മലയാള സര്‍വകലാശാല പ്രവേശന പരീക്ഷ കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

flagമലപ്പുറം: മലയാള സര്‍വകലാശാല പ്രവേശന പരീക്ഷ കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എട്ടു കേന്ദ്രങ്ങളിലായിരുന്നു പ്രവേശന പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍ ഇത് വെട്ടിക്കുറച്ച് തിരൂര്‍ മാത്രം പ്രവേശന പരീക്ഷ കേന്ദ്രമാക്കിയിരിക്കുകയാണ്. ഇത് കേരളത്തിലെ മറ്റ് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കും.

മെയ് 17 ലോക് ഡൗണിന് ശേഷം പൊതുഗതാഗത സംവിധാനമടക്കമുള്ള കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വ്യക്തത രൂപപ്പെടാത്ത സാഹചര്യത്തില്‍ മലയാള സര്‍വകലാശാല ജൂണ്‍ 6 ന് പ്രവേശനപരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുത്.

ലോക് ഡൗണിന് ശേഷവും പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാന്‍ കാലതാമസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കാതെയുള്ള പ്രവേശന പരീക്ഷ നടത്തിപ്പ് പ്രയാസകരമാവും.

യൂണിവേഴ്സിറ്റികള്‍ അവയുടെ പരിധിയിലെ ലോക് ഡൗണ്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് അനുകൂലമായ സമയത്ത് പരീക്ഷകളും മറ്റു അനുബന്ധ കാര്യങ്ങളും നടത്തിയാല്‍ മതിയെന്ന് യു.ജി.സി.യുടെയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും ഉത്തരവ് നിലനില്‍ക്കെ തന്നെയാണ് സര്‍വകലാശാല അധികൃതര്‍ ഇത്തരം നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

പൊതുഗതാഗതം പുനസ്ഥാപിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി വൈവേ പ്രഖ്യാപനം നടത്തിയ യൂണിവേഴ്സിറ്റി നടപടിയും പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാവണം. അക്കാദമിക് രംഗത്തെ ഭാവിയിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാനെന്ന പേരില്‍ ധൃതിപ്പെട്ട് കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സൗകര്യങ്ങളുമാണ് പ്രവേശന പരീക്ഷാ നടത്തിപ്പില്‍ സര്‍വകലാശാല മാനദണ്ഡമാക്കേണ്ടതെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഓണ്‍ലൈനില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സനല്‍കുമാര്‍, ഫയാസ് ഹബീബ്, ജില്ലാ വൈസ് പ്രസിഡന്‍റ് ഹബീബ റസാഖ്, ജില്ലാ സെക്രട്ടറി സുമയ്യ ജാസ്മിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment