Flash News

പ്ലാസ്മ തെറാപ്പി: സംശയങ്ങളകറ്റി ഫോമ വെബിനാര്‍

May 8, 2020 , ഇടിക്കുള ജോസഫ്

 fomaa plasma webinarന്യൂയോര്‍ക്ക്: ഫോമാ കെയര്‍ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് & ഹെല്പ് ലൈനിന്‍റെ നേതൃത്വത്തില്‍ പ്ലാസ്മ തെറാപ്പി എന്താണ്, ഫലപ്രദമായി എങ്ങനെ ശേഖരിക്കാം, വിനിയോഗിക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച വെബിനാര്‍ വന്‍വിജയമായി. നൂറു കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ലോകവ്യാപകമായി ദിനംപ്രതി ആയിരങ്ങള്‍ കൊറോണ രോഗത്തിന് അടിമപ്പെടുന്നു. നിരവധി ആള്‍ക്കാര്‍ മരണപ്പെടുന്നു. നിലവില്‍ ലോകത്ത് ഇരുന്നൂറിലധികം രാജ്യങ്ങളില്‍ കൊറോണാ വൈറസ് ബാധിച്ചിരിക്കുന്നു. പല ചികിത്സാ രീതികളും ഈ വൈറസിനെതിരെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ഒരു ചികിത്സാരീതി ഇതുവരെ നടപ്പിലായിട്ടില്ല. അലോപ്പതിയും ആയുര്‍വേദവും ഹോമിയോപ്പതിയും അടക്കമുള്ള ചികിത്സാ സമ്പ്രദായങ്ങള്‍ അവലംബിക്കുന്ന പ്രമുഖര്‍ ഇതിനെക്കുറിച്ചുള്ള ഗവേഷണങ്ങളിലാണ്. കൊറോണ വ്യാപനത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയിലെ അവസ്ഥയും വിഭിന്നമല്ല. ഹൈഡ്രോക്സിക്ലോറോക്വിന്‍ പോലുള്ള മരുന്നുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ആശാവഹമായ ഒരു പുരോഗതി ഈ മേഖലയില്‍ നടത്താന്‍ സാധിച്ചിട്ടില്ല.

ഈ അവസരത്തിലാണ് കാന്‍വലസന്‍റ് പ്ലാസ്മാ തെറാപ്പി രോഗാവസ്ഥയില്‍ നിന്നും മുക്തി നേടുവാനുള്ള ഒരു ചികിത്സാ ഉപാധിയായി ഈ രംഗത്തെ വിദഗ്ദര്‍ പരീക്ഷിച്ചുനോക്കിയത്. രോഗവിമുക്തനായ ഒരു വ്യക്തിയുടെ പ്ലാസ്മ ശേഖരിച്ച് ഒരു രോഗിക്ക് നല്‍കുന്നതിലൂടെ ആ രോഗിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രോഗബാധക്കെതിരെ രോഗിക്ക് സ്വയം പോരാടുവാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ ചികിത്സാരീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

എഫ് ഡി എ യുടെ അംഗീകാരത്തോടുകൂടി പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്ന ഒരു ചികിത്സാ രീതിയാണിത്. അമേരിക്കയില്‍ റെഡ്ക്രോസ് മറ്റ് രക്തബാങ്കുകള്‍ എന്നിവയുടെ സഹകരണത്താല്‍ ആണ് ചികിത്സാരീതി ഏകോപിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ സന്നദ്ധ സംഘടനയായ സേവാ ഇന്‍റര്‍നാഷണല്‍ പ്ലാസ്മാ ശേഖരണത്തിനു വേണ്ടി ഒരു രജിസ്ട്രി തയ്യാറാക്കുകയും അതില്‍ ദാതാവിന്‍റെയും രോഗിയുടെയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയുമുണ്ടായി. കൂടാതെ ഒരു രോഗിക്ക് ചേര്‍ച്ചയുള്ള പ്ലാസ്മാ കണ്ടുപിടിച്ചാല്‍ രോഗിയുടെയും ദാതാവിനെയും മാത്രമല്ല അവരുടെ ഡോക്ടേഴ്സിന്‍റേയും ആശുപത്രിയുടെയും കൂടെ പ്രവര്‍ത്തിച്ച് രോഗിക്ക് പ്ലാസ്മാ എത്തിക്കാനുള്ള സൗകര്യങ്ങളും സേവാ ഇന്‍റര്‍നാഷണല്‍ ചെയ്തുകൊടുക്കുന്നുണ്ട്.

ഈ അവസരത്തിലാണ് പ്ലാസ്മാ തെറാപ്പിയെ കുറിച്ചും പ്ലാസ്മ ശേഖരത്തെ കുറിച്ചും ആളുകള്‍ക്ക് കൃത്യമായ അറിവു ലഭിക്കുതിനും കൂടുതല്‍ ആളുകളില്‍ പ്ലാസ്മ കൊടുക്കുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഫോമായും സേവാ ഇന്‍റര്‍നാഷണലും ചേര്‍ന്ന് ഒരു വെബിനാര്‍ സംഘടിപ്പിച്ചത്. മെയ് 3 ഞായറാഴ്ച ന്യൂയോര്‍ക്ക് സമയം 8.30ന് നടന്ന വെബിനാറില്‍ വിസ്കോണ്‍സിന്‍ മെഡിക്കല്‍ കോളജിലെ പ്രൊഫസറും, ഹെമറ്റോളജി ഓണ്‍ങ്കോളജി വിഭാഗം തലവനും, എ കെ എം ജി യുടെ മുന്‍ പ്രസിഡണ്ടും, ഈ രംഗത്തെ വിദഗ്ധനുമായ ഡോക്ടര്‍ പരമേശ്വരന്‍ ഹരി പ്ലാസ്മ തെറാപ്പിയെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. സേവാ ഇന്‍റര്‍നാഷണലിന്‍റെ പ്ലാസ്മാ ശേഖരണ വിഭാഗം കോര്‍ഡിനേറ്റര്‍ ആയ ഡോക്ടര്‍ മദന്‍ ലൂത്ര പ്ലാസ്മ ശേഖരണം, വിനിയോഗ സാധ്യതകളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. ന്യൂയോര്‍ക്ക് ആരോഗ്യ വിഭാഗം നഴ്സിംഗ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയ ഡോക്ടര്‍ ഷൈല റോഷിന്‍ ആയിരുന്നു ഈ വെബിനാറിന്‍റെ മോഡറേറ്റര്‍.

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ടാസ്ക് ഫോഴ്സിന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ദേശീയതലത്തില്‍ ഇങ്ങനെയൊരു വെബിനാര്‍ ഫോമാ സംഘടിപ്പിച്ചത്. നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി തോമസ്, അനിയന്‍ ജോര്‍ജ്, ബെന്നി വാച്ചാച്ചിറ, ഉണ്ണികൃഷ്ണന്‍, ബൈജു വര്‍ഗീസ്, ജോസ് മണക്കാട്, ഐയ്ഞ്ജല സുരേഷ് എന്നിവരാണ് ഫോമാ കെയര്‍ ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ ഈ വെബിനാര്‍ സംഘടിപ്പിക്കാനും അതിന്‍റെ വിജയത്തിനും വേണ്ടി പ്രവര്‍ത്തിച്ചത്. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഈ പരിപാടി വളരെ വിഞ്ജാനപ്രദമായിരുന്നുവെന്നും പ്ലാസ്മ ഡൊണേറ്റ് ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്:  sewacovidplasma.org

അമേരിക്കയില്‍ നിരവധി കൊറോണാ രോഗികള്‍ക്ക് വലിയ ആശ്വാസവും ആശ്രയവും ആകുന്ന ഈ വെബിനാറില്‍ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്‍റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top