- Malayalam Daily News - https://www.malayalamdailynews.com -

കുരിശു കൃഷിയുടെ ലാഭ നഷ്ടങ്ങള്‍! (കിഞ്ചന വര്‍ത്തമാനം 9): ജോര്‍ജ് നെടുവേലില്‍

kurishu krishiഒരു ക്ഷമാപണത്തോടെ തുടങ്ങട്ടെ! ലേഖകന്‍ കുട്ടനാട്ടുകാരനാണ്. നെല്‍കൃഷിയായിരുന്നു കുടുംബത്തിന്റെ പ്രധാന ഉപജീവനം. കൊയ്ത്തും മെതിയും ലെവി അളക്കലും കഴിഞ്ഞു മിച്ച നെല്ല് അറയിലാക്കിക്കഴിഞ്ഞുള്ള ഒരു പണിയുണ്ട്. കൃഷിയുടെ ലാഭനഷ്ടക്കണക്കെടുപ്പ്. കുരിശുകൃഷിയെ പുതുകൃഷിയെപ്പറ്റി കേട്ടപ്പോള്‍ എന്നിലെലെ കര്‍ഷകപുത്രന്‍ ഉണര്‍ന്നു. തന്മൂലം താഴെക്കൊടുത്തിരിക്കുന്ന ലേഖനം!

രണ്ടായിരത്തിലധികം സംവത്സരങ്ങള്‍ക്കു മുന്‍പ് യേശുവിനെ കുരിശ്ശിലേറ്റി വധിച്ചുവെന്ന് ചരിത്രം. ക്രിസ്തുവിനു മുന്‍പും കുരിശ്ശും കുരിശ്ശടയാളവും ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. പുരാതന ഈജിപ്തില്‍ ഉണ്ടായിരുന്നു. പുരാതന ഭാരതത്തില്‍ ഉണ്ടായിരുന്നു. പുരാതന ഗ്രീസിലും റോമന്‍ സാമ്രാജ്യത്തിലും അവ ഉപയോഗിച്ചിരുന്നു.

എന്നാല്‍, അത്ഭുതകരമായ ഒരു കാര്യമുണ്ട്!

കൃസ്തുമത വിശ്വാസികളുടെയിടയില്‍ കുരിശിനും കുരിശടയാളത്തിനും പ്രചാരം ലഭിച്ചത് യേശുവിന്റെ മരണത്തിനു മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ വാഴ്ചക്കാലത്തു്. കോണ്‍സ്റ്റന്റൈനു മുന്‍പ് ക്രിസ്തുമതത്തിന്റെ ചിഹ്നം മീന്‍ ആയിരുന്നു.

യേശുവധത്തിനുപയോഗിച്ച ഉപകരണത്തെപ്പറ്റി പുതിയ നിയമത്തില്‍ സ്പഷ്ടമായ പരാമര്‍ശമൊന്നും തന്നെയില്ല. പുതിയ നിയമത്തിലെ അഞ്ചാമത്തെ ഗ്രന്ഥമാണ് അപ്പസ്തോല പ്രവൃത്തികള്‍. ആദിമ ക്രിസ്തീയ സമൂഹത്തിന്റെ വിലപ്പെട്ട ചരിത്രരേഖയാണത്. അതിലെ 5:30,10 :39,13 :2829 വാക്യങ്ങള്‍ പറയുന്നത് യേശുവിനെ വധിക്കുന്നതിന് ഒരു മരം (tree) ഉപകരണമാക്കിയെന്നാണ്. ഗ്രീക്ക് പദമായ xulon ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയപ്പോള്‍ tree ആയി. എന്നാല്‍, xulon എന്ന ഗ്രീക്കു പദത്തിന് കമ്പ്, തടി, മരം, കുറ്റി, താങ്ങ് എന്നിങ്ങനെ നാനാര്‍ത്ഥങ്ങളുണ്ട്. സര്‍വ്വജ്ഞാനിയാണ് ദൈവം. മറ്റുപലതും വെളിപ്പെടുത്തിയ ദൈവം, താന്‍ എങ്ങിനെ മരണപ്പെടുമെന്ന് വെളിപ്പെടുത്തുമായിരുന്നില്ലേ!

മനുഷ്യരാശിയുടെ പാപപരിഹാരാര്‍ത്ഥം കുരിശില്‍ മരണം വരിച്ചവന്റെ പേരില്‍ പരസ്പരം പോരടിക്കുന്ന മൂവായിരത്തിലധികം ക്രിസ്തീയ സമൂഹങ്ങള്‍ ഭൂമുഖത്തു വിരാജിക്കുന്നു. അനുദിനം പെരുകുന്നു. ക്രിസ്തുവിന്റെ പേരില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കുക നിങ്ങള്‍ക്കോ എനിക്കോ ക്ഷിപ്രസാധ്യമാണ്. ആരുടെയും അനുവാദം ആവശ്യമില്ല. യോഗ്യതാ പരിമിതികള്‍ ഒന്നുമില്ല. കാര്യമായ പണം മുടക്കില്ല. അംഗപരിമിതിയില്ല. തുച്ഛമായ മുതല്‍ മുടക്കില്‍, വിയര്‍പ്പൊഴുക്കാതെ, മെച്ചമായ വരുമാനമുണ്ടാക്കാന്‍ പാകത്തിലുള്ള മറ്റൊരു പണി സൂര്യനു താഴെ ഉണ്ടെന്നു തോന്നുന്നില്ല. വളരെ മാന്യവും ശ്രേഷ്ഠവുമായ തൊഴില്‍! ആള്‍ ദൈവമാകാന്‍ അനന്തമായ സാധ്യതയും. പണം, പദവി, പത്രാസ്, പരിശുദ്ധനാകാനുള്ള അപാരസാധ്യത പിന്നെ എന്ത് വേണം!

നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യമുണ്ട്. കുരിശില്‍ ജീവത്യാഗം ചെയ്തവന്റെ പേരില്‍ പരിലസിക്കുന്ന എല്ലാ മതസമൂഹങ്ങളും കുരിശിനെ കാണുന്നത് പലതരത്തിലാണ്. ചിലര്‍ക്കത് പാവനമാണ്. മോര്‍മന്‍സ് യാതൊരു വിലയും കല്പിക്കുന്നില്ല. യഹോവയുടെ സാക്ഷികള്‍ക്ക് കുരിശ് കാര്യമല്ല. വിശുദ്ധഗ്രന്ഥം മാത്രമാണ് എല്ലാത്തിനും ആധാരം. ചിലര്‍ക്ക് ഉത്ഥിതനായ യേശുവാണ് താരം അടയാളം. മറ്റു ചിലര്‍ക്ക് മീനാണ് പഥ്യം.

പുതിയ നിയമത്തില്‍ ഒരിടത്തും കുരിശ് ക്രിസ്തുമതത്തിന്റെ അടയാളമായി രേഖപ്പെടുത്തിയിട്ടുമില്ല!

കുരിശ് അല്ലെങ്കില്‍ കുരിശു ചിഹ്നം ലോകത്തിനു നല്‍കുന്ന സന്ദേശമെന്താണ്? മനുഷ്യരുടെ അനുദിനവ്യാപാരത്തിലെ അനേക കാര്യങ്ങളുമായി കുരിശടയാളത്തെ ബന്ധപ്പെടുത്തിയിരിക്കുന്നതായി കാണാം. കുരിശു യുദ്ധം പോലുള്ള അസാധാരണമായ അക്രമസംഭവത്തിന്റെ അഭിനാമമായും അടയാളമായും പാവനമായ കുരിശിനെ പ്രതിഷ്ഠിച്ചത് എന്ത് സന്ദേശമാണ് നല്‍കുന്നത്? സിനിമകളില്‍. കലാസങ്കേതങ്ങളില്‍, കലാപ്രകടനങ്ങളില്‍ കുരിശിനെയും കുരിശടയാളത്തെയും ചിത്രീകരിക്കുന്നത് സാധാരണമായിരിക്കുന്നു. അടുത്തയിടയില്‍ മഡോണാ എന്ന ഗായിക തന്റെ തനുവിനെ കുരിശോടു ചേര്‍ത്തു വെച്ചു് പാട്ടു പാടുന്നതായിക്കണ്ടു. മറ്റെല്ലാ അടയാളങ്ങളെയും പോലെ കുരിശ്ശടയാളവും കേവലം ഒരു അടയാളം എന്ന സന്ദേശമല്ലേ ഇവയെല്ലാം ധ്വനിപ്പിക്കുത്? സുപ്രസിദ്ധ അമേരിക്കന്‍ ന്യായാധിപനായ ജാക്സന്റെ കാഴ്ചപ്പാട് ഇത്തരുണത്തില്‍ പ്രസക്തമാണ്: ‘ഒരു വ്യക്തിക്ക് ഒരടയാളത്തില്‍ നിന്നും വ്യക്തമാകുന്നത് അതിനു അവന്‍ കൊടുക്കുന്ന, കാണുന്ന അര്‍ത്ഥത്തില്‍ നിന്നുമാണ്.’

പള്ളികളുടെ മുകളില്‍, മതിലുകളില്‍, മലമുകളില്‍, തടാക മദ്ധ്യത്തില്‍, മ്യൂസിയത്തില്‍, ആശുപത്രിയില്‍, അനാഥശാലകളില്‍, മുക്കുമൂലകളില്‍, കാനന പാതകളില്‍ അങ്ങനെ സ്ഥാനത്തും അസ്ഥാനത്തും കുരിശ്ശടയാളവും കുരിശ്ശടികളും ദര്‍ശിക്കുമ്പോള്‍ ക്രിസ്ത്യേതര ജനസമൂഹങ്ങളുടെ പ്രതികരണം എന്തായിരിക്കും? ചിന്താശീലമുള്ള കൃസ്ത്യാനികളുടെ മനോവികാരം എന്തായിരിക്കും? ഒരു മതനിരപേക്ഷ സാമൂഹ്യ വ്യവസ്ഥിതില്‍ ചിന്താവിഷയമാകേണ്ട കാര്യം!

കുരിശിന്റേയും കുരിശു മരണം വരിച്ചവന്റെ പ്രതിമയുടെയും പേരില്‍ പതിറ്റാണ്ടുകളായി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പൊന്തിവന്ന ആക്ഷേപങ്ങളെയും പ്രതിഷേധങ്ങളെയും പരിശോധിക്കാനുള്ള പശ്ചാത്തലമായിട്ട് മേല്‍പറഞ്ഞ വിവരങ്ങള്‍ കാണേണ്ടതുണ്ട്. ആദ്യമായി കര്‍ണാടകയിലെ ദേവന ഹള്ളിയിലേക്ക് പോകാം. ബാംഗളൂര്‍ നഗരത്തില്‍ നിന്നും ഏകദേശം നാല്പതു കിലോമീറ്റര്‍ മാറിയുള്ള ഒരു കുന്നിന്‍പ്രദേശമാണ് ദേവനഹള്ളി. ജനാധിവാസം തുലോം തുഛം. നാനാജാതി മതസ്ഥതരുടെ വാസസ്ഥലം. ബാംഗളൂര്‍ കത്തോലിക്കാ മെത്രാന്റെ താല്പര്യത്തില്‍ കുന്നിന്‍‌മുകളില്‍ യേശുവിന്റെ ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടു. പന്ത്രണ്ടടി ഉയരത്തില്‍. കുരിശിന്റെ വഴി ആഘോഷിക്കാന്‍ പതിനാലു താവളങ്ങളും. അടുത്തയിടയില്‍ താഹസീല്‍ദാരുടെ കല്പനപ്രകാരം ജെ.സി.ബി ഉപയോഗിച്ചു പ്രതിമ നീക്കം ചെയ്തു. അതിനെതിരെ മെത്രാനും അനുയായികളും പ്രതിഷേധിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സിമിത്തേരി നിര്‍മ്മാണത്തിനുവേണ്ടി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് പ്രതിമയും പതിനാലാം സ്ഥലവും സ്ഥാപിച്ചിരിക്കുന്നതെന്നാണ് മെത്രാന്‍ അവകാശപ്പെടുന്നത്. കൂടാതെ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും ഹനിച്ചിരിക്കുന്നുവെന്നും അവര്‍ പരാതിപ്പെടുന്നു. പ്രതിമ സ്ഥാപിച്ചും കുരിശുകള്‍ നാട്ടിയും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയ്യേറിയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മറ്റു മതസ്ഥരായ സ്ഥലവാസികള്‍ക്കുമുണ്ട് പരിഭവങ്ങളും പരാതികളും.വിരലില്‍ എണ്ണാവുന്നത്ര അംഗസംഖ്യയുള്ള സമുദായത്തിന് നാലര ഏക്കര്‍ ശ്മാശാന ഭൂമി! അവര്‍ക്ക് വിശ്വസിക്കാനാവുന്നില്ലത്രേ! മതത്തിന്റെ പേരുപറഞ്ഞു ഭരണഘടനയെ വെല്ലുവിളിക്കുന്നത് അനുവദനീയമാണോ? നിയമങ്ങളെ ധിക്കരിച്ചുള്ള മതപരിവര്‍ത്തനം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണോ? അവര്‍ ചോദിക്കുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ ഒരു ശതമാനത്തിനു താഴെ വരു, മതമേലാളന്‍മ്മാര്‍ക്കൊ, തൊണ്ണൂറ്റിയൊന്‍പതു ശതമാനത്തിലധികമുള്ള, കഷ്ടപ്പെടുന്ന അംഗങ്ങള്‍ക്കോ ചോദ്യം സഭാംഗങ്ങളുടേതാണ് .

അതിര്‍ത്തിക്കല്ലു മാറ്റിയും മരങ്ങള്‍ നട്ടും കുടിലു കെട്ടിയും അന്യന്റെ ഭൂമി കൈയ്യേറുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ പാവനമെന്നു പറയപ്പെടുന്ന കുരിശു നാട്ടി സര്‍ക്കാര്‍ ഭൂമിയും കാടും മലകളും കൈയ്യടക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാധാരണമായിരിക്കുന്നു. പള്ളികള്‍ക്കും പാതിരിമാര്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും, കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും അതിന് ഒത്താശ ചെയ്യുന്നു. കൂട്ടുനില്‍ക്കുന്നു. കണ്ടില്ലെന്നു നടിക്കുന്നു. തിരിച്ചു്, അവരുടെ വോട്ടുബാങ്ക് പ്രലോഭനത്തില്‍ വീഴുന്നു.

ഇടുക്കി ജില്ലയിലെ ഒരു പരിസ്ഥിതി ലോലപ്രദേശമാണ് വാഗമണ്‍ പുല്‍മേടുകള്‍. പള്ളിക്കാനം സെയിന്റ് തോമസ് പള്ളിക്കടുത്തുള്ള പതിനക്കേറോളം പുല്‍മേട് കയ്യേറിയതായി കാണപ്പെട്ടു. കയ്യേറ്റഭൂമിയില്‍ പലയിടങ്ങളിലായി കുരിശുകള്‍ നാട്ടിയിരിരുന്നു. കുരിശു നാട്ടിയവരെപ്പറ്റി പള്ളിക്കാര്‍ അജ്ഞത പ്രകടിപ്പിച്ചു. സ്ഥലത്തെ വില്ലേജ് ഓഫീസര്‍ 2017 ഏപ്രില്‍ മാസത്തില്‍ ഇക്കാര്യം തഹസീല്‍ദാരുടെ അറിവില്‍കൊണ്ടുവന്നു. തഹസീല്‍ദാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു.

ജീസസിന്റെ ആത്മാവ് (Spirit of Jesus), തൃശൂര്‍ ജില്ലയിലെ ഒരു ക്രിസ്തീയ കൂട്ടായ്മയാണ്. നയിക്കുന്നത് ടോം സ്കറിയ എന്ന ഒരു യേശുഭക്തന്‍.

ജീസസിന്റെ ആത്മാവിനെപ്പോലെത്തനെ ആത്മീയ പര്യടനവും (spiritual tourism) അദ്ദേഹത്തെ ആനന്ദിപ്പിക്കുന്നു. പര്യടനങ്ങള്‍ക്ക് പ്രകടമായ സ്മരണിക വേണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. 2017 മാര്‍ച്ചു മാസത്തില്‍ മൂന്നാര്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത്, സര്‍ക്കാര്‍ ഭൂമിയില്‍, ടോം സ്കറിയ ഒരു കുരിശു സ്ഥാപിച്ചു. മുപ്പത് അടി ഉയരമുള്ള ഇരുമ്പു കുരിശ്. ജീസസിന്റെ ആത്മാവിനെയും ആത്മീയ പര്യടനത്തെയും ഉള്‍ക്കൊള്ളാന്‍ ഉത്സാഹമില്ലാത്ത തഹസീല്‍ദാര്‍, ജെ.സി.ബി ഉപയോഗിച്ച് കുരിശ് പൊളിച്ചുമാറ്റി.

രന്ധ്രാന്വേഷികളുടെ കുതന്ത്രങ്ങളാണ് പരിപാവനമായ കുരിശിനെ നിലംപരിശാക്കിയതെന്നാണ് ടോം സ്കറിയ വിലപിക്കുന്നത്. കുരിശുനാട്ടി ഭൂമി കയ്യേറാന്‍ ശ്രമിക്കുത് തെറ്റായ പ്രവണതയാണൊണ് പോള്‍ തേലേക്കാട്ടച്ചന്‍ പ്രതികരിച്ചത്. എറണാകുളത്തു നിന്നും പ്രസിദ്ധീകരിക്കുന്ന സത്യദീപം വാരികയുടെ പ്രസാധകനാണ് ഫാദര്‍ തേലേക്കാട്ട്.

കുരിശു നാട്ടിയുള്ള ഭൂമികയ്യേറ്റം ഒരു പകര്‍ച്ചവ്യാധി പോലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു! 2017 ആഗസ്റ്റ് 21ന് തിരുവനന്തപുരത്തിനടുത്തുള്ള ബോണക്കാട്ട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശിന് ചില കുബുദ്ധികള്‍ കേടുവരുത്തി. പ്രതിക്ഷേധ സൂചകമായി നെയ്യാറ്റിന്‍കര രൂപതയിലെ ആയിരത്തിലധകം അഗംങ്ങള്‍ കുരിശുമായി വനത്തിലേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞു. വനഭൂമിയില്‍ കൂടുതല്‍ കുരിശുകള്‍ സ്ഥാപിക്കാനായിരുന്നു അവരുടെ പുറപ്പാട്. എന്നാല്‍ മറ്റൊരു കൂട്ടം അവരെ തടഞ്ഞു. അമ്പതു പേരുള്ള സംഘങ്ങളെ കടത്തിവിടാന്‍ വനപാലകര്‍ സമ്മതിച്ചു. കലാപം ഒഴിവാക്കി.

കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് കോടാലിയാകുമായിരുന്ന ഒരു സംഭവം1983 ആഗസ്റ്റില്‍ അരങ്ങേറുകയുണ്ടായി. വര്‍ഷങ്ങള്‍ക്കുമുന്‍പ് ചായല്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇപ്പോഴത്തെ നിലയ്ക്കല്‍. ശബരിമല ചവുട്ടുന്നവരുടെ ഒരു ഇടത്താവളമാണ്. നിലയ്ക്കല്‍ അയ്യപ്പ പൂങ്കാവനത്തിലെ മഹാദേവക്ഷേത്ര പരിസ്സരത്തില്‍ നിന്നും ഒരു കല്‍ക്കുരിശ് കണ്ടെടുത്തതായി, 1983 മാര്‍ച്ച് മാസത്തില്‍ കത്തോലിക്കാ മതാനുയായികള്‍ അവകാശപ്പെട്ടു. തോമ്മാശ്ലീഹാ സ്ഥാപിച്ച പള്ളിയുടെ അവശിഷ്ടമാണെന്ന വാദം ഉന്നയിച്ചു. തല്‍സ്ഥാനത്തു് ഓലമേഞ്ഞ ഒരു ചാപ്പല്‍ കെട്ടി ഉയര്‍ത്തി.

പുരാവസ്തു ഗവേഷകരുടെ പരിശോധനയില്‍ പ്രസ്തുത കുരിശിനു ഇരുന്നൂറു വര്‍ഷത്തെ പഴക്കമേയുള്ളൂ എന്ന് കണ്ടെത്തി. ശ്രീ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ ജാഥ നടത്തി. പ്രതിക്ഷേധിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍, എം.ഡി. ജോസഫ് മാണിപ്പറമ്പില്‍ നായകനായി നിലയ്ക്കല്‍ ആക്‌ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു. വലിയ ഒരു വർഗ്ഗീയ ലഹളയുടെ വക്കോളം വാദം വളര്‍ന്നു. ഉദ്വേഗം നിറഞ്ഞ ഉന്നതതല ചര്‍ച്ചയിൽ പ്രശ്നപരിഹാരമായി.

നിലക്കലെ മാര്‍ത്തോമ്മാ കുരിശു കണ്ടെടുക്കല്‍ പ്രക്രിയയുടെ സിരാകേന്ദ്രമായി വര്‍ത്തിച്ചത് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോസപ്പ് പൗവത്തിലായിരുന്നു. കേരള കത്തോലിക്കാ സമുദായത്തിന് കല്‍ദായ പാരമ്പര്യമുണ്ടെന്നുള്ള അദ്ദേഹത്തിന്റെ വാദത്തിന് ബലം കൊടുക്കാന്‍ വേണ്ടി സ്വസമുദായത്തെയും സമുദായ മൈത്രിയേയും ബലി കൊടുക്കാന്‍ അദ്ദേഹം മടിച്ചില്ല. അതിന്റെ ഭവിഷ്യത്തുകള്‍ അദ്ദേഹം ചിന്തിച്ചതില്ല. എന്നാല്‍, പ്രൊഫസര്‍ ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ പ്രബുദ്ധരായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ കത്തോലിക്കര്‍, മാര്‍ പവ്വത്തിലിന്റെ ഉള്ളിലിരിപ്പിനെ തള്ളിക്കളഞ്ഞു.

ലോകത്തിലെ എല്ലാ ജനങ്ങളെയും തന്റെ സുവിശേഷം അറിയിക്കുവാന്‍ യേശുനാഥന്‍ ശിഷ്യന്മാരെ ചുമതലപ്പെടുത്തി. എന്നാല്‍, ശിഷ്യന്മാരുടെ കൈവയ്‌പ്പു കിട്ടിയ കര്‍ത്താവിന്റെ പ്രതിപുരുഷന്മാര്‍ എന്തു ചെയ്യുന്നു ബൈബിളും ബുള്ളറ്റുമേന്തി, ബിസ്സിനസ്സിനൊപ്പം മതം പ്രചരിപ്പിക്കാന്‍ പാടുപെടുന്നു. ആതുര സേവനക്കച്ചവടവും വിദ്യാഭ്യാസക്കച്ചവടവും, തീര്‍ത്ഥാടനക്കച്ചവടവും, ധ്യാനകേന്ദ്രക്കച്ചവടവും പൊടിപൊടിക്കുന്നു. യേശു സ്മാരകങ്ങളായി കച്ചവട സമുച്ചയങ്ങള്‍ കെട്ടിയുയര്‍ത്തുന്നു. കാടുകളും കുന്നുകളും കുരിശുനാട്ടി കൈവശമാക്കുന്നു. യേശുവിലാണെന്‍ വിശ്വാസമെന്ന് ഒറ്റ ശ്വാസത്തില്‍ വിളിച്ചു പറയുന്നു. കീശയിലാണെന്‍ ആശ്വാസമെന്ന് കാണിച്ചു കൊടുക്കുന്നു. Praise The Lord! Raise The Dollar! Raise The Almighty Dollar!!! അതാണവരുടെ മുദ്രാവാക്യം.

പ്രഥമ കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അര്‍ബൻ രണ്ടാമന്‍ മാര്‍പാപ്പാ അരുളിചെയ്തത് ഇത് ജീസസിന് പ്രീതികരമാണ് (God wills it) എന്നാണ്.

ഭൂമിയിടപാടുകള്‍ ഇഷ്ടവിനോദമാക്കിയിരിക്കുന്ന കേരളത്തിലെ കത്തോലിക്കാ മേലാളന്മാരില്‍ നിന്നും, കുരിശുനാട്ടിയുള്ള ഭൂമി കയ്യേറ്റങ്ങളെ, ജീസസിന് പ്രിയങ്കരമായ സുവിശേഷവേലയായി വ്യാഖ്യാനിക്കുന്ന പുണ്യദിനത്തിനായി കാത്തിരിക്കുക, പ്രിയരേ!Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]