സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം 12, പ്രതിമയേക്കാള്‍ ഉയരം ആ മഹത്വം): കാരൂര്‍ സോമന്‍

adhyayam 12 bannerവേഷത്തിലും ജീവിതശൈലിയിലും ജവഹര്‍ലാല്‍ നെഹ്റു തികച്ചും പാശ്ചാത്യ സംസ്കാരം പിന്‍തുടരുന്ന ആളായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പട്ടേല്‍ തനി ഇന്ത്യക്കാരനും. പക്ഷെ പാശ്ചാത്യ സോഷ്യലിസം ഉള്‍കൊണ്ട ഒരു സാമൂഹ്യ വളര്‍ച്ചക്ക് മാത്രമേ ഇന്ത്യക് വളര്‍ച്ചയുള്ള എന്ന വാദത്തോടെ പട്ടേല്‍ പ്രതികരിച്ചത് സോഷ്യലിസം പ്രസംഗങ്ങളില്‍ ഒതുങ്ങിയാല്‍ പോര പ്രവര്‍ത്തന പുരോഗമന കാഴ്ചപ്പാടുകള്‍ ഉള്‍കൊണ്ടുവേണം ഇന്ത്യ മുന്നോട്ട് പോകേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലെ മുതലാളിമാരാണ് കമ്പോളങ്ങള്‍ തുറന്ന് മേല്‍കോയ്മ നേടുന്ന കാര്യവും പട്ടേലറിയിച്ചു. ഇതുമായി ബന്ധപെട്ട് നെഹ്രുവും പട്ടേലും തമ്മില്‍ കമ്പോള ലാഭനഷ്ട സംവാദങ്ങളുയര്‍ന്നു. ഇതിന്‍റെ പേരില്‍ പല ചര്‍ച്ചാവേദികളിലും പട്ടേലും നെഹ്റുവും ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഇരുവരും പരസ്പരം ബഹുമാനിച്ചിരുന്നതിനാലും ഗാന്ധിജി എന്ന ഇരുവര്‍ക്കും ആദരണീയനയാന നേതാവ് മധ്യത്തില്‍ ഉണ്ടായിരുന്നതിനാലും ആശയ സംഘട്ടനങ്ങള്‍ ഒരിക്കലും പരിധിവിട്ടില്ല.

എന്നാല്‍ പട്ടേലിനെ വരുതിയിലാക്കാന്‍ മൗണ്ട് ബാറ്റന്‍ പലപ്പോഴും വിഷമിച്ചു. സ്വാതന്ത്ര്യം ഏതാണ്ട് ഉറപ്പായ ഘട്ടത്തില്‍ പട്ടേല്‍ ഉയര്‍ത്തിയ ചില വാദങ്ങള്‍ മൗണ്ട് ബാറ്റനെ വിഷമിപ്പിച്ചു. പട്ടേല്‍ വഴങ്ങിയില്ലെങ്കില്‍ താന്‍ വൈസ്റോയി സ്ഥാനം ഒഴിഞ്ഞ് ബ്രിട്ടനിലേക്ക് മടങ്ങാന്‍ വാമാനം ബുക്ക് ചെയ്യുകയാണെന്ന് ഒരവസരത്തില്‍ മൗണ്ട് ബാറ്റന്‍ പറഞ്ഞതായി കോളിന്‍സും ലിപ്പിയറും രേഖപ്പെടുത്തിയിട്ടുണ്ട്. “താങ്കള്‍ ശരിക്കും തീരുമാനമെടുത്തു കഴിഞ്ഞോ?” എന്ന് ആരാഞ്ഞ് പട്ടേല്‍ മൗണ്ട് ബാറ്റനു മുന്നില്‍ അയഞ്ഞത്രെ.

ഇന്ത്യ-പാകിസ്ഥാന്‍ വിഭജന ചര്‍ച്ചകളില്‍ 1947 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ പ്രധാന വിഷയങ്ങളില്‍ ഒന്ന് സമ്പത്തും കടബാധ്യതകളും വീതം വയ്ക്കുന്നതു സംബന്ധിച്ചായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് എച്ച്.എം. പട്ടേലും പാകിസ്ഥാനെ പ്രതിനിധാനം ചെയ്ത് ചൗധരി മുഹമ്മദ് അലിയും സഹായിക്കാന്‍ നൂറുകണക്കിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും. ഒത്തുതീര്‍പ്പുമാത്രം നടക്കുന്നില്ല. ഒടുവില്‍ എച്ച്.എം. പട്ടേലിനെയും മുഹമ്മദ് അലിയേയും സര്‍ദാര്‍ പട്ടേലിന്‍റെ കിടപ്പുമുറിയില്‍ ഇരുത്തി കതകടച്ചെന്നും തീരുമാനമായിട്ട് പുറത്തുവന്നാല്‍ മതിയെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നുമുള്ള സംഭവ കഥയും ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ വെളിപ്പെടുത്തുന്നുണ്ട്.

ഇത്ര കര്‍ശക്കശമായ താക്കിത് ഉണ്ടായെങ്കില്‍ അതു സര്‍ദാര്‍ പട്ടേലിന്‍റെ ഭാഗത്തുനിന്നു തന്നെയായിരിക്കണം ഉണ്ടായത് എന്നു വിശ്വസിക്കണം. എന്തായാലും അതോടെ പ്രശ്നം പരിഹരിച്ചു.

