സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും

INS-Jalashwa-operation-samudra-setu-PTIകൊവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി മാല ദ്വീപില്‍ നിന്ന് പ്രവാസികളായ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള നാവിക സേനയുടെ സമുദ്രസേതു മിഷന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നെത്തിയ ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ വെള്ളിയാഴ്ച രാത്രി മാലദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. കൊവിഡിനെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവിക സേന അയച്ച രണ്ട് കപ്പലുകളില്‍ ഒന്നാണ് ഐഎന്‍എസ് ജലാശ്വ. മറ്റൊരു കപ്പലായ ഐഎന്‍എസ് മഗര്‍ അടുത്ത ദിവസം ദ്വീപിലെത്തും.

18 ഗര്‍ഭിണികളും 14 കുട്ടികളുമുള്‍പ്പെടെ 698 യാത്രക്കാരമായാണ് ഐഎന്‍എസ് ജലാശ്വ കൊച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ സഞ്ജയ് സുധീര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കപ്പലിനെ യാത്രയാക്കി. വ്യാഴാഴ്ചയാണ് കപ്പല്‍ മാലെ തുറമുഖത്തെത്തിയത്.

മലയാളികള്‍ക്കൊപ്പം ഇതര സംസ്ഥാനങ്ങളിലുള്ളവരും കപ്പലിലുണ്ട്. മാലെ വിമാനത്താവളത്തില്‍ ഒരു ദിവസം നീണ്ട് നിന്ന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ ബസില്‍ തുറമുഖത്തെത്തിച്ചത്. കപ്പല്‍ ഞായറാഴ്ച കൊച്ചിയുടെ തീരുമണയും. പരമാവധി 48 മണിക്കൂറാണ് നാവിക സേന പ്രതീക്ഷിക്കുന്ന യാത്രാസമയം. നാവികസേനയുടെ തന്നെ ഐഎന്‍എസ് മഗര്‍ എന്ന കപ്പല്‍ കൂടി മാലെദ്വീപില്‍ എത്തുന്നുണ്ട്.

അതേസമയം ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ന് മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ കേരളത്തില്‍ നിന്ന് തിരിക്കും. കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനാണ് വിമാനങ്ങള്‍ യാത്ര തിരിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് രാവിലെ പത്തിന് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെടും. ഇന്ന് രാത്രി 9.15ന് ഈ വിമാനം കൊച്ചിയില്‍ മടങ്ങിയെത്തുകയും ചെയ്യും. ഉച്ചയ്ക്ക് ഒന്നിനാണ് മസ്‌കറ്റിലേക്കുള്ള വിമാനം പോകുന്നത്. അവിടെ നിന്നുള്ള പ്രവാസികളുമായി രാത്രി 8.50ന് തിരിച്ചെത്തും. ദോഹയിലേക്ക് ഇന്ന് വൈകിട്ട് നാലിനാണ് വിമാനം പുറപ്പെടുക. മടങ്ങിയെത്തുന്നത് ഞായറാഴ്ച പുലര്‍ച്ചെ 1.40നും.

നാളെ രണ്ട് വിമാനങ്ങള്‍ ദോഹയിലെയും ക്വാലലംപൂരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പുറപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട്ട് നിന്നാണ് ദോഹയിലേക്കുള്ള വിമാനം പുറപ്പെടുന്നത്. രാത്രി 10.45ന് അവിടെ നിന്നുള്ള ഇന്ത്യക്കാരുമായി വിമാനം തിരുവനന്തപുരത്ത് തിരിച്ചെത്തും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍ നിന്ന് ക്വാലലംപൂരിലേക്ക് യാത്ര തിരിക്കുന്ന വിമാനം രാത്രി 10.45ന് മടങ്ങിയെത്തും.

കണ്ണൂര്‍ വിമാനത്താവളത്തിലേക്കും പ്രവാസികളെ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പന്ത്രണ്ടാം തിയതി ചൊവ്വാഴ്ചയാണ് ഇവിടേക്ക് ആദ്യ വിമാനം എത്തിച്ചേരുക. രാത്രി 7.10ന് ദുബായില്‍ നിന്നുമായിരിക്കും ഈ വിമാനം വരുന്നത്. 170 ലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടാകും. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News