ഡാളസ് ഗുരുദേവന്റെ വിശ്വപ്രസിദ്ധമായ ‘ദൈവദശകം’ എന്ന കൃതി , അതിന്റെ അര്‍ത്ഥതലത്തില്‍ നിന്നും അനുഭവ തലത്തിലേക്ക് എത്തിച്ചേരാന്‍ ഏതു രീതിയില്‍ പാരായണം ചെയ്യണമെന്ന് ബ്രഹ്മശ്രീ ത്രിരത്ന തീര്‍ത്ഥസ്വാമികള്‍ ഉദ്ബോധിപ്പിച്ചു.
ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓണ്‍ലൈന്‍ പ്രാര്‍ഥനാ പരമ്പരയില്‍ മെയ് 3 ഞായറാഴ്ച നടന്ന സത്സംഗത്തില്‍ ദൈവദശകം’ എന്ന കൃതിയെ കുറിച്ചു അതീവ ഹൃദ്യമായി വിശദീകരിക്കുകയായിരുന്നു സ്വാമികള്‍.
ആശ്രമം ജനറല്‍ സെക്രട്ടറി ശ്രീ. മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്സംഗത്തില്‍ , ശ്രീമതി പ്രസന്ന ബാബു സ്വാഗതമോതി. തുടര്‍ന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തില്‍ ഗുരുസ്മരണയോടുകൂടി പ്രാര്‍ഥനകള്‍ക്കു തുടക്കം കുറിച്ചു .
സത്യദര്‍ശി ആയ ഗുരുദേവന് , തനിക്കു അനുഭവ വേദ്യമായ സത്യം പരമകൃപയാല്‍ പത്തു ശ്ലോകങ്ങളായി ലോകമംഗളത്തിനായി സമര്‍പ്പിച്ചതാണ് ദൈവദശകം .നമുക്കേവര്‍ക്കും സുപരിചിതമായ ഈ കൃതി സ്വാമിജിയുടെ വിശദീകരണത്തിലൂടെ അതിന്റെ അര്‍ത്ഥ പൂര്‍ണതയിലേക്ക് എത്തുകയായിരുന്നു . സംസാര സാഗരത്തില്‍ പെട്ട് ഉഴലുന്ന ജീവന് പടിപടിആയി ആനന്ദസാഗരത്തില്‍ അണയാനുള്ള രീതി ഗുരുദേവന് ഈ കൃതിയില്‍ വിവരിക്കുന്നു . പ്രാര്‍ത്ഥനയുടെ രുചിയും , തത്വചിന്തയുടെ ആഴവും സമ്മേളിച്ച കൃതിയിലൂടെ സ്വാമിജി ശ്രോതാക്കളെ കൈപിടിച്ചു നടത്തി .
“ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ “എന്ന അര്‍ത്ഥനയില്‍ ആരംഭിക്കുന്ന കൃതി , സംസാര സമുദ്രത്തില്‍ നിന്ന് ഉള്ള മോചനത്തിന് ഒരേ ഒരു മാര്‍ഗമേ ഉള്ളൂ എന്ന് അസന്നിഗ്ദ്ധമായി പറയുന്നു . ഒരു സത്യാന്വേഷി, സത്യം എന്തെന്ന് അന്വേഷിക്കുമ്പോള്‍ ഉണ്ടായി മറയുന്നതു സത്യമല്ല എന്ന് ഉറപ്പുവരുന്നു. . ഉള്ളതിന് ഒരിക്കലും ഇല്ലാതാകാന്‍ കഴിയില്ല എന്ന ഔപനിഷദമായ സത്യം അറിഞ്ഞു അത് കണ്ടെത്താനുള്ള മാര്‍ഗം ഗുരുദേവന് “ഒന്നൊന്നൊയ് എണ്ണിയെണ്ണി …എന്ന ശ്ലോകത്തിലൂടെ മനോഹരമായി പറയുന്നു . ലോകത്തു ഇന്ദ്രിയ വേദ്യമായ എല്ലാ പൊരുളുകളുടെയും സത്യസ്ഥിതി മനസിലാകുന്ന സാധകന്റെ ദൃക്ക് ദൈവത്തില്‍ അസ്പന്ദമാകും എന്ന് ഗുരുദേവന് പറയുന്നു. കാണപ്പെടുന്നതില്‍നിന്നു കാണുന്നവനിലേക്കും , കാണുന്നവനായ ജീവബോധം ബ്രഹ്മസത്യത്തില്ലയിച്ചു അസ്പന്ദമാകണം എന്ന് ഒരു സാധകന് അപേക്ഷിക്കുകയാണ് . ലോക വിഷയങ്ങളില്‍ ചഞ്ചലപ്പെട്ടു ഉഴലുന്ന മനസ് ഉപശമിച്ചു, കാണപ്പെടുന്നവന്റെ സ്വരൂപം വെളിവാക്കിത്തരുന്നു, ആ സ്പന്ദിക്കുന്ന ബോധസ്പൂര്ത്തി സ്പന്ദനം നിലച്ചു സാന്ദ്രാനന്ദാവബോധമായ ഈശ്വരനില്‍ ലയിച്ചു ഏകീഭവിക്കണം .
മനുഷ്യന്, തന്റെ സാമര്‍ത്ഥ്യം കൊണ്ടാണ് തന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം നേടുന്നതെന്ന് ചിന്തിക്കാറുണ്ട് . അന്നവും വസ്ത്രവും തുടങ്ങി ഈ ലോകത്തു ജീവിക്കാന്‍ വേണ്ടുന്നതെല്ലാം നേടിയെടുക്കുന്നതില്‍ മനുഷ്യന്റെ പ്രയത്നം വളരെ ചെറിയ ഒരു അംശം മാത്രമേ ഉള്ളുവെന്നു ചിന്തിച്ചാല്‍ മനസിലാകും . ചെടി , മണ്ണ് , വെള്ളം , സൂര്യപ്രകാശം എന്നു തുടങ്ങി ദൈവം ഊടും പാവും നെയ്തു തന്ന ഭക്ഷണമാണ് നാം കഴിക്കുന്നത് . അതില്‍ ഏതെങ്കിലും ഒന്നില്ലെങ്കില്‍ മനുഷ്യന്റെ സാമര്ത്ഥ്യത്തിന് എന്ത് ഫലം അതെല്ലാം തന്നു ഞങ്ങളെ ധന്യരാകുന്ന നീ ഒന്നുതന്നെയാണ് ഞങ്ങളുടെ തമ്പുരാന് എന്ന് ഗുരുദേവന് പറയുന്നു . തുടര്‍ന്ന് വരുന്ന മൂന്നുശ്ലോകങ്ങള്‍ നാല് (4) എന്ന ഉപനിഷത് പ്രസിദ്ധമായ സംഖ്യരീതി ഉപയോഗിച്ചാണ് ഗുരുദേവന് ദൈവസങ്കല്പത്തെ വിവരിക്കുന്നത് . സമുദ്രത്തിനു അതിലെ തിരയും , കാറ്റും , ആഴവും എങ്ങനെ ഭിന്നമല്ലയോ അതുപോലെഞങ്ങളുള്പ്പെടുന്ന ജീവജാലങ്ങളും , മായയും , ദൈവത്തിന്റെ മഹത് രൂപവും , ദൈവവും ഒന്നുചേര്‍ന്ന് നില്കുന്നു എന്ന് ഞങ്ങള്‍ക്ക് ധരിക്കാന്‍ കഴിയണം എന്ന് പ്രാര്‍ത്ഥിക്കുന്നു . അടുത്ത ശ്ലോകത്തില്‍ ദൈവം , സൃഷ്ടി യും , സ്രഷ്ടാവും , സൃഷ്ടി ജാലവും , സൃഷ്ടിക്കുള്ള സാമഗ്രിയും ആയി വിവരിക്കുന്നു . പിന്നീട് , ദൈവം തന്നെയാണ് മായയും , മായാവിയും , മായാവിനോദനും , മായയെ നീക്കി സായൂജ്യം നല്കുന്ന ഗുരുവും ആകുന്നത് .അജ്ഞാന ദശയില്‍ ഇരിക്കുന്ന ഒരുസാധകന് ഇവയെല്ലാ വെവ്വേറെ ആണെങ്കിലും സത്യം അനുഭവിച്ചറിഞ്ഞാല്‍ ഈ ഭേദം വിട്ടുപോകും എന്ന് ഗുരുദേവന് അരുളിച്ചെയ്യുന്നു .
അടുത്ത ശ്ലോകത്തില്‍ , ഗുരുദേവന് ദൈവത്തിന്റെ സ്വരൂപം എന്തെന്ന് വെളിവാകുന്നു . നീ , സത്യമാണ് , ജ്ഞാനം ആണ് , ആനന്ദമാണ് . (സച്ചിദാനന്ദമാണ്) നീ വര്‍ത്തമാനകാലമാണ് (കഴിഞ്ഞുപോയ വര്‍ത്തമാനകാലമാണ് ഭൂതകാലം, വരാനിരിക്കുന്ന വര്‍ത്തമാന കാലമാണ് ഭാവികാലം . അനുഭവം എന്നത് വര്‍ത്തമാനകാലത്തു മാത്രം ഉള്ളതാണ് ) ഒന്നോര്‍ത്താല്‍ ഓതുന്ന ഈ മൊഴിയും നീതന്നെയാണ് . അകവും പുറവും ഇടതിങ്ങി നിറഞ്ഞുനില്ക്കുന്ന മഹത്തായ ദൈവ സ്വരൂപത്തെ ഞങ്ങള്‍ പാടി പുകഴ്ത്തുന്നു . ഭഗവാനെ അങ്ങ് വിജയിക്കുമാറാകട്ടെ !