മനുഷ്യര്‍ ശക്തരും സുരക്ഷിതരുമാകണമെങ്കില്‍ കാലാതീതമായ വളര്‍ച്ചക്കും മൂല്യത്തിനും യാഥാര്‍ഥ്യങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്തു ജീവിക്കണം. ഫാക്ടറി ജീവനക്കാരേയും കര്‍ഷകരെയും ഭൂഉടമകളെയും എല്ലാം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അവരുടെയെല്ലാം പ്രശ്നങ്ങള്‍ കേട്ടിരുന്നു. അദ്ദേഹം ഏറെക്കാലം മില്‍ ഉടകളുടെ വക്കീല്‍ ആയിരുന്നല്ലോ. അതിനാല്‍ തൊഴിലാളികളുടെ പ്രശ്നവും മുതലാളിമാരുടെ പ്രശ്നവും ഒരു പോലെ മനസ്സിലാക്കിയിരുന്നു.

ബര്‍ദോലിയില്‍ 137 ഗ്രാമങ്ങളില്‍ നിന്ന് 87,000 പേരെ അണിനിരത്തി സമരം സംഘടിപ്പിച്ച് ഗാന്ധിജി നിര്‍ദ്ദേശിച്ചതിലും അപ്പുറം സംഘടനാ മികവു കാട്ടിയാണല്ലോ വല്ലഭായ് പട്ടേല്‍ ഗാന്ധിജിക്കും രാജ്യത്തിനുതന്നെയും പ്രിയങ്കരനായ നേതാവായത്. ആ സംഘടനാ മികവ്, വ്യത്യസ്തരായ ജനങ്ങളെ ഒരേ കുടക്കീഴില്‍ അണിനിരത്താനുള്ള അനിതരസാധാരണമായ കഴിവ് സര്‍ദാര്‍ പട്ടേലിനെ മറ്റു നേതാക്കളില്‍ നിന്ന് ഏറെ വ്യത്യസ്തനാക്കിയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷവും വ്യത്യസ്ത മതവിഭാഗങ്ങളെയും ചിന്താഗതിക്കാരെയുമൊക്കെ ഒരു ചരടില്‍ കോര്‍ക്കാന്‍ ഈ അനുഭവ സമ്പത്ത് അദ്ദേഹത്തെ തുണച്ചിട്ടുണ്ടാകും.

മഹാത്മഗാന്ധി വെടെയേറ്റു മരിക്കും മുമ്പ് അദ്ദേഹത്തെ ഏറ്റവും അവസാനം കണ്ട നേതാവ് സര്‍ദാര്‍ പട്ടേല്‍ ആയിരുന്നത്രെ. ഗാന്ധിജിയുടെ മരണം സൃഷ്ടിച്ച അപ്രതീക്ഷിത നഷ്ടത്തില്‍ നിന്ന് രാജ്യം മോചനം നേടി വന്നപ്പോഴേക്കും സര്‍ദാര്‍ പട്ടേലും അന്തരിച്ചു. സത്യത്തില്‍ ഏതാണ്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യം തലകുനിച്ച ആദരിച്ച രണ്ട് മഹാന്മാരെ ഇന്ത്യക്ക് നഷ്ടമായി.

പക്ഷെ വികസനത്തിന്‍റെ പാതയൊരുക്കിയാണ് സര്‍ദാര്‍ പട്ടേല്‍ വിടവാങ്ങിയത്. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന് കെട്ടുറപ്പുള്ള അടിത്തറ പാകാന്‍ പട്ടേലിനു കഴിഞ്ഞു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോഴാണ് സര്‍ദാര്‍ പട്ടേലിന്‍റെ മഹത്വം നമുക്ക് കൂടുതല്‍ ബോധ്യപ്പെടുക. വിഘടന വാതവും തീവ്രവാദവും പല തവണ രാജ്യസുരക്ഷയ്ക്ക് ആഭ്യന്തരതലത്തില്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും നാം അതിനെയെല്ലാം അതിജീവിച്ചു മുന്നേറുകയാണ്. ഈ കുതിപ്പില്‍ പട്ടേല്‍ എന്ന നേതാവിന്‍റെ ഉയരം നര്‍മദയിലെ പ്രതിമയെക്കാള്‍ എത്രയോ ഉയരെയാണന്നു മനസ്സിലാകുന്നു. പുതിയ തലമുറ മനസ്സിലാക്കണം.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റ ജډദിനമായ 1875 ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിനമായി കൊണ്ടാടുന്നു. അദ്ദഹത്തിന്‍റ മരണം 1950 ഡിസംബര്‍ 15 മരണാനന്തര ബഹുമതിയായി 1991 ല്‍ ഭാരത രത്ന പുരസ്കാരം നല്‍കി ഭാരതത്തിന്‍റ ഉരുക്കു മനുഷ്യനെ ആദരിച്ചു.

(കടപ്പാട്: ഫ്രീഡം അറ്റ് മിഡ്നൈറ്റ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ഗ്രന്ഥങ്ങള്‍, പട്ടേല്‍ പ്രതിമ അനാഛാദന വേളയില്‍ വന്ന പത്ര റിപ്പോര്‍ട്ടുകള്‍)

അവസാനിച്ചു


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News