Flash News

വധശിക്ഷ എന്ന ഉപായം: എച്മുക്കുട്ടി

May 11, 2020

Vadhasiksha enna upayamഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ 35 കോടി ജനങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഇന്നത് 135 കോടിയാണ്. മാറിമാറി വന്ന ഒരു സര്‍ക്കാരും ഈ ജനതക്ക് വേണ്ടത്ര ആവശ്യമായ ജനക്ഷേമകരമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് കാര്യക്ഷമമായി നടപ്പിലാക്കിയില്ല.

ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ അപചയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്ന് ഭൂരിപക്ഷമതമായ ഹിന്ദുമതത്തിലെ അതിനീചമായ ജാതിവ്യവസ്ഥ. ഇന്ത്യയിലെ മറ്റു മതങ്ങള്‍ പോലും ഹിന്ദു മതത്തിലെ ഈ നീചതയെ സ്വന്തമാക്കി, പല ആചാരങ്ങളേയും സ്വന്തമാക്കിയതുപോലെ. രണ്ട്‌ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ അടിയുറച്ച സ്ത്രീ വിരുദ്ധത. ഇവയെ മറികടക്കണമെങ്കില്‍ ഒറ്റമനസ്സോടെ ദീര്‍ഘവീക്ഷണത്തോടെ ജനക്ഷേമകരമായ പരിപാടികള്‍ നടപ്പാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും മാധ്യമങ്ങളും ഉദ്യോഗസ്ഥരും നീതിന്യായവ്യവസ്ഥിതിയും ജനങ്ങളും പരിശ്രമിക്കണം.

അതിവിടെ ഇല്ല. കാര്യങ്ങള്‍ ദിനംപ്രതി വഷളാകുകയാണ് അധിക മേഖലകളിലും സംഭവിച്ചിട്ടുള്ളത്.

Echmu 2017 (2)നിര്‍ഭയ കേസില്‍ ഞങ്ങള്‍ നാലഞ്ചു ആണുങ്ങള്‍ ഒരുമിച്ചുണ്ട് എന്ന അഹങ്കാരവും അവള്‍ ഒറ്റയ്ക്ക് ഒരു പെണ്ണാണ് എന്ന പൊതുബോധവും ആ പെണ്‍കുട്ടിയെ പരിഹസിച്ചു തുടങ്ങാനുള്ള പ്രധാന കാരണമായിരുന്നു. രാത്രി ഒമ്പത് മണിക്ക് തന്റെ ആണ്‍സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ പെണ്‍കുട്ടി ശരിയല്ല, (വേശ്യയെ ബലാത്സംഗം ചെയ്യാമെന്ന് നമ്മുടെ കോടതി വിധിച്ചിട്ടുണ്ടു പോലും ) എന്ന പൊതുബോധം ബസ്സിലെ അഞ്ചു ആണുങ്ങള്‍ക്കും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിനോട് ‘ങാഹാ, നിനക്കു മാത്രമോ ഈ രാത്രിയില്‍ ഈ പെണ്ണ് ‘ എന്ന അസൂയയും ഒപ്പം വളര്‍ന്നിരുന്നു. ഇതെല്ലാമാണ് ആ കുട്ടിയുടെ നേരെ ബോഡിഷേമിംഗും ഈവ് ടീസിംഗും നടത്താന്‍ അവരെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യത്തിന്റെ സമസ്ത വ്യവസ്ഥകള്‍ക്കും ആചാരങ്ങള്‍ക്കും രാഷ്ട്രീയത്തിനും അധികാരത്തിനും എല്ലാ ജാതി മതങ്ങള്‍ക്കും നിയമത്തിന്റെ മെല്ലെപ്പോക്കിനും ഉദാസീനതക്കും വലിയ പങ്കുണ്ട്.

പരിഹസിക്കപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി എതിര്‍ത്തു. പരിഹാസത്തിനെ ചോദ്യം ചെയ്തു.

ഈ അഞ്ചു ആണുങ്ങളുടേയും ആണ്‍മ വ്രണപ്പെട്ടത് അപ്പോഴാണ്. ‘ഹും.. ഇവള്‍ ആര് ? ഇവള്‍ ഒരു നിസ്സാരയായ പെണ്ണ്.. ഇവള്‍ ഞങ്ങള്‍ ആണുങ്ങളെ ചോദ്യം ചെയ്യാറായോ? കേമമായ ആണ്മയെ ബഹുമാനിക്കേണ്ട വെറും പെണ്ണ്… ‘

പെണ്ണിനെ പാഠം പഠിപ്പിക്കാന്‍ ആണിന്റെ പക്കലുള്ള ഏറ്റവും വലിയ ആയുധമാണ് ഉദ്ധരിച്ച ലിംഗം. അങ്ങനെ അഹങ്കാരം മുറ്റിയ ആണ്‍മ ബലാത്സംഗപാഠം പഠിപ്പിച്ചു. അവള്‍ ബലാത്സംഗം ചെറുക്കാന്‍ നോക്കിയതിന്റെ ശിക്ഷയായി ഇരുമ്പ് ദണ്ഡുപാഠം പഠിപ്പിച്ചു. അവളെ ദ്രോഹിക്കരുതെന്ന് അപേക്ഷിച്ച കൂട്ടുകാരന്‍ പയ്യനെ ശാരീരികമായ കൈയേറ്റ പാഠം പഠിപ്പിച്ചു.

നിര്‍ഭയ ബസ്സില്‍ കയറിയ ദില്ലിയിലെ മുനീര്‍ക്ക ബസ്സ്സ്റ്റോപ്പും റാവു തുലറാം മാര്‍ഗും മഹിപാല്‍പൂരും കഴുകിയിട്ട ബസ്സ് കണ്ടെടുത്ത, മുകേഷ് എന്ന കുറ്റവാളി പാര്‍ത്തിരുന്ന ആര്‍ കെ പുരത്തെ രവിദാസ് ചേരിയും പരിചയമുള്ളവര്‍ക്ക് അറിയാം.. എത്ര ആള്‍ത്തിരക്കുള്ള ഇടങ്ങളാണ് അവയൊക്കെയെന്ന്.

അക്രമികള്‍ ഹൈവേയിലേക്ക് വലിച്ചെറിഞ്ഞ ആ നഗ്നശരീരങ്ങളെ ദില്ലി പോലീസ് വരുംവരെ ഒരാളും ശ്രദ്ധിച്ചില്ല. അത്രക്കാണ് മറ്റുള്ളവരുടെ ദുരിതങ്ങളോടുള്ള മനുഷ്യരുടെ അനുതാപം. ഡിസംബര്‍ മാസത്തെ തണുപ്പില്‍ റോഡില്‍ തല്ലിയലച്ചു കിടക്കുന്ന അവരെ ഒന്നു ശ്രദ്ധിക്കുവാന്‍ പോലും പറ്റാത്തവരും ഇപ്പോള്‍ വളരെ നല്ല മനുഷ്യരായി, നീതിക്കായി ദാഹിച്ച് നിലനില്‍ക്കുന്നുണ്ട്.

പെണ്ണിനെ ആണ് നിലക്ക് നിറുത്തുമെന്നും പാഠം പഠിപ്പിക്കുമെന്നും പെണ്ണ് നോക്കീം കണ്ടും അടങ്ങീം ഒതുങ്ങീം ജീവിക്കണമെന്ന് ഒരു തരിയെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയുകയോ വിശ്വസിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും എല്ലാറ്റിനും ഈ നീചകൃത്യത്തില്‍ പങ്കുണ്ട്.

കുറ്റവാളികളെ കണ്ടുപിടിക്കാന്‍ മിടുക്കു കാട്ടുന്നതില്‍ മാത്രം അധിഷ്ഠിതമല്ല പോലീസിന്റെ കടമ. എത്ര ബുദ്ധിമുട്ടിയാണ് ദില്ലി പോലീസ് ഈ കുറ്റവാളികളെ പെട്ടെന്ന് തന്നെ കണ്ടു പിടിച്ചതെന്ന് വായിച്ചറിഞ്ഞിരുന്നു ഞാന്‍. കുറ്റം ചെയ്യാന്‍ പറ്റാത്ത വിധം കാര്യങ്ങളെ മാറ്റിത്തീര്‍ക്കുമ്പോഴാണ് പോലീസ് ശരിക്കും മെച്ചപ്പെട്ട ഒരു കാവല്‍ സംവിധാനമാകുന്നത്. 1947 ല്‍ സ്വാതന്ത്ര്യം നേടിയ ഇന്ത്യന്‍ ജനത അത്തരം ഒരു കാവല്‍ പോലീസിനെ തീര്‍ച്ചയായും അര്‍ഹിക്കുന്നു.

നമ്മുടെ കോടതികളും അടിമുടി മാറേണ്ട സമയം അതിക്രമിച്ചു. കോടതികളില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം ആ വ്യവസ്ഥയിലെ സ്ത്രീ വിരുദ്ധതയും മനുഷ്യവിരുദ്ധതയും എത്രയാണെന്ന്.. നിയമങ്ങള്‍ രാഷ്ട്രീയാധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കുമായി റബ്ബര്‍ക്കുഴലാവുന്നതെങ്ങനെയെന്ന്.. ഇന്ത്യന്‍ കോടതികളുടെ സമ്പൂര്‍ണ മാറ്റത്തിനായും നമ്മള്‍ ഒരു ജനത എന്ന രീതിയില്‍ ഒന്നിച്ചു നിന്ന് തളരാതെ പൊരുതേണ്ടതുണ്ട്.

രോഗാതുരമായ ഈ സമൂഹശരീരത്തെ അടിമുടി ചികിത്സിക്കുന്നതിനു പകരമാണ് മുട്ടുശാന്തിയായ വധശിക്ഷ നടപ്പാക്കി വ്യവസ്ഥ മനുഷ്യരെ സമാധാനിപ്പിക്കുന്നത്. ആരേയാണ് ഈ ശിക്ഷ ഭയപ്പെടുത്തുക? നിര്‍ഭയ കേസിലെ വധശിക്ഷാ വിധി കേട്ടിട്ട് ഇന്ത്യയില്‍ ബലാല്‍സംഗം കുറഞ്ഞോ? സ്ത്രീകളുടെ നേരേയുള്ള അതിക്രമങ്ങള്‍ അവസാനിച്ചോ?

പെണ്ണിനെ രണ്ടാം തരമാക്കുന്ന, പെണ്ണിന്റെ ഉടമസ്ഥനാണ് ആണ് എന്ന സംസ്ക്കാരം ഏതു മാര്‍ഗ്ഗമുപയോഗിച്ചും പ്രചരിപ്പിക്കുന്ന നമ്മുടെ സകലമാന വ്യവസ്ഥകളും ആചാരങ്ങളും സങ്കല്പങ്ങളും അനുമാനങ്ങളും സിദ്ധാന്തങ്ങളും ഇങ്ങിനിയില്ലാതവണ്ണം തകര്‍ത്തു കളയാതെ, ഈ ദുരിതം മാറുകയില്ല.

എല്ലാ സ്ത്രീ പുരുഷന്മാരും അതിനായാണ് ശരിക്കും പ്രയത്നിക്കേണ്ടത്. രണ്ടുമൂന്നു തലമുറ ഒറ്റക്കെട്ടായി പ്രയത്നിച്ചാല്‍ ചിലപ്പോള്‍ ചെറിയ മാറ്റങ്ങള്‍ ദൃശ്യമായേക്കും.

വധശിക്ഷ നീതിയല്ല, നമ്മുടെ സമൂഹത്തിലുള്ള എല്ലാ വ്യവസ്ഥകളുടേയും അതിഭയാനകമായ പരാജയങ്ങളെ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ഉപായം മാത്രമാണ്. അത്തരം ഉപായങ്ങള്‍ നീതിയാണ് എന്ന് തെറ്റിദ്ധരിക്കുമ്പോള്‍ ഒരു ജനതയെന്ന നിലയില്‍ നമ്മള്‍ പിന്നേയും പരാജയപ്പെടുകയാണ്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top