ഫോമ കമ്മ്യൂണിറ്റി ഹെല്‍‌പ് ലൈനില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ സംസാരിക്കുന്നു

hmvmഡാളസ്: ഫോമാ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് ആന്‍ഡ് ഹെല്പ് ലൈനിന്‍റെ ആഭിമുഖ്യത്തില്‍ മെയ് 16നു ഫോമയുടെ വെബിനാറിലൂടെ കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ അമേരിക്കന്‍ മലയാളികളോട് സംസാരിക്കുന്നു.

കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ നാട്ടില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും രോഗബാധ തടയുന്നതിനു വേണ്ടി കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ട നടപടികളെക്കുറിച്ചും മന്ത്രി പ്രവാസികളോട് സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും. പ്രസ്തുത സംവാദം സോഷ്യല്‍ മീഡിയകളിലും വിവിധ പ്രമുഖ ചാനലുകളിലും ലൈവായി ടെലികാസ്റ്റ് ചെയ്യപ്പെടും.

സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന ഈ മീറ്റിംഗില്‍ കോവിഡ് 19 നോടനുബന്ധിച്ചു വിവിധ തരത്തില്‍ ബുദ്ധിമുട്ടിലായ പ്രവാസികള്‍ക്ക് ചോദ്യങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. പ്രവാസികളുടെ സുരക്ഷ, സാമൂഹ്യ ആവശ്യങ്ങള്‍ , ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആശയവിനിമയം നടത്തുന്നത്.

മെയ് 13 ബുധനാഴ്ച്ച രാത്രിയോടെ ചോദ്യങ്ങള്‍ ഫോമാ ഭാരവാഹികള്‍ക്ക് നല്‍കിയിരിക്കണം. ലഭിക്കുന്ന ചോദ്യങ്ങളില്‍ നിന്നും പ്രാധാന്യമനുസരിച്ച് തിരഞ്ഞെടുത്ത ഏകദേശം ഇരുപത്തിയഞ്ചോളം ചോദ്യങ്ങളായിരിക്കും മന്ത്രി മറുപടി നല്‍കുക. ചോദ്യകര്‍ത്താക്കള്‍ക്കു വെബിനാര്‍ സമയത്ത് അവരുടെ നേരത്തെ സമര്‍പ്പിച്ചിട്ടുള്ള ചോദ്യങ്ങള്‍ മന്ത്രിയോട് നേരിട്ട് ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മന്ത്രിയോട് പങ്കു വയ്ക്കുവാനും അത് മന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം കാണുവാനും കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫോമാ കെയര്‍ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് ആന്‍ഡ് ഹെല്പ് ലൈനിന്‍റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി തോമസ്, അനിയന്‍ ജോര്‍ജ്, ഉണ്ണികൃഷ്ണന്‍, ബൈജു വര്‍ഗീസ്, ജോസ് മണക്കാട്, എയ്‌ഞ്ചല സുരേഷ് തുടങ്ങിയവര്‍ പറഞ്ഞു.

പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രമന്ത്രിസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും അമേരിക്കയിലെ മുഴുവന്‍ ഇന്ത്യക്കാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും ഫോമാ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്ന് പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്‍റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത : ജോസഫ് ഇടിക്കുള, റ്റി ജി ബിന്ദു, ഫോമാ ന്യൂസ് ടീം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News