പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത

pravasikalodu kattunnath bannerസിന്ധുനദീതട സംസ്കാര കാലം മുതല്‍ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റെ പിന്‍തലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങള്‍. അവര്‍ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴില്‍ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ടത്. കേരളത്തിലെ വഴിയോരങ്ങളില്‍ വിശുന്നു കിടന്ന നായ്ക്കളോടു പോലും സഹാനുഭൂതി കാട്ടിയവര്‍ പ്രവാസികളോടെ കാട്ടുന്നത് നിന്ദ്യവും നീചവുമാണ്. കഴിഞ്ഞ നാളുകളില്‍ അവരുടെ ദീനരോദനങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഒരു നേരെത്തെ ഭക്ഷണം വാങ്ങി കഴിക്കാന്‍ പണമില്ലാത്തവര്‍, വാടക കൊടുക്കാന്‍ നിവര്‍ത്തിയില്ലാത്തവര്‍, രോഗത്തില്‍ കഴിയുന്നവര്‍, മരുന്നു വാങ്ങാന്‍ പണമില്ലാത്തവര്‍, ജോലി നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ പല വിധത്തില്‍ ദുഃഖ ദൂരിതം അനുഭവിക്കുന്നവരെ സ്വന്തം ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ മെയ് ഏഴാം തീയതിവരെ കാത്തിരിക്കേണ്ടി വന്നു. അതും ആടിനെ പച്ചില കാട്ടി കണ്ണും കരളും കവരുന്നതുപോലെയുള്ള പദ്ധതി. ഇതിനകം ദരിദ്ര രാജ്യങ്ങളായ പാക്കിസ്താന്‍, ഫിലിപ്പൈന്‍സ് അടക്കം ധാരാളം രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ സര്‍ക്കാര്‍ ചിലവില്‍ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. ഇന്ത്യയില്‍ കുടുങ്ങിക്കിടന്ന പാശ്ചാത്യ പൗരന്മാരെയും അതാത് രാജ്യങ്ങള്‍ കൊണ്ടുപോയി. എന്നിട്ടും നമ്മുടെ ഭരണാധിപന്മാര്‍ പരിശ്രമംകൊണ്ട് പരിഹാസപാത്രങ്ങളാകുന്നു.

ഇപ്പോള്‍ കണ്ടത് യാതൊരുവിധ സഹതാപവുമില്ലതെ പതിറ്റാണ്ടുകള്‍ പ്രവാസിയില്‍ നിന്ന് ഈടാക്കിയ തുകയുടെ പലിശപോലും നല്‍കാതെ, എംബസികളില്‍ കെട്ടികിടക്കുന്ന വെല്‍ഫെയര്‍ ഫണ്ട് ചിലവാക്കാതെ വിമാന കപ്പല്‍ തുക പാവങ്ങളായ പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന ആസൂത്രിതമായ വികസനം. പാവപ്പെട്ട പ്രവാസികള്‍ കൊറോണ ദുരന്തത്തില്‍ പടുകുഴിയില്‍ വീണിരിക്കുമ്പോഴാണ് ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി പ്രവാസികളെ ഇങ്ങനെ പീഡിപ്പിക്കുന്നത്. ഇവര്‍ ഇന്ത്യയിലെ പാവങ്ങളെയും ഇങ്ങനെയാണ് ചവുട്ടി മെതിച്ചു ജീവിക്കുന്നത്. നല്ലൊരു ഭരണാധിപന് കണ്ണുണ്ടായാല്‍ മാത്രം പോര കാണാനുള്ള കാഴ്ച്ച ശക്തിയും വേണം. പ്രവാസികള്‍ നിത്യവും വേദനയില്‍ കഴിഞ്ഞുകൂടിയപ്പോള്‍ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നവരെപ്പോലെ പ്രവാസികള്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കികൊണ്ടിരിക്കുന്നവര്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷവും അധിക വിദ്യഭ്യാസ യോഗ്യതകള്‍ ഉള്ളവരല്ല. അവര്‍ സാധാരണ തൊഴില്‍വര്‍ഗ്ഗത്തില്പെട്ടവരാണ്. സ്വന്തം വീടിനേയും ഭാര്യയേയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കഠിന പ്രയത്നത്തിലൂടെ കിട്ടുന്ന ശമ്പളം നാട്ടിലയച്ചു കുടുംബം പോറ്റുന്ന പ്രവാസി ഈ ദുര്‍ഘട വേളയില്‍ വിമാന കൂലി കൊടുക്കണമെന്ന് പറയുന്നത് അമിതമായ സുഖലോലുപതയില്‍ ജീവിക്കുന്ന ഭരണാധിപന് അറിയണമെന്നില്ല. എന്തുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ വിമാനക്കൂലി കൊടുക്കാത്തത്? അതില്‍ നമ്മുടെ എംബസികള്‍ എന്തുകൊണ്ട് ഇടപെട്ടില്ല. അവര്‍ കൊടുക്കില്ലെങ്കില്‍ എന്തുകൊണ്ട് എംബസികള്‍ അവര്‍ക്ക് യാത്രക്കൂലി കൊടുക്കുില്ല? അന്ധവിശ്വാസങ്ങള്‍ വളമിട്ട് വളര്‍ത്തുന്നതുപോലെ ജനാധിപത്യത്തില്‍ ഒരു ജീര്‍ണ്ണ സമൂഹത്തെ വളര്‍ത്തുന്നവര്‍ക്ക് വേദനിക്കുന്നവനോട് അനുകമ്പ തോന്നണമെന്നില്ല. നിര്‍വാജ്യമായ സ്നേഹത്തോടെ ഒന്ന് നോക്കുവാന്‍പോലും അവര്‍ക്കാവില്ല. ഇന്ത്യന്‍ ജനാധിപത്യം ക്രൂരമായിക്കൊണ്ടിരിക്കുന്നതിന്‍റ തെളിവാണിത്. വേട്ടക്കാരന് ഇരയുടെ നൊമ്പരം തിരിച്ചറിയണമെന്നില്ല.

ലോകത്തുള്ള യജമാനന്മാര്‍, മുതലാളിമാര്‍ അടിമകളോടെ കാട്ടിയ സമീപനമാണ് ഈ ഭരണാധിപന്മാര്‍ പ്രവാസികളോട് കാട്ടുന്നത്. മുന്‍പ് രോഷാകുലാരായ യജമാനന്മാരും അവന്‍റെ കാവല്‍ക്കാരും അടിമകളെ മര്‍ദ്ദിച്ചു അവശരാക്കിയെങ്കില്‍ ഗള്‍ഫിലെ കൂലിവേല തൊഴിലാളികള്‍ താമസിക്കുന്നത് പത്തും പതിനഞ്ചും പേരുള്ള മുറികളിലാണ്. നിത്യവും അവരുടെ മനസ്സ് സംഘര്‍ഷത്തിലാണ്. തന്‍റെ മുറിയില്‍ പാര്‍ക്കുന്ന ആര്‍ക്കാണ് കൊറോണ കോവിഡ് രോഗമുള്ളത്? അതാണ് അവരുടെ ആശങ്ക. ജീവനും മരണവും തമ്മിലുള്ള മാനസിക പോരാട്ടം. അവര്‍ പരസ്പരം നോക്കാന്‍പോലും ഭയപ്പെടുന്നു. ഒരു ഭാഗത്ത് പട്ടിണിയടക്കം ദുഃഖ ദുരിതങ്ങള്‍. മറുഭാഗത്ത് ചൈന കയറ്റിവിട്ട ജൈവ കൊറോണ രാക്ഷസ്സന്‍. ഇങ്ങനെ നീണ്ട നാളുകള്‍ നീറിനീറി ജീവിക്കാന്‍, മാനസിക പീഡനങ്ങളനുഭവിക്കാന്‍ ഇടയാക്കിയത് ആരാണ്? ഭരണത്തിലരിക്കുന്നവരോട് പത്രക്കാര്‍ പ്രവാസികളെപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുക മാത്രമല്ല അവര്‍ക്കായി ശക്തമായ യാതൊരു നടപടിയുമെടുത്തില്ല. പഴങ്കഞ്ഞി കുടിച്ചാലും പത്രാസും പൊങ്ങച്ചവും വിടില്ല എന്ന ഭാവമുള്ളവര്‍. വിമര്‍ശിക്കുന്നവരെ ശത്രുപക്ഷത്തു കാണുന്നവര്‍.

കേരളത്തിന്‍റ സമ്പത്ഘടനയില്‍ ഗാഢമായി ഇടപെട്ട കേരളീയന്റെ പട്ടിണി മാറ്റിയ, കാലാകാലങ്ങളിലായി ജന്മനാടിനെ നെഞ്ചോട് ചേര്‍ത്ത് സാധ്യമായ സകല സഹായങ്ങളും ചെയ്തുകൊടുത്ത പാവം പ്രവാസികളോട് അവരുടെ ദുഃഖ വേളയില്‍ കാട്ടിയ നന്ദികേട് അധികാരസ്ഥന്മാര്‍ക്ക് അറിയാഞ്ഞിട്ടല്ല അതിലുപരി അവരുടെയുള്ളിലെ ഭരണകൂട ഭീകരതയാണ്. അമിതമായ അധികാര സുഖഭോഗങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ടുപെട്ടി നിറക്കാം അതാണ് ചിന്ത. അതിനുള്ള ഗുഢതന്ത്രങ്ങള്‍ മെനഞ്ഞെടുക്കും. പ്രസ്താവനകള്‍ നടത്തും. സങ്കീര്‍ണ്ണമായ വൈകാരികത നിറഞ്ഞ ഈ ഘട്ടത്തില്‍ തന്‍റെ ജനത്തെ രക്ഷപെടുത്താന്‍ ഇത്ര നാളുകളായിട്ടും എന്ത് ചെയ്തു? നരകതുല്യമായ ഒരു ജീവിതത്തിലേക്ക് അവരെ തള്ളിവിടില്ലായിരുന്നു. അവര്‍ അനുഭവിച്ച ഹൃദയവ്യഥകള്‍ ആര്‍ക്കുമറിയില്ല.

ഇപ്പോള്‍ നടക്കുന്നത് അസാധാരണ സംഭവം എന്ന പേരില്‍ ഓരോരുത്തര്‍ കൊട്ടരിടത്തും പാട്ടൊരിടത്തും എന്ന വിധത്തിലാണ് സംസാരിക്കുന്നത്. അസാധാരണ സംഭവമെങ്കില്‍ അസാധാരണ നടപടികളാണ് ആവശ്യം. അതിന് അസാധാരണ ചൈതന്യമുണ്ടായിരിക്കും. അത് സ്തുതിപാഠകരും ചുമടുതാങ്ങികളും പറയുന്നതുപോലെയല്ല. മാനസികവും ശാരീരികവുമായി തളര്‍ന്നു കൊണ്ടിരിക്കുന്ന പ്രവാസികളെ കാറ്റില്‍പ്പെട്ട പഞ്ഞിപോലെ തള്ളിക്കളയുന്നത് അമ്പരപ്പോടെയാണ് പ്രവാസലോകം കാണുന്നത്. കൊറോണ പോലെ ഭരിക്കുന്ന സര്‍ക്കാരുകളും ഭയവും ഭീതിയും സംശയങ്ങളും ജനിപ്പിക്കുന്നു. പാവം പ്രവാസികള്‍ അവരുടെ വേദനകളെ നിശ്ശബ്ദം താലോലിക്കുന്നു. കണ്ണുനീര്‍ വാര്‍ക്കുന്നു. കൊറോണയെ, പട്ടിണിയെ, നൊമ്പരങ്ങളെ കീഴടക്കാന്‍ സാധിക്കാതെ വീര്‍പ്പുമുട്ടലുമായി നിത്യവും കഴിയുന്നു.

ഈ ദിവസംവരെ പ്രവാസികളുടെ കാര്യത്തില്‍ സജീവമായി ഇടപെടാന്‍ എന്തുകൊണ്ട് ഭരിക്കുന്നവര്‍ക്ക് സാധിച്ചില്ല എന്നത് സാധാരണ പ്രവാസി ചോദിക്കുന്ന ചോദ്യമാണ്. മനുഷ്യത്വരഹിതമായ ക്രൂരതകളെ താലോലിക്കാന്‍ പ്രബുദ്ധരായ ജനത ഒരിക്കലും തയ്യാറാകില്ല. ഇതുപോലുള്ള സന്ദര്‍ഭങ്ങളിലാണ് മാനവികത കാണേണ്ടത്. കുവൈറ്റ് യുദ്ധ കാലത്ത് അത് ഞാന്‍ നേരില്‍ കണ്ടു. കുവൈറ്റില്‍ നിന്ന് സൗദി ദമ്മാമിലെത്തിയ മലയാളിമക്കളെ ഞങ്ങള്‍ ദഹറാന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചതും പലരും ജോര്‍ദ്ദാന്‍ വഴി കേരളത്തിലെത്തിയതും ഓര്‍മ്മയിലെത്തുന്നു. ഈ അപകടവേളയില്‍ ഒരു പ്രവാസി ചിന്തിക്കുന്നത് പൗരന്‍റെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാതെ നാടുകടത്തിയ ഇന്ത്യന്‍ വ്യവസ്ഥിതിയും തങ്ങളെ ഇത്രയും നാള്‍ ചുഷണം ചെയ്ത് ജീവിച്ച അധികാരി വര്‍ഗ്ഗത്തെയുമാണ്. മൗലിക അവകാശങ്ങള്‍ വെറും പാഴ്‌വാക്കുകളായി മാറുന്ന കാലം. കൊറോണ ജീവിതം പ്രവാസിക്ക് സമ്മാനിച്ചത് കോട്ടങ്ങള്‍ മാത്രമാണ്.

ഈ പടര്‍ന്നു പന്തലിച്ച മഹാരോഗത്തെ പൊരുതി ജയിക്കാന്‍ വോട്ടു പെട്ടിയന്ത്രം നിറക്കാന്‍ പ്രവാസികള്‍ക്കായി തെരെഞ്ഞെടുത്ത ഒന്നിലധികം സംഘടനകളുണ്ട്. പ്രവാസികള്‍ക്ക് സഹായകമായി ഇവര്‍ എന്ത് ചെയ്തുവെന്നറിയില്ല. ഈ പോരാട്ടത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ കൈയ്യടിച്ചു അഭിനന്ദിക്കാന്‍ എന്നെപ്പോലുള്ള ദുര്‍ബലരായ പ്രവാസികള്‍ക്കാവില്ല. ഭരണകൂടങ്ങള്‍ സൃഷ്ടിച്ച അരാജകത്വവും മരണവും ഭയവും മൗലികമായ മനുഷ്യവകാശ ലംഘനങ്ങളും ആദരവിനേക്കാള്‍ ആഴത്തിലുള്ള മുറിവുകളാണ് പ്രവാസിക്ക് സമ്മാനിച്ചത്. നിരപരാധികളായ പ്രവാസികളോട് ഇന്നുവരെ കാട്ടിയത് പ്രാകൃതമായ ക്രൂരതയാണ്. ദുരിതങ്ങളുടെ ചുമടുമായിട്ടെത്തുന്ന പ്രവാസികളെ മാനസികമായി തളര്‍ത്താതെ അവരുടെ ആവശ്യങ്ങളില്‍ പങ്കാളികളാകാന്‍ ക്രിയാത്മകമായ ഇടപെടല്‍ ആവശ്യമാണ്. അത് ഭൂതകാലത്തില്‍ നിന്നുള്ള ഒരു മോചനമായിരിക്കും. കാറ്റുള്ളപ്പോള്‍ തൂറ്റുന്ന ഈ രാഷ്ട്രീയ തന്ത്രം അവസാനിപ്പിക്കുക.

www.karoorsoman.net   

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

One Thought to “പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത”

  1. Sreenivas

    Very touching article.

Leave a Comment