ഫെഡറല്‍ നിര്‍ദ്ദേശം അവഗണിച്ചു സംസ്ഥാനങ്ങള്‍ തുറക്കുന്നു, ന്യൂജേഴ്‌സി അടഞ്ഞു തന്നെ

May 8 bannerന്യൂജേഴ്‌സി: കൊറോണ രോഗികളുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 76,942 ആയി. ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് താരതമ്യേന കൂടുതല്‍ മരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന് ന്യൂജേഴ്‌സിയിലാണ്. സംസ്ഥാനത്ത് 9000 പേര്‍ എന്ന സംഖ്യയിലേക്കാണ് മരണനിരക്ക് ഉയരുന്നത്. ഇന്നലെയും നേഴ്‌സിങ് ഹോമില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിക്കുന്നു. രോഗവ്യാപനവും മരണവും ആശങ്ക ഉയര്‍ത്തി വര്‍ദ്ധിക്കുന്നില്ലെങ്കിലും ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളിലെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആതുരസേവന പ്രതിസന്ധികള്‍ നിലവില്‍ ഒരു സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും അടക്കമുള്ള കിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ വാഷിങ്ടണ്‍, കാലിഫോര്‍ണിയ, ഒര്‍ലാന്‍ഡോ എന്നീ പടിഞ്ഞാറന്‍ തീരങ്ങളാണ് ഇപ്പോഴും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നത്. തുറന്നിരിക്കുന്ന സംസ്ഥാനങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

കോവിഡ് 19- പരിശോധിക്കാന്‍ നൂതന ആന്റിബോഡി പരീക്ഷണം
കോവിഡ് 19-മായി ബന്ധപ്പെട്ട മിക്ക ആന്റിബോഡി പരിശോധനകളും തെറ്റായ പോസിറ്റീവ് ഫലം നല്‍കുന്നുവെന്ന് പരാതി ഇപ്പോള്‍ വ്യാപകമാണ്. എന്നാല്‍, മൗണ്ട് സൈനായി ഐക്കണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ വൈറോളജിസ്റ്റ് ഫ്‌ളോറിയന്‍ ക്രാമര്‍ പുതിയൊരു പരീക്ഷണം വികസിപ്പിച്ചിരിക്കുന്നു. ഇതു പ്രകാരം, തെറ്റായ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നത് വെറുമൊരു ശതമാനത്തില്‍ താഴെ മാത്രമാണെന്നു തെളിഞ്ഞു. ആന്റിബോഡികളില്‍ നടത്തുന്ന വിശദമായ പരിശോധനയാണ് വൈറസ് സാന്നിധ്യത്തെ വെളിച്ചത്തു കൊണ്ടുവരുന്നത്.

കോവിഡ് 19 ഉള്ള ആളുകള്‍ക്ക് കുറച്ച് കാലത്തേക്ക് പ്രതിരോധശേഷി ലഭിക്കുമെന്ന് നിരവധി ചെറിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലും പരിസരത്തും 1,343 ആളുകളില്‍ നിന്നും സാമ്പിള്‍ പരിശോധിച്ച ഫലങ്ങള്‍ കാണിക്കുന്നത് ചിലര്‍ക്ക് മാത്രമേ കഠിനമായ അസുഖമുണ്ടാക്കൂ എന്നാണ്. ആന്റിബോഡികളുടെ അളവ് പ്രായമോ ലിംഗഭേദമോ വ്യത്യാസപ്പെടുത്തുന്നില്ല, കൂടാതെ നേരിയ ലക്ഷണങ്ങളുള്ള ആളുകള്‍ പോലും കൂടുതല്‍ ആരോഗ്യവാന്മാരായി കാണപ്പെട്ടു.

ആന്റി ബോഡികള്‍ വൈറസിനെ പ്രതിരോധിക്കുന്നതിനു തുല്യമല്ല. പ്രതിരോധശേഷിയുമായി ആന്റിബോഡിയുടെ അളവ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മൗണ്ട് സൈനായിയിലെ ഗവേഷകര്‍ കണ്ടെത്തി. രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡികള്‍, പ്ലാസ്മദാതാക്കളെ പരീക്ഷിച്ചു. ഇതില്‍ 3 ശതമാനം പേര്‍ മാത്രമാണ് രോഗം ഗുരുതരമായി അത്യാഹിത വിഭാഗത്തില്‍ എത്തിയത്. ശേഷിച്ചവര്‍ക്ക് നേരിയതോ മിതമായതോ ആയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദാതാക്കളെ മൂന്ന് ദിവസത്തേക്ക് മാത്രം രോഗലക്ഷണങ്ങളില്ലാതെ തുടരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അത് 14 ദിവസത്തേക്ക് നീട്ടി.

പരീക്ഷണത്തില്‍ പോസിറ്റീവ് ആവുകയും സുഖം പ്രാപിക്കുകയും ചെയ്ത 624 പേരെയും ടീം പരിശോധിച്ചു. തുടക്കത്തില്‍, അവരില്‍ 511 പേര്‍ക്ക് ഉയര്‍ന്ന ആന്റിബോഡി അളവ് ഉണ്ടായിരുന്നു; 42 പേര്‍ക്ക് താഴ്ന്നനിലയിലായിരുന്നു; 71 പേര്‍ക്ക് ഒന്നുമുണ്ടായിരുന്നില്ല. രോഗബാധിതരായവരെ ഒരാഴ്ചയിലേറെ കഴിഞ്ഞ് വീണ്ടും പരീക്ഷിച്ചപ്പോള്‍, മൂന്ന് പേരൊഴികെ മറ്റെല്ലാവര്‍ക്കും കുറഞ്ഞ ആന്റിബോഡികള്‍ ഉണ്ടായിരുന്നു.ആന്റിബോഡികള്‍ക്കായുള്ള പരിശോധന സമയം ഫലത്തെ വളരെയധികം ബാധിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നു ഗവേഷകര്‍ പറഞ്ഞു. ലെവലുകള്‍ തമ്മില്‍ 20 ദിവസം മുതല്‍ 24 ദിവസം വരെ വ്യത്യാസമുണ്ടാകുന്നതും പ്രശ്‌നമാണ്.

കഴിഞ്ഞ മാസം മാന്‍ഹാട്ടനിലെ മൗണ്ട് സൈനായി ആശുപത്രിയില്‍ ആന്റിബോഡി പരീക്ഷണത്തിന് ഗവേഷകര്‍ 719 പേരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. രോഗലക്ഷണങ്ങളും വൈറസ് എക്‌സ്‌പോഷറും അടിസ്ഥാനമാക്കി കോവിഡ് 19 ഉണ്ടെന്ന് സംശയിച്ചവരെ ഈ വിധത്തില്‍ പരിശോധിച്ചപ്പോള്‍ രോഗം ഉണ്ടായിരുന്നില്ലെന്നു തിരിച്ചറിഞ്ഞു. എന്നാല്‍, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അധികൃതര്‍ നടത്തിയ ആന്റിബോഡി സര്‍വേയില്‍ 20 ശതമാനം നഗരവാസികളും രോഗബാധിതരാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്.

പഠനത്തില്‍ നിന്നുള്ള മറ്റൊരു കണ്ടെത്തല്‍ പ്രകാരം, അണുബാധ ആരംഭിച്ച് 28 ദിവസം വരെ പരിശോധനകള്‍ പോസിറ്റീവ് ആയിരിക്കുമെന്നായിരുന്നു. ഈ പരിശോധനകള്‍ ആന്റിബോഡികളെയല്ല, ജനിതക ശകലങ്ങളെയാണ് തിരയുന്നത്. അസുഖം കഴിഞ്ഞ് ആറുമാസത്തിനുശേഷം മീസില്‍സ് വൈറസില്‍ നിന്നുള്ള ജനിതക വസ്തുക്കള്‍ പരിശോധനയില്‍ കാണാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുപിടിച്ച് 10 ദിവസത്തേക്ക് ആളുകളെ ക്വാറന്റൈന്‍ ചെയ്യണമെന്ന് രോഗ നിയന്ത്രണ നിയന്ത്രണ കേന്ദ്രങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത് ഇതു കൊണ്ടാണ്. രക്തത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യം കൊറോണ വൈറസില്‍ നിന്നുള്ള സംരക്ഷണമാണെന്ന് സ്ഥിരീകരിക്കുകയാണ് അടുത്ത ഘട്ടമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ശരീരം ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ എന്ന് വിളിക്കുന്ന ആന്റിബോഡികളുടെ ഒരു ഉപവിഭാഗത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് സെന്റ് ലൂയി വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് സീന്‍ വീലന്‍ പറഞ്ഞു.

ആന്റിബോഡികള്‍ക്ക് കൊറോണ വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശക്തിയുണ്ടോ എന്ന് അദ്ദേഹത്തിന്റെ ടീം പരിശോധിച്ചു. നേരിയ ലക്ഷണങ്ങളുള്ള ആളുകളില്‍, രക്തത്തിലെ ആന്റിബോഡികളുടെ അളവ് നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനം നടക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതിനാല്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്ന എല്ലാവര്‍ക്കും വൈറസിന് പ്രതിരോധശേഷി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആന്റിബോഡികളുടെ അളവ് കാലക്രമേണ കണ്ടുപിടിക്കാനാവാത്ത അളവിലേക്ക് വീഴുകയാണെങ്കിലും, ആളുകള്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം ലഭിച്ചേക്കാം.

ഫെഡറല്‍ നിര്‍ദ്ദേശത്തിനു പുല്ലുവില, സംസ്ഥാനങ്ങള്‍ തുറക്കുന്നു
യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളും അവരുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ തയ്യാറെടുക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടം ശുപാര്‍ശ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ മിക്കവരും പരാജയപ്പെടുന്നു.

വൈറ്റ് ഹൗസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടു പുലബന്ധമില്ലാത്ത വിധത്തിലാണ് ഗവര്‍ണര്‍മാര്‍ ഇപ്പോള്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണം മാറ്റുന്നത്. കൊറോണ വൈറസ് കേസുകളുടെ കാര്യമാണ് മുഖ്യമാനദണ്ഡമായി സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ടതെന്നാണ് ഫെഡറല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇക്കാര്യം കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്തതിനാലും അളവുകള്‍ കേസ് നമ്പറുകള്‍ക്കോ ഒരു പരിധി വ്യക്തമാക്കാത്തുമാണ് പ്രശ്‌നം. അതു കൊണ്ടു തന്നെ മിക്ക സംസ്ഥാനങ്ങളും സ്വന്തം നിലയില്‍ ഗവര്‍ണര്‍മാര്‍ തുറക്കുന്നു.

നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന പകുതിയിലധികം സംസ്ഥാനങ്ങളിലും, കേസുകളുടെ എണ്ണം മുകളിലേക്കാണെന്ന് ഡേറ്റകള്‍ കാണിക്കുന്നു. ഇതു പൊതുജനാരോഗ്യ വിദഗ്ധര്‍ക്കിടയില്‍ കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നു. വീണ്ടും തുറക്കുന്നതിനുമുമ്പ്, കൊറോണ വൈറസുമായി പൊരുത്തപ്പെടുന്ന രോഗലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനങ്ങളില്‍ കുറവുണ്ടാകണമെന്നും സാധാരണ ആശുപത്രി ശേഷി പുനരാരംഭിക്കണമെന്നും വൈറ്റ് ഹൗസ് മാര്‍ഗ്ഗനിര്‍ദ്ദേശം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ശുപാര്‍ശകള്‍ എങ്ങനെ അളക്കണം എന്നതിനെക്കുറിച്ചുള്ള പ്രത്യേകതകളില്ല.

അടുത്ത ആഴ്ചകളില്‍, പൊതുജനാരോഗ്യ വിദഗ്ധര്‍ ഒരു സംസ്ഥാനത്തിന് സുരക്ഷിതമായി വീണ്ടും തുറക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകളുടെ എണ്ണം, കൂടാതെ അതിന്റെ ഫലങ്ങളുടെ നിരക്ക് എന്നിവ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. പല സംസ്ഥാനങ്ങളും ആ മാനദണ്ഡങ്ങള്‍ ഒഴിവാക്കിയിരിക്കുന്നുവെന്നതിനാല്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയുടെ ചാപ്പല്‍ ഹില്‍ കാമ്പസിലെ എപ്പിഡിമിയോളജിസ്റ്റ് കിംബര്‍ലി പവേഴ്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടുതല്‍ തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യം
രാജ്യത്ത് ഏറ്റവുമധികം കൊറോണ വൈറസ് മരണനിരക്ക് ഉള്ള ന്യൂജേഴ്‌സി ജയിലുകളില്‍ നിന്ന് കൂടുതല്‍ തടവുകാരെ വിട്ടയക്കണമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫിയോട് ആവശ്യപ്പെടുന്നതായി യുഎസ് സെനനറ്റര്‍ കോറി ബുക്കര്‍. ന്യൂജേഴ്‌സി ഡെമോക്രാറ്റിക് സെനറ്ററും ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ ഒകാസിയോകോര്‍ട്ടെസ് ഉള്‍പ്പെടെ യുഎസ് ജനപ്രതിനിധിസഭയിലെ മറ്റ് ആറ് പേരും ഗവര്‍ണര്‍ മര്‍ഫിയോടും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോടും കൊറോണ ജയിലില്‍ പടരുന്ന സാഹചര്യത്തില്‍ തടവുകാരെ കുറയ്ക്കുന്നതിന് അടിയന്തര അധികാരങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു.

ആയിരത്തിലധികം തടവുകാരെ മോചിപ്പിക്കാന്‍ മര്‍ഫി പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് ആരോഗ്യസ്ഥിതി ഉള്ള 60 വയസ് പ്രായമുള്ളവരെ, 100 ല്‍ താഴെ ആളുകളെ മാത്രമാണ് ഇതുവരെ മോചിപ്പിച്ചത്. പൊതു സുരക്ഷയ്ക്ക് അപകടസാധ്യത സൃഷ്ടിക്കാത്തവരെ കുറ്റകൃത്യം പരിഗണിക്കാതെ കുറഞ്ഞത് 50 വയസ് പ്രായമുള്ള എല്ലാവരേയും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണക്കനുസരിച്ച് ഏകദേശം 3,300 തടവുകാര്‍ക്ക് ഈ വര്‍ഷം തുടക്കത്തില്‍ 50 വയസ്സ് പ്രായമുണ്ട്.

സംസ്ഥാന വിവരമനുസരിച്ച് കുറഞ്ഞത് 37 ന്യൂജേഴ്‌സി തടവുകാര്‍ വൈറസ് ബാധിച്ച് മരിച്ചു. പൊതുജനാരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത് വൈറസ് 1% തടവുപുള്ളികളെ കൊന്നുവെന്നാണ്. ന്യൂജേഴ്‌സി ജയിലുകള്‍ എല്ലായിടത്തും കൊറോണ ഭീഷണി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജയിലുകളിലെ മരണം കുറച്ചാല്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള മരണസംഖ്യ ഗണ്യമായി കുറയ്ക്കുമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തെയും സെനറ്റര്‍മാര്‍ ഉദ്ധരിച്ചു. ന്യൂജേഴ്‌സി ഗവര്‍ണര്‍ക്കു പുറമേ, ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, മാസച്യുസെറ്റ്‌സ്, ഇല്ലിനോയി, കാലിഫോര്‍ണിയ ഗവര്‍ണര്‍മാര്‍ക്കും ഈ കത്ത് അയച്ചു. നിരവധി ഫെഡറല്‍ തടവുകാരെ മോചിപ്പിക്കാനുള്ള ബില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള തടവുകാരെ പരീക്ഷിക്കാനും വിട്ടയക്കാനും ബുക്കര്‍ മുമ്പ് നിയമനിര്‍മ്മാണം നടത്തിയിരുന്നു.

കോവിഡിനെക്കുറിച്ച് മയോ ക്ലിനിക്ക് വിദഗ്ധന്റെ മുന്നറിയിപ്പ്
കോവിഡിനെ നിസാരമായി കാണരുതെന്നും പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും മയോ ക്ലിനിക്കിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ഗ്രിഗറി പോളണ്ട്. കോവിഡ് 19 ന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന പൊതുജനാരോഗ്യ ഉപകരണമായി സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത വേനല്‍ക്കാലത്തും തുടരണമെന്നും ഡോ. ഗ്രിഗറി പറഞ്ഞു. പൊതു സുരക്ഷാ നടപടികളുടെ ബുദ്ധിമുട്ടുകള്‍ അംഗീകരിക്കണം, അത്രമേല്‍ അവ പ്രധാനപ്പെട്ടതാണ്. സാമൂഹിക അകലം പാലിക്കല്‍, ക്വാറന്റൈനിലിരിക്കുക, വീട്, പണം എന്നീ വൈകാരികവുമായ വശങ്ങളില്‍ നിന്നുള്ള ബുദ്ധിമുട്ടുകളെല്ലാം ഇപ്പോള്‍ മാറ്റി വെക്കേണ്ടിയിരിക്കുന്നു.

വേനല്‍ക്കാലം ശരത്കാലമാകുമ്പോള്‍ വാര്‍ഷിക ഇന്‍ഫ്‌ളുവന്‍സ പകര്‍ച്ചവ്യാധി പടരും. അതു കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. കോവിഡ് 19 മടങ്ങിയെത്തുമെന്നാണ് കരുതുന്നത്, ഡോ. പോളണ്ട് പറഞ്ഞു. ഇന്‍ഫഌവന്‍സ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായ എല്ലാവര്‍ക്കും ഉടന്‍ അതു നേടണമെന്ന് ഡോക്ടര്‍ പോളണ്ട് ശുപാര്‍ശ ചെയ്യുന്നു. രാജ്യത്തെ സാവധാനം വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ പുറത്തിറങ്ങുമ്പോള്‍ അടിസ്ഥാനപരമായി ജാഗ്രത പാലിക്കണം. പരിശോധന നടത്തുക, കൂടാതെ ഡോക്ടര്‍മാര്‍ക്ക് നിരീക്ഷണത്തിനുള്ള മാര്‍ഗങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുക. രോഗങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന പദ്ധതികളിലൊന്നാണ് സാമൂഹിക അകലം. കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് കൂടുതല്‍ സങ്കീര്‍ണ്ണമാണ്, ഡോ. പോളണ്ട് പറയുന്നു.

രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക്ക് ധരിക്കണ്ട
കോവിഡ് 19- ല്‍ നിന്ന് സംരക്ഷിക്കുന്നതിന്, പുറത്തായിരിക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക്ക് ഉപയോഗിച്ച് മുഖം മൂടാന്‍ സിഡിസി ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ കുട്ടികളുടെ കാര്യമോ? ഈ സമയത്ത് തുണി ഉപയോഗിച്ച് മുഖം മൂടുന്നതിനെക്കുറിച്ചും കുട്ടികളെക്കുറിച്ചും പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അവയില്‍ പ്രധാനം, രണ്ടുവയസിനു താഴെയുള്ള കുട്ടികള്‍ ഒരു കാരണവശാലും മാസ്‌ക്ക് ധരിക്കരുതെന്നാണ്. അവരെ പുറത്തു കൊണ്ടു പോകുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. കുട്ടികള്‍ തുണി മുഖം മൂടേണ്ട സ്ഥലങ്ങളുണ്ട്. മറ്റുള്ളവരില്‍ നിന്ന് ആറടി അകലെ നില്‍ക്കുന്നത് ഒഴിവാക്കാന്‍ കഴിയാത്ത സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന്, അവരെ ഡോക്ടര്‍, ഫാര്‍മസി അല്ലെങ്കില്‍ ഗ്രോസറി ഷോപ്പിലേക്ക് കൊണ്ടുപോകേണ്ടിവന്നാല്‍.

പലര്‍ക്കും രോഗലക്ഷണങ്ങളില്ലാത്തതിനാല്‍, തുണികൊണ്ടുള്ള മുഖം മൂടുന്നത് ശ്വസന തുള്ളികളുടെ സ്‌പ്രേയിലൂടെ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നു. കോവിഡ് 19 ഉള്ള ഒരാള്‍ ആറടിയില്‍ വരുമ്പോള്‍ ഇത് പ്രത്യേകിച്ചും ഓര്‍ക്കേണ്ടതാണ്. ഇത് തുമ്മല്‍ അല്ലെങ്കില്‍ ചുമ പോലുള്ള പ്രവൃത്തികളിലൂടെ അണുബാധ പകര്‍ത്തും.

കുട്ടികള്‍ മറ്റുള്ളവരില്‍ നിന്ന് 6 അടി അകലെ നില്‍ക്കുകയും ടേബിളുകള്‍, ജലധാരകള്‍ അല്ലെങ്കില്‍ രോഗബാധിതരായ ആളുകള്‍ സ്പര്‍ശിച്ചേക്കാവുന്ന മറ്റ് വസ്തുക്കള്‍ എന്നിവ തൊടാതിരിക്കുകയും ചെയ്യുന്നിടത്തോളം മാസ്‌ക്കിന്റെ ആവശ്യമില്ല. കുട്ടിക്ക് ശ്വാസം മുട്ടല്‍ ഉണ്ടെങ്കില്‍ ഒരിക്കലും മാസ്‌ക്ക് ധരിപ്പിക്കരുത്. കോവിഡ് 19 ല്‍ നിന്ന് കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് വീട്ടില്‍ താമസിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും. അസുഖമുള്ള കുട്ടികള്‍ (പനി, ചുമ, തിരക്ക്, മൂക്കൊലിപ്പ്, വയറിളക്കം, അല്ലെങ്കില്‍ ഛര്‍ദ്ദി) വീട്ടില്‍ നിന്ന് പുറത്തു കൊണ്ടുപോകരുത്.

സപ്പോര്‍ട്ട് കരോന
ഇന്നു കണ്ടു രസകരമായതും ക്രിയേറ്റീവായതുമായ ഒരു ടാഗ് ലൈനാണ്, സപ്പോര്‍ട്ട് കരോനാ. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള ഹൈദരാബാദ് റീജിയണിലെ എം.ജി.ഒ.സി.എസ്.എം ഈ കൊറോണ കാലത്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ക്യാമ്പയിന്റെ ടാഗ് ലൈനാണ് സപ്പോര്‍ട്ട് കരോന.

ലോകമെമ്പാടമുള്ള ഒട്ടനവധി പ്രസ്ഥാനങ്ങളും സംഘടനകളും വ്യക്തികളും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഈ സമയത്ത് അവരോട് ചേര്‍ന്നുനിന്നു പറയുവാനുള്ളതും ഇതു തന്നെയാണ്, സപ്പോര്‍ട്ട് കരോന!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News