കൊവിഡ്-19 വൈറസിനെ ചെറുക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനമാര്‍ഗം മുട്ടി പട്ടിണിയിലായ ജനവിഭാഗമാണ് കുടിയേറ്റ തൊഴിലാളികള്‍. ഇതരസംസ്ഥാനങ്ങളില്‍ പണിയെടുത്തുകൊണ്ടിരുന്ന ഇവര്‍ക്ക് രാജ്യം ലോക്ക്ഡൗണിലേക്ക് പോയതോടെ ജോലിയും കൂലിയുമില്ലാതായി. അന്നന്നത്തെ ആഹാരത്തിന് പോലും മുട്ടുവന്നതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായി ഇവര്‍. എന്നാല്‍ പൊതുഗതാഗതവും നിലച്ചതോടെ മടക്കയാത്ര കഷ്ടപ്പാടുകളുടെതായി മാറി. ചിലര്‍ വീടുകളിലെത്തുന്നതിന് മുമ്പേ പാതിവഴിയില്‍ മരിച്ചുവീഴുന്ന കാഴ്ച രാജ്യം അനുദിനമെന്നതുപോലെ കണ്ടുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളില്‍ 15 പേര് ചരക്ക് തീവണ്ടിയിടിച്ച് മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ആ ഞെട്ടല്‍ മാറും മുമ്പേ മധ്യപ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് 5 പേര് മരിച്ചെന്നും 15 പേര്‍ക്ക് പരിക്കേറ്റെന്ന വാര്‍ത്തയും വന്നിരിക്കുന്നു.
രാജ്യത്തെ ഒരു വിഭാഗം ഇത്തരത്തില്‍ ദുരിതക്കയത്തിലാഴുമ്പോള് അവരെ വെച്ച് ഫോട്ടോ പിടിച്ച് വീമ്പിളക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. നാട്ടിലേക്ക് കാല്‍നടയായി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ റോഡില്‍ ഒരു മീറ്റര്‍ അകലം പാലിച്ച് കുത്തിയിരിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച് തങ്ങള്‍ എന്തോ വലിയ കാര്യം ചെയ്തിരിക്കുന്നുവെന്ന് പറയുകയാണ് കേന്ദ്രം. മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഹസനം.
കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ ഭൂരിപക്ഷം ജനങ്ങളും വീടിനുള്ളില്‍ കഴിയുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുമ്പോള്‍ മറ്റൊരു ജനവിഭാഗം സ്വന്തം വീടണയാന്‍ കഴിയാതെ കൂട്ടമായി നിരത്തുകളില്‍ അന്തിയുറങ്ങുകയാണ്. കൊറോണ വൈറസിനേക്കാള്‍ ഇവര്‍ക്ക് ആശങ്ക ജീവന് നിലനിര്‍ത്താനുള്ള അന്നം എങ്ങിനെ ലഭിക്കുമെന്നാണ്. അങ്ങിനെയുള്ള അവരെ ഒരു മീറ്റര്‍ അകലം പാലിച്ച് നടുറോഡില്‍ കുത്തിയിരുത്തി ഫോട്ടോയെടുക്കുന്നതിന് പകരം അവര്‍ക്ക് ഭക്ഷണവും വീട്ടിലെത്താനുള്ള വാഹനസൗകര്യവും ഏര്‍പ്പെടുത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.
ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇതുവരെ ചെയ്ത ‘നല്ല പ്രവര്‍ത്തികളെ’ പൊക്കിക്കാണിക്കാനായി ഒരു ലഘുലേഖ തയ്യാറാക്കിക്കൊണ്ടിരിക്കുയാണ് മോദി സര്‍ക്കാര്‍. ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍, ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് വേണ്ടി ഓരോ മന്ത്രാലയവും ഇതുവരെ ചെയ്ത ‘നല്ല കാര്യങ്ങളാണ്’ ലഘുലേഖയില്‍ പ്രധാനമായിട്ടുമുള്ളത്. രാജ്യമൊട്ടാകെ വിതരണം ചെയ്യാനിരിക്കുന്ന ഈ ലഘുലേഖ ഒരല്‍പ്പം സുരക്ഷിതത്വത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച് പാതിവഴിയില്‍ ജീവന് പൊലിഞ്ഞ കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദരവാണെന്ന് പറയാതെ വയ്യ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply