ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം ആര്‍ആര്‍ വെങ്കിട്ടപുരത്ത് രാസനിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതകച്ചോര്ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര് മരിച്ചു. എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോപാലപട്ടണത്തിന് സമീപം മൂന്ന് ഗ്രാമങ്ങളില്‍ വിഷവാതകം പടര്‍ന്നിട്ടുണ്ട്. പലരും ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും വീണ് കിടക്കുകയാണ്. ചോര്‍ച്ച നിയന്ത്രിക്കാനായിട്ടില്ല.
സമീപത്തുള്ള വീടുകളില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് ശ്വാസതടസ്സവും ഛര്‍ദ്ദിയും കണ്ണെരിച്ചലും അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയും ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വിഷവാതകം ശ്വസിച്ച് ഇരുന്നൂറോളം പേര് അസ്വസ്ഥത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഫാക്ടറി ഇന്നലെയാണ് തുറന്നത്. സ്ററൈറീന് വാതകമാണ് ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നിരിക്കുന്നത്. ഇരുപത് ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരും. ഫാക്ടറിയുടെ അടുത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയാണ്. പൊലീസ് വീടുകളുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന് പരിശോധിക്കുന്നുണ്ട്.