കെ.സി.‌എ.‌എന്‍.‌എ.യുടെ വേറിട്ട രീതിയിലൊരു ജീവകാരുണ്യ പ്രവര്‍ത്തനം: കോരസണ്‍

KCANA1അത്യാഹിതങ്ങള്‍ നടന്നു കഴിഞ്ഞാല്‍ ഉടന്‍ തുടങ്ങും സംഘടനകളുടെ പിരിവുകള്‍. മനുഷ്യരുടെ വൈകാരികഭാവം മുതലെടുത്തു പിരിവു കൊഴുപ്പിക്കാന്‍ ഇറങ്ങുന്ന മലയാളി അസോസിയേഷനുകളും മത സംഘടനകളും ഇതൊക്കെ എങ്ങനെ ചിലവഴിക്കുന്നു എന്ന് ഒരു അന്വേഷണം നടത്തിയാല്‍ നടുങ്ങിപ്പോകും. പിരിവു നടത്തുമ്പോളുള്ള ഉത്സാഹം ഒന്നും അത് വിതരണം ചെയ്യുമ്പോള്‍ കാട്ടാറില്ല. അമേരിക്കയിലെ ഒരു കൊടുങ്കാറ്റുപിരിവു നടത്തി ആറു വര്‍ഷങ്ങള്‍ക്കുശേഷം, ആരോ കുത്തിപൊക്കിയതുകൊണ്ടു മാത്രം എവിടെയോ കൊണ്ട്, ആര്‍ക്കോ കൊടുത്തതും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്നും പറഞ്ഞു പിരിച്ചിട്ടു പുട്ടടിക്കുന്ന ചില സംഘടനകളെക്കുറിച്ചും ഇവിടെ പലര്‍ക്കും നല്ല അറിവുണ്ട്. എന്നാലും ഒഴിവാക്കാന്‍ വയ്യാത്ത ചിലരെ മുന്നില്‍ നിറുത്തി വീണ്ടും വീണ്ടും കടന്നു വരുമ്പോള്‍ എങ്ങനെയെങ്കിലും ആകട്ടെ എന്നു പറഞ്ഞു ഒരു ചെക്ക് വലിച്ചുനീട്ടി കൊടുക്കേണ്ട നിസ്സഹായാവസ്ഥയും പലര്‍ക്കും ഉണ്ടാവാറുണ്ട്.

എന്നാല്‍ ഇതിനു വിപരീതമായി അവസരത്തിന് ഒത്തു ഉയരുകയും അര്‍ഹരായ ആളുകളെ കണ്ടുപിടിച്ചു നേരിട്ട് സഹായങ്ങള്‍ എത്തിക്കാന്‍ കഴിയുന്നു എന്നതിലുമാണ് ന്യൂയോര്‍ക്കിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക വേറിട്ടുനില്‍ക്കുന്നത്. പ്രത്യേകിച്ചും ന്യൂയോര്‍ക്കിനെ പിടിച്ചുകുലുക്കുന്ന കൊറോണ ബാധയില്‍ എല്ലാവരും പകച്ചു നില്‍ക്കുമ്പോള്‍, ഇത്തരം ഒരു ഭക്ഷ്യ കിറ്റ് വിതരണം ഒരിക്കലും വിലകുറഞ്ഞ പരസ്യത്തിനു വേണ്ടിയുള്ള തട്ടിക്കൂട്ട് പരിപാടിയല്ല എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ സംഘടനാപ്രവര്‍ത്തകരോട് മതിപ്പു തോന്നുന്നത്. ന്യൂയോര്‍ക്കിലെ മലയാളികള്‍ക്ക് താങ്ങാവാവുന്നതിലും കൂടുതല്‍ സംഘടനാബാഹുല്യം ഉള്ള ഈ മണ്ണില്‍ എത്ര സംഘടനകള്‍ നമ്മുടെ ഇടയിലെ അര്‍ഹരായ ആളുകളെ കണ്ടുപിടിക്കുകയും അവരുടെ ജീവിതത്തിനു ഒരു കൈത്താങ്ങായി, ഒരു ചെറു കൈവിളക്കായി ഉയരാനും കഴിഞ്ഞു എന്നും ചിന്തിക്കേണ്ടതുണ്ട്.

അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ ഇത്തരം പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ ഉണ്ടോ എന്ന് ആദ്യം ഒന്ന് സംശയിച്ചു. എന്നാല്‍ ആവശ്യങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും പൊതുസ്ഥലത്തു കടന്നുവരാന്‍ സാധ്യത കുറവാണ്. എല്ലാവരും സാമ്പത്തീക ഭദ്രതയുള്ള ആളുകള്‍ അല്ല നമ്മുടെ ഇടയില്‍ എന്നത് തിരിച്ചറിയണം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിച്ചുകൂടേ എന്നും ശങ്കിക്കുന്നവരും കുറവല്ല. അതുകൊണ്ടു മാത്രം ചിലവുകള്‍ നടത്തിക്കൊണ്ടു പോകാന്‍ സാധിക്കാത്തവര്‍ ചിലരെങ്കിലും ഉണ്ട്. നമ്മുടെ സമൂഹം വളരെ ഒറ്റപ്പെട്ട തുരുത്തുകള്‍ ഏറെയുള്ള ഒരു കൂട്ടമാണ്, പലപ്പോഴും ചോദിക്കാന്‍ അഭിമാനം സമ്മതിക്കാതെ ഒതുങ്ങിക്കഴിയുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. മറ്റു സമൂഹങ്ങളില്‍ പണം റോള്‍ ചെയ്തു സഹായിക്കുന്ന സംഘടനകള്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പറഞ്ഞു പറ്റിച്ചു മുങ്ങുന്ന വിരുതന്മാരുടെ ചരിത്രം അറിയാവുന്നവര്‍ ഇത്തരം ചതിക്കുഴികളില്‍ പെടാതെ നടന്നു മാറുകയാണ് പതിവ്. അവിടെയാണ് സംഘടനകള്‍ക്ക് വിശ്വസ്ഥയോടെ ഈകാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നത്. മതപരമായ കൂട്ടങ്ങളില്‍ എത്ര കൂടുതല്‍ കൊടുക്കുന്നു എന്ന രീതിയില്‍ അംഗീകാരം പിടിച്ചുപറ്റാന്‍ മത്സരം ഉള്ളപ്പോള്‍, നിസ്സഹായായ അവസ്ഥയില്‍ ഉള്ളവര്‍ ഓടി ഒളിക്കുകയാണ്.

അമേരിക്ക, നമ്മുടെ ഓര്‍മ്മയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ വേളയില്‍, ഇവിടെ കടന്നു വന്ന് വീടുതോറും നടന്നു പിരിച്ചവരും, ഉള്ളതിനുമില്ലാത്തതിനും നാട്ടില്‍ നിന്നും അപേക്ഷകള്‍ അയച്ചു പണം ലഭിച്ചവരും അമേരിക്കയെ പുച്ഛിക്കുന്നതു നമ്മള്‍ ഇപ്പോള്‍ കണ്ടതാണ്. അമേരിക്ക നശിക്കുക എന്നതില്‍ ഏറെ സന്തോഷിക്കുന്ന കേരളത്തില്‍ ഉള്ള കുറേപ്പേരെങ്കിലും ഉണ്ട് എന്നത് ഇപ്പോള്‍ത്തന്നെ മനസ്സിലായി. അതുകൊണ്ടു ഇനി ഒരു പണവും കേരളത്തിലുള്ള, ബുദ്ധിയുള്ള മിടുക്കരായ ഭാഗ്യം ചെയ്തവര്‍ക്ക് നല്‍കരുത് എന്ന് പലരും പറയുന്നത് കേട്ടു. നമ്മുടെ ഇടയില്‍ ആവശ്യം ഉള്ളവരെ കണ്ടുപിടിച്ചു അവരെ കരുതുക. അതാണ് ഈ സംഘടന ഏറ്റടുത്ത മഹത്തായ ദൗത്യം. ഈ സംഘടനയുടെ നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നു.

കലാകാരന്മാരിലും സാഹിത്യകാരന്മാരിലും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയിലും, മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും മികച്ച അനുഭവും കാഴചപ്പാടുകളും ഉള്ളവര്‍ അമേരിക്കന്‍ മലയാളികളില്‍ ഉണ്ട്. നമുക്ക് നമ്മുടേതായ പ്രശ്നങ്ങളുണ്ട്. അതിനുപ്രതിവിധി കേരളത്തില്‍ നിന്നും ഇറക്കുമതി ചെയേണ്ടതില്ല. നമ്മള്‍ തന്നെ നമുക്കു വേണ്ടതു കണ്ടുപിടിക്കേണ്ടതായുണ്ട്. കാഴ്ചപ്പാടുകളുടെ തരിശു നിലമായ, ഒരിക്കലും മാറ്റപ്പെടാനാവാത്ത, റീസൈക്കിള്‍ ചെയ്യുന്ന ഒരുപിടി നേതാക്കളും, അവര്‍ കൈപ്പിടിയില്‍ ഒരുക്കുന്ന സംഘടനാപൂരങ്ങള്‍ വെറും കെട്ടുകാഴ്ചകളായി തരം താഴുമ്പോള്‍ ചെറിയ സംഘടനകള്‍ ഉള്‍കാഴ്ചയുള്ള സമൂഹങ്ങള്‍ക്ക് മാര്‍ഗ്ഗദീപം ആകട്ടെ എന്ന് ആശിക്കുന്നു.

KCANA KCANA2

Print Friendly, PDF & Email

Related News

Leave a Comment