കോറോണ വൈറസ് ഭീഷണി ഒരിക്കലും അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Mike-Ryan-Executive-Director-of-the-WHOജനീവ: കൊറോണ വൈറസുമായി ബന്ധപ്പെട്ട രോഗം ഒരിക്കലും അവസാനിക്കാത്ത ഒന്നായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. എച്ച് ഐ വി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാത്തതുപോലെ കൊറോണ വൈറസും നമ്മുടെ ഇടയില്‍ നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തര പ്രോഗ്രാം ഡയറക്ടര്‍ ഡോ. മൈക്കല്‍ റയാന്‍ പറഞ്ഞു. എച്ച് ഐ വി ബാധിതരായ ആളുകള്‍ക്ക് കൂടുതല്‍ ദിവസം ആരോഗ്യത്തോടെയും ജീവനോടെയും തുടരാനുള്ള വഴികള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കൊറോണ വൈറസിനെക്കുറിച്ച് നാം യാഥാര്‍ത്ഥ്യബോധം പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ഭൂമുഖത്ത് നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ലോകത്തിന് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. കൊറോണ വൈറസിനെ ഇല്ലാതാക്കുന്നതിന് പകരം പ്രതിരോധിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുക. ഇത്തരത്തില്‍ താല്‍ക്കാലിക പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് പല രാജ്യങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിയെത്തുവാന്‍ തുടങ്ങിയിട്ടുണ്ട്. വൈറസിനെ പൂര്‍ണമായും നീക്കം ചെയ്യാനാകുമെന്നത് മിഥ്യാധാരണയാണെന്നും മൈക്ക് റയാന്‍ പറഞ്ഞു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി അവസാനിക്കാന്‍ സമയമെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഡ്നോം അടുത്തിടെ പറഞ്ഞിരുന്നു. പകര്‍ച്ചവ്യാധി കണക്കിലെടുത്ത് അദ്ദേഹം കുട്ടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോവിഡ് 19 രോഗത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത കുട്ടികളില്‍ കുറവാണെങ്കിലും മറ്റ് രോഗങ്ങളുടെ സാധ്യത വളരെ കൂടുതലാണ്. വാക്സിന്‍ ഉപയോഗിച്ച് ഇത് തടയാം. അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നത് തെറ്റായ ധാരണയാണ്. അതുപോലെ തന്നെ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നതും നല്ലതല്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രബലമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. അല്ലാതെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് മാത്രം ലോകം നേരിടുന്ന ഈ കടുത്ത ഭീഷണി ഒഴിവാക്കാന്‍ കഴിയില്ലെന്നും മൈക്ക് റയാന്‍ പറഞ്ഞു.

ആഗോളതലത്തില്‍ 4.29 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,90,000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. വൈറസിന്റെ സാന്നിധ്യം തുടരുന്നതിനാല്‍ സാമ്പത്തിക പ്രക്രിയകള്‍ എങ്ങിനെ പുന:രാരംഭിക്കാം എന്ന ആശങ്കയാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങളുടെ മുമ്പിലുള്ളത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News