കൊവിഡ് 19നെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേല്‍ പ്രയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. അണുനാശിനി തുരങ്കങ്ങള്‍ വരെ പലയിടത്തും സ്ഥാപിച്ചുതുടങ്ങി. ഇങ്ങനെ മനുഷ്യരുടെ മേല്‍ അണുനാശിനി തളിക്കുന്നത് നല്ലതാണോ എന്നും ഇത് കൊറോണ വൈറസിനെ നശിപ്പിക്കുമോ എന്നും പലര്‍ക്കും സംശയം ഉണ്ടാകാം.
അണുനാശിനികള്‍ മനുഷ്യരുടെ മേല്‍ തളിയ്ക്കാന്‍ പാടുള്ളതല്ല, ഇതു അശാസ്ത്രീയവും, ഗുണകരമല്ലാത്തതും, അപകടകരവുമാണ് എന്നാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി മനുഷ്യരുടെ മേല്‍ ബ്ലീച്ച്, സോപ്പ് ലായനി എന്നിവ പ്രയോഗിച്ചതായി കേട്ടു. കേരളത്തില്‍ ഒരു ചന്തയില്‍ പ്രവേശന കവാടത്തിന് മുന്നില്‍ ഇത്തരമൊരു സംവിധാനമൊരുക്കി അകത്തേക്ക് പ്രവേശിക്കുന്നവരെ അണുവിമുക്തമാക്കുന്നതിന് ശ്രമിക്കുന്നു എന്നും കണ്ടു. കൊവിഡ് -19 ന് ചുറ്റിപ്പറ്റിയുള്ള ഈ മിഥ്യാധാരണ പ്രബലമാവുന്നതിന് മുന്‍പേ ഈ പ്രവണത തടയപ്പെടേണ്ടതുണ്ട്.
എന്താണ് വസ്തുതകള്‍ ?
ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനിയോ, ക്ലോറിന്‍ അടങ്ങിയ ലായനിയോ ശരീരത്തിലുടനീളം തളിക്കുന്നത് ഇതിനകം ശരീരത്തില്‍ പ്രവേശിച്ച വൈറസുകളെ നശിപ്പിക്കില്ല. അതായത് രോഗം പകര്‍ത്തുന്ന അവസ്ഥയിലുള്ള ഒരാള്‍ വീണ്ടും രോഗം പകര്‍ത്തുന്നത് തടയാന്‍ ഈ പ്രക്രിയ കൊണ്ട് ആവില്ല.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) യുടെ നിര്‍ദ്ദേശം, “അചേതന വസ്തുക്കളില്‍ പ്രയോഗിക്കുന്ന രാസവസ്തുക്കളാണ് അണുനാശിനി രോഗാണു വാഹകമായ പ്രതലങ്ങള്‍ വൃത്തിയാക്കാനാണ് ഇത്തരം ലായനികള്‍ ഉപയോഗിക്കേണ്ടത്. അതായത് കൊവിഡ് – 19 ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ സ്ഥിരീകരിക്കപ്പെട്ടവരോ ഉള്ളവര്‍ ഇടപെടുന്ന പരിസരങ്ങള്‍, വസ്തുക്കള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനാണിത് ശുപാര്‍ശ ചെയ്യുന്നത്. ”
ഇത്തരം രാസവസ്തുക്കള്‍ ഹാനികരമായേക്കുമെന്നു ലോകാരോഗ്യ സംഘടനയും വ്യക്തമായി പറയുന്നു.
സാധാരണയായി ഉപയോഗിക്കുന്ന അണുനാശിനി ‘ബ്ലീച്ച്’ എന്നറിയപ്പെടുന്ന സോഡിയം ഹൈപ്പോക്ലോറൈറ്റ് ആണ്. ചര്‍മ്മം, ശ്ലേഷ്മസ്തരം, ലോഹ പ്രതലങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കത്തിൽ വന്നാല്‍ അവയെ ദ്രവിപ്പിക്കുവാന്‍ കഴിവുള്ള രാസവസ്തുവാണ് ഹൈപ്പോക്ലോറൈറ്റ്.
ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അലര്‍ജി, കൂടാതെ വീര്യം കൂടിയ ലായനിയാണെങ്കില്‍ പൊള്ളല്‍ പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കണ്ണില്‍ പുകച്ചിലും അലര്‍ജിയും, കൂടിയ കോണ്‍സെന്‍ട്രേഷനില്‍ ഉപയോഗിക്കുന്ന പക്ഷം കണ്ണിന്റെ കോര്‍ണിയക്കു ക്ഷതവും ഉണ്ടാകാനിടയുണ്ട്.
സോഡിയം ഹൈപ്പോക്ലോറൈറ്റ് ശ്വസിക്കുന്നത് മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിലെ ശ്ലേഷ്മ ചർമ്മത്തില്‍ സ്വസ്ഥതകള്‍ ഉണ്ടാക്കാം.
ലായനിയുടെ ഗാഡത കൂടിയാല്‍ പ്രത്യാഘാതങ്ങളുടെ തീവ്രതയും കൂടാം.
അണുനാശിനി ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ?
1. വസ്ത്രത്തില്‍ അണുനാശിനി സാന്നിധ്യമുണ്ടെങ്കില്‍, മലിനമായ വസ്ത്രങ്ങളെല്ലാം നീക്കം ചെയ്യുകയും ചര്‍മ്മം പതിനഞ്ച് മുതല്‍ ഇരുപത് മിനിറ്റ് വരെ വെള്ളത്തില്‍ കഴുകുകയും ചെയ്യണം.
2. വൃത്തിയാക്കലിനായി അണുനാശിനികള്‍ ഉപയോഗിക്കുന്നവര്‍ കൈയ്യുറകള്‍ ധരിക്കുക.
3. വൃത്തിയാക്കിയ ശേഷം കയ്യുറകള്‍ ഉപേക്ഷിക്കുക.
4. അല്ലെങ്കില്‍ ഇതിനായി മാത്രം ഒരു ജോഡി പുനരുപയോഗിക്കാവുന്ന കയ്യുറകള്‍ മാറ്റി വെക്കുക.
5. കൂടാതെ എല്ലാ ശുചീകരണ ഉല്‍പ്പന്നങ്ങൾക്കും നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.
മറ്റു പ്രത്യാഘാതങ്ങള്‍ ?
ആളുകളുടെ ശരീരത്തില്‍ അണുനാശിനി തളിക്കുന്നത് ഒരു തെറ്റായ സുരക്ഷിതത്വ ബോധം ജനങ്ങളില്‍ ഉണ്ടാക്കിയേക്കാം. ഇതു മറ്റു പ്രതിരോധ മാര്‍ഗങ്ങളുടെ പ്രയോജനം പൊതുജനം ചെറുതായി കണ്ടു അവ പാലിക്കാതിരിക്കാനും സാധ്യത ഏറെയാണ്. യു പിയില്‍ അതിഥി തൊഴിലാളികളുടെ മേല്‍ ബ്ലീച്ച് ലായനി തളിച്ചത് പോലുള്ള സംഭവങ്ങള്‍ മനുഷ്യത്വ രഹിത നടപടി കൂടിയാണന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
“അണുനാശക ടണല്‍”
പലയിടത്തും പക്ഷേ സദുദ്ദേശപരമായാണ് ഇത്തരം സംരഭങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ച തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ജില്ലാ ഭരണകൂടം പൊതുജന പങ്കാളിത്തത്തോടെ “അണുനാശക ടണല്‍ ” സ്ഥാപിച്ചത് ഒരു ലക്ഷം രൂപയോളം മുടക്കിയാണ്. ഇതൊരു വലിയ നേട്ടമായി മാധ്യമങ്ങളുള്‍പ്പെടെ പ്രചരിപ്പിച്ചും കണ്ടു.
ശാസ്ത്രീയമായ തെളിവുകളും യുക്തിയും വളരെ ദുര്‍ബലമാണ് ഈ പ്രക്രിയയ്ക്ക് പിന്നില്‍. ഒരാളുടെ വസ്ത്രത്തിൽ ഉള്ള വൈറസ് അല്പം ലായനി സ്പ്രേ ചെയ്തത് കൊണ്ട് നശിക്കാനുള്ള സാധ്യത തീരെ കുറവാണ്. രോഗാണുക്കള്‍ ഉള്ള വസ്ത്രം കുറഞ്ഞത് 20 മിനിറ്റ് എങ്കിലും മുക്കി വെച്ച് വേണം അണുവിമുക്തമാക്കാന്‍. നിശ്ചിത ഗാഡത ലായനിക്ക് ഇല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ഇല്ല. ഒരാളുടെ മൂക്കിലോ, ശ്വാസ നാളത്തിലോ ഉള്ള രോഗാണുക്കള്‍ ഇത് കൊണ്ട് നശിക്കില്ല, വസ്ത്രങ്ങളിലോ ശരീരത്തിലോ ഉള്ളവ മറ്റുള്ള ഒരാള്‍ തൊടാതെ അവരുടെ കയ്യില്‍ എത്തില്ല. നിലവില്‍ ഒരു മീറ്ററിന് മുകളില്‍ ശാരീരിക അകലം പാലിക്കുകയും, അഞ്ചു സെക്കൻ്റോളം ഒരു ശതമാനം സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി മനുഷ്യരുടെ മേല്‍ തളിച്ച് അവരും മറ്റുള്ളവരും അണുവിമുക്തമായി എന്ന് മിഥ്യാധാരണ പടര്‍ത്തുന്ന ഈ സംരംഭം മറ്റിടങ്ങളിലും തുടങ്ങും എന്ന പ്രസ്താവനയും കണ്ടു, അപകടമാണെന്ന് മാത്രമല്ല അനാവശ്യ ചിലവും കൂടിയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply