കഞ്ചാവ് വില്പനക്കാരില്‍ നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കുന്നു

8_82മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ സ്റ്റേഷന്റെ ചുമതല താല്‍ക്കാലികമായി വെള്ളമുണ്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കി. മാനന്തവാടി സബ് ഡിവിഷന്‍ ചുമതല വയനാട് അഡീഷണല്‍ എസ്പിയ്ക്കും നല്‍കിയിട്ടുണ്ട്. മാനന്തവാടി സ്റ്റേഷനിലെ വയര്‍ലെസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ സമീപത്തെ എസ്എംഎസ് ഡിവൈഎസ്പി ഓഫീസില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കും. ആരോഗ്യപ്രവര്‍ത്തകരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ മാനന്തവാടി സ്‌റ്റേഷന്‍ അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി.

മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ പതിനെട്ട് പേരുടെ ഫലം അറിവായതിനല്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്രവം നല്‍കിയ എല്ലാ പൊലീസുകാരോടും വീടുകൡ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ സമീപത്തെ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി സന്ദര്‍ശനം നടത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സ്‌റ്റേഷനിലെ അത്യാവശ്യ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പിപിഇ കിറ്റ് ധരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും അവരെ സഹായിക്കാനായി ഒരു ആരോഗ്യ പ്രവര്‍ത്തകനെയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം വയനാട്ടില്‍ പൊലീസുകാര്‍ക്ക് കൊവിഡ്-19 ബാധിച്ചത് കഞ്ചാവ് വില്‍പ്പനക്കാരനില്‍ നിന്നാണെന്ന വിവരം പുറത്തുവന്നു. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതില്‍ ഇയാള്‍ സഹകരിക്കുന്നില്ലെന്ന് വയനാട് എസ്പി പറഞ്ഞു.

പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബത്തേരി സിഐയും രണ്ട് എസ്‌ഐമാരും ഉള്‍പ്പെടെ 20 പേരെ നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ച പൊലീസുകാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ എത്തിയിരുന്നു.

ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി കോടതികള്‍ താല്‍ക്കാലികമായി അടച്ചു. ജനപ്രതിനിധികളുടെ അവലോകന യോഗങ്ങള്‍ ഉള്‍പ്പെടെ വയനാട്ടില്‍ തല്‍ക്കാലം നടത്തേണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. രോഗവ്യാപനം തടയുന്നതിന് മുന്നോടിയായിട്ടാണിത്.

Print Friendly, PDF & Email

Related News

Leave a Comment