സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി

pinarayi-vijayan-press-meet-1024x576തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവു വരുത്തുകയും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തി തുടങ്ങിയതോടെ കൊവിഡ്-19 ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. ഇന്ന് 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 14 പേര്‍ കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് വന്ന 7 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കി 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പിടിപെട്ടു. കൊവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കണ്ണൂരില്‍ രണ്ട് പേര്‍ക്കും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ കാസര്‍കോട്ടുകാരായ രണ്ട് ആരോഗ്യപ്രവര്‍ത്തകരും വയനാട്ടിലെ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു.

കുറേ നാളായി സംസ്ഥാനത്ത് കൊറോണ കേസുകളുടെ എണ്ണം ഒറ്റ അക്കത്തിലായിരുന്നു. ഇതാണ് പെട്ടെന്ന് രണ്ട് അക്കത്തിലേക്ക് കടന്നിരിക്കുന്നത്. കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതിന് പിന്നാലെയാണ് കേരളത്തെയും ആശങ്കപ്പെടുത്തുന്ന ഈ റിപ്പോര്‍ട്ട്.

മാസ്‌ക് ജീവിതത്തിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകള്‍ കൊറോണയെ കരുതിക്കൊണ്ടാവണം ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ച് വേണം കാര്യങ്ങള്‍ നടത്തേണ്ടത്. റസ്‌റ്റോറന്റുകള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അതാത് രാജ്യങ്ങളുടെ മുന്‍കരുതല്‍ നടപടികള്‍ അനുസരിക്കാന്‍ പ്രവാസികള്‍ തയ്യാറാകണം. നിങ്ങളോടൊപ്പം നാട് എപ്പോഴും ഉണ്ട്. റെയില്‍വേ സ്‌റ്റേഷനുകളിലും അതിര്‍ത്തികളിലും ചെക്‌പോസ്റ്റുകളിലും എത്തുന്നവര്‍ക്ക് ദിനചര്യകള്‍ നടത്താന്‍ 125 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അതിര്‍ത്തികളില്‍ പണം വാങ്ങി ആളെ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രവണതകള്‍ സൃഷ്ടിക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറില്‍ കണ്ടത്. ചെന്നൈയില്‍ നിന്ന് മിനിബസില്‍ വാളയാറില്‍ എത്തിയ മലപ്പുറംകാരന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. നിരവധി പേര്‍ നിരീക്ഷണത്തിലുമാണ്. കൃത്യമായ സംവിധാനങ്ങളിലൂടെ അല്ലാതെ കടന്നു വന്നാല്‍ ഒരു സമൂഹമാകെ പ്രതിസന്ധിയിലാകും. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റ് തരത്തില്‍ ചിത്രീകരിക്കേണ്ടതില്ല. ഇത് കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി കടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment