Flash News

ഈ അധ്യയനവര്‍ഷം സ്‌കൂളുകളില്ല, കര്‍ശന നിരീക്ഷണം തുടരുന്നു, ന്യൂജേഴ്‌സി ശാന്തം

May 5, 2020 , ജോര്‍ജ് തുമ്പയില്‍

May 5 bannerന്യൂജേഴ്‌സി: കൊറോണ കത്തിപ്പടര്‍ന്ന ന്യൂജേഴ്‌സി സംസ്ഥാനത്ത് സ്ഥിതി ശാന്തമാവുന്നു. മരണസംഖ്യ ഇപ്പോള്‍ 7,910 ആയെങ്കിലും കാര്യമായ ആശങ്കകള്‍ എവിടെയുമില്ല. സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും കോവിഡ് തിരക്ക് ഒഴിഞ്ഞിട്ടുണ്ട്. ടെസ്റ്റിങ് സെന്ററുകളിലും ക്യൂ കാണാനില്ല. 128,269 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലാകെ രോഗബാധിതരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. മരണസംഖ്യ എഴുപതിനായിരത്തിലേക്ക് അടുക്കുന്നു. കൊറോണയില്‍ നിന്നും ഇതുവരെ 188,068 പേര്‍ രാജ്യത്ത് രക്ഷപ്പെട്ടിട്ടുണ്ട്.

ന്യൂജേഴ്‌സിയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി തയ്യാറെടുക്കുന്നു. എന്നാല്‍, എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും അധ്യയന വര്‍ഷത്തില്‍ അടച്ചിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ വാരാന്ത്യത്തില്‍ പാര്‍ക്കുകളും ഗോള്‍ഫ് കോഴ്‌സുകളും വീണ്ടും തുറക്കുന്നതിലൂടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ആദ്യ പ്രധാന നടപടി സ്വീകരിച്ചിരുന്നു. പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 45 മരണങ്ങളും 1,621 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ വാരാന്ത്യത്തില്‍ സംസ്ഥാന കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെ ബാധിച്ച തകരാര്‍ കാരണം വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു.

കോവിഡ് ജയിലിനുള്ളിലേക്ക്
രാജ്യത്തെ മറ്റേതൊരു ജയില്‍ സംവിധാനത്തേക്കാളും ഉയര്‍ന്ന നിരക്കിലാണ് ന്യൂജേഴ്‌സിയില്‍ തടവുകാര്‍ കൊറോണ മൂലം മരിക്കുന്നതെന്ന് മാര്‍ഷല്‍ പ്രോജക്റ്റ് ശേഖരിച്ച സംസ്ഥാന, ഫെഡറല്‍ ഡേറ്റായില്‍ പറയുന്നു. മുപ്പത് ന്യൂജേഴ്‌സി തടവുകാര്‍ വെള്ളിയാഴ്ച വരെ മരിച്ചു. മിഷിഗണ്‍, ഒഹായോ, ഫെഡറല്‍ ജയിലുകള്‍ മാത്രമാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധി ആരംഭിച്ചതുമുതല്‍ ഗാര്‍ഡന്‍ സ്‌റ്റേറ്റ് തടവുകാര്‍ ഓരോ 10,000 പേര്‍ക്കും 16 പേര്‍ എന്ന നിരക്കില്‍ മരിച്ചു. ഇതിനു വിപരീതമായി, മിഷിഗണ്‍ തടവുകാര്‍ 10,000 ന് 11 എന്ന നിരക്കിലാണ് മരിച്ചത്. ഇത് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണ്. കണക്കുകള്‍ പ്രകാരം മാസച്യുസെറ്റ്‌സില്‍ 10,000 ത്തില്‍ 9 ല്‍ താഴെ പേര്‍ മാത്രമാണ് മരിച്ചത്.

ന്യൂ ജേഴ്‌സി സംസ്ഥാന ജയില്‍ സംവിധാനത്തിലെ 18,000 തടവുകാരുടെ മേല്‍നോട്ടം വഹിക്കുന്നു. കൗണ്ടി ജയിലുകളിലുള്ളവരെ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊറോണ വൈറസ് ഏകദേശം 1% തടവുകാരെ കൊല്ലുന്നുവെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നു, അതായത് ന്യൂജേഴ്‌സി ജയിലുകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് അണുബാധയുണ്ടെങ്കിലും പരിശോധന നടത്തിയിട്ടില്ല.

പരിശോധനകള്‍ വേഗത്തിലാക്കുന്നുവെന്നും കഴിയുന്നത്ര തടവുകാരെ വിട്ടയക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ജയിലുകള്‍ ശുചിത്വം വര്‍ദ്ധിപ്പിക്കുകയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പൊതു സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം തടവിലാക്കപ്പെട്ടവരില്‍ ഗുരുതരാവസ്ഥയിലായവരെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്നും ആരോപണമുണ്ട്. എല്ലാ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന ആരംഭിക്കുമെന്ന് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു.

‘ന്യൂജേഴ്‌സി ജയിലുകള്‍, രാജ്യത്തെ മറ്റേതൊരു ജയിലിനേക്കാളും, ഒരു ചുഴിക്ക് നടുവിലാണ്,’ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ക്രിമിനല്‍ ജസ്റ്റിസ് പ്രൊഫസര്‍ ടോഡ് ക്ലിയര്‍ പറഞ്ഞു. ന്യൂജേഴ്‌സി ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും രാജ്യത്തെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുടെ ആവാസകേന്ദ്രവുമാണ്. അതിനര്‍ത്ഥം ഇവിടുത്തെ ജയിലുകള്‍ അയല്‍ സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ വലിയ പ്രഭവകേന്ദ്രമായി മാറുന്നുവെന്നാണ്, അദ്ദേഹം പറഞ്ഞു.

വലിയ ജയിലുകളില്‍ ജീവനക്കാരുടെ അഭാവം ലഘൂകരിക്കുന്നതിനായി ആയിരത്തിലധികം തടവുകാരെ നേരത്തേ മോചിപ്പിക്കാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നു. എന്നാല്‍, പദ്ധതി പ്രഖ്യാപിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും 100 ഓളം പേരെ മാത്രമേ വിട്ടയച്ചിട്ടുള്ളു. 63 പേരെ താല്‍ക്കാലികമായി വിട്ടയച്ചിട്ടുണ്ടെന്നും 35 പേര്‍ ശേഷിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ മര്‍ഫിയുടെ മുഖ്യ ഉപദേഷ്ടാവ് മാറ്റ് പ്ലാറ്റ്കിന്‍ പറഞ്ഞു.

കൊറോണ വൈറസ് കേസുകളും മരണങ്ങളും ഏറ്റവും കൂടുതലുള്ള ന്യൂയോര്‍ക്കിലെ ജയിലുകളില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളു. ലഭ്യമായ വിവരമനുസരിച്ച്, കൊറോണ മൂലമുള്ള ന്യൂയോര്‍ക്കിലെ ജയില്‍ മരണനിരക്ക് രാജ്യത്ത് ഒമ്പതാമത്തെയാണ്.

പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഫെഡറല്‍ ജയിലുകള്‍ കൂടുതല്‍ സജ്ജമാണ്. കാരണം അവ രാജ്യമെമ്പാടും വ്യാപിച്ചിരിക്കുന്നു. ഇവിടെയുള്ളവരിലധികവും ആരോഗ്യമുള്ളവരാണെന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ ജെയ് കോളേജ് ഓഫ് ക്രിമിനല്‍ ജസ്റ്റിസിലെ പ്രൊഫസറും എഡിറ്ററുമായ ലിയര്‍ ഗിദിയോന്‍ അഭിപ്രായപ്പെട്ടു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കടുത്ത മാന്ദ്യം
കൊറോണ മൂലം അടച്ചുപൂട്ടിയതിനാല്‍ മാര്‍ച്ചില്‍ വീട് വില്‍പ്പനയ്ക്കുള്ള പുതിയ ലിസ്റ്റിംഗ് 28.3 ശതമാനം കുറഞ്ഞുവെന്ന് വ്യവസായ ഗ്രൂപ്പായ ന്യൂജേഴ്‌സി റിയല്‍റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീട് വില്‍പ്പന ആരംഭിക്കുന്നത് സാധാരണയായി മാര്‍ച്ചിലാണ്. എന്നാല്‍ ഈ വര്‍ഷം അത് നടന്നില്ല. ‘ഞങ്ങള്‍ സാധാരണയായി സ്പ്രിംഗ് സീസണിലെ വില്‍പ്പന ആരംഭിക്കുന്നത് മാര്‍ച്ചിലാണ്. എന്നാല്‍, ഈ മാര്‍ച്ചില്‍ ഒന്നും നടന്നില്ലെന്നു കാണാം, ഇനിയെന്ന് നടക്കുമെന്ന് ഉറപ്പുമില്ല,’ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാര്‍റോഡ് ഗ്രാസോ പറഞ്ഞു.

28.3% ഇടിവ് ഗണ്യമായ ഇടിവാണ്. 2020 മാര്‍ച്ചില്‍ 12,956 പുതിയ ലിസ്റ്റിംഗുകളും ഒരു വര്‍ഷം മുമ്പ് 19,073 ലിസ്റ്റിംഗുകളും ഉണ്ടായിരുന്നു. മാര്‍ച്ചില്‍ അവസാനിപ്പിച്ചിട്ടില്ലാത്ത വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം ഇടിഞ്ഞു. ക്ലോസ്ഡ് സെയില്‍സ് അഞ്ച് ശതമാനം ഇടിഞ്ഞു. ലിസ്റ്റ് ചെയ്തവരില്‍ തന്നെ പകുതിയിലധികം പേരും കോവിഡ് 19 അവരുടെ സ്വകാര്യ സാമ്പത്തിക സ്ഥിതിക്ക് വലിയ ഭീഷണിയായെന്ന് പറഞ്ഞു. കോവിഡ് കാരണം ഭവന വിലയില്‍ മാറ്റമുണ്ടായിട്ടില്ല, മാറ്റമുണ്ടായത് സ്വകാര്യസമ്പാദ്യത്തില്‍ മാത്രമാണെന്ന് പത്തില്‍ ആറുപേരും വെളിപ്പെടുത്തി.
2020 മാര്‍ച്ചിലെ ശരാശരി വില്‍പ്പന വില 312,500 ഡോളറായിരുന്നു, കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് 11.6 ശതമാനം വര്‍ധന. ഭൂരിഭാഗവും തങ്ങള്‍ ഇപ്പോള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ തയ്യാറല്ലെന്ന് ഇടപാടുകാരോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.

2020 മാര്‍ച്ചില്‍ വെറും 37,041 വീടുകള്‍ വില്‍പ്പന നടത്തി. 2019 മാര്‍ച്ചിനെ അപേക്ഷിച്ച് 28.9 ശതമാനം ഇടിവ്. വീടുകള്‍ പുറത്തു നിന്നും കാണിക്കാന്‍ ഏജന്റുമാരെ സംസ്ഥാനം അനുവദിക്കുമ്പോള്‍, വീടുകള്‍ തുറന്നു കാണിക്കാനാവില്ലെന്നു പറയുന്നു.

കോവിഡ് മുന്നണി പോരാളിക്ക് അന്ത്യം
ന്യൂയോര്‍ക്കിലേക്ക് അടിയന്തരസഹായത്തിനു തിരിക്കുമ്പോള്‍ കൊളറാഡോ സ്വദേശി പോള്‍ കാരി ഇത്തരമൊരു അന്ത്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് 19 താണ്ഡവമാടുന്ന ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് അത്യാവശ്യ സഹായത്തിനായാണ് പോള്‍ എത്തുന്നത്. അറോറയില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി അഗ്‌നിശമന സേനാംഗവും പാരാമെഡിക്കുമായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്നര മാസമായി പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. കോവിഡ് 19-നെത്തുടര്‍ന്ന് മോണ്ടിഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ മരിക്കുമ്പോള്‍ അദ്ദേഹം ന്യൂയോര്‍ക്കുകാര്‍ക്കിടയിലെ ഹീറോ ആയി മാറിയിരുന്നു.

ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായിരുന്നു പോള്‍ കാരി എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രില്‍ 19 നാണ് ഇദ്ദേഹം ആദ്യമായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. നഗരത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ സന്നദ്ധപ്രവര്‍ത്തകന്റെ മരണങ്ങളിലെ ആദ്യത്തെയാളാണ് ഇദ്ദേഹം.

ന്യൂയോര്‍ക്കിലേക്ക് വരുന്നതിനു മുന്‍പ് സ്വകാര്യ ആംബുലന്‍സ് സര്‍വീസിലായിരുന്നു പോള്‍ ജോലി ചെയ്തിരുന്നത്. അതിനുമുമ്പ് അഗ്‌നിശമന സേനാംഗവും പാരാമെഡിക്കായും 30 വര്‍ഷത്തിലേറെ അറോറ, കൊളറാഡോ, അഗ്‌നിശമന വകുപ്പ് എന്നിടങ്ങളില്‍ ജോലി ചെയ്തിരുന്നു. സംസ്‌ക്കാരം കഴിഞ്ഞു.

ന്യൂയോര്‍ക്ക് മേയര്‍ ഡി ബ്ലാസിയോ തന്റെ കൊറോണ വൈറസ് ബ്രീഫിംഗിനിടെ, പോള്‍ കാരിയുടെ മരണത്തെക്കുറിച്ചു പ്രതിപാദിച്ചതോടെയാണ് ഇത് മാധ്യമങ്ങള്‍ അറിഞ്ഞത്. 500ലധികം ഇ.എം.ടികളും പാരാമെഡിക്കുകളും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കല്‍ സൈറ്റുകളില്‍ എത്തിക്കുന്നത് ഇവരുടെ ജോലിയാണ്.

യുട്യുബ് ഹെയര്‍കട്ടിങ് വേണ്ടേ വേണ്ട; നീണ്ടമുടിയല്ലോ സുഖപ്രദം
51 ദിവസങ്ങള്‍ക്ക് മുന്‍പ് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ തുറന്ന കമാന്‍ഡ് സെന്റര്‍ ഇന്നലെ അടച്ചു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളെയും പ്രതിനിധീകരിച്ച കമാന്‍ഡ് സെന്റര്‍ വഴിയായിരുന്നു 50 ദിവസം 24 മണിക്കൂറും കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിച്ചത്. ഇന്നു മുതല്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും അവരവരുടെ ലാവണങ്ങളിലേക്ക് തിരികെ പോകും. ആശുപത്രി കിടക്കയിലുള്ള കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് കുറഞ്ഞതും ഗവര്‍ണര്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതും കമാന്‍ഡ് സെന്റര്‍ അടക്കാന്‍ കാരണമായി.

കൊറോണയുടെ പിടിയിലമര്‍ന്ന എല്ലാവരും സുഖം പ്രാപിക്കട്ടെ എന്ന ആശംസയോടെ, എല്ലാവര്‍ക്കും മംഗളം ആശംസിച്ചു കൊണ്ടു ലേഖകന്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യം പറയട്ടെ- തലമുടി വെട്ടണം.

വീട്ടില്‍ നിന്നു ദുരേ പറമ്പിന്റെ ഒരു മൂലയ്ക്ക് കൊരണ്ടിയിലിരുത്തി ഗോപാലന്‍ മൂപ്പര് വെട്ടിത്തുടങ്ങിയതാണ്. നാഗമ്പടത്തെ മോഡേണ്‍ ഡ്രസിങ് സല്യൂണില്‍ കുരുവിക്കൂടും കൃതാവും ഒക്കെ സ്‌റ്റൈലില്‍ ആക്കിയ ദിനങ്ങള്‍ ഓര്‍മ്മയില്‍.

60 ദിവസങ്ങളായി തലയില്‍ കത്രിക വച്ചിട്ട്. മൂന്നു തവണ അന്റോണിയോ മരിയാല്‍വാസിന്റെ ബാര്‍ബര്‍ ഷോപ്പില്‍ കയറിയിറങ്ങേണ്ടതായിരുന്നു. കാരണം, എല്ലാ 20-25 ദിവസങ്ങളിലും വെട്ടുന്ന ശീലം ഉള്ളതു കൊണ്ടു മുടി നീണ്ടതിലുള്ള ഈര്‍ഷ്യയും പരാക്രമവും ഒക്കെ കണ്ട ഭാര്യ യുട്യൂബില്‍ തപ്പി വിദ്യ മനസ്സിലാക്കി (പഠിച്ചു എന്ന് പറയുന്നില്ല.) ‘ഒന്നിരുന്നു താ വെട്ടിത്തരാം’, എന്നു പറഞ്ഞതാണ്. മുടി കത്രിക്കുന്നവളുടെ മുന്നില്‍ ആട്ടിന്‍ക്കുട്ടിയെ പോലെ ഇരുന്നു കൊടുക്കാമെന്നു കരുതിയതാണ്. പക്ഷേ, ഇരുന്നു കൊടുത്തില്ല, തലയില്‍ കത്തി വെക്കുന്നതിന്റെ ഭയപ്പാടു കൊണ്ടല്ല, ഭാര്യയല്ലേ. അപായത്തിന്റെ മണമൊന്നും വരാന്‍ വഴിയില്ല. ഇനി അഥവാ ആ കത്തിയാല്‍ അങ്ങ് തീരുമെങ്കില്‍ തീരട്ടെ. പ്രശ്‌നം അതൊന്നുമല്ല, ഭാര്യയുടെ മുന്നില്‍ ഇരുന്നു കൊടുത്താല്‍, യുട്യൂബില്‍ നിന്നും പഠിച്ച വിദ്യ പ്രയോഗിച്ചു കഴിഞ്ഞാല്‍, മുറി വൈദ്യന്‍ ചികിത്സിച്ചതു പോലെ ആയിപ്പോകുമോ എന്ന സംശയം. മുറി വൈദ്യന്മാര്‍ ചികിത്സിച്ചതിന്റെ മുറിപ്പാടുകള്‍ ഏറെ അനുഭവിച്ച വ്യക്തി എന്ന നിലയിലും, ഒരു മുറി വൈദ്യനും ഇനി കഴുത്ത് നീട്ടി കൊടുക്കുകയില്ലെന്ന് പല തവണ പ്രതിജ്ഞയെടുത്ത പുംഗവനെന്ന നിലയിലും ഒരു പരാജയമായിപ്പോയ ലേഖകനെ, ഭാര്യ കത്രിക വെച്ചതിന്റെ ശേഷമുള്ള തലയെപ്പറ്റി ഓര്‍ത്തപ്പോള്‍ ആ സാഹസത്തിനു മുതിര്‍ന്നില്ല. ഉദ്ദേശം നല്ലതു തന്നെ, ‘പക്ഷേ എനിക്ക് വേണ്ട, നന്ദി’, എന്നു പറഞ്ഞു തടിതപ്പി.

ഇടയ്ക്കിടെ യുട്യൂബില്‍ തപ്പി പുതിയ വിഭവങ്ങള്‍ ഉണ്ടാക്കി പരീക്ഷിക്കുന്നതു പോലെയുള്ള മറ്റൊരു പരീക്ഷണമായി ഭാര്യയുടെ ഉദ്യമത്തെ കരുതാനെ കഴിഞ്ഞുള്ളു. വെട്ടിയില്ലെങ്കില്‍ വേണ്ട. കൊറോണയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാം. പക്ഷേ, കില്ലപ്പൂച്ചയുടെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നതു പോലെയുള്ള തലയെപ്പറ്റി ഓര്‍ത്തപ്പോള്‍ ഓടിപ്പോയി ഗരാജില്‍ ഒളിപ്പിച്ചു വച്ചിരുന്ന ഹെന്നസി ഒന്നു മണപ്പിച്ചാലോ എന്നോര്‍ത്തതാണ്. പക്ഷേ, വൈകുന്നേരമായതു കൊണ്ട് ഷിബു അച്ചന്‍ 7.30 ആകുമ്പോള്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് കണ്ടില്ലെങ്കില്‍ വിളിക്കുമല്ലോ എന്നോര്‍ത്ത് എല്ലാം മനസിലൊളിപ്പിച്ച് കൂടണഞ്ഞു.

പക്ഷേ, ക്ലൈമാക്‌സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ കമാന്‍ഡ് സെന്റര്‍ 24/7 ചാലു ആയതു കൊണ്ട് വൈകുന്നേരം ഭക്ഷണം കിട്ടിയില്ലെന്നതു മാത്രമല്ല, രണ്ടു ദിവസം കൊണ്ടു വാഷ്‌ബേസിനില്‍ കിടന്ന പാത്രങ്ങളൊക്കെ മിനുക്കാനും രണ്ട് ബാത്ത് റൂമുകള്‍ കഴുകുവാനുമുള്ള കമാന്‍ഡ് സെന്റര്‍ ഉത്തരവിന് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുവാനേ കഴിഞ്ഞുള്ളു.

കട്ടിലിന്റെ ഒരറ്റത്ത് സേഫ് ഡിസ്റ്റന്‍സിങ് പാലിച്ചു കൊണ്ട് അരുമയായ പൂച്ചയെ പോലെ ഉറക്കം നടിച്ച് കിടക്കുവാനേ കഴിഞ്ഞുള്ളു. കഴുത്തിനു മുകളില്‍ തലയുണ്ട്. തലയില്‍ മുടിയുണ്ട്. മുടി നീണ്ടതാണ്. പക്ഷേ, ഹൂ കെയേഴ്‌സ്!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top