അടുത്ത ശ്ലോകത്തില്‍ , ദേവദേവനായ ദൈവമേ അങ്ങ് ജയിക്കുക , ദുഃഖിതന്മാരെ രക്ഷിക്കാന്‍ സദാ ഉണര്‍ന്നിരിക്കുന്ന ദൈവമേ അങ്ങ് വിജയിക്കുക , ബോധസ്വരൂപനായ , കാരുണ്യ കടലായ അങ്ങ് വിജയിക്കുക എന്ന് പാടി പുകഴ്ത്തുന്നു . അവസാന ശ്ലോകത്തില്‍ അങ്ങയുടെ ജ്യോതിസ്സാകുന്ന ആഴമുള്ള കടലില്‍ പൂര്‍ണമായി മുങ്ങണമെന്നും അതുമാത്രം പോരാ , നിത്യമായ ആനന്ദസാഗരത്തില്‍ എന്നെന്നും വാഴണമെന്നും പ്രാര്‍ത്ഥിക്കുന്നു.
സംസാര സാഗരത്തില്‍ നിന്ന് ആനന്ദസാഗരത്തിലേക്കുള്ള ഗുരുദേവന്റെ സ്വാനുഭവം വിളിച്ചോതുന്ന ഒരു പ്രാര്‍ത്ഥനാ ഗീതമാണ് ദൈവദശകം . ഈ കൃതി ,അര്‍ത്ഥമറിഞ്ഞു പദശുദ്ധിയോടെ ചൊല്ലാന്‍ സ്വാമിജി ഉപദേശിച്ചു .
തുടര്‍ന്ന് , ശ്രീ ശ്രീനിവാസന് ശ്രീധരന് ഗുരുദേവന്റെ കുണ്ഡലിനി പാട്ട് എന്ന കൃതി ആലാപനം ചെയ്തു . കുമാരി ശ്രേയ അഭി കോലതീരേശസ്തവം എന്ന ഗുരുദേവകൃതി മനോഹരമായി ചൊല്ലി . ഈ ചെറുപ്രായത്തില്‍ മലയാളം മാതൃഭാഷ അല്ലാത്ത ഒരുനാട്ടില്‍ ഇത്ര മനോഹരമായി ഗുരുദേവകൃതി പാരായണം ചെയ്യുന്നത് ഗുരുദേവന് വരും തലമുറയില്‍ എങ്ങനെ സ്വാധിനിക്കുന്നു എന്നതിന് ഉദാഹരണമായി . ഒരുപക്ഷെ എസ് എ എന്‍ എ യുടെ(ടഅചഅ) പ്രാഥമിക ലക്ഷ്യങ്ങളില്‍ പ്രധാനമായതും പുതു തലമുറയിലേക്കു ഗുരുദേവ വചസ്സുകള്‍ എത്തുക എന്നതാണല്ലോ . ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഗുരുദേവകൃതികളുടെ മനോഹാരിതയും ഗുരുദേവന് ആ കൃതികള്‍ എഴുതന്നതിനുണ്ടായ സാഹചര്യവും വിവരിച്ചു . ഗുരുദേവന് എങ്ങനെ കാലാതീതനാകുന്നു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു സ്വാമിജിയുടെ സന്ദേശം.
കോവിഡ് 19 എന്ന മഹാമാരിയില്‍ കഷ്ടപ്പെടുന്ന ജനതയ്ക്കായി എസ് എ എന്‍ എയുടെ (ടഅചഅ) യുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ഹെല്പ് ലൈനിന്റെ ഉത്ഘാടനം സംപൂജ്യനായ ഗുരുപ്രസാദ് സ്വാമികള്‍ നിര്‍വഹിച്ചു . ശ്രീ അനൂപ് രവീന്ദ്രനാഥും , ശ്രീമതി പ്രസന്ന ബാബുവും ഹെല്പ് ലൈന്‍ സാരഥികളായി. ശ്രീ ജയരാജ് ജയദേവന് സത്സംഗത്തിനു പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു.
വിശ്വശാന്തി പ്രാര്‍ത്ഥനാ യജ്ഞം എന്ന ഈ സത്സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കള്‍ക്കും പ്രണാമം.
അടുത്ത ആഴ്ച, മെയ് 10 ഞായറാഴ്ച , ശിവഗിരി മഠത്തില്‍ നിന്നും ശ്രീമദ് ബോധിതീര്‍ത്ഥ സ്വാമികളാണ് നമ്മോട് സംവദിക്കുവാനെത്തുന്നത് വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply