ഡ്രൈവ് ബൈ കുമ്പസാരവും ഡ്രൈവ് ഇന്‍ സിനിമയും

May 6 bannerന്യൂജേഴ്‌സി: സംസ്ഥാനത്തെ കൊറോണ വൈറസ് മരണം എണ്ണായിരം കടന്നു. ഗവര്‍ണര്‍ ഫില്‍ മര്‍ഫി പ്രഖ്യാപിച്ച പുതിയ കണക്കുകള്‍ പ്രകാരം മരണസംഖ്യ 8,244 ആയി ഉയര്‍ന്നു. സംസ്ഥാനത്തൊട്ടാകെ 130,593 കേസുകളുണ്ട്. 334 പുതിയ മരണങ്ങളും 2,494 പുതിയ പോസിറ്റീവ് ടെസ്റ്റുകളുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9 ദശലക്ഷം ആളുകള്‍ താമസിക്കുന്ന സംസ്ഥാനമായ ന്യൂജേഴ്‌സി, ന്യൂയോര്‍ക്കിന് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളും മരണങ്ങളും ഉള്ള യുഎസ് സംസ്ഥാനമായി തുടരുന്നു. വാരാന്ത്യത്തില്‍ നിന്നുള്ള കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ ഇനിയും കാലതാമസമുണ്ടെന്ന് ഗവര്‍ണര്‍ മര്‍ഫി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞവരുടെ എണ്ണമല്ല ഇപ്പോഴത്തേതെന്നും പുതിയതായി ലഭിച്ച റിപ്പോര്‍ട്ടുകളുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പ്യൂട്ടര്‍ സേര്‍വറിലെ തകരാര്‍ മൂലം കഴിഞ്ഞ വാരാന്ത്യം മുതല്‍ കൃത്യമായ വിവരങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിരുന്നില്ല.

ന്യൂജേഴ്‌സിയിലെ 71 ആശുപത്രികളിലുടനീളം 5,328 കൊറോണ വൈറസ് രോഗികളുണ്ടെന്ന് സംസ്ഥാനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 14 ന് 8,293 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 36% ഇടിവാണ് ഇത്. രോഗികളില്‍ 1,534 പേര്‍ ഗുരുതര അല്ലെങ്കില്‍ തീവ്രപരിചരണ വിഭാഗത്തിലും 1,169 പേര്‍ വെന്റിലേറ്ററിലുമാണ്. ഏപ്രില്‍ 4 ന് ശേഷം വെന്റിലേറ്ററുകളിലുള്ള ഏറ്റവും കുറവ് രോഗികളാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇടയില്‍ 232 കൊറോണ വൈറസ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതില്‍ മരിച്ച രോഗികള്‍ ഉള്‍പ്പെടുന്നില്ല.

കൊറോണ നല്‍കിയ ഡ്രൈവ് ബൈ കുമ്പസാരം
കൊറോണ മൂലം ജീവിത്തിന്റെ പല ദിനചര്യകളും മാറി. വീട്ടിലിരിക്കുന്നവര്‍ക്ക് മതപരമായ ആചാരങ്ങള്‍ക്ക് വേണ്ടി പുതിയ ശീലങ്ങള്‍ പഠിക്കേണ്ടി വന്നു. വിശ്വാസികള്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് പ്രാര്‍ത്ഥനയും നമസ്‌ക്കാരവുമായി ഫോണുകള്‍ക്കും കമ്പ്യൂട്ടറിനും മുന്നിലിരുന്നപ്പോള്‍ ഡ്രൈവ് ബൈയായി കുമ്പസാരം നടത്തുകയാണ് പല പള്ളികളും. അത്തരത്തിലുള്ളൊരു പള്ളിയിലെ പാസ്റ്ററാണ് റവ. ഡാനിയേല്‍ ഓ മുല്ലന്‍. ബൂട്ടണിലെ പള്ളിയില്‍ നിരവധി കത്തോലിക്കാ വിശ്വാസികള്‍ക്ക് കുമ്പസാരം നല്‍കാറുണ്ടായിരുന്ന അദ്ദേഹത്തിന് കൊറോണ മൂലം പുതിയൊരു രീതിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നു.

ചൊവ്വാഴ്ച, വ്യാഴം, ശനി ദിവസങ്ങളില്‍ റവ. ഡാനിയേല്‍ ഒരു ഔട്ട്‌ഡോര്‍ ഷെഡിനുള്ളില്‍ ഇപ്പോള്‍ കാത്തിരിക്കുന്നു. രാവിലെ 90 മിനിറ്റും ഉച്ചതിരിഞ്ഞ് 90 മിനിറ്റുമാണ് സമയപരിധി. വിശ്വാസികള്‍ പാര്‍ക്കിംഗ് സ്ഥലത്ത് കാറുകളില്‍ നിന്ന് ഇറങ്ങുക, ഷെഡിനടുത്ത് എത്തുക, മുട്ടുകുത്തുക അല്ലെങ്കില്‍ നില്‍ക്കുക. മൂടിയ മൂടുശീലകളാല്‍ പൊതിഞ്ഞ ഒരു ജാലകത്തിലൂടെ, അവരുടെ പാപങ്ങള്‍ ഏറ്റുപറയുക. ഇതാണ് ഇപ്പോഴത്തെ കുമ്പസാര രീതി. പാപങ്ങള്‍ ഏറ്റു പറയുന്നതിലൂടെ മാത്രമാണ് ഒരു യഥാര്‍ത്ഥ വിശ്വാസി ജീവിതത്തെ സ്വീകരിക്കുന്നുള്ളുവെന്നാണ് റവ. ഡാനിയേല്‍ പറയുന്നത്. അതു കൊണ്ടു കുമ്പസാരത്തിനെത്തുന്നവരെ അദ്ദേഹമൊരിക്കലും നിരാശപ്പെടുത്താറില്ല.

Drive by Confession 2
Drive by Confession

ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ ഇടവേളകൡലാണ് ഡ്രൈവ് ബൈ കുമ്പസാരത്തിന് അദ്ദേഹം സമയം കണ്ടെത്തുന്നത്. ഇടവകക്കാരുടെ കുമ്പസാര മൊഴികള്‍ വ്യക്തമായി കേള്‍ക്കാനും മോചനം നല്‍കാനും അദ്ദേഹത്തിന് ഈ പുതിയ സംവിധാനത്തിലൂടെ കഴിയും. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍, സാമൂഹിക അകലം പാലിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുമ്പോള്‍ അവതരിപ്പിക്കുന്ന ‘ഡ്രൈവ് ബൈ കുമ്പസാരം’ എന്നറിയപ്പെടുന്ന ഈ രീതി ഇപ്പോള്‍ അമേരിക്കയിലെ മറ്റിടങ്ങളിലെയും നിരവധി പുരോഹിതന്മാര്‍ നിര്‍വഹിക്കുന്നു. ന്യൂജേഴ്‌സിയില്‍ തന്നെ നിരവധിയിടങ്ങളില്‍ ഇത് നടപ്പാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ കാണുന്നു.

ഡ്രൈവ് ബൈ കുമ്പസാരത്തില്‍ രാജ്യത്ത് പലേടതതും പല വ്യത്യാസങ്ങളുണ്ട്. മെരിലാന്‍ഡിലെ ബോവിയില്‍, റവ. സ്‌കോട്ട് ഹോമര്‍ ഒരു ഔട്ട്‌ഡോര്‍ കുമ്പസാരം ആവിഷ്‌കരിച്ചു, പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കസേരയില്‍ ഇരിക്കും. ഡ്രൈവര്‍മാര്‍ വാഹനങ്ങളിലെ തുറന്ന ജാലകത്തിലൂടെ പാപങ്ങള്‍ ഏറ്റുപറയും. എന്നാല്‍ ഇതില്‍ നിന്നും ഒരു പടികൂടി മുന്നോട്ടു കടന്നാണ് റവ. ഡാനിയേലിന്റെ കുമ്പസാര രീതി.

തന്റെ താല്‍ക്കാലിക കുമ്പസാര ഷെഡ് സ്ഥാപിക്കുമ്പോള്‍ റവ. ഡാനിയേല്‍ അതിലെഴുതി, ‘ദയവായി ഒന്നിലും തൊടരുത്’, പങ്കെടുത്ത എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ വിന്‍ഡോയില്‍ നിന്ന് രണ്ടോ മൂന്നോ അടി അകലെയാണ്. ഞാന്‍ അകത്തെ വിന്‍ഡോയില്‍ നിന്ന് നാലോ അഞ്ചോ അടി മാറിയും, ‘ അദ്ദേഹം പറഞ്ഞു. കുമ്പസാരം സ്വീകരിക്കുന്നവരെ തുടര്‍ച്ചയായി പെയ്ത മഴ നനച്ചെങ്കിലും വിശ്വാസികള്‍ ക്ഷമയോടെ കാത്തുനിന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Drive by Confession
Drive by Confession

ബ്രിട്ടീഷ് വംശജനായ റവ. ഡാനിയേല്‍ 12 വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ന്യൂജേഴ്‌സിയിലേക്ക് താമസം മാറ്റുന്നത്. ഒരു പതിറ്റാണ്ട് മുമ്പാണ് അദ്ദേഹം പുരോഹിതനായി നിയമിതനായത്. 2015 ല്‍ 1847 ല്‍ സ്ഥാപിതമായ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മലിലേക്ക് അദ്ദേഹത്തെ നിയമിച്ചു, മോറിസ് കൗണ്ടിയിലെ മൂന്നാമത്തെ ഏറ്റവും പഴയ കത്തോലിക്കാ ഇടവകയാണിത്.
മാര്‍ച്ച് പകുതി വരെ അദ്ദേഹം ഞായറാഴ്ച രാവിലെ മൂന്ന് കുര്‍ബാനകള്‍ ചൊല്ലുമായിരുന്നു. കൊറോണ ലോക്ക്ഡൗണിനെത്തുടര്‍ന്നു പള്ളി അടച്ചതുമുതല്‍, ഞായറാഴ്ചയും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 8 മണിക്ക് അദ്ദേഹം താമസിക്കുന്ന പള്ളിയുടെ റെക്ടറിയിലെ ഒരു ചെറിയ ചാപ്പലിനുള്ളില്‍ ഒരു ലൈവ് സംപ്രേഷണം നടത്തുന്നു. ഇപ്പോള്‍ കുമ്പസാരത്തിനു വേണ്ടി അമ്പതോളം പേര്‍ സാമൂഹിക അകലം പാലിച്ച് എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.

കൊറോണയെ പേടിക്കണ്ട, കാറിലിരുന്നു സിനിമ കാണാം
സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നാണ് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുടെ ആവശ്യം. അപ്പോള്‍ പിന്നെ വിരസത മാറ്റാന്‍ എന്താണ് മാര്‍ഗം. പാര്‍ക്കുകള്‍ തുറന്നിട്ടുണ്ടെങ്കിലും അവിടെയും നിയന്ത്രണമുണ്ട്. സിനിമാ തീയേറ്ററുകളെക്കുറിച്ച് ആലോചിക്കുക പോലും വേണ്ട. അങ്ങനെ വിഷമിക്കാന്‍ വരട്ടെ. ഇതാ, പുതിയ ഓപ്പണ്‍സിനിമ തീയേറ്റര്‍ പ്രവര്‍ത്തിക്കുന്നു. ബിസിനസ്സുകാരനായ പിജെ വിന്‍ഡില്‍ വളരെ വ്യത്യസ്തമായ ഒരു ആശയമാണ് ഇപ്പോള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള പാര്‍ക്കുകളിലേക്കും പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്കും ഡ്രൈവ് ഇന്‍ സിനിമാ തിയേറ്ററുകളെ എത്തിക്കുന്ന രീതിയാണിത്.

ഒരു മൈതാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. അവിടെയിരുന്നു കൊണ്ട് വലിയ സ്‌ക്രീനില്‍ സിനിമകാണുക. കാറിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിലൂടെ ശബ്ദമെത്തും. മൈതാനത്ത് തന്നെ ഡ്രൈവ് ഇന്‍ റെസ്റ്ററന്റുമുണ്ട്. ആവശ്യക്കാര്‍ക്ക് കാറോടിച്ച് അവിടെയെത്തി ഭക്ഷണവും കഴിക്കാം. വ്യത്യസ്തമായ ഐഡിയകള്‍ ഇപ്പോള്‍ പലേടത്തും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

Drive in theater 2
Drive in theater

ജാക്‌സണ്‍ വാള്‍ ടൗണ്‍ഷിപ്പിലെ ഓക്ക് ട്രീ ലോഡ്ജില്‍ സെമി പെര്‍മനന്റ് പോപ്പ്അപ്പ് ഡ്രൈവ്ഇന്‍ തിയേറ്റര്‍ ഇപ്പോള്‍ വിജയകരമായി നടക്കുന്നു. ഇതു സംസ്ഥാനത്തൊട്ടാകെയുള്ള ഒരു ഡസനിലധികം പട്ടണങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ വേണ്ടി വിന്‍ഡില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള പ്രൊജക്ടറും സ്‌ക്രീനും അവരുടെ അടുത്തെത്തിക്കുന്നതിന് ടൗണ്‍ഷിപ്പില്‍ നിന്നോ പ്രോപ്പര്‍ട്ടി ഉടമയില്‍ നിന്നോ ഒരു ഫഌറ്റ് ഫീസ് ഈടാക്കും. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വാങ്ങാന്‍ കഴിയും. പാര്‍ക്ക് ചെയ്യപ്പെടുന്ന ഓരോ കാറിനും 20 മുതല്‍ 25 വരെ ഡോളര്‍ ഫീസ് വാങ്ങുന്നു.

സാമൂഹ്യ അകലം പാലിക്കുന്ന ഈ സമയങ്ങളില്‍ വിനോദത്തിന്റെ മറ്റൊരു രീതിയാണ് താന്‍ അവലംബിക്കുന്നതെന്നും പലരുമിത് ആസ്വദിക്കുന്നുണ്ടെന്നും ഒരു വിവാഹ വിനോദ ബിസിനസ്സ് ഉടമയായ വിന്‍ഡില്‍ പറയുന്നു.

പോപ്പ്അപ്പ് പ്രദര്‍ശനങ്ങള്‍ സാമൂഹിക അകലം പാലിക്കും, കാരണം ആളുകള്‍ അവരുടെ സ്വന്തം കാറുകള്‍ക്കുള്ളിലായിരിക്കും, കൂടാതെ ഫുഡ് ട്രക്കുകളില്‍ നിന്ന് ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും, അത് കാറില്‍ എത്തിക്കും, അദ്ദേഹം പറഞ്ഞു.

ഇത്തരം ഡ്രൈവ് സിനിമയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കാറിലെ ഒരു എഫ്എം റേഡിയോ സ്‌റ്റേഷന്‍ വഴിയോ വലിയ ഡിജെ സ്പീക്കറുകളില്‍ കേള്‍ക്കുന്നതിനായി വിന്‍ഡോകള്‍ താഴ്ത്തിയോ അതുമല്ലെങ്കില്‍ ബ്ലൂടൂത്ത് സ്പീക്കര്‍ അല്ലെങ്കില്‍ ഇയര്‍ബഡുകള്‍ വഴിയോ സിനിമ കേള്‍ക്കാനാകും. ജാസ്, ജുറാസിക് പാര്‍ക്ക്, ഇന്‍ഡിപെന്‍ഡെന്‍സ് ഡേ എന്നിവ പോലുള്ള ക്ലാസിക് സിനിമകള്‍ കാണിക്കും, കൂടാതെ ചില പുതിയ റിലീസുകള്‍ക്കായി ശ്രമിക്കുന്നു.

ഓരോ ലൊക്കേഷനും കുട്ടികള്‍ക്കുള്ള മാറ്റിനി മൂവി, തുടര്‍ന്ന് രാത്രി 8 മണിക്ക് കുടുംബപ്രേക്ഷകര്‍ക്കു വേണ്ടിയൊരു ഷോ, പാതിരാത്രിയില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയും സിനിമ കാണിക്കുന്നു.

ഡിസ്‌നി മാസ്‌ക്കുകള്‍ വില്‍പ്പനയ്ക്ക്
കൊറോണ സമയത്ത് വെറൈറ്റിയുള്ള മാസ്‌ക്കുകള്‍ക്ക് വേണ്ടി ശ്രമിച്ചാല്‍ അത് അധികപറ്റാവുമെന്നൊന്നും കരുതണ്ട. നല്ല വ്യത്യസ്തതയുള്ള മാസ്‌ക്കുകളുമായി ഡിസ്‌നി സ്റ്റോര്‍ എത്തിയിരിക്കുന്നു. മിക്കി മൗസ്, ബേബി യോഡ, എല്‍സ തുടങ്ങിയ കഥാപാത്രങ്ങളുടെ പ്രിന്റുകളുള്ള തുണി ഫെയ്‌സ് മാസ്‌കുകള്‍ 19.99 ഡോളറിന് ഇവിടെ ലഭ്യം. ഇതിനോടൊപ്പം ഒരു മാര്‍വല്‍ (കോമിക്ക് ബുക്ക്) പായ്ക്കും ഉണ്ട്. ഈ ഫെയ്‌സ് മാസ്‌കുകള്‍ നാല് പാക്കുകളിലായാണ് വില്‍ക്കുന്നത്. മൂന്ന് വലുപ്പത്തില്‍ ഇവ ലഭ്യമാണ്. ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ. ഫെയ്‌സ് മാസ്‌കുകള്‍ ജൂണ്‍ മുതലാണ് ഉപയോക്താക്കള്‍ക്ക് അയച്ചു തുടങ്ങുക.

Disney masks
Disney masks

ഫെയ്‌സ് മാസ്‌ക് വില്‍പ്പനയിലൂടെ ലഭിക്കുന്ന ഒരു ദശലക്ഷം ഡോളര്‍ ആശുപത്രികള്‍, വിതരണക്കാര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ മെഡ്‌ഷെയറിന് ഡിസ്‌നി സംഭാവന ചെയ്യും. ഇതിനു പുറമേ, യുഎസിലുടനീളമുള്ള സാമ്പത്തിക ഭദ്രതയില്ലാത്ത കമ്മ്യൂണിറ്റികളിലെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു ദശലക്ഷം ഫെയ്‌സ് മാസ്‌കുകള്‍ സംഭാവന ചെയ്യുമെന്നും ഡിസ്‌നി പ്രഖ്യാപിച്ചു. മാസ്‌ക്കുകള്‍ മെഡ്‌ഷെയര്‍ വിതരണം ചെയ്യും.

ന്യൂജേഴ്‌സിയില്‍ നിലവില്‍ ഒന്‍പത് ഡിസ്‌നി സ്‌റ്റോറുകളാണുള്ളത്. കൊറോണ കാരണം എല്ലാ യുഎസ് സ്‌റ്റോറുകളും മാര്‍ച്ച് 17 മുതല്‍ അടച്ചിരിക്കുകയാണ്.

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി 40,000 ഗ്രീന്‍ കാര്‍ഡുകള്‍
വിദേശികളായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും 40,000 ഗ്രീന്‍ കാര്‍ഡുകള്‍ അടിയന്തിരമായി നല്‍കാനുമുള്ള ബില്‍ സെനറ്റര്‍മാര്‍ അവതരിപ്പിച്ചു. ഹെല്‍ത്ത്‌കെയര്‍ വര്‍ക്ക്‌ഫോഴ്‌സ് റീസൈലന്‍സ് ആക്റ്റ് പ്രകാരം വിദേശത്ത് ജനിച്ച ആരോഗ്യ സംരക്ഷണ ജീവനക്കാര്‍ക്ക് അമേരിക്കയിലെ നിയമാനുസൃത സ്ഥിര താമസത്തിനുള്ള നടപടികള്‍ വേഗത്തിലാക്കും. കോണ്‍ഗ്രസ് മുമ്പ് അധികാരപ്പെടുത്തിയിരുന്ന 25,000 നഴ്‌സുമാര്‍ക്കും 15,000 ഡോക്ടര്‍മാര്‍ക്കുമുള്ള കുടിയേറ്റ വിസകള്‍ അവസാനിച്ചിരുന്നു. ഇതു തിരിച്ചുപിടിക്കാനും കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ അനുവദിക്കാനും ഈ ബില്‍ സഹായിക്കും. ഈ നിര്‍ദ്ദേശം നിലവിലെ ഇമിഗ്രേഷന്‍ എണ്ണം വര്‍ദ്ധിപ്പിക്കുന്നില്ല.

family-based-green-card-miamiഅമേരിക്കയിലെ ആരോഗ്യ പരിപാലന തൊഴിലാളികളില്‍ ആറിലൊന്ന് വിദേശികളാണ്. ആരോഗ്യ പരിരക്ഷാ സമ്പ്രദായത്തില്‍ കുടിയേറ്റ നഴ്‌സുമാരും ഡോക്ടര്‍മാരും ഒരു പ്രധാന പങ്ക് വഹിക്കുന്നു, അവരുടെ സംഭാവനകള്‍ കൊറോണക്കാലത്ത് നിര്‍ണായകമായതാണ് അടിയന്തരമായി ഗ്രീന്‍ കാര്‍ഡുകള്‍ നടപ്പാക്കണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ യുഎസില്‍ താല്‍ക്കാലിക വിസകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ ഗ്രീന്‍ കാര്‍ഡ് ചുവപ്പ്‌നാടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

കോവിഡിനു മുന്‍പു തന്നെ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ കുറവ് അമേരിക്ക അനുഭവിക്കുന്നുണ്ട്. യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കാക്കുന്നത് 2026 വരെ ഓരോ വര്‍ഷവും 200,000 പുതിയ നേഴ്‌സുമാര്‍ ആവശ്യമായി വരുമെന്നാണ്. പുതുതായി സൃഷ്ടിച്ച സ്ഥാനങ്ങള്‍ നികത്തുന്നതിനും വിരമിക്കുന്ന നഴ്‌സുമാരെ മാറ്റിസ്ഥാപിക്കുന്നതിനും യുഎസ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നിന്നും ബിരുദധാരികളേക്കാള്‍ കൂടുതല്‍ നേഴ്‌സുമാരെ ആവശ്യമുണ്ട്.

യുഎസില്‍ ജോലി ചെയ്യുന്നതിന്, വിദേശത്ത് ജനിച്ച രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് സ്‌റ്റേറ്റ് ലൈസന്‍സുകള്‍ ഉണ്ടായിരിക്കണം, അവര്‍ ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരാണെന്ന് തെളിയിക്കുന്ന പരീക്ഷകളില്‍ വിജയിക്കുകയും വേണം. കൂടാതെ അവരുടെ നഴ്‌സിംഗ് വിദ്യാഭ്യാസം യുഎസില്‍ പരിശീലനം നേടിയ നഴ്‌സുമാര്‍ക്ക് തുല്യമാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഒരു ലക്ഷത്തിലധികം നേഴ്‌സുമാര്‍ വിദേശത്തുണ്ട്, എന്നിരുന്നാലും, ഒരു നഴ്‌സിന് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള നിലവിലെ കാത്തിരിപ്പ് സമയം 3 വര്‍ഷമാണ്.

Print Friendly, PDF & Email

Related News

Leave a Comment