Flash News

ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്‍ച്ചിക്കാന്‍ സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍

May 14, 2020 , പി.പി. ചെറിയാൻ

thumbnail_PHOTO-2020-05-13-05-36-13ഡാളസ്: ഭാരതീയ തത്വചിന്തയായ അദ്വൈതത്തെ അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥ തലത്തില്‍ അനുഭവിച്ചറിഞ്ഞു കൊണ്ട് ലോകത്തേക്ക് ഇറങ്ങിവന്നു നടപ്പാക്കിയ ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്‍ച്ചിക്കാന്‍ സാധിക്കൂവെന്ന് ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍. ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ പരമ്പരയില്‍ മെയ് 10 ഞായറാഴ്ച നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍.

സന്ദീപ് പണിക്കരുടെ ആമുഖത്തോടെ സമാരംഭിച്ച സത്സംഗത്തില്‍, ശ്രീനി പൊന്നച്ചന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഗുരുസ്മരണയോടുകൂടി പ്രാര്‍ഥനകള്‍ക്കു തുടക്കം കുറിച്ചു.

ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍ തന്‍റെ അനുഗ്രഹ പ്രഭാഷണത്തില്‍ നാരായണ ഗുരുദേവന്‍ ആരായിരുന്നു എന്ന് അറിയാന്‍ നമ്മുടെ സമൂഹത്തിനു ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ഉദ്ബോധിപ്പിച്ചു. ഗുരുദേവനെ അറിയാന്‍ ശ്രമിക്കുന്ന ഒരുവന് അദ്ദേഹം ഒരു സാമൂഹ്യ പരിഷ്കര്‍ത്താവ് എന്ന ഉത്തരമായിരിക്കും ആദ്യമേ ലഭിക്കുക. പക്ഷെ അത് ‘അന്ധന്‍ ആനയെ കണ്ട പോലെ’ എന്നു കരുതുന്നതിനു തുല്യമാണ്. സത്യം കണ്ടറിഞ്ഞ ഒരു ഋഷിവൈര്യന് തന്നില്‍ നിന്നും അന്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ പൂര്‍ണതയില്‍ നിന്ന് ഒഴുകിയ ഓരോ വാക്കുകളും കവിത്വം നിറഞ്ഞതായിരുന്നു. അങ്ങനെ നോക്കിയാല്‍ ഗുരുദേവന്‍ ഒരു മഹാകവിയായിരുന്നു. പ്രകൃതിയെ എങ്ങനെ സ്നേഹിക്കാം എന്ന് അനുകമ്പാ ദശകത്തിലൂടെ പറയുമ്പോള്‍, ഗുരുദേവന്‍ നമുക്ക് പരിചിതമായ പ്രകൃതി സ്നേഹത്തിന്‍റെ സീമകള്‍ എത്രയോ കടന്നുപോയിരിക്കുന്നു. ‘ഒരുപീഡയെറുമ്പിനും വരുത്തരുത്’ എന്ന് ഗുരു ബോധിപ്പിക്കുമ്പോള്‍ സര്‍വ്വ ചരാചരങ്ങളോടും ആര്‍ദ്രമായ പ്രേമം നിറഞ്ഞു നില്‍ക്കുന്നു. ഇങ്ങനെ നോക്കിയാല്‍ ഗുരുദേവന്‍ ആരായിരുന്നു എന്ന് ചോദിക്കുന്നതിനേക്കാള്‍ ആര് അല്ലായിരുന്നു എന്ന് ചോദിക്കുന്നതാകും ഉത്തമം.

thumbnail_Image (1)ഒരു പൂര്‍ണ്ണ ഋഷിവര്യന്‍ ആയിരിക്കുമ്പോളും തന്‍റെ ചുറ്റും സത്യം അറിയാതെ, ജീവിത പ്രാരാബ്ധങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ സമസ്ത മേഖലകളിലും ഉയര്‍ച്ചക്ക് വേണ്ടുന്ന ഉപദേശങ്ങളും അതിലേക്കുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളും ഗുരുദേവന്‍ നല്‍കിയിരുന്നു. അകവും പുറവും നിറഞ്ഞു നില്‍ക്കുന്ന ദൈവത്തെ അനുഭവിച്ചറിഞ്ഞ ഗുരുദേവന്‍, സഗുണാരാധന അന്യമായിരുന്ന ജനതതികള്‍ക്കായി ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ഭേദചിന്തയോ, രാഗദ്വേഷമോ ഇല്ലാത്ത മനസ്സില്‍ സ്നേഹവും, കരുണയും, അനുകമ്പയും, ശാന്തിയും സമൃദ്ധമായി നിറയും. വരണ്ടതെന്നു പലരും വിശേഷിപ്പിക്കുന്ന വേദാന്ത തത്വചിന്തയെ, പ്രിയത്തിന്‍റെയും, അനുകമ്പയുടെയും, കരുണയുടെയും മുഖം നല്‍കി ജനമനസ്സുകളിലും അശരണരുടെ നിത്യ ജീവിതത്തിലും പരിവര്‍ത്തനം വരുത്തുകയാണ് ഗുരുദേവന്‍ ചെയ്തത്.

‘നല്ലതല്ല ഒരുവന്‍ ചെയ്ത നല്ലകാര്യം മറപ്പതു, നല്ലതല്ലാത്തതുടനെ മറന്നീടുന്നത് ഉത്തമം’ എന്ന ഗുരുദേവ വചസ്സുകള്‍ ഓര്‍മിപ്പിച്ച സ്വാമിജി, പണ്ടെന്നോ ആരോ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു ദേഷ്യത്തിലും ദുഃഖത്തിലും ഈ സുന്ദരമായ ജീവിതം കളയുന്നതിന്റെ നിരര്‍ത്ഥകത ഓര്‍മിപ്പിച്ചു.

മാതൃ ദിനത്തില്‍ നടന്ന സത്സംഗത്തില്‍ മാതൃത്വത്തിന്‍റെ മഹിമ സ്വാമിജി വിവരിച്ചു. മാതൃ ഭാവം ദൈവത്തിന്‍റെ ഒരു വരദാനമാണ്. കുഞ്ഞിന് ‘അമ്മ നല്‍കുന്ന സ്നേഹം, അത് മനുഷ്യനില്‍ മാത്രമുള്ളതല്ല. നമുക്കു ചുറ്റുമുള്ള ജീവികള്‍ അവയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് നോക്കിയാല്‍ മാതൃത്വത്തിന്‍റെ മഹിമ അറിയാം. ഒരു കുടുംബത്തിന്‍റെ നെടുംതൂണ് ആ വീട്ടിലെ മാതാവാണ്. സന്തോഷത്തിലും സന്താപത്തിലും തന്‍റെ കുടുംബത്തെ നയിക്കുന്നവളാണ് അമ്മ. സഹനത്തിന്‍റെയും, സ്നേഹത്തിന്‍റെയും ക്ഷമയുടെയും ഉദാത്തമാതൃകയായ ആ സ്ത്രീരത്നങ്ങളോടു നന്ദിയുള്ളവരാകാം.

ഗുരുദേവന്‍, കൃഷി ചെയ്യേണ്ടതിന്‍റെ ആവശ്യകത അരുളിചെയ്തത് ഓര്‍മിപ്പിച്ച സ്വാമിജി കഴിവതും അതിനുവേണ്ടി സമയം കണ്ടെത്തേണ്ടതുണ്ടെന്ന് ഉദ്ബോധിപ്പിക്കുകയുണ്ടായി. ഫലവൃക്ഷങ്ങള്‍ നട്ടു പരിപാലിച്ചാല്‍ നമുക്കും മറ്റ് ജീവികള്‍ക്കും ഭക്ഷണത്തിനു ഉപകരിക്കും. സസ്യാഹാരം ശീലമാകുന്നത് ആരോഗ്യകരമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണ്.

തുടര്‍ന്ന് ശ്രീമതി രമ ഷാജി, ഗുരുദേവ കൃതിയായ ‘ജനനീ നവരത്ന മഞ്ജരി’ ആലാപനം ചെയ്തു. ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഗുരുദേവന്‍ ഈ കൃതി രചിക്കുവാനുണ്ടായ സാഹചര്യവും വിവരിച്ചു. എല്ലാത്തിലും അഖണ്ഡ സത്യത്തെ കാണിച്ചുതരുന്ന വിദ്യാ രൂപിണിയാണ് ശാരദാദേവി. മീനും, മാനും, പാമ്പും, പര്‍വ്വതവും, പക്ഷിയും, ഭൂമി, നദി, സ്ത്രീ, പുരുഷന്‍, സ്വര്‍ഗം, നരകം എന്നുവേണ്ട എല്ലാം ദേവി തന്നെ. ശിവശക്തി ഐക്യ രൂപം വെളിവാകുന്ന ഈ കൃതിയുടെ ആസ്വാദ്യത സ്വാമിജി വിവരിച്ചു.

കൊറോണാ വ്യാധിയുടെ കാലത്ത് സ്നേഹ സാന്ത്വനവുമായി ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തനത്തെ പറ്റി അനൂപ് രവീന്ദ്രനാഥ് വിശദീകരിച്ചു.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍മ്മനിരതരും സേവന തല്പരരുമായ ഒരു പറ്റം സഹോദരങ്ങള്‍ (ഡോക്ടര്‍മാര്‍, നഴ്സ് പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, തെറാപ്പിസ്റ്റുകള്‍) തുടങ്ങി ആതുര സേവന രംഗത്തുള്ള വിദഗ്ധരായവരുടെ സേവനം ഈ ഹെല്‍പ് ലൈനിലൂടെ ലഭ്യമാക്കിയിരിക്കുന്നു.

സംശയങ്ങള്‍ക്കുള്ള മറുപടി, ആശങ്കകള്‍ ദൂരീകരിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍, മുന്‍കരുതലും ജാഗ്രതയും, ചികിത്സാ സംബന്ധമായ വിവരങ്ങള്‍ എല്ലാത്തിനും ഒരു വേദിയായി ഈ സംരംഭം ഉപയോഗപ്പെടുത്തുവാന്‍ കഴിയും.

ഹെല്പ് ലൈന്‍ നമ്പര്‍ ആയ 469 278 5235-ല്‍ വിളിച്ചാല്‍ ആരോഗ്യ സം‌രക്ഷണ ഉപദേശകരുമായുള്ള കൂടിക്കാഴ്ചക്ക് സമയം നിശ്ചയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വിജയന്‍ ദിവാകരന്‍ സത്സംഗത്തിനു പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു.

വിശ്വശാന്തി പ്രാര്‍ത്ഥനാ യജ്ഞം എന്ന ഈ സത്സംഗ പരിപാടി, അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും, ഒപ്പം ഇതിന്‍റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കള്‍ക്കും പ്രണാമം.

അടുത്ത ആഴ്ച (മെയ് 17 ഞായറാഴ്ച) ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികള്‍ നമ്മോട് സംവദിക്കുവാനെത്തും. വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top