Flash News

നിരക്കുകള്‍ സജീവമായി, ന്യൂജേഴ്‌സി ഉണര്‍വില്‍, സ്‌കൂളുകള്‍ തുറക്കുമോയെന്ന് ഇന്നറിയാം

May 4, 2020 , ജോര്‍ജ് തുമ്പയില്‍

May 4 bannerന്യൂജേഴ്‌സി: സംസ്ഥാനത്ത് മരണം എണ്ണായിരം കടന്നു. പക്ഷേ, അത്തരമൊരു ദുരന്തത്തെ മറന്നുപോലെ പലരും വീട് വിട്ടു പാര്‍ക്കുകളില്‍ ആഴ്ചാവസാനം ചെലവഴിക്കുന്നതു നല്ലൊരു കാഴ്ചയായിരുന്നു. പാര്‍ക്കുകളിലും നടപ്പാതകളിലും പോലീസ് സാന്നിധ്യം ശക്തമായിരുന്നു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതിലും മാസ്‌ക്കുകള്‍ ധരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. രാജ്യത്ത് മരണം 68,602 ആയി. രോഗബാധിതരുടെ എണ്ണം 1,188,421 ആയി വര്‍ധിച്ചു. അതേസമയം, 178,594 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടുവെന്നതും രോഗമാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കുന്നു. സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമെടുത്തേക്കുമെന്നു നേരത്തെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞിരുന്നു. നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കിയതോടെ, നിരത്തുകളിലും തിരക്കേറിയിട്ടുണ്ട്.

കൊറോണക്കാലത്തും നൂറാം ജന്മദിനം ആഘോഷിച്ച ന്യൂജേഴ്‌സിക്കാരന്‍
ചാള്‍സ് സ്വോഡി ജനിച്ചത് മദ്യനിരോധന കാലത്തായിരുന്നു. സ്ത്രീകള്‍ വോട്ടവകാശം നേടുന്നതിന്റെ വക്കിലായിരുന്നു, രാജ്യം ആധുനികതയുടെയും സാമ്പത്തിക അഭിവൃദ്ധിയുടെയും ഒരു കാലഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. അത് വര്‍ഷം 1920 ആയിരുന്നു. അന്ന് എലിസബത്ത് സ്വദേശിയായിരുന്ന ഇദ്ദേഹത്തിന് ഇപ്പോള്‍ 100 വയസ്സ് തികഞ്ഞു. എല്ലാവരും സുരക്ഷിതമായ അകലം പാലിക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ച്ബര്‍ഗിലെ വീട്ടിലുണ്ട്.

കൊറോണ ആയതിനാല്‍ വലിയ ആഘോഷത്തിന് അവസരമില്ലെങ്കിലും സ്വോഡിയുടെ മകളായ പാം അന്‍സ്‌ബ്രോ, തന്റെ പിതാവിനായി ഒരു ഡ്രൈവ്‌ബൈ ആഘോഷം സംഘടിപ്പിച്ചു. ന്യൂജേഴ്‌സിയുടെ 100 വര്‍ഷങ്ങള്‍ കണ്ടയാള്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ ചരിത്രം അദ്ദേഹത്തിന്റെ ഓര്‍മ്മയാണ്. അത് വലിയൊരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. മഹാമാന്ദ്യത്തിനിടയില്‍ വളര്‍ന്ന സ്വോഡി 1938 ല്‍ എലിസബത്തിലെ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന തോമസ് ജെഫേഴ്‌സണ്‍ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അത്‌ലറ്റായിരുന്നു. തുടര്‍ന്ന്, ബിങ്കോ ഹാളില്‍ ജോലി ചെയ്തു. അവിടെവച്ചാണ് അദ്ദേഹം ഭാര്യയായ എലിസബത്തിനെ കണ്ടത്, അവരുടെ മകളായ പാമിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.

Charles Swody 100 years 2

Charles Swody 100 years

‘ഞാന്‍ ഈ കൊച്ചു പെണ്‍കുട്ടിയെ അമ്മയോടൊപ്പം കണ്ടു, ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം മൊട്ടിട്ടു, തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം ഞാന്‍ അവളെ വിവാഹം കഴിച്ചു.’ അദ്ദേഹം പറഞ്ഞു. സ്വോഡിയും ബെറ്റി എന്ന വിളിപ്പേരുള്ള എലിസബത്തും (97) 1941 ല്‍ വിവാഹിതരായി. ഈ ജൂണില്‍ അവര്‍ 79-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.

1942 മെയ് മാസത്തില്‍ ആര്‍മിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് സ്വോഡി ബിങ്കോ ഹാളില്‍ ഏതാനും വര്‍ഷങ്ങള്‍ ജോലി ചെയ്തു. സിഗ്‌നല്‍ കോര്‍പ്‌സില്‍ ടെക്‌നിക്കല്‍ സര്‍ജന്റായി പസഫിക് തിയേറ്റര്‍ ഓഫ് ഓപ്പറേഷനില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം രണ്ടാം ലോക മഹായുദ്ധസമയത്ത് ഗുവാമില്‍ നിലയുറപ്പിച്ചിരുന്നു. ഷാര്‍പ്പ്ഷൂട്ടര്‍ മെഡലും ന്യൂജേഴ്‌സി വിശിഷ്ട സേവന മെഡലും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ അദ്ദേഹം സേവനത്തിനിടയില്‍ നേടി. 1945 ഡിസംബറില്‍ കരസേനയില്‍ നിന്ന് വിരമിച്ച സ്വോഡി എലിസബത്തില്‍ തിരിച്ചെത്തി. സുരക്ഷിതമായ ജോലി തേടി അദ്ദേഹം 1946 ജനുവരിയില്‍ അഗ്‌നിശമന വിഭാഗത്തില്‍ ചേര്‍ന്നു. ഒരു ഫയര്‍മാന്‍ ആയി ആരംഭിച്ച അദ്ദേഹം ഡിപ്പാര്‍ട്ട്‌മെന്റിലെ എല്ലാ റാങ്കുകളും ഒരു ഘട്ടത്തില്‍ വഹിച്ചു, അന്‍സ്‌ബ്രോ പറഞ്ഞു.

Charles Swody 100 years

Charles Swody 100 years

1959 ല്‍ ക്യാപ്റ്റനായി, അഞ്ച് വര്‍ഷത്തിന് ശേഷം ഒരു ബറ്റാലിയന്‍ മേധാവിയായി, ആറ് വര്‍ഷത്തിന് ശേഷം ഡെപ്യൂട്ടി ആയി. 1982 ല്‍ സ്വോഡി എലിസബത്ത് ഫയര്‍ ചീഫ് ആയി. 1986 ഏപ്രിലില്‍ വിരമിക്കുന്നതുവരെ ഈ പദവി വഹിച്ചു. എന്നിരുന്നാലും, ഡിപ്പാര്‍ട്ട്‌മെന്റിലെ അദ്ദേഹത്തിന്റെ എല്ലാ ഓര്‍മ്മകളും മനോഹരമായിരുന്നില്ല. എട്ട് ആഴ്ചകള്‍ക്കുള്ളിലുണ്ടായ മൂന്നു വിമാനാപകടങ്ങള്‍ക്കു സാക്ഷിയായി.

ദീര്‍ഘായുസ്സിന്റെ രഹസ്യം എന്താണെന്ന് ചോദിക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തകരോട് സ്വോഡി പറഞ്ഞു, നിരവധി തലമുറകളുള്ള ഒരു ഫാമിലി ഓറിയന്റഡ് മുത്തശനായതു തന്നെ. ‘ഇതു കൂടാതെ മറ്റൊരുപാട് കാര്യങ്ങളുണ്ട്, പക്ഷേ വിവാഹം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു, കാരണം എനിക്ക് പറ്റുന്ന സ്‌നേഹനിധിയായ ഒരു ഭാര്യയുണ്ട്, ഞങ്ങള്‍ പരസ്പരം പരിപാലിക്കുന്നു,’ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്, മൂന്ന് പേരക്കുട്ടികള്‍. അവര്‍ക്കു നാലു മക്കള്‍. ഈ നാലു പേര്‍ക്ക് മൂന്നു മക്കള്‍.

വിവാഹ ലൈസന്‍സിനും വര്‍ക്ക് പെര്‍മിറ്റുകള്‍ക്കു ഇനി വീഡിയോ കോണ്‍ഫറന്‍സിങ്
കൊറോണ മൂലം സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം വന്നതോടെ ചില കാര്യങ്ങള്‍ ഗുണകരമായി. വിവാഹലൈസന്‍സും വര്‍ക്ക് പെര്‍മിറ്റുമൊക്കെ കിട്ടാന്‍ ഇനി വിഷമമില്ല. ഇതിനു വേണ്ടി നേരിട്ട് എവിടെയും ഹാജരാകേണ്ടതുമില്ല. രണ്ടിനും വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഉപയോഗിക്കാം. ന്യൂജേഴ്‌സിയിലാണ് ഈ സൗകര്യം നിലവില്‍ വന്നിരിക്കുന്നത്. കൊറോണ സമയത്ത് ദമ്പതികള്‍ക്ക് വിവാഹ ലൈസന്‍സും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നതും ഇപ്പോള്‍ താരതമ്യേന എളുപ്പമായിരിക്കുന്നുവെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തിപരമായി ഈ രേഖകള്‍ നേടേണ്ട ആവശ്യം താല്‍ക്കാലികമായി നിര്‍ത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഗവര്‍ണര്‍ മര്‍ഫി ഒപ്പിട്ടു. ഇത് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

സാധാരണഗതിയില്‍, ഒരു വിവാഹത്തിനു സിവില്‍ യൂണിയന്റെ സാന്നിധ്യത്തില്‍ ഒരു ഉേദ്യാഗസ്ഥന്റെയും രണ്ട് സാക്ഷികളുടെയും സാന്നിധ്യമുണ്ടായിരിക്കണം. എന്നാല്‍ ഇപ്പോഴത്തെ ഉത്തരവ് പ്രകാരം വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിക്കാം. ലൈസന്‍സിന് അപേക്ഷിച്ചു കഴിഞ്ഞാല്‍ ലഭിക്കാന്‍ കുറഞ്ഞത് 72 മണിക്കൂര്‍ വേണ്ടിയിരുന്നു. ഇതും താല്‍ക്കാലികമായി ഒഴിവാക്കി. ഈ താത്ക്കാലിക ലൈസന്‍സിനു 30 മുതല്‍ 90 ദിവസം വരെ സാധുതയുണ്ടാവും. സമയപരിധി കഴിഞ്ഞാല്‍ പിന്നീടുള്ള ലൈസന്‍സിനു ഫീസ് ഒഴിവാക്കി. അതേസമയം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവരുടെ ജോലി പേപ്പറുകള്‍ ഒരു സ്‌കൂള്‍ ഉദ്യോഗസ്ഥന്‍ വഴി മുന്‍പ് സാക്ഷ്യപ്പെടുത്തണമായിരുന്നു. എന്നാലിപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അത് ചെയ്യാന്‍ കഴിയും.

എന്‍95 മാസ്‌ക്കുകള്‍ മോഷ്ടിച്ചു, പോലീസ് പിടിയില്‍
കൊറോണ വന്നതോടെ മോഷണത്തിന്റെ മേഖലയും മാറി. ഇപ്പോള്‍ രോഗവ്യാപനത്തെ തടയുന്ന എന്‍95 മാസ്‌ക്കുകളാണ് മോഷ്ടാക്കള്‍ ലക്ഷ്യം വെക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംഭാവന നല്‍കാന്‍ പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ കമ്പനി ശേഖരിച്ചു വച്ചിരുന്ന 1,600 എന്‍ 95 മാസ്‌കുകള്‍ അടങ്ങിയ കേസുകള്‍ മോഷ്ടിക്കപ്പെട്ട വാര്‍ത്തയാണ് ഇത്തരത്തില്‍ പുതുമയേറിയത്. ഇതിനു സഹായിച്ച സൗത്ത് അംബോയിയിലെ സ്റ്റീഫന്‍ മില്ലിഗന്‍, പോയിന്റ് പ്ലസന്റ് ബീച്ചിലെ കെവിന്‍ ബ്രാഡി എന്നിവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയത്. ബ്രാഡിയെപ്പോലെ മില്ലിഗനും നിയമവിരുദ്ധമായി മോഷണം നടത്തിയെന്നും പോലീസ് പറയുന്നു.

രണ്ടുപേരും ഓണ്‍സൈറ്റ് ഇലക്ട്രിക്കല്‍ കരാറുകാരായി ജോലി ചെയ്തിരുന്നു, അവര്‍ക്ക് മാസ്‌ക്ക് സംഭരണ സ്ഥലങ്ങളിലേക്ക് പ്രവേശനമുണ്ടായിരുന്നു. മാര്‍ച്ച് 27 നും ഏപ്രില്‍ 1 നും ഇടയില്‍, ഏഴ് മുതല്‍ എട്ട് വരെ ബോക്‌സുകള്‍ മോഷ്ടിച്ചു. ഇതിലോരോന്നിലും 200 എന്‍95 മാസ്‌ക്കുകള്‍ അടങ്ങിയിരുന്നു. പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ ഒരു ആശുപത്രിയിലേക്ക് സംഭാവന നല്‍കാന്‍ വേണ്ടി ശേഖരിച്ചുവച്ചിരുന്നതാണിത്.

കോവിഡ് 19: കണക്കുകള്‍ തമ്മില്‍ തെല്ലും പൊരുത്തമില്ല
കൊറോണ വൈറസ് ന്യൂജേഴ്‌സിയെ വട്ടം കറക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ എട്ട് ആഴ്ചയായി. എങ്ങനെയുള്ളവരാണ് രോഗം ബാധിച്ച് മരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഇപ്പോഴും സംസ്ഥാനം പുറത്തുവിട്ടിട്ടില്ല. സെന്‍സസ് കണക്കുകളും കൊറോണ ഡേറ്റകളും തമ്മില്‍ ഒരിടത്തും യോജിക്കുന്നില്ല. കോവിഡ് 19 പോസിറ്റീവ് പരീക്ഷിക്കുന്നതിലെ പാളിച്ചകളും കൃത്യമായ ഡേറ്റ പ്രോസ്സസ്സിങ് ഉണ്ടാകാത്തതും കണക്കുകള്‍ അവലോകനം ചെയ്യുന്നവരെ വിഷമിപ്പിക്കുന്നു.

ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ പരിമിതി വ്യക്തമാണെങ്കിലും കൃത്യമായ റിപ്പോര്‍ട്ടിങ്ങിലെ പിഴവും പ്രതിസന്ധിയാവുന്നു. അതിനാല്‍ ഡേറ്റ കാണിക്കുന്നത് യഥാര്‍ത്ഥത്തില്‍ രോഗം ബാധിച്ചവരുടെ ഒരു ഭാഗം മാത്രമാണ്. എന്നിരുന്നാലും ലഭ്യമായ ഡെമോഗ്രാഫിക് ഡേറ്റചില പ്രവണതകള്‍ വെളിപ്പെടുത്തുന്നു: 30 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവര്‍ കൊറോണ മൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗത്തിന് പോസിറ്റീവാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രായമായവരാണ്, 65 വയസും അതില്‍ കൂടുതലുമുള്ളവര്‍, ഈ രോഗം മൂലം മരിക്കാന്‍ സാധ്യതയുള്ളത്, ഡേറ്റ സൂചിപ്പിക്കുന്നു.

ആരോഗ്യവകുപ്പില്‍ നിന്നുള്ള ഏപ്രില്‍ 29 വരെയുള്ള ഡേറ്റ കാണിക്കുന്നത് 62.4% പോസിറ്റീവ് കേസുകള്‍ 30 നും 64 നും ഇടയില്‍ പ്രായമുള്ളവരിലാണെന്നായിരുന്നു. 30 മുതല്‍ 64 വരെ വയസ്സിനിടയിലുള്ള ഏകദേശം 4.2 ദശലക്ഷം മുതിര്‍ന്നവര്‍ ന്യൂജേഴ്‌സിയില്‍ താമസിക്കുന്നുണ്ട്. അല്ലെങ്കില്‍ ജനസംഖ്യയുടെ 47%. കഴിഞ്ഞ മാസം ആദ്യം, ഡേറ്റ ആദ്യമായി പുറത്തിറങ്ങിയപ്പോള്‍, 30 മുതല്‍ 64 വരെ പ്രായമുള്ള 65% പേര്‍ക്കും കൊറോണ പോസിറ്റീവ് ആയിരുന്നു.

Park Police blocking entrance

Park Police blocking entrance

ആ കൂട്ടത്തില്‍ ചില പൊരുത്തക്കേടുകളുണ്ട്. 30 നും 49 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 26% വരും, പക്ഷേ 32.5% കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതുപോലെ, 50 നും 64 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ ജനസംഖ്യയുടെ 21% വരും, ഇവിടെ 30% കേസുകള്‍ മാത്രമാണുള്ളത്. ഈ പ്രവണത പ്രായമായവര്‍ക്കും ബാധകമാണ്. 65 നും 79 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ ജനസംഖ്യയുടെ 12% ആണെങ്കിലും 14.6% കേസുകളുണ്ട്. 80 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ ജനസംഖ്യയുടെ 4% ആണെങ്കിലും 9% കേസുകള്‍.
പോസിറ്റീവ് കേസുകളില്‍ 13.8% 29 വയസും അതില്‍ താഴെയുമുള്ള ആളുകളാണ്, പക്ഷേ ജനസംഖ്യയുടെ 37% വരുമിത്. ഒരു കൊറോണ വൈറസ് രോഗിയുടെ ശരാശരി പ്രായം 52 വയസ്സാണ്. കൂടാതെ 118,382 പോസിറ്റീവ് കേസുകളുടെ ഡേറ്റ പരിശോധിക്കുമ്പോള്‍ 99.8% ഇങ്ങനെ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് രോഗികളുടെ വംശീയതയ്ക്കുമായുള്ള ഡേറ്റ വളരെ കുറവാണ്, മാത്രമല്ല ഇത് 50,611 കേസുകള്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ, അല്ലെങ്കില്‍ ഏകദേശം 43%. എന്നിട്ടും, ലഭ്യമായ കണക്കുകള്‍ ആരാണ് രോഗബാധിതനാകുന്നത് എന്നതിലെ വൈരുദ്ധ്യം കാണിക്കുന്നു. ഉദാഹരണത്തിന്, ആഫ്രിക്കന്‍ അമേരിക്കക്കാര്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 13.5% വരും, എന്നാല്‍ 18.7% പോസിറ്റീവ് കേസുകളാണ് ഉണ്ടായത്.
അതുപോലെ, സെന്‍സസ് കണക്കുകള്‍ പ്രകാരം ഹിസ്പാനിക് വംശജരായ ആളുകള്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 20.6% വരും, പക്ഷേ 29% കേസുകള്‍ ഉണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ വക്താവ് ഡോണ്‍ തോമസ് പറഞ്ഞു, കോവിഡ് 19 കേസ് റിപ്പോര്‍ട്ടിംഗില്‍ ഭൂരിഭാഗവും സ്വതന്ത്ര ലബോറട്ടറികളില്‍ നിന്നാണ് വരുന്നതെന്നും അത് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ടിംഗ് സിസ്റ്റത്തിലേക്ക് അയയ്ക്കുകയാണ്. അതു കൊണ്ടു തന്നെ കേസുകള്‍ പലപ്പോഴും വംശീയ ഡേറ്റയും കാണിക്കുന്നില്ല.

ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവരെ ഉയര്‍ന്ന നിരക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു. 65 നും 79 നും ഇടയില്‍ പ്രായമുള്ളവരില്‍ പകുതിയിലധികം പേരും കോവിഡ് 19 പോസിറ്റീവ് ആണ്. 80 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ട് പേരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണക്കുകള്‍ ഇങ്ങനെയാണ് പുറത്തു വരുന്നതെങ്കിലും ഇതൊന്നും ഒരു തരത്തിലും യോജിക്കുന്നില്ലെന്നതാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി.

ശുഭാപ്തി വിശ്വാസിയാവൂ, കൂടുതല്‍ കാലം ജീവിക്കാം
കൊറോണ വൈറസ് അങ്ങനെ പീലി വിടര്‍ത്തിയാടുന്നതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ അത്യാസക്തരായിരിക്കുന്ന ചിലരുണ്ട്. ആവശ്യമില്ലാത്തതും ഔചിത്യബോധമില്ലാത്തതുമായ പോസ്റ്റിങ്ങുകള്‍ ഇട്ട് സായൂജ്യമടയുന്നവര്‍. ശുഭാപ്തി വിശ്വാസിയായിരിക്കുക എന്നത് പ്രചരിപ്പിക്കുന്നതിനു പകരം പകയും വിദ്വേഷവും ഭയവും ജീവിതത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇവരെ ഒഴിവാക്കുക മാത്രമാണ് ഏക മാര്‍ഗം. സന്തുഷ്ടരായ ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശുഭാപ്തി വിശ്വാസമുള്ളവര്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ ഉത്തേജനം ലഭിക്കുന്നുവെന്നും ഇത് അവരുടെ ജീവിതത്തെ കൂടുതല്‍ മനോഹരവും സന്തുഷ്ടമാക്കുന്നുവെന്നുമാണ് പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബോസ്റ്റണ്‍ ഏരിയയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഏറ്റവും ശുഭാപ്തിവിശ്വാസമുള്ള ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശരാശരി 11 മുതല്‍ 15 ശതമാനം വരെ കൂടുതല്‍ കാലം ജീവിക്കുന്നു എന്നാണ്.

ശുഭാപ്തിവിശ്വാസികളായ സ്ത്രീകളും കുറഞ്ഞത് 85 വയസ്സ് വരെ ജീവിക്കാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്, അതേസമയം പുരുഷ ശുഭാപ്തിവിശ്വാസികള്‍ 70 ശതമാനം കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ടെന്ന് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രധാന ഗവേഷകനും സൈക്യാട്രി പ്രൊഫസറുമായ ലെവിന ലീ പറഞ്ഞു. ശുഭാപ്തിവിശ്വാസികള്‍ പൊതുവെ ഭാവിയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുകയും പ്രധാനപ്പെട്ട ഫലങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കൊറോണ ഇന്നല്ലെങ്കില്‍ നാളെ കെട്ടുകെട്ടും. പക്ഷേ, അതുണ്ടാക്കുന്ന ഭയത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും അസന്തുഷ്ടിയുടെയും ഭാണ്ഡക്കെട്ട് കൊറോണയുടെ തോളില്‍വച്ച് പറഞ്ഞുവിടുന്നതായിരിക്കും ഒരു ശുഭാപ്തി വിശ്വാസിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.

വിശ്വാസം ഓണ്‍ലൈനാകുമ്പോള്‍
ഇന്നലെ പുതിയ തൊഴില്‍ സംസ്‌ക്കാരത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. മലയാളി ആരാധനാലയങ്ങളിലെ പുതിയ സംസ്‌ക്കാരത്തെപ്പറ്റി ഇന്ന് എഴുതാമെന്നു കരുതുന്നു. കിഴക്കോട്ട് നോക്കി അള്‍ത്താര (മദ്ബഹാ)യുടെ പിന്നിലുള്ള ഉയര്‍ത്തെഴുന്നേല്‍പ്പു ക്രിസ്തുവിന്റെ ചിത്രത്തെ പശ്ചാത്തലമാക്കി കുരിശും മറ്റു മധ്യസ്ഥന്മാരുടെയും ചിത്രങ്ങളെ സാക്ഷിനിര്‍ത്തിയാണ് ആരാധന- നവീന ചിന്താധാരകളുള്ള ചില വിശ്വാസ സമൂഹങ്ങളൊഴിച്ച്- നടത്തി വന്നിരുന്നത്. (ഒരു വിവാദത്തിനു വേണ്ടിയല്ല ഇങ്ങനെ പറയുന്നത്. അറിയാവുന്ന കാര്യം പറഞ്ഞുവെന്നേയുള്ളു. ഇതിന്റെ പേരില്‍ ആരും തര്‍ക്കത്തിനൊന്നും വന്നേക്കരുത്, അതല്ല എന്റെ ഉദ്ദേശം)

കോവിഡിന് ശേഷമുള്ള ഞായറാഴ്ചകളില്‍ കമ്പ്യൂട്ടറിനും സ്മാര്‍ട്ട് ഫോണിനും മുന്നില്‍ പുരോഹിതരും വിശ്വാസികളും ഒന്നിക്കുന്ന അത്യപൂര്‍വ്വമായ ഒരു പ്രതിഭാസമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഇത് ശരിയാണോ അല്ലയോ എന്നതൊന്നുമല്ല പ്രശ്‌നം. അത് ഈ ലേഖകന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പെടുന്നുമില്ല.

ആരാധനാലയങ്ങള്‍ എപ്പോഴും വിശ്വാസികള്‍ക്ക് ആശ്വാസകേന്ദ്രങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും, ദുരിതങ്ങള്‍ ഉണ്ടാവുമ്പോള്‍. എന്നാല്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച വലിയ പ്രതിസന്ധിയില്‍ ആരാധനാലയങ്ങള്‍ അവര്‍ക്ക് അന്യമായി. ഓണ്‍ലൈനിലേക്കുള്ള മാറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. യുഎസിലെ എല്ലാ ആരാധനാലയങ്ങളും ഓണ്‍ലൈനായി മാറി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഓണ്‍ലൈനിലേക്ക് നിര്‍ബന്ധമായും മാറേണ്ടി വന്നത്. അതിന് പള്ളിയെന്നോ, മോസ്‌ക്ക് എന്നോ ഉള്ള വ്യത്യാസമുണ്ടായിരുന്നില്ല. അമേരിക്കയില്‍ 350,000 ത്തിലധികം ആരാധനാലയങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. അവയില്‍ അമ്പത് ശതമാനത്തോളം പേര്‍ മാത്രമാണ് ആരാധനയ്‌ക്കെത്തുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഡിജിറ്റല്‍ ആരാധനയില്‍ വിശ്വാസികള്‍ എത്രമാത്രം തൃപ്തരാണെന്ന് അറിയില്ല. മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ സൂം അടക്കമുള്ള വെബിനാറുകളിലൂടെ ആരാധനയില്‍ പങ്കെടുക്കുന്നുവെന്നു മാത്രം. ശാരീരികമായി അകന്നാണെങ്കിലും ആത്മീയമായി ഒരുമിച്ചു നില്‍ക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. ഈ ക്വാറന്റയിന്‍ കാലത്ത് മനുഷ്യ മനസുകളിലേക്ക് കടന്നു വരാന്‍ സാധ്യതയുള്ളതായ ചില ആശങ്കകളും ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ യേശു ക്രിസ്തു നല്‍കിയിട്ടുള്ള ചില വചനങ്ങളും വിശ്വാസികള്‍ എടുത്തു പറയുന്നു.

ആരാധനാലയങ്ങളില്‍ പോകാന്‍ കഴിയുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവരോട്, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് (മത്തായി 18:20) എന്ന വചനം ശ്രദ്ധേയമാവുന്നു. എല്ലാവര്‍ക്കും ഒരുമിച്ചു വന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവരോട്, അറയില്‍ കടന്ന് വാതിലടച്ചു രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക (മത്തായി 6:6) എന്ന വചനമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. മുന്‍പിലേക്ക് പോകുവാന്‍ ഇനി ഒരു വഴിയും കാണുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവരോട്, ‘ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു’ (യോഹന്നാന്‍ 14:6) എന്ന് ഓര്‍മ്മിപ്പിക്കുന്നു. പ്രാര്‍ത്ഥിച്ച് സൗഖ്യം നേടിയിരുന്നവര്‍ ഓടിയൊളിച്ചു എന്നു പറഞ്ഞ് അപമാനിതരാക്കപ്പെടുന്നവരോട്, നിങ്ങളെക്കുറിച്ച് എല്ലാ തിന്മയും കളവായി പറയുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ട് സന്തോഷിക്കുവിന്‍ (മത്തായി 5:11,12) എന്നു പറയുന്നു. ജീവിതത്തിലെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരകനായി യേശു കൂടെയുണ്ട്. അത് ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈനായാലും അങ്ങനെ തന്നെയെന്നവര്‍ ആവര്‍ത്തിച്ചു പറയുന്നു.

മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ പുതിയ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകളില്‍ കൂടുതല്‍ വിശ്വാസികള്‍ താത്പര്യപൂര്‍വ്വം പങ്കെടുക്കുന്നുവെന്ന് വികാരി ഫാ. ഷിബു ഡാനിയല്‍ പറഞ്ഞു. കൊറോണ വിളയാട്ടം തുടങ്ങിക്കഴിഞ്ഞാണ് അമ്പത്ദിന വലിയ നോമ്പ് തുടങ്ങിയത്. വീടുകളില്‍ നടത്തി വന്നിരുന്ന വെള്ളിയാഴ് പ്രാര്‍ത്ഥനകളാണ് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകളായി മാറിയത്. ആദ്യം കൗതുകകരമായി വിശ്വാസികള്‍ കണ്ടെങ്കിലും അത് ശീലമായി മാറുകയായിരുന്നു. പിന്നീട്, ഞായറാഴ്ചകളിലെ നീണ്ട ആരാധനകളില്‍ പള്ളിയില്‍ പോകുന്ന അതേ ഒരുക്കത്തോടെ വിശ്വാസികള്‍ പങ്കെടുക്കാന്‍ തുടങ്ങി. ആരാധനയ്ക്ക് ശേഷം ഫെല്ലോഷിപ്പിനും അവര്‍ സൂമിലൂടെ സമയം കണ്ടെത്തി. സണ്‍ഡേ സ്‌കൂളും, മാര്‍ത്തമറിയം വനിതാസമാജം മീറ്റിംഗുകളും ഒക്കെ സുഗമമായി നടന്നു വരുന്നു. മാസവരിയും ഞായറാഴ്ച നേര്‍ച്ചയും പള്ളിക്ക് കൊടുക്കാനുള്ള മറ്റിനങ്ങളിലുള്ള പണവും ഒക്കെ ട്രസ്റ്റിയുടെ വിലാസത്തില്‍ അയച്ചു കൊടുക്കുകയും ചെയ്യുന്നു.

ശ്രദ്ധേയമായ മറ്റൊരു കാര്യം, എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴു മണിക്ക് നമസ്‌ക്കാര ശുശ്രൂഷകള്‍ നടന്നുവരുന്നുവെന്നതാണ്. തിരക്കാര്‍ന്ന ജീവിതചര്യകള്‍ക്കിടയില്‍ പലപ്പോഴും വിട്ടുപോകുന്ന കുടുംബാരാധനകള്‍ കൂടുതല്‍ തീക്ഷ്ണതയോടെ നടക്കുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ വിശ്വാസികളെല്ലാം പങ്കെടുക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറിയാണ് ഓരോ ദിവസവും പ്രാര്‍ത്ഥനകള്‍. ലീഡ് ചെയ്യുന്നത്, നേരത്തെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഓരോരുത്തരും.

വിശ്വാസികള്‍ക്ക് ആത്മീയസൗഖ്യം നല്‍കാന്‍ സാങ്കേതികമായി നടത്തുന്ന ഈ ശ്രമങ്ങള്‍ കൊറോണ കാലത്ത് താത്ക്കാലികമാണെങ്കിലും തുടര്‍ന്നും അതു നിലനിര്‍ത്തണമെന്ന് ആരെങ്കിലും വാദിച്ചാല്‍ എന്തുചെയ്യും? വിശ്വാസത്തിനോട് വിവേചനം പാടില്ലെന്ന നിലപാടിനെ ഏതു വിധത്തില്‍ നീതികരിക്കാനാവും എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ശാരീരികമായി അകന്നാണെങ്കിലും വിശ്വാസപരമായി ആത്മീയതയില്‍ ഒന്നാണ് എന്ന മഹത്തായ സന്ദേശം കുറച്ചൊന്നുമല്ല ഈ കൊറോണകാലത്ത് സാന്ത്വനമാകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top