ല, എന്‍റെ ആരോഗ്യത്തിനും എന്‍റെ കുട്ടികളുടെ ആരോഗ്യത്തിനും പൊതുജനങ്ങളുടെ ആരോഗ്യത്തിനും വേണ്ടിയാണ്. മറ്റുള്ളവരുടെ ആരോഗ്യത്തെ അപകടപ്പെടുത്താന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലെന്നും ഗവര്‍ണ്ണ ആവര്‍ത്തിച്ചു.

എല്ലാ ന്യൂയോര്‍ക്കുകാരും മാസ്കുകള്‍ പരസ്യമായി ധരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ച ക്യൂമോ, പ്രതിഷേധക്കാര്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നത് താന്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു.

മാസ്ക് ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പ്രാദേശിക പോലീസ് സേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് ആവശ്യമെങ്കില്‍ സംസ്ഥാന പോലീസ് സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചില സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചപ്പോള്‍, ന്യൂയോര്‍ക്ക് സംസ്ഥാനം കുറഞ്ഞത് മെയ് 15 വരെ ‘താല്‍ക്കാലികമായി’ തുടരും.

സംസ്ഥാനത്തിന്‍റെ പൂര്‍ത്തീകരിച്ച ആന്‍റിബോഡി പരിശോധന പഠനത്തിന്‍റെ ഫലമായി 12.3 ശതമാനം ആളുകള്‍ക്ക് കോവിഡ്-19 ആന്‍റിബോഡികളുണ്ടെന്ന് ക്യൂമോ ശനിയാഴ്ച വെളിപ്പെടുത്തി.

ന്യൂയോര്‍ക്കില്‍ 318,000ത്തിലധികം സ്ഥിരീകരിച്ച കേസുകളുണ്ട്. 24,000ത്തിലധികം മരണങ്ങളും നടന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]