കൊറോണ വൈറസ് ലോകമൊട്ടാകെ പടര്‍ന്നു പിടിക്കുകയും നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തത് ഈ വൈറസിന്റെ ത്വരിത വ്യാപനത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായകമായി എന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം ഒന്നാം ഘട്ടത്തില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ഇന്ത്യ വിജയിച്ചുവെന്നും എന്നാല്‍ അടുത്ത ഘട്ടത്തില്‍ സമൂഹ തലത്തില്‍ രോഗം വരുമ്പോള്‍ തന്നെ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രാദേശിക സര്‍ക്കാരുകളുടെ തയ്യാറെടുപ്പുകളെ ആശ്രയിച്ചിരിക്കും വിജയമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡേവിഡ് നബരൂ പറഞ്ഞു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളെ ബോധവ്ത്ക്കരിക്കാന് ഡബ്ല്യു എച്ച് ഒ രൂപീകരിച്ച കമ്മിറ്റിയിലെ പ്രത്യേക പ്രതിനിധികളില്‍ ഒരാളാണ് ബ്രിട്ടീഷ് ഡോക്ടറായ ഡേവിഡ്.
ഇന്ത്യ ഇതുവരെ രോഗ വ്യാപനത്തെ മികച്ച രീതിയില്‍ തടഞ്ഞുവെന്നും ചില നഗര കേന്ദ്രങ്ങളില്‍ മാത്രമായി ഒതുക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോക്ക്ഡൗണ്‍ മാറ്റുമ്പോള്‍ മറ്റു പല സ്ഥലങ്ങളിലും രോഗം പൊട്ടിപ്പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭിക്കുന്നതെന്ന് രാജ്യത്തെ എല്ലാവരേയും പഠിപ്പിക്കണമെന്നും ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് തയ്യാറാക്കണമെന്നും ഡേവിഡ് പറഞ്ഞു.
കോവിഡിനൊപ്പം ഇന്ത്യയ്ക്ക് ജീവിക്കാന്‍ കഴിയും. ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്തു കൊണ്ടേ വൈറസിനെ അകറ്റി നിര്‍ത്താന്‍ കഴിയുകയുള്ളൂ. വൈറസിനെ കുറിച്ച് രാജ്യത്തെ ഓരോ വ്യക്തിയും ബോധവാന്മാരായിരിക്കണം. അതിലൂടെ ഒരിടത്ത് രോഗം പൊട്ടിപ്പുറപ്പെടുമ്പോള്‍ തന്നെ അതിന്റെ വ്യാപനത്തെ തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘രണ്ടാമതായി, രോഗം വരുമ്പോള്‍ അതിനെ പെട്ടെന്ന് അടിച്ചമര്‍ത്തുന്നതിന് ഇന്ത്യയിലെ ഓരോ പഞ്ചായത്തുകളും ജില്ലാ പരിഷത്തുകളും പ്രാപ്തി നേടിയിരിക്കണം. ഇങ്ങനെ രോഗം തടയാന്‍ നടപടി സ്വീകരിക്കുമ്പോള്‍ അത് ബാധിക്കുന്ന ആളുകള്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും വേണം. കാരണം, പാവപ്പെട്ടവര്‍ ആണ് അതുമൂലം കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നത്. പാവപ്പെട്ടവരെ സംരക്ഷിച്ചു കൊണ്ട് രോഗവ്യാപനത്തെ തടയാനുള്ള കഴിവ് ഇന്ത്യക്കുണ്ടാകണം,’ അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി രോഗമുണ്ടാകുന്നയിടത്തെ യാത്രയും മറ്റും ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ പോലെ തടയുമ്പോള്‍ അവശേഷിക്കുന്ന സമൂഹത്തിന് പഴയതു പോലെ സന്തോഷത്തോടെയും അവരുടെ ജോലികള്‍ ചെയ്തും ജീവിക്കാനാകും. തീര്‍ച്ചയായും അത് അത്ര സുഖകരമായിരിക്കില്ല, ലോക്ക്ഡൗണ്‍ അവസാനിച്ചശേഷമുള്ള ആദ്യ ഏതാനും ആഴ്ചകളും മാസങ്ങളും കഠിനമായിരിക്കും. പക്ഷേ, അത് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സമാനമായ സമീപനമാണ് മഹാമാരി വീണ്ടും വരുന്നത് തടയാന്‍ ചൈന സ്വീകരിച്ചിരിക്കുന്നതെന്ന് ഡേവിഡ് പറഞ്ഞു.
ഓരോ കേസുകളും ശ്രദ്ധയോടെ വീക്ഷിക്കുന്ന സാമൂഹിക ആരോഗ്യ പ്രവര്‍ത്തകരുടെ ദേശവ്യാപക ശൃംഖല ചൈന നടപ്പിലാക്കിയെന്നാണ് രാജ്യത്തെ എന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും ഞാന്‍ കേട്ടത്. ഒരു രോഗിയെ കണ്ടെത്തുമ്പോള്‍ അവര്‍ പെട്ടെന്ന് തന്നെ രോഗിയെ ക്വാറന്റൈന് ചെയ്യും. രാജ്യമെമ്പാടും അവര്‍ക്കത് ചെയ്യാന്‍ സാധിക്കുന്നു.
കൂടാതെ, എത്ര ഗുരുതരമാണ് ഈ പ്രശ്നമെന്ന് അവര്‍ മുഴുവന്‍ ജനതയേയും പഠിപ്പിച്ചു. അങ്ങനെ അവര്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളായി. രാജ്യത്തേക്ക് പുതിയ ആളുകള്‍ വരുന്നുവെന്ന് അവര്‍ക്ക് അറിയാം. കൂടാതെ, ധാരാളം സ്ഥലങ്ങളില്‍ രോഗം പൊട്ടിപ്പുറപ്പെടാമെന്ന വസ്തുതയെക്കുറിച്ചും അവര്‍ ജാഗ്രതയുള്ളവരാണ്. കഴിയുന്നത്രയും വേഗം അവയെ തടയാന്‍ അവര്‍ തയ്യാറെടുക്കുന്നു. ഇന്ത്യയും അത് ചെയ്യണമെന്ന് ഞാന്‍ കരുതുന്നു.
ഇതുവരെ ഇന്ത്യ രോഗത്തെ കൈകാര്യം ചെയ്ത രീതിവച്ച് ഇന്ത്യയ്ക്ക് അടുത്ത ഘട്ടത്തിലും രോഗത്തെ വിജയകരമായി തടയാനാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് ഡേവിഡ് പറഞ്ഞു.
‘ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ കേസുകള്‍ ഇരട്ടിക്കുന്ന സമയം 11 ദിവസമായിരുന്നു. അത് നല്ലൊരു കാര്യമാണ്. രോഗവ്യാപനമുണ്ടാകാനുള്ള അവസരങ്ങള്‍ താരതമ്യേന കുറയുകയാണ്. രോഗ വ്യാപനം തടയാനുള്ള വിജയകരമായ പ്രയത്നം നടക്കുന്നുണ്ടെന്നാണ് അതിനര്‍ത്ഥം,” അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ട് വര്‍ഷത്തിനുമുമ്പ് വാക്സിന് ജനങ്ങളെ സഹായിക്കാന്‍ എത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്രയും കാലത്തേക്കെങ്കിലും രാജ്യങ്ങളും ജനങ്ങളും വൈറസിനൊത്ത് ജീവിക്കാന്‍ പഠിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറയുന്നു. ‘നമ്മുടെ ഗ്രഹത്തിലെ 780 കോടി ജനങ്ങള്‍ക്കും അത് ബാധകമാണ്, ഡേവിഡ് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply