കൊവിഡിനോട് പൊരുതി മനുഷ്യ ജീവന് രക്ഷാകവചമാകുന്ന മാലാഖമാര്‍ (എഡിറ്റോറിയല്‍)

Nurses day banner‘നഴ്സിംഗ്’ ജോലിയെ പുഛത്തോടെ കാണുന്ന സമൂഹത്തെ സമൂലം മാറ്റി മറിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ന് ലോകം. നഴ്സിംഗിന് പഠിക്കുന്നു എന്നു കേട്ടാല്‍ ‘മറ്റൊരു തൊഴിലും പഠിക്കാനില്ലേ’ എന്നുവരെ ചോദിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍, അത് തിരുത്തിയെഴുതിക്കുകയാണ് ലോകമൊട്ടാകെ പടര്‍ന്നു പരക്കുന്ന കൊവിഡ്-19 എന്ന മഹാമാരി.

ലോകം കൊവിഡ് മഹാമാരി പരത്തിയ മരണത്തിന്റെ നിഴലില്‍ ഭീതിപൂണ്ട് കഴിയുമ്പോള്‍ അവിടെ പ്രകാശവും പ്രതീക്ഷയുമായി വരുന്നത് ഈ നഴ്‌സുമാരാണ്. വെള്ളയുടുപ്പ് അണിഞ്ഞ് പുഞ്ചിരി തൂകി സാന്ത്വനവും സൗഖ്യവും പ്രദാനം ചെയ്യുന്ന മാലാഖമാര്‍ മാത്രമല്ല അവര്‍. ബുദ്ധിമാന്‍മാരും സമ്പന്നരും കരുത്തരും പ്രമാണിമാരും ആചാര്യന്‍മാരും ഗുരുക്കന്‍മാരും എന്ന് വേണ്ട നമ്മള്‍ ഇതുവരെ മഹാന്‍മാരായി കരുതിയ സകലരും നിസ്സഹായരായി മരണത്തെ കാത്ത് നില്‍ക്കുമ്പോള്‍ അവരെയെല്ലാം വകഞ്ഞ് മാറ്റി പിറകില്‍ നിന്നും മുന്നോട്ട് വന്ന് എതൊരു മനുഷ്യന്റെയും ജീവന് രക്ഷാകവചമായി കൊവിഡിനെതിരെ പൊരുതുന്ന പടയാളികള്‍ കൂടിയാണ് ഈ മാലാഖമാര്‍.

ഇന്ന് ഓരോ പൗരന്‍മാരുടെയും ജീവന്‍, ഭരണകൂടം അവരുടെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. സമൂഹം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നതും അവരെയാണ്. സ്വന്തം കുട്ടികളെയും കുടുംബാംഗങ്ങളെയും കാണാനാകാതെ ഉറ്റവരുടെ മരണത്തിന് പോലും വീട്ടിലെത്താന്‍ കഴിയാതെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് അവര്‍ കൊവിഡ് രോഗികളെ പരിചരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് കൊവിഡ് വരാതെ കാത്ത് സംരക്ഷിക്കുകയാണ്.

ശരീരമാസകലം മൂടിയ വസ്ത്രമണിഞ്ഞ് ചെല്ലുമ്പോള്‍ പകച്ചു പോകുന്ന രോഗികളോട് സുഖവിവരങ്ങള്‍ അന്വേഷിച്ച് ഭക്ഷണപൊതികളും ദാഹജലവും അത്യാവശ്യമരുന്നുകളും നല്‍കി അവരെ സാന്ത്വനപ്പെടുത്തുന്ന നഴ്‌സുമാര്‍ ചെയ്യുന്നത് ഭൂമിയിലെ ഏറ്റവും മഹത്തരമായ കര്‍മ്മമാണെന്ന് ഇന്ന് ആരും സമ്മതിക്കും.

പ്രിയപ്പെട്ടവരോ പരിചയക്കാരോ കൂടെയില്ലാതെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നത് നഴ്‌സുമാരാണ്. അതേ മാനസിക അവസ്ഥയില്‍ കൂടി കടന്നുപോകുന്നവരാണ് നഴ്‌സുമാരും. എന്നാല്‍ അവര്‍ തങ്ങളുടെ വികാരങ്ങള്‍ക്ക് അധികം വില കല്‍പ്പിക്കാതെ രോഗികളുടെ വാശികളും ആവശ്യങ്ങളും സാധിച്ചുകൊടുക്കാന്‍ അഹോരാത്രം പണിയെടുക്കുന്നു.

ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് വേണ്ടി നിലവിലെ കടമ്പകള്‍ തന്നെ പല രാജ്യങ്ങളും മാറ്റിയിട്ടുണ്ട്. ഒരു പ്രവേശന പരീക്ഷയും പാസാകാതെ തന്നെ,രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇനി പോകാന്‍ കഴിയും. വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് നിര്‍ത്തിയാണ്, നഴ്‌സുമാരെ കൊണ്ടു പോകാന്‍ വിദേശ രാജ്യങ്ങള്‍ ക്യൂ നില്‍ക്കുന്നത്.

ഖത്തര്‍ എയര്‍വെയ്‌സ് ഒരു ലക്ഷം ടിക്കറ്റുകളാണ് നഴ്‌സ്മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. അപ് ആന്റ് ഡൗണ്‍ ടിക്കറ്റുകളാണിത്. അമേരിക്ക, ഇറ്റലി, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളും നഴ്‌സുമാരെ കിട്ടാന്‍ ഇന്ത്യയുടെ പിറകെയാണുള്ളത്.

ഇതില്‍ നിന്നും നാം ഏറെ പഠിക്കേണ്ടതുണ്ട്. ജനസംഖ്യയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടെ നമുക്ക് തന്നെ ധാരാളം നഴ്‌സുമാരെ ആവശ്യമുണ്ട്. കോവിഡ് ഭീതിയിലെങ്കിലും, ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ദൈവത്തിന്റെ സ്വന്തം മാലാഖമാരെ സംരക്ഷിക്കാനാണ് ഭരണകൂടങ്ങള്‍ ഉടന്‍ തയ്യാറാവേണ്ടത്.

മേശയില്‍ തലവെച്ചും കസേരയിലിരുന്നുമൊക്കെ ഉറങ്ങുന്ന നഴ്‌സുമാരുടെ ചിത്രങ്ങള്‍ കാണാത്തവര്‍ കുറവായിരിക്കും. കഠിനമായ അവസ്ഥയിലൂടെയാണ് ഓരോ നഴ്‌സുമാരും കടന്നുപോകുന്നത്. ഓരോ ദിവസവും നിരവധി രോഗികളെ പരിചരിക്കണം. തങ്ങളുടെ കഷ്ടപ്പാടുകള്‍ പുറത്തറിയിക്കാതെ മുഖത്ത് നിറപുഞ്ചിരിയുമായി സാന്ത്വന വാക്കുകള്‍ പറഞ്ഞ് രോഗികളെ പരിചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ നിരാശപ്പെടുത്തുന്ന അനുഭവങ്ങളും ഇവര്‍ക്കുണ്ടാകും. ഭക്ഷണം കൊടുക്കുമ്പോള്‍ ഇഷ്ടപ്പെടാതെ വലിച്ചെറിയുന്ന രോഗികളോട് പോലും അവര്‍ സ്‌നേഹത്തിന്റെ ഭാഷ കൈവെടിയില്ല. കൂട്ടിരിപ്പുകാരില്ലാത്തതിനാല്‍ രോഗികളുടെ പ്രാഥമിക കാര്യങ്ങള്‍ വരെ നോക്കുന്നത് ഇവരാണ്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ എപ്പോഴും കയ്യടിയല്ല ഇവര്‍ക്ക് ലഭിക്കുക. വൈറസ് ബാധയേറ്റയാള്‍ എന്ന നിലയിലുള്ള അവഗണനയും ആട്ടിപ്പായിക്കലുമായിരിക്കും പലര്‍ക്കും നേരിടേണ്ടി വരുന്നത്.

ഇതൊക്കെയാണെങ്കിലും ഈ മാലാഖമാര്‍ തളരില്ല. കൊവിഡ് മഹാമാരിയെ തുരത്തിയോടിക്കാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്ന് ഇവര്‍ ഒറ്റക്കെട്ടായി പറയുന്നു. നിരീക്ഷണകാലം കഴിഞ്ഞ് വരുമ്പോള്‍ കൊറോണ ചികിത്സയ്ക്ക് ആരെങ്കിലും ഉണ്ടെങ്കില്‍ അപ്പോഴും തന്നെ അവിടെത്തന്നെ നിയോഗിക്കണം എന്ന് പറഞ്ഞ നഴ്‌സ് രേഷ്മ, ഒരു തരി പോലും പേടിയില്ലെന്നും എന്തിന് പേടിക്കണമെന്നും ചോദിക്കുന്ന നഴ്‌സ് എസ് ബിന്ദു… ഇവരിലാണ് ഇവരെപ്പോലെയുള്ള നഴ്‌സുമാരിലാണ് ഇന്ന് ലോകത്തിലെ ഓരോ മനുഷ്യജീവിയുടെയും പ്രതീക്ഷ. ലോകം ഇന്ന് നഴ്‌സുമാരുടെ ദിനമായി കൊണ്ടാടുമ്പോള്‍ ഓരോരുത്തരുടെയും മനസ്സിലെങ്കിലും ഉണ്ടാകട്ടെ അവരോടുള്ള ആദരവും നന്ദിയും.

അന്താരാഷ്ട്ര നഴ്‌സ് ദിനത്തിന്റെ ചരിത്രം

നിലവാരമുള്ള റോളുകളും ഉത്തരവാദിത്തങ്ങളുമുള്ള ഒരു സംഘടിത മേഖലയിലേക്ക് നഴ്‌സിംഗ് തൊഴിലിനെ മാറ്റിയ ആദ്യത്തെ വ്യക്തിയാണ് ഫ്ലോറൻസ് നൈറ്റിംഗേല്‍. 1854 ല്‍ ക്രിമിയന്‍ യുദ്ധത്തില്‍ സൈനികരെ പരിചരിക്കാനായി 38 സന്നദ്ധ നഴ്‌സുമാരെ അവര്‍ കൊണ്ടുവന്നു. അതിനുമുമ്പ്, പുരുഷ-വനിതാ നഴ്‌സുമാര്‍ സാധാരണഗതിയില്‍ പരിശീലനം ലഭിക്കാത്ത സൈനികരുടെ കുടുംബാംഗങ്ങളായിരുന്നു.

ആധുനിക പ്രൊഫഷണല്‍ നഴ്സിംഗ് സ്ഥാപിച്ചതും, ശുചിത്വം, രോഗികളുടെ പോഷകാഹാരം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതും നൈറ്റിംഗേലാണ്.

1953 ല്‍ യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥ ഡൊറോത്തി സതര്‍‌ലാന്‍ഡാണ് ഈ ദിവസം ആദ്യമായി നിർദ്ദേശിച്ചത്. തുടര്‍ന്ന് അന്നത്തെ യു എസ് പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസന്‍‌ഹോവര്‍ ഔദ്യോഗികമായി നഴ്സസ് ദിനം പ്രഖ്യാപിച്ചു. 1965 ലാണ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആദ്യമായി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ഐസിഎന്‍) ആഘോഷിച്ചത്.

യുകെയില്‍, നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ബഹുമാനാര്‍ത്ഥം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നഴ്സസ് ഡേയുടെ ഭാഗമായി ഒരു സര്‍‌വീസ് നടക്കുന്നുണ്ട്. ഒരു പ്രതീകാത്മക വിളക്ക് നഴ്‌സസ് ചാപ്പലില്‍ നിന്ന് എടുത്ത് ഒരു നഴ്‌സില്‍ നിന്ന് മറ്റൊരു നഴ്സിന് കൈമാറുന്നു.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര നഴ്‌സുമാരുടെ ദിനത്തിന് സവിശേഷതയുണ്ട്. കാരണം ഇത് ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാര്‍ഷികം കൂടിയാണ്.

മാരക രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും എതിരെ പോരാടുന്നതില്‍ നഴ്‌സുമാര്‍ മുന്‍പന്തിയിലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എടുത്തുകാട്ടി. നഴ്‌സുമാര്‍ വഹിക്കുന്ന പ്രധാന പങ്കിന്റെ ഓര്‍മ്മപ്പെടുത്തലാണ് കോവിഡ് -19 എന്ന് പ്രസ്താവിക്കുകയും ചെയ്തു.

നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാതെ, കൊവിഡ്-19നെതിരെയുള്ള പോരാട്ടം വിജയിക്കില്ലെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങളോ സാര്‍വത്രിക ആരോഗ്യ പരിരക്ഷയോ ലോകം കൈവരിക്കില്ലെന്നും ലോകാരോഗ്യ സംഘടന ഊന്നിപ്പറയുകയും ചെയ്തു.

ചീഫ് എഡിറ്റര്‍


Print Friendly, PDF & Email

Related News

Leave a Comment